Sunday, September 27, 2009

വെള്ളത്തില്‍ കലക്കുന്ന 2600 കോടി


കേരളത്തില്‍ കോഴിക്കോട്‌ തിരുവനന്തപുരം നഗരങ്ങളടക്കം അഞ്ച്‌സ്ഥലങ്ങളിലാണ്‌ ജപ്പാന്‍ കുടിവെള്ള പദ്ധതികള്‍ നടപ്പില്‍ വരുന്നത്‌. പെരുവണ്ണാമുഴി ഡാമില്‍ നിന്ന്‌ കോഴിക്കോട്‌ ജില്ലയിലെ പത്ത്‌ സെമി അര്‍ബന്‍ പ്രദേശങ്ങളിലും ആറ്‌ പഞ്ചായത്തുകളിലും വെള്ളമെത്തിക്കുന്ന പദ്ധതിയും, തിരുവനന്തപുരം നഗരപരിധിയിലെ പ്രദേശങ്ങളും ചുറ്റുമുള്ള മൂന്ന്‌ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പദ്ധതിയും, ചേര്‍ത്തല മുനിസിപ്പാലിറ്റിയിലും പതിമൂന്ന്‌ ഗ്രാമങ്ങളും ഉള്‍പ്പെടുന്ന പദ്ധതിയുമടങ്ങുന്ന മൂന്നെണ്ണമാണ്‌്‌ തുടക്കം മുതല്‍ തന്നെ വിവാദങ്ങളില്‍ സ്ഥാനം പിടിച്ചത്‌. കൊല്ലം ജില്ലയിലെ പരവൂര്‍ മുനിസിപ്പാലിറ്റി പ്രദേശങ്ങളും പതിനെട്ട്‌ വില്ലേജുകളും ഉള്‍പ്പെടുന്ന മീനാട്‌ പദ്ധതി, കണ്ണൂരിലെ തളിപ്പറമ്പ്‌ മുനിസിപ്പാലിറ്റിയിലെ ഏഴോളം പ്രദേശങ്ങളും 11 വില്ലേജുകളുമടങ്ങുന്ന പട്ടുവം പദ്ധതി എന്നിവയാണ്‌ മറ്റുള്ളവ. 45 ലക്ഷം പേര്‍ക്ക്‌ ഗുണമാകുമെന്ന്‌ അവകാശപ്പെട്ടു തുടങ്ങിയ അഞ്ചു പദ്ധതികള്‍ക്കും കൂടി 1787. 45 കോടി രൂപയാണ്‌ ചിലവ്‌ കണക്കാക്കിയതെങ്കിലും പണി പൂര്‍ത്തിയാകുമ്പോള്‍ ഏതാണ്ട്‌ 2600 കോടി കവിയുമെന്നാണ്‌ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഇതില്‍ 1519.38 കോടി രൂപയാണ്‌ ജെ ബി ഐ സി നല്‍കുക. 1996 ല്‍ ആരംഭിച്ച്‌ 2005 ല്‍ പണി പൂര്‍ത്തിയാക്കുമെന്ന്‌ പ്രഖ്യാപിച്ച പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതു തന്നെ വീണ്ടും പത്തുവര്‍ഷം കഴിഞ്ഞാണ്‌.

ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചതും വിജയകരമാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം അവശേഷിക്കുന്നതും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മിക്കവാറും എല്ലാ ഘട്ടങ്ങളിലും പ്രതിബന്ധങ്ങള്‍ നേരിട്ടതും കോഴിക്കോട്‌ ജില്ലയിലെ കുടിവെള്ള പദ്ധതിയാണ്‌. പെരുവണ്ണാമുഴി ഡാമിനു സമീപമുള്ള പൊന്മലപ്പാറ എന്ന കുന്ന്‌ ഇടിച്ചു നിരത്തി നിര്‍മ്മിക്കുന്ന പടുകൂറ്റന്‍ ജലസംഭരണിയില്‍ നിന്നും 56 കിലോമീറ്റര്‍ അകലെ കടലുണ്ടിവരെ ജലമെത്തിക്കുന്ന പദ്ധതിക്ക്‌ 604 കോടി രൂപയാണ്‌ വകയിരുത്തിയിരുന്നത്‌. ഇപ്പോഴത്തെ കണക്കുവച്ച്‌ മൊത്തം ചെലവ്‌ 800 കോടിക്കു മുകളില്‍ വരുമെന്നാണ്‌ വിദഗ്‌ദാഭിപ്രായം. വലുതും ചെറുതുമായ പൈപ്പുകള്‍ സ്ഥാപിക്കാനായി ആഴ്‌ചകള്‍ക്കുള്ളില്‍ പൂര്‍വ്വസ്ഥിതിയിലാക്കാമെന്നു പറഞ്ഞ്‌ കീറിയിട്ടറോഡുകള്‍ നല്‍കിയ കാലാവധി കഴിഞ്ഞിട്ടും നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയില്‍ തുടരുന്നതും ഇതിനെതിരെ ഹര്‍ത്താല്‍ വരെ സംഘടിപ്പിച്ചിട്ടും അധികൃതര്‍ ഒന്നും ചെയ്യാത്തതും ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. പലയിടത്തും പരിസ്ഥിതി പ്രശ്‌നങ്ങള്‍ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാണ്‌. ഇനി പദ്ധതി പൂര്‍ത്തിയായാല്‍ തന്നെ ആവശ്യമായ ജലം നല്‍കാന്‍ ഇപ്പോള്‍ തന്നെ ജലസേചനത്തിന്‌ വെള്ളമില്ലാതെ കഷ്‌ടപ്പെടുന്ന പെരുവണ്ണാമുഴി റിസര്‍വോയറിന്‌ ശേഷിയുണ്ടോ എന്നതും ചര്‍ച്ചാവിഷയമാണ്‌.

തുടക്കത്തിലേ കല്ലുകടി
കേരള ജലസേചന വകുപ്പ്‌ നടപ്പിലാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ടോക്കിയോ കണ്‍സള്‍ട്ടന്റ്‌സ്‌ നയിക്കുന്ന ബ്ലാക്ക്‌ ആന്റ്‌ വീച്ച്‌ യു കെ, ജി കെ ഡബ്ലിയു കണ്‍സള്‍ട്ടന്റ്‌സ്‌ ജര്‍മ്മനി, ഷാ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്‌ മുംബൈ, സെന്റര്‍ ഫോര്‍ എന്‍വയേണ്‍മെന്റ്‌ ആന്റ്‌ ഡെവലപ്പ്‌മെന്റ്‌ കേരള എന്നീ സ്ഥാപനങ്ങളടങ്ങിയ കണ്‍സോര്‍ഷ്യമാണ്‌ (ടോക്കിയോ കണ്‍സള്‍ട്ടന്റ്‌സ്‌ കണ്‍സോര്‍ഷ്യം). ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്‌ ലാര്‍സണ്‍ ആന്റ്‌ ടൂബ്രോ, ഐ വി ആര്‍ സി എല്‍, രാമകൃഷ്‌ണ കണ്‍സ്‌ട്രക്ഷന്‍സ്‌ തുടങ്ങിയ വന്‍കിട നിര്‍മ്മാണ സ്ഥാപനങ്ങളും. സുപ്രധാന റോഡുകള്‍ കീറി പൈപ്പിടുന്നതിനാല്‍ നേരത്തെ തന്നെ അറ്റകുറ്റപ്പണിക്കുള്ള പണം പൊതുമരാമത്ത്‌
വകുപ്പില്‍ കെട്ടിവെച്ചിരുന്നു. പൈപ്പിട്ട്‌ എല്ലാവിധ ടെസ്റ്റിംഗ്‌ ജോലികളും കഴിഞ്ഞ ശേഷം പണിപൂര്‍ത്തിയായ ഭാഗങ്ങള്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ സാക്ഷ്യപ്പെടുത്തലോടെ ജലസേചന വകുപ്പിന്‌ കൈമാറുകയാണ്‌ ചെയ്യുന്നത്‌. തുടര്‍ന്ന്‌ റോഡുകള്‍ പൊതുമരാമത്ത്‌ വകുപ്പിന്‌ അറ്റകുറ്റപ്പണിക്കായി കൈമാറുന്നു. ഇത്രയും സ്ഥാപനങ്ങളെ ഏകോപിപ്പിച്ച്‌ പ്രവര്‍ത്തനം നടത്തുന്നതില്‍ വന്ന വീഴ്‌ചയാണ്‌ ജപ്പാന്‍ കുടിവെള്ള പദ്ധതിയെ ഇത്രയേറെ വിവാദങ്ങളിലേക്ക്‌ നയിച്ചതും റോഡപകടങ്ങളുടെയും യാത്രാദുരിതത്തിന്റെയും പേരില്‍ പൊതുജനങ്ങളുടെ എതിര്‍പ്പിന്‌ കാരണമായതും.
ഒരേ സമയം തന്നെ അഞ്ചു പാക്കേജുകളായാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. പെരുവണ്ണാമുഴിയില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റാണ്‌ ഒന്നാമത്തെ പാക്കേജ്‌. ഈ ജോലികളാണ്‌ വന്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്‌. പ്ലാന്റില്‍ നിന്നും വലിയ പൈപ്പുകള്‍ വഴി അതാതുസ്ഥലങ്ങളിലെ ടാങ്കുകളിലെത്തിക്കുന്നത്‌ രണ്ടാമത്തെ പാക്കേജും, ടാങ്കുകളില്‍ നിന്നും വിതരണത്തിനു വേണ്ട പൈപ്പുകള്‍ സ്ഥാപിക്കുന്നത്‌ മൂന്നാമത്തെ പാക്കേജും, ടാങ്കുകളും നിയന്ത്രണസംവിധാനവും സ്ഥാപിക്കുന്നത്‌ നാലാമത്തെ പാക്കേജും റീഹാബിലിറ്റേഷന്‍ അഞ്ചാമത്തെ പാക്കേജുമാണ്‌. ഇതില്‍ രണ്ട്‌ മൂന്ന്‌ പാക്കേജുകളാണ്‌ കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി പൊതുനങ്ങളെ കഷ്‌ടപ്പെടുത്തിക്കൊണ്ടിരിക്കുന്നവ. ഇവയില്‍ രണ്ടാമത്തെ പാക്കേജ്‌ ഏതാണ്ട്‌ എണ്‍പതുശതമാനം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ ജോലികള്‍ നടക്കേണ്ട മൂന്നാമത്തെ പാക്കേജ്‌ (1884 കിലോമീറ്റര്‍) ഏതാണ്ട്‌ മുപ്പത്തിയഞ്ചു ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ, അതില്‍ തന്നെ നല്ലൊരു ഭാഗവും മുടങ്ങിക്കിടക്കുകയുമാണ്‌. ഇരുപതുടാങ്കുകളും അനുബന്ധമായ ക്വാര്‍ട്ടേഴ്‌സുകളും ഏകീകൃത നിയന്ത്രണ സംവിധാനവും നിര്‍മ്മിക്കുന്ന നാലാംഘട്ടം ഏതാണ്ട്‌ പകുതിയോളം പൂര്‍ത്തിയായെങ്കിലും ചിലയിടങ്ങളില്‍ ടാങ്കിനു വേണ്ട സ്ഥലം പോലും ലഭിക്കാത്തതിന്റെ പേരില്‍ ജോലി ആരംഭിച്ചിട്ടില്ല.

റിസര്‍വോയറിന്റെ കരയിലുള്ള പൊന്മലപ്പാറയെന്ന കുന്ന്‌ ഇടിച്ചു നിരപ്പാക്കിയാണ്‌ പദ്ധതിക്കാവശ്യമായ ജലം ശുദ്ധീകരിച്ചെടുക്കന്ന പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌. പ്രതിദിനം 174 മില്ല്യണ്‍ ലിറ്റര്‍ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ പ്ലാന്റാണ്‌ ഇത്‌. കുന്ന്‌ ഇടിച്ചുനിരത്തുന്നതോടെ മണ്ണൊലിച്ച്‌ റിസര്‍വോയറിനു തന്നെ ഭീഷണിയാകുമെന്നതിന്റെ പേരില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ തന്നെ വിവാദമുയര്‍ന്നിരുന്നു. മൊത്തം 65 ഏക്കറിലാണ്‌ ഈ പ്രദേശത്ത്‌ നിര്‍മ്മാണപ്രദേശങ്ങള്‍ നടക്കുന്നത്‌. വ്യാപകമായി പാറ പൊട്ടിക്കാന്‍ തുടങ്ങിയതോടെ പരിസരത്തെ വീടുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും മുടങ്ങിയിരിക്കുകയാണ്‌, സ്‌ഫോടനങ്ങള്‍ ഡാമിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഡാം സുരക്ഷാ അധികൃതര്‍ നേരത്തെ തന്നെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പ്ലാന്റിലേക്ക്‌ ജലമെത്തിക്കാന്‍ 1000 എച്ച്‌ പി ശേഷിയുള്ള അഞ്ച്‌ പമ്പുകളും 700 എച്ച്‌ പി ശേഷിയുള്ള രണ്ട്‌ പമ്പുകളും ആവശ്യമാണ്‌. ഇവ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഹൈ ടെന്‍ഷന്‍ ലൈന്‍ നല്‍കുന്ന കാര്യത്തില്‍ ഉയര്‍ന്ന പ്രതിസന്ധി തുടക്കത്തില്‍ തന്നെ കല്ലുകടിയായി മാറി. കണക്ഷന്‍ ലഭിക്കാനായി 2.10 കോടി രൂപ അധികൃതര്‍ നേരത്തേ തന്നെ വിദ്യുഛക്തി ബോര്‍ഡില്‍ കെട്ടിവെച്ചതാണെങ്കിലും സാങ്കേതികതയുടെ പേരില്‍ സംസ്ഥാന വിദ്യുഛക്തി ബോര്‍ഡിന്‌ കണക്ഷന്‍ നല്‍കാന്‍ കാലതാമസം നേരിടുകയായിരുന്നു. അണ്ടര്‍ഗ്രൗണ്ട്‌ കേബിളുകള്‍ വഴി വൈദ്യുതി നല്‍കാനാണ്‌ പദ്ധതി അധികൃതര്‍ ആവശ്യപ്പെട്ടത്‌,
എന്നാല്‍ ഓവര്‍ ഹെഡ്‌ ലൈനിലേക്കാള്‍ കാലതാമസം അണ്ടര്‍ഗ്രൗണ്ട്‌ കണക്ഷന്‌ വേണ്ടിവരുമെന്നതും അതിനു പുറമേ പാറകള്‍ കൂടുതലുള്ള പ്രദേശങ്ങളിലൂടെ കേബിളുകള്‍ സ്ഥാപിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ്‌ വിദ്യുഛക്തിബോര്‍ഡിന്റെ പക്ഷം. ഇനി കേബിള്‍ ഇടാനും മറ്റുമുള്ള കരാര്‍ നല്‍കി അത്‌ നടപ്പില്‍ വരുമ്പോഴേക്കും ഒരു വര്‍ഷത്തിനു മുകളില്‍ കാലതാമസമെടുക്കുമെന്നാണ്‌ കണക്കുകൂട്ടല്‍.

റോഡില്ല നടക്കാനും പറ്റില്ല
പെരുവണ്ണാമുഴിയിലെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റില്‍ നിന്നും ജില്ലയിലെ 20 സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളിലേക്ക്‌ ജലമെത്തിക്കുന്ന പാക്കേജ്‌ രണ്ട്‌ നിര്‍വ്വഹിക്കുന്നത്‌ ലാര്‍സണ്‍ ആന്റ്‌ ടൂബ്രോ എന്ന നിര്‍മ്മാണ കമ്പനിയാണ്‌. രണ്ടാമത്തെ പാക്കേജില്‍ 122 കിലോമീറ്റര്‍ ദൂരം വ്യാസം കൂടിയ പൈപ്പുകള്‍ അതായത്‌ 1.850 മീറ്റര്‍ വരെ വ്യാസമുള്ള പൈപ്പുകള്‍ സ്ഥാപിക്കണം. ഈ ജോലികള്‍ ഏകദേശം എണ്‍പതുശതമാനത്തോളം തീര്‍ന്നിട്ടുണ്ടെങ്കിലും പൈപ്പിടാന്‍ കീറിമുറിച്ച റോഡുകളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടന്നില്ല. ചക്കിട്ടപ്പാറ, ചെമ്പ്ര, കായണ്ണ, കൂട്ടാലിട, തുടങ്ങിയ മലയോര മേഖലയിലെ
പാറക്കെട്ടുകള്‍ക്കിടയിലൂടെയും പാടങ്ങളിലൂടെയും റോഡുകള്‍ വഴിയും കൂറ്റന്‍ പൈപ്പുകള്‍ വഴി ജലം ബാലുശ്ശേരിയിലെത്തിയ ശേഷമാണ്‌ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക്‌ കൊണ്ടുപോകുന്നത്‌. ബാലുശ്ശേരിവരെയുള്ള പദേശങ്ങളില്‍ സ്ഥലവാസികളുടെ എതില്‍പ്പു കാരണവും പരിസ്ഥിതി പ്രശ്‌നങ്ങള്‍ കാരണവും പൈപ്പിടല്‍ പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്‌. പെരുവണ്ണാമുഴി മുതല്‍ ബാലുശ്ശേരി വരെയുള്ള പ്രദേശങ്ങളിലൊന്നും തന്നെ ജപ്പാന്‍ കുടിവെള്ള പദ്ധതി ഇല്ല എന്നത്‌ നേരത്തെ തന്നെ പൊതുജന പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. കൂറ്റന്‍ പൈപ്പുകളാണ്‌ ഈ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത്‌ എന്നതുകൊണ്ടുതന്നെ വന്‍ കയറ്റങ്ങളും പാറകളുമുള്ള റോഡുകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്‌ നടക്കുന്നത്‌. പലയിടത്തും പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട്‌ തര്‍ക്കങ്ങള്‍ കോടതിവരെ ചെന്നെത്തിയ സംഭവങ്ങളുമുണ്ട്‌. നടുവണ്ണൂരിലെ വേട്ടുണ്ടയിലും കോട്ടൂര്‍ പഞ്ചായത്തിലും കിലോമീറ്ററുകളോളം പൈപ്പുകള്‍ വയല്‍പ്രദേശത്തുകൂടെയാണ്‌ കടന്നു പോകുന്നത്‌. മഴപെയ്‌തതോടെ വയലില്‍ നിന്നും പൈപ്പുകള്‍ പൊങ്ങിവന്ന്‌ വെള്ളക്കെട്ടുകള്‍ സൃഷ്‌ടിക്കുന്നത്‌ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌, അതേസമയം പാടത്തെ രണ്ടാക്കി പിളര്‍ത്തി മുകളിലൂടെ സ്ഥാപിച്ച പൈപ്പ്‌ലൈനും അതിനുമുകളില്‍ മണ്ണിട്ട്‌ കെട്ടിപ്പൊക്കിയതും ഒരാള്‍പൊക്കത്തില്‍ വലിയ ബണ്ടുകളായി മാറിയതിനേതുടര്‍ന്ന്‌ കൃഷിനാശത്തിനു കാരണമാകുമെന്നും നടന്നുപോകാന്‍ പോലും ബുദ്ധിമുട്ടാകുമെന്ന്‌ കാണിച്ച്‌ പ്രദേശവാസികള്‍ പലയിടത്തും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്‌. പലയിടത്തും പാടത്തിനു മുകളിലൂടെയല്ലാതെ ഭൂമിക്കടിയില്‍ പൈപ്പുകള്‍ കുഴിച്ചിടുന്നത്‌ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സാങ്കേതികമായി ബുദ്ധിമുട്ടാണെന്നുമുള്ള കാരണമാണ്‌ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്‌.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എല്ലാ പ്രദേശങ്ങളിലും തുടക്കത്തില്‍ തന്നെ ഒരേ പോലെ പൊതുജന പ്രതിഷേധം നേരിട്ടത്‌ പൊട്ടിപ്പൊളിച്ചിട്ട്‌ ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ നിലച്ച റോഡുകളെ ചൊല്ലിയായിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച 2008 ല്‍ തന്നെ വ്യാപക പ്രതിഷേധത്തെതുടര്‍ന്ന്‌ ജലസേചനവകുപ്പു മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, ഗതാഗത മന്ത്രി മോന്‍സ്‌ ജോസഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരും ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതരുമടങ്ങുന്ന യോഗത്തില്‍ പൈപ്പിടുന്ന സ്ഥലങ്ങളിലെ റോഡുകള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നും ടെസ്റ്റിംഗിനും മാന്‍ഹോളിനുമുള്ള സ്ഥലം ഒഴിച്ചിട്ട്‌ ബാക്കി ഭാഗം ടാര്‍ ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നീടുവരുന്ന പുനരുദ്ധാരണ പ്രക്രിയയുടെ ചിലവ്‌ ജലസേചന വകുപ്പ്‌ വഹിക്കുമെന്നും മന്ത്രി പ്രേമചന്ദ്രന്‍ ഉറപ്പ്‌ നല്‍കിയിരുന്നു. കോഴിക്കോട്‌, ചേര്‍ത്തല, തിരുവനന്തപുരം നഗരങ്ങളില്‍ പൊതുമരാമത്ത്‌ വകുപ്പ,്‌ ജലസേചനവകുപ്പ്‌, ജെ ബി ഐ സി പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്ഥിരം മോണിട്ടറിംഗ്‌ സംവിധാനവും നടപ്പില്‍ വരുത്തിയിരുന്നു. പക്ഷേ ഇത്തരം സംവിധാനങ്ങളൊക്കെ കടലാസിലൊതുങ്ങിയെന്നു മാത്രമല്ല മാത്രമല്ല പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്‌ ചെയ്‌തത്‌.
പാക്കേജ്‌ രണ്ടില്‍ 122 കിലോമീറ്റര്‍ ദൂരം പൈപ്പുകള്‍ സ്ഥാപിക്കാനാണ്‌ ജില്ലയിലെ ദേശീയ പാതയും സംസ്ഥാനപാതകളും മലയോര ഹൈവേയടക്കമുള്ള സുപ്രധാന റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്‌. ഭീമന്‍ പൈപ്പുകള്‍ നിക്ഷേപിക്കാനും യന്ത്രങ്ങള്‍ സ്ഥാപിക്കാനും മണ്ണിടാനുമൊക്കെയായി റോഡിന്റെ ഏതാണ്ട്‌ പകുതി വരെ ഉപയോഗിക്കുന്നതിനാല്‍ ഒരേ സമയം ഒരുഭാഗത്തേക്കുമാത്രമേ വാഹനങ്ങള്‍ക്കു യാത്രചെയ്യാനാകൂ. ജോലി അവസാനിച്ച്‌ മണ്ണിട്ട ഭാഗമാണെങ്കില്‍ മഴയില്‍ ചെളിക്കളമായിരിക്കുകയുമാണ്‌. വന്‍ കയറ്റങ്ങളും വളവുകളുമുള്ള മലയോര മേഖലയിലെ റോഡുകളില്‍ പലയിടത്തും ഗതാഗതം നിലച്ചുവെന്നു മാത്രമല്ല മഴ പെയ്‌തതോടെ റോഡ്‌ മുഴുവനും തകര്‍ന്ന്‌ നടന്നു പോകാന്‍ പറ്റാത്ത സ്ഥിതിയിലാണ്‌. ജീപ്പുകളും ലോറികളും താരതമ്യേന കൂടുതലുള്ള ഈമേഖലയില്‍ യാത്രാക്ലേശം രൂക്ഷമാണ്‌. മലയോര മേഖലയിലെ പ്രധാന പട്ടണമായ ബാലുശ്ശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച നാള്‍ തുടങ്ങിയ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന്‌ ഇനിയും പരിഹാരമായിട്ടില്ല. പൈപ്പിടല്‍ ജോലികള്‍ നടക്കുന്ന മലയോരമേഖലയിലെ പ്രധാന പ്രധാനപാതയായ ബാലൂശ്ശേരി - കൂട്ടാലിട റോഡില്‍ ഗതാഗതം നിലച്ചിട്ട്‌ മാസങ്ങളായി. ഈ റൂട്ടില്‍ പലയിടത്തും റോഡുകീറി അടിയിലുള്ള പാറ പൊട്ടിച്ചെടുത്തു വേണം കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിക്കാനെന്നതാണ്‌ ഗതാഗതം താറുമാറാക്കിയിരിക്കുന്നത്‌.

ജില്ലയിലെ തിരക്കുപിടിച്ച റോഡുകളിലൊന്നായ ബാലുശ്ശേരി - കോഴിക്കോട്‌ സംസ്ഥാനപാതയിലൂടെയാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കളായ പത്ത്‌ സെമി അര്‍ബന്‍ പ്രദേശങ്ങളിലേക്കും ആറ്‌ പഞ്ചായത്തുകളിലേക്കുമുള്ള പ്രധാന പൈപ്പ്‌ കടന്നു പോകുന്നത്‌. ഈ റോഡില്‍ നഗരത്തോടടുത്ത പ്രദേശങ്ങളില്‍ പലയിടത്തും കിടങ്ങുകള്‍ മൂടിയിട്ടുപോലുമില്ല. പൈപ്പിടല്‍ അവസാനഘട്ടത്തിലാണ്‌ എന്ന്‌ അവകാശപ്പെടുന്ന ഈ ഭാഗങ്ങളിലാകട്ടെ കിടങ്ങുകള്‍ മൂടിയിടത്തുപോലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ പൊതുമരാമത്തുവകുപ്പിന്‌ കഴിഞ്ഞിട്ടില്ല എന്നത്‌ പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. ഇതിനേക്കാള്‍ രൂക്ഷമാണ്‌ കോഴിക്കോട്‌ നഗരത്തിലെ മാങ്കാവ്‌ -കുന്നത്തുപാലം -പന്തീരാങ്കാവ്‌ റോഡിന്റെ അവസ്ഥ. ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും മലാപ്പറമ്പ്‌, ഫറോക്ക്‌ ഭാഗങ്ങളിലും കഴിഞ്ഞ സീസണില്‍ തന്നെ വന്‍ പ്രതിഷേധങ്ങളും ഹര്‍ത്താല്‍ വരെ നടന്നു. ആളുകള്‍ക്ക്‌ നടന്നുപോകാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്‌ റോഡുകളന്നത്‌ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. മഴക്കാലത്ത്‌ ചെളിയും മഴയില്ലാത്തപ്പോള്‍ പൊടിശല്യവുമാണ്‌ ഈ റോഡുകളുടെ ശാപം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്‌ മേയറുടെ അധ്യക്ഷതയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതരും സര്‍ക്കാര്‍ സ്ഥാപനങ്ങളും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന്‌ വാഗ്‌ദാനം ലഭിച്ചതല്ലാതെ തുടര്‍ന്ന്‌ ഒന്നും സംഭവിച്ചില്ലെന്ന്‌ സ്ഥലവാസികള്‍ ചൂണ്ടികാണിക്കുന്നു. പുറക്കാട്ടിരിയില്‍ പദ്ധതിസ്ഥലത്തെ മണ്‍കൂനയില്‍ തട്ടി കാറിനടിയില്‍ വീണ്‌ ഒരാള്‍ മരിച്ചത്‌ ഈയിടെയാണ്‌. കുഴിയില്‍ ബൈക്കുമറിഞ്ഞ്‌ മാസങ്ങളോളം കിടപ്പിലായവരുടെ കഥകളും നടന്നുപോകുമ്പോള്‍ കുഴിയില്‍ വീണ്‌ ആശുപത്രിയിലായവരുടെ എണ്ണവും കൂടിവരുന്നു. മഴ പെയ്യുന്നതോടെ കിടങ്ങുകളാല്‍ ഒറ്റപ്പെട്ടു കഴിയുന്ന വീടുകളും വാഹനങ്ങള്‍ മാസങ്ങളായി സ്വന്തം വീട്ടിലേക്ക്‌ കയറ്റാന്‍ പറ്റാത്തവരുടേയും വീടുപണിക്കും മറ്റുമായി ദീര്‍ഘദൂരം മണലും സിമന്റും കല്ലൂമൊക്കെ ചുമന്നു കൊണ്ടുവരുന്നവരുടെ കഥകളും നിരവധി. നഗരത്തിലെ റോഡുകള്‍ കീറിയശേഷം ആഴ്‌ചകള്‍ക്കുള്ളില്‍ നന്നാക്കാമെന്നാണ്‌ ജെ ബി ഐ സി പ്രൊജക്‌ട്‌ മാനേജര്‍ അന്ന്‌ പറഞ്ഞത്‌. വിതരണ ടാങ്കുകള്‍ വരെയുള്ള പാക്കേജ്‌ രണ്ടിലെ പൈപ്പിടല്‍ ജോലികള്‍ ഈ സ്ഥലങ്ങളിലെ പൊതുമരാമത്തുവകുപ്പിന്റെയും നാഷണല്‍ ഹൈവേ അതോറിട്ടിയുടെ കീഴിലുള്ള പ്രധാന റോഡുകളെയാണ്‌ കീറി മുറിക്കുന്നതെങ്കില്‍ വീടുകളിലേക്ക്‌ പൈപ്പിടുന്ന പാക്കേജ്‌ മൂന്ന്‌ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ പഞ്ചായത്തു റോഡുകളും ഒപ്പം പ്രധാന റോഡുകളും കീറിമുറിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയായ പെരുവണ്ണാമുഴി മുതല്‍ തെക്ക്‌ കടലുണ്ടിവരെയുള്ള പദ്ധതി പ്രദേശങ്ങളിലെ മിക്കവാറും എല്ലാ റോഡുകളും ജപ്പാന്‍ പദ്ധതി കിളച്ചുമറിച്ചിട്ടിരിക്കുകയാണ്‌.

പണി പകുതിയാക്കി പിന്നോട്ട്‌
1864 കിലോമീറ്റര്‍ ദൂരം പൈപ്പിടുന്ന മൂന്നാമത്തെ പാക്കേജാണ്‌ തുടക്കം മുതലെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍ ചേളന്നൂര്‍, തലക്കുളത്തൂര്‍, കക്കോടി, എലത്തൂര്‍, കോഴിക്കോട്‌ നഗരപ്രദേശങ്ങള്‍, ഒളവണ്ണ, ചെറുവണ്ണൂര്‍ നല്ലളം, ബേപ്പൂര്‍, കുന്നമംഗലം, പെരുവയല്‍, പെരുമണ്ണ, കുരുവട്ടൂര്‍, നരിക്കുനി എന്നീ സ്ഥലങ്ങളിലെ പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള റോഡുകളും പഞ്ചായത്ത റോഡുകളും വെട്ടിപ്പോളിച്ചിട്ടുപോയതല്ലാതെ അറ്റകുറ്റ പണികള്‍ നടത്തിയത്‌ വളരെ കുറച്ചു ദൂരം മാത്രമാണ്‌. ടാങ്കുകളില്‍ നിന്ന്‌ വീടുകളിലേക്ക്‌ വെള്ളമെത്തിക്കുന്ന പൈപ്പുകളിടുന്ന ഈ പാക്കേജിലെ ജോലികള്‍ നിര്‍വ്വഹിക്കുന്നത്‌ രാമകൃഷ്‌ണ കണ്‍സ്‌ട്രക്ഷന്‍സ്‌ എന്ന ഹൈദരാബാദ്‌ ആസ്ഥാനമായുള്ള കമ്പനിയാണ്‌. പ്രാദേശിക വിതരണമായതുകൊണ്ടുതന്നെ അതാതുസ്ഥലങ്ങളിലെ പഞ്ചായത്തു റോഡുകളടക്കം ടാറിട്ട റോഡുകളെല്ലാം കീറിയിടേണ്ടിവരും. ഇതിനായി 45 സെന്റീമീറ്റര്‍ വരെയുള്ളകിടങ്ങുകളെടുക്കാമെന്നാണ്‌ കണക്ക്‌. ഇത്ര ചെറിയ കിടങ്ങുകളെടുക്കാന്‍ ആശ്രയിക്കുന്നത്‌ ജെ സി ബിയെയാണ്‌ എന്നതാണ്‌ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നത്‌. നാല്‌പത്തിയഞ്ചു സെന്റീമീറ്റര്‍ വീതിയില്‍ കിടങ്ങുകളെടുക്കാന്‍ ജെസിബിക്കു കഴിഞ്ഞെന്നുവരില്ല, അതേസമയം ജെ സി ബി കയറിയിറങ്ങുന്നതോടെ റോഡുകളില്‍ പലയിടത്തും പാച്ചുകള്‍ പ്രത്യക്ഷപ്പെട്ടു, തുടര്‍ന്നുള്ള മഴയത്ത്‌ പാച്ചുകള്‍ വലുതായും കിടങ്ങുകളിലൂടെ വെള്ളമൊലിച്ചും റോഡുകള്‍ തകര്‍ന്നു. തൊഴിലാളികളെ വച്ച്‌ ചെറിയ കിടങ്ങുകള്‍ നിര്‍മ്മിക്കുന്നത്‌ കമ്പനിക്ക്‌ നഷ്‌ടമാണെന്ന കാരണത്താലാണ്‌ ഇവര്‍ ജെസിബിയെ ആശ്രയിക്കുന്നതെന്നാണ്‌ വിശദീകരണം.

ചെയ്യുന്ന ജോലിയുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നേരത്തെ തന്നെ ആരോപണമുയര്‍ന്ന ഈ പാക്കേജില്‍ നല്‍കിയ കാലാവധികഴിഞ്ഞിട്ടും 700 കിലോമീറ്ററോളം മാത്രമേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളൂ. അതില്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയത്‌ നൂറോളം കിലോമീറ്റര്‍ മാത്രവും. കുഴികള്‍ മൂടാതെ പീന്നീടുവന്ന രണ്ടു സീസണ്‍ മഴയില്‍ പ്രാദേശിക റോഡുകളില്‍ മിക്കതും ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്‌്‌. കരാറുകള്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശമുള്ളതിനാല്‍ പൊതുമരാമത്തുവകുപ്പിന്റയും മറ്റും റോഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ പഞ്ചായത്തു റോഡുകള്‍ മിക്കതും കുഴികള്‍ മൂടി ടാര്‍ ചെയ്‌തിട്ടില്ല. പഞ്ചായത്തു റോഡുകളിലെ അറ്റകുറ്റപ്പണിയുടെ ആവശ്യവുമായി പഞ്ചായത്താഫീസിനെ സമീപിച്ചാല്‍ ജോലി നടന്നകാര്യവും ഒന്നും അവര്‍ക്കറിയില്ലെന്ന മറുപടിയാണ്‌ ലഭിക്കുക. കരാറനുസരിച്ച്‌ പൊതുമരാമത്തു വകുപ്പിന്റെ റോഡുകള്‍ അവര്‍ തന്നെയും പഞ്ചായത്തു റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കരാറുകാരുമാണ്‌ ചെയ്യേണ്ടത്‌. ചുരുക്കിപ്പറഞ്ഞാല്‍ 1864 കിലോമീറ്ററില്‍ നിര്‍മ്മാണപ്രവൃത്തികള്‍ നടന്ന 700 കിലോമീറ്ററിലെ ബഹുഭൂരിപക്ഷം വരുന്ന പഞ്ചായത്തു റോഡുകളില്‍ നല്ലാരു പങ്കും ഇതുവരെ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല. എണ്‍പത്തിയഞ്ച്‌ സെന്റീമീറ്റര്‍ വരെ വീതിയുള്ള കിടങ്ങുകള്‍ അടച്ച്‌ ടാര്‍ ചെയ്യാനെ തങ്ങള്‍ക്ക്‌ അനുമതിയുള്ളൂ എന്നാല്‍ കഴിഞ്ഞ മഴക്കാലങ്ങളില്‍ മുഴുവനായും നശിച്ച റോഡുകള്‍ ടാര്‍ ചെയ്യാന്‍ തങ്ങള്‍ക്ക്‌ കഴിയില്ല എന്നാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ കരാറുകാര്‍ നല്‍കുന്ന വിശദീകരണം. അതേസമയം റോഡുകള്‍ മുഴുവനായി അറ്റകുറ്റപ്പണികള്‍ നടത്തിയ സംഭവങ്ങളും ചൂണ്ടിക്കാണിക്കാനാകും. റോഡുകള്‍ തകരാന്‍ കാരണക്കാരായവരും പഞ്ചായത്തധികൃതരും കൈ മലര്‍ത്തുമ്പോള്‍ പഞ്ചായത്തു റോഡുകള്‍ക്ക്‌ ഈയടുത്തകാലത്തൊന്നും ശാപമോക്ഷം ലഭിക്കില്ലെന്ന സൂചനയാണ്‌ ലഭിക്കുന്നത്‌. അതിനിടെ കരാര്‍ കാലാവധി കഴിഞ്ഞ്‌ കരാറുകാര്‍ പിന്‍വാങ്ങാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്ക്‌ ഒരു വര്‍ഷം കൂടെ കാലാവധി നീട്ടിക്കൊടുത്ത്‌ ജോലി തുടരാന്‍ വാട്ടര്‍ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ 100 കിലോമീറ്ററിനടുത്തുമാത്രം ഭാഗികമായി ജോലി പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്ക്‌ ബാക്കിയുള്ള 1160 ഓളം കിലോമീറ്റര്‍ ജോലി ഒരു വര്‍ഷം കൊണ്ട്‌ ചെയ്യാനാകുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു. ദുരിതങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ രാമകൃഷ്‌ണ കണ്‍സ്‌ട്രക്ഷന്‍സ്‌ ഇളവുകള്‍ ആവശ്യപ്പെട്ടെങ്കിലും ജോലി ഭാഗികമായാണെങ്കിലും മറ്റാരും ഏറ്റെടുക്കാന്‍ കൂട്ടാക്കാത്തതിനാല്‍ പ്രതിസന്ധിയിലാണ്‌. തുടര്‍ന്ന്‌ സാങ്കേതിക തടസ്സങ്ങള്‍ കാണിച്ച്‌ കോടതിയെ സമീപിക്കാനാണ്‌ പദ്ധതിയെന്നറിയുന്നു.

പ്രധാനമായും രണ്ട്‌ മൂന്ന്‌ പാക്കേജുകള്‍ നടപ്പിലാക്കുന്ന കരാറുകാരില്‍ നിന്ന്‌ എല്ലാ വിധ ടെസ്റ്റിംഗ്‌ ജോലികള്‍ക്കും ശേഷം കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ അനുവാദത്തോടെ വാട്ടര്‍ അതോറിട്ടിക്ക്‌ റോഡുകള്‍ കൈമാറണം. വാട്ടര്‍ അതോറിട്ടിയാണ്‌ ഈ റോഡുകള്‍ പൊതുമരാമത്തുവകുപ്പിന്‌ അറ്റകുറ്റപ്പണിക്കായി കൈമാറേണ്ടത്‌. നേരത്തെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ റോഡുകളില്‍ പൈപ്പ്‌ സ്ഥാപിച്ചയുടനെ തന്നെ പൊതുമരാമത്തുവകുപ്പിന്‌ കൈമാറാണ്‌ തീരുമാനമായിരുന്നത്‌. പക്ഷേ ജോലി ചെയ്യാനുള്ള സൗകര്യത്തിന്‌ ചുരുങ്ങിയത്‌ അരകിലോമീറ്ററെങ്കിലും പണി പൂര്‍ത്തിയാകുമ്പോള്‍ വിട്ടുകൊടുക്കുകയാണ്‌ പതിവ്‌. 1.850 മീറ്റര്‍ വ്യാസമുള്ള പൈപ്പുകളില്‍ വെള്ളം അടിച്ചുകയറ്റി ലീക്കുണ്ടോയെന്നും മര്‍ദ്ദപരിശോധനയും നടത്തി വാട്ടര്‍ അതോറിട്ടിയുടെ കൈയിലെത്താനുള്ള കാലതാമസം, പിന്നീട്‌ പേപ്പര്‍ ജോലികളെല്ലാം കഴിഞ്ഞ്‌ പൊതുമരാമത്തുവകുപ്പിലെത്തിയാല്‍ തന്നെയും വീണ്ടും മാസങ്ങള്‍ നീളും ടാര്‍ വീപ്പകള്‍ റോട്ടിലെത്താന്‍. അറ്റകുറ്റപ്പണി നടക്കേണ്ട സ്ഥലം അളന്ന്‌ എസ്റ്റിമേറ്റുണ്ടാക്കി ടെണ്ടര്‍ വിളിച്ച്‌ കരാറുകാരന്‌ നല്‍കുമ്പോഴേക്കും മാസം മൂന്നു കഴിഞ്ഞിരിക്കും. കരാറുകാരനു നല്‍കിയ കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തിയാവുമ്പോഴേക്കും ആറുമാസം മുതല്‍ ഒമ്പതുമാസം വരെയെടുക്കും സാധാരണയായി, ഇടക്ക്‌ കാലാവസ്ഥക്കനുസരിച്ച്‌ സമയം കൂടുതലെടുക്കാറുമുണ്ട്‌. സോളിംഗ്‌ നടത്തി, മെറ്റലിംഗിനു ശേഷം ടാറിംഗ്‌ നടത്തുന്നതുവരെയുള്ള ബുദ്ധിമുട്ട്‌ പുതുതായി ഒരു റോഡുണ്ടാക്കുന്നതിന്റെതാണെന്നാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ പക്ഷം. സോളിംഗും മെറ്റലിംഗും ചെയ്യുന്നതിനിടെ വാഹനങ്ങള്‍ കയറിയിറങ്ങി റോഡ്‌ വീണ്ടും പഴയപടിയാകുന്നതും തലവേദനയാണ്‌.
മഴക്കാലത്ത്‌ റോഡുപണി നടക്കില്ല. ഇനി ആറുമാസത്തോളം ന്യായമായും കാത്തിരിക്കണം റോഡ്‌ പഴയനിലയിലായിക്കിട്ടാന്‍. ഇതുവരെകുഴിച്ചിട്ട കിടങ്ങുകള്‍ മണ്ണിട്ട്‌ മൂടുന്നതിലുള്ള തിരക്കിലാണ്‌ കരാറുകാര്‍. മഴപെയ്‌ത്‌ ഈ മണ്ണ്‌ ഒലിച്ചുപോയതും ചെളിക്കുളമായതുമാണ്‌ യാത്ര ദുഷ്‌കരമാക്കിയത്‌. മഴക്കാലത്ത്‌ റോഡുവെട്ടിപ്പൊളിക്കേണ്ടെന്ന പൊതുമരാമത്തിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന്‌ പൈപ്പിടല്‍ ജോലികള്‍ നിര്‍ത്തിവച്ചത്‌ സ്വാഗതാര്‍ഹമാണ്‌ എന്നിരുന്നാലും കുഴിച്ചിട്ട ഭാഗത്തെ ജോലികള്‍ ഇപ്പോഴും തുടരുന്നു. അതേസമയം പ്രഷര്‍ ടെസ്റ്റിംഗിനും മറ്റും ബാക്കിയുള്ളതിനാല്‍ കുഴികള്‍ മുഴുവനായും മൂടാന്‍ കഴിയാത്തതാണ്‌ മറ്റൊരു പ്രശ്‌നം. മാസങ്ങള്‍ മുമ്പ്‌ വിട്ടുകൊടുത്ത റോഡില്‍ പോലും അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടില്ലെന്ന്‌ ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതര്‍ പൊതുമരാമത്തുവകുപ്പിനെ പഴി ചാരുമ്പോള്‍ സമയത്ത്‌ റോഡുകള്‍ വിട്ടുകിട്ടാത്തതും തുടര്‍ന്ന്‌ കരാര്‍ നല്‍കുന്നതുവരെയുള്ള കാലതാമസവും കാണിച്ച്‌ അതിനെ നേരിടുകയാണ്‌ പൊതുമരാമത്ത്‌ അധികൃതര്‍.

ഇത്‌ കോഴിക്കോടു ജില്ലയിലെ മാത്രം പദ്ധതിയുടെ ശാപമല്ല. തിരുവനന്തപുരം നഗരത്തിലും അത്തിപ്പാറ, കുടപ്പനക്കുന്ന്‌, കടകമ്പള്ളി, ഉള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ജലമെത്തിക്കാന്‍ ലക്ഷ്യമിട്ട്‌ നടത്തുന്ന കുടിവെള്ള പദ്ധതിയും ഇതേ കാരണത്താല്‍ തന്നെ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്‌. ജഗതി, തിരുമല, പേരൂര്‍ക്കട, പിടിപി നഗര്‍, പൂജപ്പുര, നെട്ടയം, പട്ടം, പനവിള തുടങ്ങിയ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ പലയിടത്തും ഗതാഗതം താറുമാറായിരിക്കുകയാണ്‌. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കൊപ്പം സിറ്റി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രൊജക്‌ടടക്കമുള്ള മറ്റ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും നഗരത്തിലെ ഗതാഗതം താറുമാറാക്കിയതിനേതുടര്‍ന്ന്‌ നിരവധി ചര്‍ച്ചകളും സമവായങ്ങളും നടന്നെങ്കിലും ഒന്നും ഫലത്തിലെത്തിയിട്ടില്ല. ചേര്‍ത്തലയില്‍ അടുത്ത നവംബറില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇനിയും പൈപ്പിടല്‍ നടത്താനുണ്ട്‌. ഇവിടത്തെ സുപ്രധാന പാതയായ ചേര്‍ത്തല - തണ്ണീര്‍ മുക്കം റോഡിന്റെ അവസ്ഥ ഏറെ ദയനീയമാണ്‌. പ്രമുഖ വിനോദസഞ്ചായ കേന്ദ്രമായ കുമരകത്തേക്കും കോട്ടയത്തേക്കും വൈക്കത്തേക്കുമുള്ള പ്രധാന റൂട്ടാണിത്‌. കോട്ടയം മെഡിക്കല്‍ കോളജിലേക്കുപോലും രോഗികളെയുമായി ഈ വഴി സഞ്ചരിക്കാന്‍ കഴിയില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. ഈര്‍പ്പം കൂടിയ പ്രദേശമായ ചേര്‍ത്തലയില്‍ പൈപ്പുകള്‍ നിക്ഷേപിക്കാനിട്ട കിടങ്ങുകളില്‍ മണ്ണിട്ട്‌ ടാറുചെയ്‌താലും അത്‌ താഴ്‌ന്നുപോകുന്നത്‌ പതിവായതും പൊതുജനപ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. വന്‍ പൊതുജന പ്രതിഷേധത്തെ തുടര്‍ന്ന്‌ ജപ്പാന്‍ കുടിവെള്ളപദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ചിട്ട ചേര്‍ത്തല -അരൂക്കുറ്റി -അരൂര്‍ 25 കിലോമീറ്റര്‍ റോഡ്‌ പ്രതിരോധ മന്ത്രി എ കെ ആന്റണി മുന്‍കൈയെടുത്ത്‌ മുഴുവനായി പുതുക്കിപണിതത്‌ ഈയിടെയാണ്‌.

കോഴിക്കോട്‌ ജില്ലയില്‍ പൈപ്പിടല്‍ പൂര്‍ത്തിയായാലും പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കാലതാമസമെടുക്കും. കോഴിക്കോട്‌ സ്വപ്‌നനഗരിയില്‍ സ്ഥാപിക്കുന്ന സെന്‍ട്രല്‍ ടെലിമെട്രി കണ്‍ട്രോള്‍ റൂമിന്റെ ജോലി പൂര്‍ത്തിയാവേണ്ടതുണ്ട്‌. സാറ്റലൈറ്റുവഴി ജി എസ്‌ എം ടെക്‌നോളജി ഉപയോഗിച്ച്‌ പ്രധാന പൈപ്പുകളിലേയും ടാങ്കുകളിലേയും ഒഴുക്ക്‌ മനസിലാക്കി പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്ന കേന്ദ്രീകൃത സംവിധാനമാണിത്‌. പെരുവണ്ണാമുഴിയിലെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിന്റെ ജോലി പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്‌. മൂന്നാം ഘട്ടമായ വിതരണ പൈപ്പിടുന്ന ജോലിയും പൂര്‍ത്തിയാകണം. ഇതെല്ലാം തീര്‍ന്ന്‌ 2011 ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നാണ്‌ ഇപ്പോള്‍ അധികൃതര്‍ പറയുന്നത്‌. ഇന്നത്തെ നിലക്ക്‌ പോയാല്‍ മൂന്നാം ഘട്ടം പൈപ്പിടല്‍ പോലും 2011ല്‍ തീരില്ല. ട്രീറ്റ്‌മെന്റ്‌ പ്ലാന്റിലും മെയിന്‍ പൈപ്പുകള്‍ വരുന്ന സ്ഥലങ്ങളിലും പാറപൊട്ടിക്കാന്‍ കഴിയാത്തതിനാല്‍ മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാകുകയും വേണം. ഇത്രയും കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ തന്നെയും ജലലഭ്യതയുടെ പേരിലുള്ള പ്രശ്‌നങ്ങളെ നേരിടാനുണ്ട്‌.
ജോലി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്‌താല്‍ തന്നെയും പദ്ധതി എത്രത്തോളം വിജയമായിരിക്കുമെന്ന കാര്യത്തിലും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. പെരുവണ്ണാമുഴി ഡാമിലെ ജലം ജലസേചനത്തിനു പോലും തികയില്ലെന്ന വാദം ഇപ്പോഴെ ഉയര്‍ന്നിട്ടുണ്ട്‌. തൊണ്ണൂറുകളുടെ മധ്യത്തില്‍ നടന്ന സര്‍വേയുടെ അടിസ്ഥാനത്തിലാണ്‌ പദ്ധതിക്കാവശ്യമായ ജലം പെരുവണ്ണാമുഴിയില്‍ നിന്ന്‌ എടുക്കാമെന്ന്‌ തീരുമാനമായത്‌. പിന്നീട്‌ നടന്ന സര്‍വേകളില്‍ നഗരപ്രദേശങ്ങളടക്കം പദ്ധതിപ്രദേശങ്ങളില്‍ വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഉപഭോഗം മുന്നില്‍ കണ്ട്‌ പദ്ധതിയുടെ മൊത്തം കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഈയവസരത്തില്‍ പെരുവണ്ണാമുഴിയിലെ നീരൊഴുക്ക്‌ കുറഞ്ഞതല്ലാതെ കൂടിയിട്ടില്ല. പുഞ്ചകൃഷിക്ക്‌ ആവശ്യമായ ജലം പോലും നല്‍കാന്‍ കഴിയാത്ത പെരുവണ്ണാമുഴി ഡാമില്‍ നിന്നും (കുറ്റിയാടി ജലസേചന പദ്ധതി) ജലം മറ്റാവശ്യങ്ങള്‍ക്ക്‌ നല്‍കിയാല്‍ കണ്ണൂരിലെ പഴശ്ശിപദ്ധതിയിലെ വെള്ളം തിരിച്ചുവിട്ട്‌ കനാലുകള്‍ ഉണങ്ങിവരണ്ട അവസ്ഥ ഇവിടെയും സംജാതമാകുമെന്നാണ്‌ പരിസ്ഥിതി വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നത്‌. നഗരപ്രദേശങ്ങളില്‍ ഒരാള്‍ക്ക്‌ പ്രതിദിനം 180 ലിറ്റര്‍ ജലം വരെ നല്‍കാനാകുമെന്ന കണക്കാണ്‌ പദ്ധതി അധികൃതര്‍ അവതരിപ്പിക്കുന്നത്‌. പദ്ധതി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ താരതമ്യേന ജലക്ഷാമം കുറഞ്ഞ പ്രദേശങ്ങളാണെന്നതും വാട്ടര്‍ അതോറിട്ടിയുടെ ജലവിതരണ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുമാണ്‌. പഞ്ചായത്തുകളിലാകട്ടെ ജലനിധിയടക്കമുള്ള പദ്ധതികളും ശുദ്ധജലം ലഭിക്കുന്ന കിണറുകള്‍ നിലവിലുള്ളതുമാണ്‌. ഈയവസ്ഥയില്‍ കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന കുടിവെള്ള പദ്ധതി ലക്ഷ്യം കണ്ടാല്‍ തന്നെ അതിലെ ജലം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുമോ എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്‌. കുടിവെള്ളത്തിനല്ല ഈ ജലം ഉപയോഗിക്കപ്പെടുന്നതെങ്കില്‍ ഒരു ജനതയോട്‌ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കുമത്‌.

*******
ഭാവിയില്‍ വന്നേക്കാവുന്ന ജലദൗര്‍ലഭ്യം മുന്നില്‍ കണ്ടാണ്‌ ഇത്രയും ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്‌ എന്ന്‌ വാദിക്കുന്ന അധികൃതര്‍ അന്ന്‌ പെരുവണ്ണാമുഴി ഡാമില്‍ ആവശ്യത്തിന്‌ ജലമുണ്ടാകുമോ എന്നകാര്യത്തില്‍ ഒരു ഉറപ്പും നല്‍കുന്നുമില്ല. അന്ന്‌ പെരുവണ്ണാമുഴി ഡാമില്‍ ആവശ്യത്തിനു ജലമമില്ലെങ്കില്‍ ബാണാസുരസാഗര്‍ അണക്കെട്ടിലെ ജലം ഇതിനായി ഉപയോഗിക്കാനാകുമെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്‌ കൂടുതല്‍ കുഴപ്പങ്ങള്‍ക്ക്‌ വഴിവെക്കുമെന്നാണ്‌ പരിസ്ഥിതിവിദഗ്‌ദര്‍ അവകാശപ്പെടുന്നത്‌. ഈ പ്രദേശങ്ങളോടടുത്തുകിടക്കുന്ന പൂനൂര്‍ പുഴ, ചാലിയാര്‍ തുടങ്ങിയവയിലെ ജലം ഉപയോഗിച്ച്‌ പദ്ധതി നടത്തിയാല്‍ മതിയെന്ന്‌ ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകരും സന്നദ്ദസംഘടനകളും വാദിക്കുമ്പോള്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിലല്ലാതെ പമ്പിംഗ്‌ ആവശ്യമില്ലാത്തതിനാല്‍ മെയിന്റനന്‍സ്‌ കുറവാണെന്ന പേരിലാണ്‌ അധികൃതര്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയെ അനുകൂലിക്കുന്നത്‌.
ഓരോ മഴക്കാലവും കേരളത്തില്‍ യാത്രാ ക്ലേശത്തിന്റെ നാളുകളാണ്‌. അതിനുപുറമെയാണ്‌ വ്യക്തമായ ആസൂത്രണമില്ലാത്തതിനാല്‍ ഇത്തവണ കേരളത്തിലെ അഞ്ചു ജില്ലകളിലെ നല്ലൊരു ഭാഗം പ്രദേശങ്ങളെയും ജപ്പാന്‍ കുടിവെള്ള പദ്ധതി ദുരിതത്തിലാഴ്‌ത്തിയത്‌. മഴക്കാലം തുടങ്ങിയിട്ടേയുള്ളൂ, ഇപ്പോള്‍ തന്നെ അവസ്ഥ ഇതാണെങ്കില്‍ മഴകനക്കുന്നതോടെ ഈ പ്രദേശങ്ങളില്‍ റോഡുതന്നെ ഇല്ലാതാകും. അടുത്ത മഴക്കാലത്തിനു മുന്നെയെങ്കിലും വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്തുവകുപ്പ്‌ ജപ്പാന്‍ കുടിവെള്ള അധികൃതരും കനിഞ്ഞ്‌ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന്‌ ആശിക്കാനേ നമുക്ക്‌ കഴിയൂ.

- മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്‌

No comments:

Post a Comment