Sunday, September 27, 2009

കുട്ടനാട്‌ വികസനവക്താക്കള്‍ അറിയേണ്ടത്‌


പരിസ്ഥിതിയും കാര്‍ഷിക മേഖലയും ജനജീവിതവും തമ്മിലുള്ള അപൂര്‍വ്വ രസതന്ത്രമാണ്‌ കുട്ടനാട്‌ എന്ന വസ്‌തുത മനസ്സിലാക്കാതെയുള്ള ഒരു പദ്ധതിയും ഫലവത്താകില്ല

കുട്ടനാട്‌ വികസനവുമായി ബന്ധപ്പെട്ട്‌ പതിറ്റാണ്ടുകളായി തുടരുന്ന പഠനങ്ങളുടെയും പദ്ധതികളുടേയും പട്ടികയിലേക്ക്‌ ഒരു പാക്കേജ്‌ കൂടി സ്ഥാനം പിടിച്ചു. എം.എസ്‌. സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ ശുപാര്‍ശകളുടെ പിന്‍ബലത്തിലാണ്‌ ഒടുവില്‍ 1800 കോടി രൂപയുടെ കുട്ടനാട്‌ പാക്കേജ്‌ ഉണ്ടായിരിക്കുന്നത്‌. കുട്ടനാട്‌ എങ്ങനെ ജീവിക്കുന്നുവെന്നറിയാത്തവര്‍ തയ്യാറാക്കപ്പെട്ട ഈ പാക്കേജും വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ സ്‌പര്‍ശിച്ചിട്ടില്ല. കുട്ടനാട്‌ പാക്കേജില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാര്‍ഷിക ടൂറിസം മേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ മുന്‍കാല പദ്ധതികളിലുള്ളതും നടക്കാതെ പോയതുമായ അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കപ്പെടണം.

ശുദ്ധമായ ജലമൊഴുക്കിന്‌ സംവിധാനങ്ങള്‍ ഉണ്ടാക്കുക, പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പായല്‍ശല്യം ഇല്ലാതാക്കുക, ചെമ്മീന്‍ കക്ക തുടങ്ങിയ പ്രാദേശികമത്സ്യങ്ങളെ പുനരുജ്ജീവിപ്പിക്കുക, വെള്ളപ്പൊക്കസമയത്തു വിളനാശം കുറയ്‌ക്കുന്നതിന്‌ സംവിധാനമുണ്ടാക്കുക, നെല്‍കൃഷി വികസിപ്പിക്കുക, ടൂറിസം വികസനം, കാര്‍ഷിക വികസനത്തിനായി നൂതന രീതികള്‍ പ്രയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുടെ നീണ്ട നിരതന്നെയാണ്‌ കുട്ടനാട്‌ പാക്കേജില്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. 50 ലക്ഷം രൂപ വരെ സാമ്പത്തികബാദ്ധ്യതയുള്ള പരിപാടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വന്തം ഫണ്ടുപയോഗിച്ച്‌ നടപ്പാക്കണമെന്നാണ്‌ വ്യവസ്ഥ. ഇതിനായി രണ്ടുതട്ടിലായുള്ള സമിതി രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. പദ്ധതി പ്രഖ്യാപനത്തോടൊപ്പം തന്നെ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തമ്മില്‍ പദ്ധതി പ്രഖ്യാപനത്തിനു പിന്നാലെ തന്നെ വാഗ്വാദവും തുടങ്ങിക്കഴിഞ്ഞു.

വേനല്‍കാലത്ത്‌ ഉപ്പുവെള്ളം കയറുന്നതും മഴക്കാലത്തെ വെള്ളപ്പൊക്കവും, മലിനീകരണവും, കുടിവെള്ളക്ഷാമവും ഗതാഗത പ്രശ്‌നവുമാണ്‌ കുട്ടനാട്‌ നേരിടുന്ന കാതലായ പ്രശ്‌നങ്ങള്‍. എന്നിരുന്നാലും കുട്ടനാട്ടിലെ സ്വാഭാവികമായ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന വികസന പ്രവര്‍ത്തനങ്ങളും അതുമൂലമുണ്ടാകുന്ന രൂക്ഷമായ വെള്ളപ്പൊക്കവുമാണ്‌ ഇന്നത്തെ ദുരവസ്‌ഥക്കു പ്രധാന കാരണം. ഡോ എം എസ്‌ സ്വാമിനാഥന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ പ്രധാനമായി പഠിച്ചതും ഇതാണ്‌. കുട്ടനാട്ടിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പഠിച്ച്‌ പദ്ധതികള്‍ രൂപീകരിക്കാനുള്ള ശ്രമം 1934 ലെതിരുവിതാംകൂര്‍ സര്‍ക്കാരിന്റെ കാലം മുതല്‍ തുടങ്ങിയതാണ്‌. പിന്നീടിങ്ങോട്ട്‌ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ അന്വേഷണ കമ്മീഷനുകളെയും വിദഗ്‌ദസമിതികളേയും വച്ച്‌ പഠനങ്ങള്‍ നടത്തുന്നത്‌ പതിവാക്കിയെങ്കിലും എടുത്തു പറയാവുന്ന ഒന്നോ രണ്ടോ റിപ്പോര്‍ട്ടുകള്‍ മാത്രമാണ്‌ കുട്ടനാടിന്റെ വികസന പട്ടികയില്‍ സ്ഥാനം പിടിച്ചത്‌. കുട്ടനാടിന്റെ കാതലായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അന്നാട്ടുകാരും കുട്ടനാടുമായി ബന്ധമില്ലാത്തവരുമായ 'വിദഗ്‌ദര്‍'ക്ക്‌ കഴിഞ്ഞിരുന്നില്ല. കുട്ടനാട്ടിലെ ജനങ്ങളോട്‌ വേണ്ടത്ര ചര്‍ച്ച ചെയ്യാതെയുള്ള ഒരു തരം ഏക പക്ഷീയമായ അടിച്ചേല്‍പ്പിക്കലായിരുന്നു നാളിതുവരെയുള്ള വികസന പരിപാടികള്‍. പുതിയ കുട്ടനാട്‌ പാക്കേജിന്റെ കഥയും മറ്റൊന്നല്ല. 1954 ലെ കുട്ടനാട്‌ വികസന സമിതി (കുട്ടനാട്‌ ഡവലപ്പ്‌മെന്റ്‌ സ്‌കീം) റിപ്പോര്‍ട്ടില്‍ പറഞ്ഞ തണ്ണീര്‍മുക്കം റഗുലേറ്റര്‍, തോട്ടപ്പള്ളി സ്‌പില്‍വേ, ആലപ്പുഴ - ചങ്ങനാശേരി റോഡ്‌ തുടങ്ങിയവ നടപ്പാക്കിയതല്ലാതെ ഇന്നും കുട്ടനാടിന്റെ വികസന കാര്യത്തില്‍ പറയത്തക്ക പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. കൊച്ചി തുറമുഖ അധികൃതരുടേയും ഒരു വിഭാഗം നാട്ടുകാരുടേയും നിരന്തമായ എതിര്‍പ്പു ക്ഷണിച്ചു വരുത്തിയ തണ്ണീര്‍മുക്കം റഗുലേറ്റര്‍ പദ്ധതി പൂര്‍ത്തിയാകാന്‍ ഇരുപതു വര്‍ഷമെടുത്തു. തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കുട്ടനാട്ടിലെ ഗതാഗത വിപ്ലവത്തിന്‌ തുടക്കം കുറിച്ച ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്‌ മൂലമുണ്ടായ പാരിസ്ഥിതിക പ്രശ്‌നങ്ങളും നിരവധിയാണ്‌. 1959 ലെ വി ആര്‍ കൃഷ്‌ണയ്യര്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനും 1971 ലെ കുട്ടനാട്‌ എന്‍ക്വയറി കമ്മീഷനും 1989 ലെ ഡച്ചു സഹായത്തോടെയുള്ള ജലസംതുലന പഠനവും, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അടക്കമുള്ള വിവിധ സന്നദ്ധസംഘടനകളുടെ നിര്‍ദ്ദേശങ്ങളിലധികവും പ്രായോഗികമല്ലാത്തിന്റെ പേരിലും വകുപ്പുകളുടെ ഏകീകരണമില്ലാത്തതിന്റെ പേരിലും നടക്കാതെ പോകുകയായിരുന്നു .

വികസനത്തിന്റെ തടയണകള്‍
കുട്ടനാട്ടിലെ അനിയന്ത്രിതമായ വെള്ളപ്പൊക്കം തടയുന്നതുമായി ബന്ധപ്പെട്ട ജല സംബന്ധമായ പദ്ധതികള്‍ക്കാണ്‌ നിര്‍ദ്ദേശത്തിന്റ എഴുപത്‌ ശതമാനത്തിലധികവും വിനിയോഗിക്കുന്നതെന്ന്‌ നേരത്തെതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെ ചൊല്ലി അന്ന്‌ കേന്ദ്രജലവിഭവ വകുപ്പു മന്ത്രി സെയ്‌ഫുദ്ദീന്‍ സോസും കൃഷിവകുപ്പുമന്ത്രി ശരദ്‌ പവാറും തമ്മില്‍ ആശയ സംഘട്ടനം ഉണ്ടായതുമാണ്‌. പ്രകൃതിദത്തവും മനുഷ്യനുണ്ടാക്കിയതുമായ പ്രശ്‌നങ്ങള്‍ മറച്ചുവച്ച്‌ കുട്ടനാട്ടിലെ വെള്ളപ്പൊക്കം കോടികള്‍ മുടക്കിയതുകൊണ്ടുമാത്രം പരിഹരിക്കാനാകുന്നതല്ല. തീര്‍ത്തും മനുഷ്യനിര്‍മ്മിതമായ ആവാസ വ്യവസ്ഥയാണ്‌ കുട്ടനാട്‌. കായല്‍ നികത്തിയെടുത്ത്‌ കൃഷി ചെയ്‌തകാലം മുതലിങ്ങോട്ട്‌ ഇവിടുത്തെ പ്രകൃതിയില്‍ മനുഷ്യന്റെ കൈകടത്തലുകള്‍ തുടങ്ങിയെന്നു പറയാം. കുട്ടനാടിന്റെ ഏതാണ്ട്‌ 500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും സമുദ്ര നിരപ്പില്‍ നിന്നും 60 മുതല്‍ 220 സെന്റീമീറ്റര്‍ വരെ താഴ്‌ന്നു കിടക്കുന്നവയാണ്‌. 304 കിലോമീറ്റര്‍ സമുദ്ര നിരപ്പിനേക്കാള്‍ വെറും ഒരു മീറ്റര്‍ മാത്രം ഉയരത്തിലും കിടക്കുന്നു. എപ്പോഴും വെള്ളപ്പൊക്കം പ്രതീക്ഷിക്കാവുന്ന ഇവിടെയാണ്‌ കിഴക്കന്‍ മേഖലയിലെ മലമ്പ്രദേശത്തുകൂടി ഒഴുകിവരുന്ന പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ എന്നീ നാലു നദികള്‍ വന്നു പതിക്കുന്നത്‌. നദികളിലുടെ ഒഴുകിയെത്തുന്ന ജലം മഴക്കാലത്ത്‌ ജലനിരപ്പുയര്‍ന്നിരിക്കുന്ന കടലിലേക്ക്‌ ഒഴുകിപ്പോകാതെ സമുദ്രനിരപ്പിനേക്കാളും താഴ്‌ന്നു കിടക്കുന്ന ഈ പ്രദേശങ്ങളില്‍ സംഭരിക്കുന്നതാണ്‌ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്‌ കാരണം. കടല്‍ നിരപ്പിനേക്കാള്‍ താഴ്‌ന്നുകിടക്കുന്നതുകാരണം കുട്ടനാട്ടില്‍ മഴയില്ലാത്തപ്പോഴും വെള്ളപ്പൊക്കമുണ്ടാകാറുണ്ട്‌. എന്നാല്‍ ഈയടുത്തകാലത്ത്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തിന്‌ ഇത്‌ ഒരു കാരണം മാത്രമേ ആകുന്നുള്ളൂ. തലങ്ങും വിലങ്ങും കുട്ടനാടിനെ കീറിമുറിച്ച ഒട്ടും ആസൂത്രണമില്ലാതെ നിര്‍മ്മിച്ച റോഡുകളാണ്‌ ഇന്ന്‌ രൂക്ഷമായ വെള്ളപ്പൊക്കം സൃഷ്‌ടിക്കുന്നത്‌.

കുട്ടനാടിനെ നെടുകെ പിളര്‍ന്നുകൊണ്ട്‌ ആദ്യമായി നിര്‍മ്മിച്ചത്‌ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡാണ്‌. അപ്പര്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു കാരണം ഈ റോഡാണെന്ന്‌ നേരത്തെ തന്നെ പഠനങ്ങള്‍ സമര്‍ത്ഥിച്ചതാണ്‌. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിന്റെ വരവോടെ തുടക്കമിട്ട ഗതാഗത വിപ്ലവം പക്ഷേ അതിവേഗതയില്‍ പുരോഗതി പ്രാപിച്ചു. അധികം താമസിയാതെ എം സി റോഡില്‍ നിന്നും എന്‍ എച്ച്‌, അനുബന്ധ റോഡുകളില്‍ നിന്നുമൊക്കെയായി നിരവധി പുതിയ റോഡുകള്‍ കുട്ടനാട്ടിലെ വിവിധ മേഖലകളിലേക്ക്‌ നിര്‍മ്മിക്കപ്പെട്ടു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയിലാണ്‌ റോഡുകളുടെ എണ്ണം ഇത്രയും വര്‍ദ്ധിച്ചത്‌. കുട്ടനാടില്‍ തലങ്ങും വിലങ്ങും ഒഴുകുന്ന ചെറിയ തോടുകളിലൊന്നും കൃത്യമായി പാലങ്ങളോ കലുങ്കുകളോ ഏക്കറുകള്‍ വരുന്ന വലിയ പാടശേഖരങ്ങളെ രണ്ടായി പിളര്‍ത്തി കടന്നുപോകുന്ന റോഡുകള്‍ക്ക്‌ ഇരുഭാഗത്തേക്കും വെള്ളം ഒഴുകിപ്പോകാന്‍ വേണ്ടത്ര പൈപ്പുകളോ നിര്‍മ്മിച്ചില്ല. ഈ പ്രശ്‌നങ്ങളുടെ പേരില്‍ റോഡ്‌ നിര്‍മ്മാണ കാലത്ത്‌ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കലും അവയൊന്നും പുറത്തറിഞ്ഞുമില്ല. ഈ മാനുഷിക ഇടപെടലുകളെല്ലാം കുട്ടനാട്ടിലെ സ്വാഭാവിക നീരൊഴുക്കിനെ പ്രതികൂലമായി ബാധിച്ചു. പുഴകളില്‍ നിന്നും പുഴകളിലേക്കും പാടശേഖരങ്ങളിലേക്കും വെള്ളമൊഴുകുന്ന തോടുകള്‍ നിശ്ചലമാക്കപ്പെട്ടത്‌ വെള്ളപ്പൊക്കത്തിന്‌ കാരണമായി.

രാഷ്‌ട്രീയ സമവാക്യങ്ങള്‍
‍കുട്ടനാട്ടില്‍ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ ശക്തമായതോടെ പാടം നികത്തലും നിര്‍ബാധം തുടര്‍ന്നു. കേരളത്തില്‍ മറ്റെങ്ങും കാണാത്ത വേഗത്തിലാണ്‌ കുട്ടനാട്ടില്‍ സര്‍ക്കാര്‍ ചെലവിലും അല്ലാതെയും ചെറുതും വലുതുമായ റോഡുകള്‍ പെരുകുന്നത്‌. അതിന്‌ അവിടത്തെ സാമൂഹ്യസാഹചര്യങ്ങളും രാഷ്‌ട്രീയ സമവാക്യങ്ങളും ഊര്‍ജ്ജം പകര്‍ന്നുകൊടുത്തു. വര്‍ഷങ്ങളായി പൊതുമരാമത്ത്‌ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്റെ കുത്തക മണ്‌ഡലമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ കുട്ടനാട്‌. ഇരുപത്തിരണ്ടു വര്‍ഷം തുടര്‍ച്ചയായി കെ സി ജോസഫ്‌ എം എല്‍ എയാണ്‌ കുട്ടനാടിനെ പ്രതിനിധീകരിച്ചിരുന്നത്‌. കേരളാ കോണ്‍ഗ്രസ്സും കുട്ടനാടിലെ ജന്മികുടുംബങ്ങളും തമ്മിലുള്ള ബന്ധം അറിയണമെങ്കില്‍ വിശാലമായ പാടശേഖരത്തില്‍ വേണ്ടപ്പെട്ടവരുടെയെല്ലാം ഭൂമിയെ തൊട്ടുകൊണ്ട്‌ പലയിടത്തും വയനാടന്‍ ചുരത്തെ അനുസ്‌മരിപ്പിക്കുന്ന വളവുകളുള്ള റോഡുകള്‍ ശ്രദ്ധിച്ചാല്‍ മതി. അശാസ്‌ത്രീയമായ രീതിയിലുള്ള റോഡു നിര്‍മ്മാണവും പാടം നികത്തലും തുടര്‍ന്നാല്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രണാതീതമാകുമെന്നാണ്‌ ഈയടുത്ത കാലങ്ങളിലെ വെള്ളപ്പൊക്കത്തിന്റ രൂക്ഷത വെളിപ്പെടുത്തുന്നത്‌. വി എസ്‌ അച്യുതാനന്ദന്‍ ഭരിക്കുന്ന സംസ്ഥാനത്ത്‌ അദ്ദേഹമോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ പാടം നികത്തല്‍ അടക്കമുള്ള പ്രശ്‌നങ്ങളിലൊന്നും ഇടപെട്ടിട്ടില്ല എന്നതാണ്‌ ഖേദകരം. നിലവിലുള്ള റോഡുകള്‍ വരുത്തിവച്ച വെള്ളക്കെട്ട്‌ പരിഹരിക്കണമെങ്കില്‍ വിശദമായ സാങ്കേതിക പഠനവും നല്ല ചെലവും ആവശ്യമായി വരും. ചിലപ്പോള്‍ റോഡുകള്‍ നെടുകെ പിളര്‍ന്ന്‌ പലയിടത്തും പാലങ്ങള്‍ വരെ നിര്‍മ്മിക്കേണ്ടിവരും. നിലവിലുള്ള പരിതസ്ഥിതിയില്‍ അവ എത്രത്തോളം ഫലപ്രദമാകുമെന്നും കണ്ടറിയണം.


മാലിന്യം സര്‍വ്വത്ര കീടനാശിനികളുടേയും നഗര, ടൂറിസം മാലിന്യങ്ങളുടെ വന്‍ സംഭരണിയാണ്‌ ഇന്ന്‌ കുട്ടനാട്‌. ഇവിടെ വേണ്ടത്ര നീരൊഴുക്ക്‌ ഉണ്ടായിരുന്ന കാലത്ത്‌ നടന്ന പഠനങ്ങളില്‍തന്നെ ജലത്തിലെ കീടനാശിനിയുടെ അളവ്‌ അപകടകരമാം വണ്ണം കൂടുതലാണ്‌ എന്നു കണ്ടെത്തിയിരുന്നു. ടൂറിസം മേഖല വികസിച്ചതും കുട്ടനാടിനു ചുറ്റുമുള്ള ചങ്ങനാശ്ശേരി, ആലപ്പുഴ, കോട്ടയം ,തിരുവല്ല തുടങ്ങിയ പട്ടണങ്ങള്‍ വളര്‍ന്നതും കുട്ടനാട്ടിലെ മാലിന്യങ്ങളുടെ തോത്‌ വര്‍ദ്ധിപ്പിച്ചു. ആലപ്പുഴ , കോട്ടയം മെഡിക്കല്‍കോളേജുകളില്‍ നിന്നും മറ്റു സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നുമുള്ള മാലിന്യങ്ങളും എത്തിച്ചേരുന്നത്‌ ഈ ജലാശയങ്ങളിലാണ്‌. മൃഗങ്ങളുടെ അവശിഷ്‌ടങ്ങള്‍ മുതല്‍ ആശുപത്രി മാലിന്യങ്ങള്‍ വരെ കെട്ടിക്കിടക്കുന്നത്‌ കുട്ടനാട്ടിലെ സ്ഥിരം കാഴ്‌ചയാണ്‌. ശബരിമല സീസണില്‍ പമ്പയാറു വഴി ഒഴുകിയെത്തുന്ന മാലിന്യങ്ങളും ചെന്നു പതിക്കുന്നത്‌ കുട്ടനാട്ടിലാണ്‌. മാലിന്യം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നു. ഈ ജലാശയങ്ങളിലേക്കാണ്‌ ടൂറിസം മേഖലയില്‍ നിന്നുള്ള മാലിന്യങ്ങളും വന്നു പതിക്കുന്നത്‌.

പുന്നമടക്കായല്‍ വേമ്പനാടു കായല്‍ എന്നിവിടങ്ങളിലും ഉള്‍നാടന്‍ ടൂറിസ്റ്റ്‌ സ്‌പോട്ടുകളിലുമായി ഏതാണ്ട്‌ 500 ല്‍ പരം ഹൗസ്‌ ബോട്ടുകളും അതിനേക്കാളധികം ടൂറിസ്റ്റ്‌ ബോട്ടുകളുമുണ്ട്‌. എന്‍ജിന്‍ ഓയിലും ടോയ്‌ലറ്റ്‌ വെയ്‌സ്റ്റുമായി ഇവ ദിവസേന ജലാശയങ്ങളിലേക്ക്‌ തള്ളിവിടുന്ന മാലിന്യങ്ങള്‍ ചില്ലറയല്ല. കര്‍ശന മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും അവ പാലിക്കുന്നവര്‍ വളരെ കുറവാണ്‌. സാധാരണക്കാരെയാണ്‌ മാലിന്യപ്രശ്‌നം കൂടുതലും ബാധിക്കുന്നത്‌ . ആഴത്തില്‍ കിണറുകള്‍ കുഴിക്കുക അസാധ്യമായതിനാല്‍ കുട്ടനാട്ടിലെ ജനങ്ങള്‍ പാരമ്പര്യമായി കായലുകളിലെയും പുഴകളിലേയും തോടുകളിലെയും കുളങ്ങളിലേയും ജലമാണ്‌ ഭക്ഷണം പാകം ചെയ്യാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നത്‌. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ്‌ ആന്റ്‌ മാനേജ്‌മെന്റ്‌ (സി ഡബ്ല്യു ആര്‍ ഡി എം) നടത്തിയ പഠനമനുസരിച്ച്‌ ഇവിടത്തെ എണ്‍പതുശതമാനം പേരും ആശ്രയിക്കുന്നത്‌ പുഴവെള്ളത്തെയാണ്‌. ഇവരില്‍ തന്നെ 40 ശതമാനം പേരും വെള്ളം തിളപ്പിക്കാതെയാണ്‌ ഉപയോഗിക്കുന്നത്‌. മണ്ണില്‍ കൂടി ഇരുമ്പിന്റെ അംശവും ഹൈഡ്രജന്‍ സള്‍ഫേഡും കലരുന്നതിനാല്‍ ഉപ്പുരസവും പുളിരസവുമുള്ള ജലമാണ്‌ കുട്ടനാട്ടിലെ കിണറുകളില്‍ ലഭിക്കുക. ഈ വെള്ളത്തില്‍ ഭക്ഷണമുണ്ടാക്കിയാല്‍ നേരത്തെ ചീത്തയായിപ്പോകുമെന്നാണ്‌ വീട്ടമ്മമാരുടെ പക്ഷം, അതേസമയം ജലാശയങ്ങളിലെ വെള്ളത്തില്‍ പാകം ചെയ്യുന്ന ഭക്ഷണം ദിവസങ്ങളോളം നില്‍ക്കുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

കുട്ടനാട്ടിലെ ശുദ്ധജലപ്രശ്‌നവുമായി ബന്ധപ്പെട്ട്‌ സ്വതന്ത്രമായും അല്ലാതെയും നടന്നത്‌ മുപ്പതില്‍ പരം പഠനങ്ങളാണ്‌. കുട്ടനാട്ടിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ മണിമല നദിയില്‍ നിന്നുള്ള വെള്ളമുപയോഗിച്ച്‌ കുട്ടനാട്‌ ജലവിതരണ പദ്ധതി മാത്രമാണ്‌ ഇതുവരെ വെളിച്ചം കണ്ട എടുത്തുപറയാവുന്ന ഒരേ ഒരു പദ്ധതി. 70 ലക്ഷത്തോളം രൂപ മുടക്കിയ കേരള വാട്ടര്‍ അതോരിറ്റിയുടെ ഈ പദ്ധതിയുടെ ഭാഗമായി 1989 ല്‍ തിരുവല്ലയില്‍ ഒരു കൂറ്റന്‍ ടാങ്ക്‌ നിര്‍മ്മിച്ചു അതില്‍ നിന്ന്‌ കുട്ടനാടിന്റെ പല ഭാഗങ്ങളിലും പെപ്പുലൈനുകളും സ്ഥാപിച്ചു, ഈ പദ്ധതി അഞ്ച്‌ ലക്ഷം പേര്‍ക്ക്‌ പ്രയോജനപ്പെടുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്‌. പക്ഷേ ഭൂരിഭാഗം പൈപ്പുകളിലും ഇതുവരെ വെള്ളം എത്തിയിട്ടില്ല. തിരുവല്ലയില്‍ നിന്നും നാല്‍പ്പതു കിലോമീറ്ററോളം വരുന്ന കുട്ടനാട്ടിലെ വിവിധ മേഖലയില്‍ ഉപയോഗിക്കാനുള്ള വെള്ളം സംഭരിക്കാനുള്ള ശേഷി ഈ ടാങ്കിനില്ല. ഇതിനു പുറമെ തിരുവല്ല, ചങ്ങനാശ്ശേരി എന്നീ നഗരങ്ങള്‍ വികസിച്ചതോടെ ടാങ്കിലെ ജലം ഈ നഗരങ്ങളിലെ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ഉപയോഗിച്ചു തുടങ്ങി. ഇതോടെ കുട്ടനാട്ടുകാര്‍ക്ക്‌ ആവശ്യത്തിനുള്ള ജലം ലഭിക്കാതായി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വേനല്‍കാലത്ത്‌ വള്ളത്തില്‍ വെള്ളം കൊണ്ടുവന്ന്‌ വിതരണം ചെയ്യാറുണ്ടെങ്കിലും ഫലപ്രദമല്ല. ചില പ്രദേശങ്ങളില്‍ ആഴ്‌ചയിലൊരിക്കല്‍ പൈപ്പുവെള്ളമെത്തുന്നുണ്ടെങ്കിലും അതുമൊരു ഭാഗ്യപരീക്ഷണമാണ്‌.

പണം കൊയ്യാനുള്ള നിര്‍ദ്ദേശം
കുട്ടനാട്ടില്‍ ഫാം ടൂറിസം എന്ന വിപുലമായ പദ്ധതി നടപ്പിലാക്കുന്നതിനെ പറ്റി എം എസ്‌ സ്വാമിനാഥന്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നതാണ്‌. കടല്‍ നിരപ്പിനു താഴെ നെല്‍ കൃഷിചെയ്യുന്ന ലോകത്തിലെ ഒരേയൊരു നാടായ കേരളത്തില്‍ വിദേശികളെ ആകര്‍ഷിച്ച്‌ പണം കൊയ്‌തെടുക്കാനുള്ള മില്ല്യന്‍ ഡോളര്‍ നിര്‍ദ്ദേശമാണ്‌ ഡോ .എം എസ്‌ സ്വാമിനാഥന്റെ തലയിലുദിച്ചത്‌. ടൂറിസത്തെയും കുട്ടനാട്ടിലെ കൃഷിയേയും പിന്നെ ഹൈ ടെക്ക്‌ കൃഷിരീതികളെയും കൂട്ടിക്കെട്ടി പുതിയ തലമുറക്കുകൂടി സ്വീകാര്യമാക്കുക എന്ന ഫ്യൂഷന്‍ തത്വമാണ്‌ സ്വാമിനാഥന്റെ ഈ നിര്‍ദ്ദേശം. സ്വതന്ത്ര പദ്ധതിയല്ലാതെ കാര്‍ഷികരംഗത്തിനു ടൂറിസം മേഖലയുടേയും വികസനത്തിന്‌ വേണ്ടിമാത്രം മാലിന്യനിര്‍മ്മാര്‍ജ്ജനം നടത്തിയാല്‍ കുട്ടനാട്ടിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. മലിനീകരണവും പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലും കുട്ടനാട്ടിലെ പാരമ്പര്യ മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌.


150 ഇനം മത്സ്യങ്ങളും, മൂന്നുതരം ശുദ്ധജല കൊഞ്ചുകളും അടങ്ങുന്ന കുട്ടനാട്ടിലെ മത്സ്യ സമ്പത്ത്‌ ലോകപ്രശസ്‌തമാണ്‌, ആറ്റുകൊഞ്ചിനും കരിമീനും കുട്ടനാട്ടിലെത്തുന്ന ടൂറിസ്റ്റുകളുടെ ഇഷ്‌ട വിഭവങ്ങളാണ്‌. മത്സ്യബന്ധനവും കുട്ടനാട്ടിലെ പ്രധാന തൊഴില്‍ മേഖലയാണ്‌. പരസ്‌പര വിരുദ്ധമായ പരിതസ്ഥിതികളാണ്‌ കുട്ടനാട്ടിലെ നെല്‍കൃഷിക്കും പാരമ്പര്യമത്സ്യബന്ധനത്തിനും വേണ്ടത്‌. ശുദ്ധജലമാണ്‌ നെല്‍കൃഷിക്ക്‌ ആവശ്യമെങ്കില്‍ ആറ്റുകൊഞ്ച്‌ അടക്കമുള്ള പല മത്സ്യങ്ങള്‍ത്തും വളരാന്‍ ആവശ്യം ഉപ്പുകലര്‍ന്ന വെള്ളമാണ്‌. കൃഷിയിടങ്ങളിലേക്ക്‌ ഉപ്പുവെള്ളം കയറാതിരിക്കാന്‍ നിര്‍മ്മിച്ച തണ്ണീര്‍മുക്കം ബണ്ട്‌ കടലില്‍ നിന്നും കായലിലേക്ക്‌ കൊഞ്ചുകള്‍ എത്തിച്ചേരുന്നത്‌ തടഞ്ഞു. ഉപ്പുവെള്ളത്തിന്റെ അഭാവത്തില്‍ കായലില്‍ വളരുന്ന ജീവജാലങ്ങളില്‍ പലതും ക്ഷയിച്ചു. 1975 നുശേഷം വലിയ കായല്‍ മത്സ്യസമ്പത്ത്‌ വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ടെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. കായല്‍ ജലത്തില്‍ കാണപ്പെടുന്ന എണ്ണ നിറഞ്ഞ മേല്‌പാളി മത്സ്യങ്ങളുടെ പ്രജനനത്തെ തടസ്സപ്പെടുത്തുന്നതായി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മലിനീകരണത്തിലൂടെ ബാക്‌ടീരിയകളടക്കമുള്ള ചെറു ജീവികള്‍ നശിക്കുന്നതോടെ ജൈവ ശൃംഘലക്ക്‌ കോട്ടം തട്ടുന്നതും അതുവഴി മത്സ്യങ്ങള്‍ നശിക്കുന്നതും പലായനം ചെയ്യുന്നതും കുട്ടനാട്ടിലെ മത്സ്യബന്ധ മേഖലയെ പ്രതികൂലമായി ബാധിച്ചു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി കക്ക വാരുന്നതും മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്‌. വമ്പനാട്ടുകായലിനെയും അനുബന്ധ ജലാശയങ്ങളേയും ആശ്രയിച്ചു കഴിയുന്ന മത്സ്യബന്ധന മേഖലയും ഇന്ന്‌ തകര്‍ച്ചയുടെ വക്കിലാണ്‌. ചെമ്മീന്‍ കക്ക തുടങ്ങിയ പ്രാദേശികമത്സ്യങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതുമാത്രമാണ്‌ കുട്ടനാട്‌ പാക്കേജിലെ പരാമര്‍ശം. കാതലായ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഏങ്ങനെയാണ്‌ കുട്ടനാട്ടിലെ മത്സ്യകൃഷിയും നെല്‍കൃഷിയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുക എന്നതും ചിന്തിക്കേണ്ട വിഷയമാണ്‌. ഈ രണ്ട്‌ മേഖലക്കും വെള്ളപ്പൊക്കം ഒരു ഭീഷണിയാണു താനും. വെള്ളപ്പൊക്കഭീഷണിക്ക്‌ കാരണം റോഡുനിര്‍മ്മാണമടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളും. ടൂറിസവും നഗരവികസനവും നല്‍കുന്ന മാലിന്യങ്ങളും ഒറ്റയടിക്ക്‌ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പറ്റുമോ എന്നും കണ്ടറിയണം.

ആരോഗ്യരംഗം മുള്‍മുനയില്
‍പാരമ്പര്യമായി കീടനാശിനി കലര്‍ന്ന വെള്ളം കുടിച്ചുവളര്‍ന്ന ഇവിടുത്തുകാരെ കൊല്ലാന്‍ മിനിമം സയനൈഡ്‌ എങ്കിലും വേണ്ടിവരുമെന്ന്‌ കുട്ടനാട്ടുകാര്‍ പറയാറുണ്ട്‌. സാദാ കളനാശിനി മുതല്‍ മാലത്തിയോണ്‍ വരെയുള്ള വിവിധ കീടനാശിനികളാണ്‌ ഓരോ തവണ കൃഷിയിറക്കിക്കഴിയുമ്പോഴും ജലത്തില്‍ കലരുന്നത്‌. ഡി ഡി റ്റി പോലുള്ള നിരോധിച്ച കീടനാശിനികള്‍ അടുക്കളയില്‍ ഉറുമ്പിനെ കൊല്ലാന്‍ വരെ ഉപയോഗിച്ചിരുന്നു ഈയടുത്തകാലം വരെ. കുട്ടനാട്ടില്‍ പ്രതിവര്‍ഷം രാസവളവും കീടനാശിനികളുമായി ശരാശരി 20.000 ടണ്‍രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. കീടനാശിനികള്‍ക്കു പുറമെ വിസര്‍ജ്യങ്ങളും പ്ലാസ്റ്റിക്കും അടങ്ങുന്ന മാലിന്യങ്ങളാണ്‌ ഒഴുക്കു നഷ്‌ടപ്പെട്ട തോടുകളിലും മറ്റും കെട്ടിക്കിടക്കുന്നത്‌ . വേലിയേറ്റവും വേലിയറക്കവും വഴി ഇവ കുട്ടനാടു മുഴുവന്‍ വ്യാപിക്കാനും കാരണമാകുന്നു. ആലപ്പുഴ പട്ടണത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ മാലിന്യം വന്നടിയുന്നത്‌. ഇവിടെനിന്നും ദുര്‍ഗന്ധമുളവാക്കുന്ന കറുത്ത ജലം പുന്നമടക്കായലിലേക്കും പിന്നീട്‌ വേമ്പനാട്ടുകായലിലേക്കും അതുവഴി ഉള്‍നാടുകളിലേക്കും പരക്കുന്നു.


ഏറ്റവും കുടുതല്‍ ഹൗസ്‌ ബോട്ടുകളും ടൂറിസ്റ്റ്‌ ബോട്ടുകളും സഞ്ചരിക്കുന്ന പുന്നമടക്കായലിലും ചുറ്റുവട്ടത്തും ജലനിരപ്പിന്റെ മേല്‍ത്തട്ട്‌ ബോട്ടിന്റെ ടു സ്‌ട്രോക്ക്‌ എന്‍ജിനില്‍ നിന്നുള്ള ഓയിലും ഇന്ധന അവശിഷ്‌ടവും കലര്‍ന്ന ജലമാണ്‌. ടു സ്‌ട്രോക്ക്‌ എന്‍ജിനകളില്‍ നിന്നും ഇന്ധനത്തിന്റെ മുപ്പതുശതമാനത്തോളം മാലിന്യമായി പുറം തള്ളുമെന്നാണ്‌ കണക്ക്‌. പുന്നമടക്കായലിലും പരിസരങ്ങളിലും ഭക്ഷണം പാകം ചെയ്‌താല്‍ മണ്ണെണ്ണയുടെ രുചിവരുന്നുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. പാടത്തും ഈ മലിനജലം പരക്കുന്നതുകാരണം വിളവിനെബാധിക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.കുട്ടനാട്ടില്‍ പന്ത്രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളില്‍ വയറിളക്കസംബന്ധമായ രോഗങ്ങള്‍ ധാരാളമായി കണ്ടുവരുന്നുവെന്ന്‌ ആരോഗ്യവകുപ്പ്‌ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്‌. ഈയടുത്തകാലത്ത്‌ മഞ്ഞപ്പിത്തം, മന്ത്‌ തുടങ്ങിയവക്കുപുറമെ വീല്‍സ്‌, എലിപ്പനി, ആമാശയത്തിലെ കാന്‍സര്‍, മെനിഞ്ചൈറ്റിസ്‌, ചിക്കുന്‍ഗുനിയ തുടങ്ങി നിരവധി രോഗങ്ങള്‍ വ്യാപകമായിരുന്നു.

പരസ്‌പരപൂരകമായ പ്രശ്‌നങ്ങള്‍
കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ കുട്ടനാട്ടിലെ മത്സ്യങ്ങളെല്ലാം ശരീരം അഴുകി നശിക്കുന്ന അജ്ഞാത രോഗം വന്ന്‌ നശിച്ചിരുന്നു. അതുപോലെ ഏതു നിമിഷവും ഒരു പകര്‍ച്ചാവ്യാധിയുടെ പൊട്ടിത്തെറി പ്രതീക്ഷിക്കാവുന്ന അവസ്ഥയിലാണ്‌ ഇന്ന്‌ കുട്ടനാട്‌. ഹൗസ്‌ ബോട്ടുകള്‍ വഴി അസുഖങ്ങള്‍ കുട്ടനാട്ടില്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും കുടുതലാണ്‌. കായലില്‍ നിന്നും ഉള്‍നാടുകളിലെ തോടുകളിലൂടെയുള്ള ഹൗസ്‌ ബോട്ടുകളുടെ യാത്ര ഒരു തരത്തില്‍ പറഞ്ഞാല്‍ മാലിന്യങ്ങളുടെ നിക്ഷേപം ഉള്‍ നാടുകളിലേക്കും വ്യാപിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.


ശബരിമലയില്‍ ഓരോ തവണയും ലക്ഷക്കണക്കിനു ഭക്തര്‍ നിക്ഷേപിച്ചുപോകുന്ന മാലിന്യങ്ങളും എത്തിച്ചേരുന്നത്‌ കുട്ടനാട്ടിലാണ്‌. ഈയടുത്ത കാലത്ത്‌ നടന്ന കണക്കുകള്‍ പ്രകാരം സീസണില്‍ ശബരിമലക്കടുത്ത്‌ പമ്പയിലെ കോളിഫോം ബാക്‌ടീരിയ നൂറുമില്ലിലിറ്ററില്‍ 200,000 എന്ന തോതില്‍ ആണ്‌. പമ്പയാര്‍ കുട്ടനാട്ടിലെ എടത്വായിലെത്തുമ്പോള്‍ ഇതിന്റെ അളവ്‌ 48,700 ആകുമെന്നാണ്‌ കണക്ക്‌. കുട്ടനാട്ടിലെ ജനങ്ങളില്‍ നല്ലൊരു ശതമാനത്തിന്റെയും കക്കൂസ്‌ മാലിന്യങ്ങള്‍ ഇപ്പോഴും ജലാശയങ്ങളിലേക്ക്‌ തുറന്നുവിടുന്ന രീതിയിലാണ്‌ നിര്‍മ്മിച്ചിട്ടുള്ളത്‌. ജലനിരപ്പ്‌ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സെപ ്‌റ്റിക്‌ ടാങ്കുകള്‍ കാര്യക്ഷമമല്ലെങ്കിലും മലിനജലം പുറത്തേക്ക്‌ പടരും. ഈ മലിന ജലമാണ്‌ കെട്ടിക്കിടന്ന്‌ രോഗാണുശാലയായി മാറുന്നത്‌. ഇതേ ജലം തന്നെയാണ്‌ കുടിക്കാനും കുളിക്കാനും ഇന്നാട്ടുകാര്‍ ഉപയോഗിക്കുന്നതും.

കുട്ടനാട്ടിലെ കൃഷിയുമായും പരിസ്ഥിതിയുമായും ജനജീവിതമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരസ്‌പര പൂരകങ്ങളാണ്‌. വിവിധ മേഖലകളിലെ ഇത്രയും വിപുലമായ പ്രശ്‌നങ്ങള്‍ പഠിച്ച്‌ പരിഹരിക്കാന്‍ കീഴ്‌വഴക്കമനുസരിച്ചു നോക്കിയാല്‍ വര്‍ഷങ്ങള്‍ തന്നെയെടുക്കും. ഇവ ഒറ്റക്കൊറ്റക്ക്‌ പരിഹരിക്കുകയും എളുപ്പമല്ല. മുകളില്‍ പറഞ്ഞ അടിസ്ഥാന പ്രശ്‌നങ്ങളിലൂന്നിയുള്ള ഒരു പാക്കേജാണ്‌ കുട്ടനാടിന്‌ ഇന്ന്‌ ആവശ്യം. പക്ഷേ കുട്ടനാടിനെ അറിഞ്ഞുകൊണ്ടുള്ള പദ്ധതിനിര്‍ദ്ദേശങ്ങള്‍ ഇതുവരെ തയ്യാറാക്കപ്പെട്ടിട്ടില്ലെന്ന്‌ കഴിഞ്ഞ അറുപതില്‍ പരം വര്‍ഷമായി സര്‍ക്കാര്‍ ഏജന്‍സികളും അല്ലാത്തവരും തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. നടപ്പില്‍ വരുത്തിയ പദ്ധതികളുടെ ഫലമന്വേഷിച്ചുപോയാല്‍ പഠനത്തില്‍ വന്ന വീഴ്‌ചകളും മനസ്സിലാകും. മുകളില്‍ പറഞ്ഞ അടിസ്ഥാനപ്രശ്‌നങ്ങളിലൂന്നിയ ഒരു പാക്കേജാണ്‌ കുട്ടനാടിന്‌ ഇന്ന്‌ ആവശ്യം. പക്ഷേ കുട്ടനാടിനെ അറിഞ്ഞുകൊണ്ടുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഇതുവരെ തയ്യാറാക്കപ്പെട്ടിട്ടില്ലെന്ന്‌ കഴിഞ്ഞ അറുപതില്‍ പരം വര്‍ഷങ്ങളായി സര്‍ക്കാര്‍ ഏജന്‍സികളും അല്ലാത്തവരും തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. നടപ്പിലായ പദ്ധതികളുടെ ഫലമന്വേഷിക്കുമ്പോള്‍ വന്ന വീഴ്‌ചകളും മനസ്സിലാകും.

No comments:

Post a Comment