Sunday, September 27, 2009

മദനി പറഞ്ഞാല്‍ മാറുന്നതാണോ വര്‍ഗീയത


വലതുഭാഗത്ത്‌ പി ഡി പി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മദനി, ഇടത്‌ പൂന്തുറ സിറാജ്‌ നടുവില്‍ സഖാവ്‌ പിണറായി വിജയന്‍, ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഘടകക്ഷിനേതാക്കള്‍ പോലും പിന്‍ നിരയില്‍, കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും പുതിയ `മതേതര' രസതന്ത്രമാണ്‌ പൊന്നാന്നി നിയോജകമണ്‌ഡലത്തില്‍ കഴിഞ്ഞദിവസം ലോകം കണ്ടത്‌. ലീഗുമായിചേരണമെന്നു പറഞ്ഞതിന്‌ എം വി രാഘവനെ പുറത്താക്കിയ അതേ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തീവ്ര വര്‍ഗ്ഗീയ രാഷ്‌ട്രീയത്തിന്‌ പേരുകേട്ട പി ഡി പി നേതാവ്‌ മദനിയുമായി വേദി പങ്കിടുക മാത്രമല്ല പി ഡി പി മുന്നണിക്കൊപ്പമാണെന്ന്‌ പ്രസ്‌താവിക്കുക കൂടി ചെയ്‌ത്‌ മലക്കം മറിച്ചിലിന്‌ പുതിയ അധ്യായം കൂടി എഴുതി ചേര്‍ത്തു. കേരളജനതക്കുമുമ്പില്‍ പരസ്യമായി ഖേദപ്രകടനം(?) നടത്തിയും രാജ്യത്തെ ഏതൊരു ശരാശരി നേതാവും ചെയ്യുന്നപോലെ മതേതര - തീവ്രാവാദ വിരുദ്ധ പ്രസ്‌താവനകള്‍ നടത്തിയും `അഗ്നിശുദ്ധി'വരുത്തിയാണ്‌ മദനി തനിക്കുമുന്നില്‍ നില്‍ക്കുന്നതെന്ന്‌ പിണറായിയും അനുചരന്മാരും വിശദീകരിച്ചത്‌. പാര്‍ട്ടിക്കെതിരെ പ്രസ്‌താവന നടത്തിയാലെന്ന പോലെ കേവലമൊരു വാക്കുമാറ്റിപറഞ്ഞാല്‍ തീരുന്ന കുറ്റമായിരുന്നു മദനി ചെയ്‌തതെന്ന്‌ ലോകത്തിനു മനസ്സിലാക്കികൊടുത്ത സി പി എം നേതാക്കളെ കാല്‍തൊട്ടുനമസ്‌കരിക്കുക തന്നെ വേണം. ഐ എസ്‌ എസ്‌ എന്ന തീവ്രവര്‍ഗീയസംഘടനയുടെ അതേ പ്ലാറ്റ്‌ഫോമില്‍ പേരുമാത്രം മാറ്റി രൂപീകരിച്ച പുതിയ സംഘടയുടെ അണികളെല്ലാം മദനിയുടെ ഖേദപ്രകടനത്തിനൊപ്പം കടുത്ത മതേതരവാദികളായി മാറുമെന്ന്‌ കേരളം വിശ്വസിക്കണമെന്നാണ്‌ സി പി എം നേതൃത്വം ശഠിക്കുന്നത്‌.

തിരഞ്ഞെടുപ്പുവരുമ്പോള്‍ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ പോലും വിശുദ്ധ പാര്‍ട്ടികളായി മാറുന്നത്‌ സി പി എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായല്ല. സാക്ഷാല്‍ ഇ എം എസിനു പോലും വര്‍ഗ്ഗീയ കക്ഷികളുടെ കാര്യത്തില്‍ മനംമാറ്റമുണ്ടായി. ഈ മനംമാറ്റം ബദല്‍ രേഖാ കാലം മുതല്‍ പത്തുവര്‍ഷത്തിനുള്ളില്‍തന്നെ കേരളം കണ്ടതുമാണ്‌. 1984 ല്‍ മുന്നണിയിലുണ്ടായിരുന്ന അഖിലേന്ത്യാ ലീഗിനെ പുറത്തുചാടിക്കാനായിരുന്നു ഇ എം എസിന്റെ ശ്രമം. ബദല്‍രേഖയുണ്ടാകുന്നതും അതിന്റെ മുഖ്യസൂത്രധാരനായ എം വി രാഘവനും പി വി കുഞ്ഞിക്കണ്ണനും പുത്തലത്തു നാരായണനും പാര്‍ട്ടിക്കു പുറത്തുപോകുന്നതും അങ്ങനെയാണ്‌. വീണ്ടും പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞു, ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ ഇ എംഎസ്‌ തന്നെ ഇബ്രാഹിം സുലൈമാന്‍ സേട്ടിനെയും ഒപ്പം അബ്‌ദുള്‍ നാസര്‍ മദനിയെയും മഹാത്മാഗാന്ധിയോട്‌ ഉപമിച്ച്‌ ദേശാഭിമാനിയില്‍ ലേഖനമെഴുതി. ചരിത്രപരമായ ആ മലക്കം മറിച്ചിലിന്‌ പുതിയ സാഹചര്യത്തില്‍ രാഷ്‌ട്രീയ മാനം നല്‍കുകയാണ്‌ പിണറായി വിജയന്‍ ഇന്ന്‌. ഒരിക്കല്‍ ഇം എം എസിനാല്‍ വിശുദ്ധനാക്കപ്പെട്ട അബ്‌ദുള്‍ നാസര്‍ മദനിയാണ്‌ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ വര്‍ഗ്ഗീയപ്രവര്‍ത്തനങ്ങള്‍ക്ക്‌ അറസ്റ്റിലാവുന്നതും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിപ്പെട്ടതും ഒമ്പതുവര്‍ഷങ്ങള്‍ക്കു ശേഷം പുറത്തുവന്ന്‌ വീണ്ടും വിശുദ്ധനാക്കപ്പെട്ട്‌ കേരളത്തിലെ മതേതരാഷ്‌ട്രീയത്തിന്റെ വക്താവായി ഇടതുമുന്നണിക്കുവേണ്ടി വോട്ടുപിടിക്കുന്നതും.

മനുഷ്യത്വത്തിന്റെ ഇരട്ടമുഖം
1998 ഏപ്രിലില്‍ അബ്‌ദുള്‍ നാസര്‍ മദനിയെ അറസ്റ്റ്‌ ചെയ്‌ത്‌ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറുന്നത്‌ ഇന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി കൂടി അംഗമായിരുന്ന നായനാര്‍ മന്ത്രിസഭയുടെ കാലത്തായിരുന്നു. അന്ന്‌ സി പി എമ്മിന്‌ മദനിയും പി ഡി പിയും തീവ്രവാദികളും വര്‍ഗ്ഗീയ രാഷ്‌ട്രീയ കക്ഷിയായിരുന്നു. അതുകൊണ്ടുതന്നെ മദനിയെ വിശുദ്ധനായി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചതില്‍ ഒരു ഏറ്റുപറച്ചിലിന്റെ ധ്വനിയുണ്ട്‌. ആറുവര്‍ഷം മുമ്പ്‌ 1992 ല്‍ കോഴിക്കോട്‌ മുതലക്കുളം മൈതാനിയില്‍ പ്രകോപനപരമായി പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു അന്ന്‌ മദനിയെ അറസ്റ്റ്‌ചെയതത്‌, അതിനും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ പിന്‍ബലം വേണ്ടിവന്നു. ബാബറി മസ്‌ജിദ്‌ തകര്‍ത്തതിനെതുടര്‍ന്ന്‌ കേരളമൊട്ടാകെ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴും മതവൈരം ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തുമ്പോഴും അത്തരം പ്രസംഗങ്ങളുടെ ഓഡിയോ കാസറ്റുകള്‍ കേരളമാകെ വിപണനം ചെയ്യുമ്പോളും കേരളം ഭരിച്ചിരുന്നത്‌ ഇന്ന്‌ മദനിയെ തീവ്രവാദിയെന്ന്‌ വിളിക്കുന്ന യു ഡി എഫ്‌ മന്ത്രിസഭയായിരുന്നു.

യു ഡി എഫ്‌ ഭരണകാലത്ത്‌ മദനി ഒരു ബുദ്ധിമുട്ടുമില്ലാതെ തന്റെ വര്‍ഗീയ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയിയെന്നതിന്‌ ചരിത്രം സാക്ഷി. തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത്‌ തങ്ങള്‍ക്ക്‌ വോട്ടുതന്നതിനാല്‍ പിഡിപിക്കെതിരെ ഒരക്ഷരം മിണ്ടില്ലെന്ന്‌ കേരളാകോണ്‍ഗ്രസ്‌ (ബി) നേതാവ്‌ ഗണേശ്‌കുമാര്‍ ഒരിക്കല്‍ പ്രസ്‌താവിച്ചതും കൂടി ചേര്‍ത്തുവായിച്ചാല്‍ കേരളത്തിലെ ചെറുകക്ഷികള്‍ക്കും വന്‍ കക്ഷികള്‍ക്കും തീവ്രവാദിയായാലും അല്ലെങ്കിലും മദനി എന്ന വോട്ട്‌ ബാങ്ക്‌ എത്രത്തോളം വിലപിടിച്ചതാണ്‌ എന്ന്‌ മനസ്സിലാക്കാം. മദനി വിചാരണതടവുകാരനായി കോയമ്പത്തൂര്‍ സെന്റട്രല്‍ ജയിലില്‍ കഴിഞ്ഞ കാലത്ത്‌ തലയില്‍ മുണ്ടിട്ടും മുണ്ടിടാതെയും അദ്ദേഹവുമായി ചര്‍ച്ച നടത്തുമ്പോഴൊക്കെ ഇടതുപക്ഷക്കാരനായ ടി കെ ഹംസയടക്കമുള്ള നേതാക്കള്‍ നമുക്ക്‌ തരുന്ന സന്ദേശം ഏതു മതേതര പ്രത്യയശാസ്‌ത്രത്തിന്റേതായിരുന്നു. അന്ന്‌ അബ്‌ദുള്‍ നാസര്‍ മദനി എഴുപതു നിരപരാധികള്‍ കൊല്ലപ്പെട്ട, അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയെ വധിക്കാന്‍ നടത്തിയ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പതിനാലാം പ്രതിയായിരുന്നു എന്നതും നാം ഓര്‍ക്കണം. വിചാരണത്തടവുകാരനായി വര്‍ഷങ്ങള്‍ കിടന്ന മലയാളിയെന്ന വികാരമായിരുന്നു ആ നേതാക്കള്‍ക്കെങ്കില്‍ അതേ കേസില്‍ പ്രതിയായി അത്രതന്നെ വര്‍ഷം ജയിലില്‍ കഴിഞ്ഞ എട്ടോളം മലയാളികള്‍ അവിടെയുണ്ടായിരുന്നു, അവരെപറ്റിയൊന്നും ഒരു സഹതാപ വാക്കും ആരും പറഞ്ഞു കേട്ടില്ല.

1998 ഏപ്രിലിനു മുന്‍പുള്ള മദനിയെ കേരളം മറക്കണമെന്നാണ്‌ സി പി എം നേതൃത്വത്തിന്റെ തീര്‍പ്പ്‌. സാങ്കേതികമായി കുറ്റവിമുക്തനാക്കപ്പെട്ടവനായാലും ഒമ്പതുവര്‍ഷം വിചാരണത്തടവുകാരനായി ജയിലില്‍ പീഡനമനുഭവിച്ചാലും ദയ തോന്നേണ്ടത്‌ അബ്‌ദുള്‍ നാസര്‍ മദനി എന്ന വ്യക്തിയോട്‌ മാത്രമാണ്‌. അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളില്‍ ആകൃഷ്‌ടരായി തീവ്ര വര്‍ഗ്ഗീയ പ്രസംഗങ്ങളില്‍ അഭിരമിച്ച്‌ പ്രവര്‍ത്തന രംഗത്തിറങ്ങിയ അണികളെല്ലാം ഒറ്റദിവസം കൊണ്ട്‌ മനസ്സുമാറി രാജ്യസേവകരായിയെന്ന്‌ കരുതുന്നത്‌ ശുദ്ധ മണ്ടത്തരമാണ്‌.

രാഷ്‌ട്രീയ ഇസ്ലാം കെട്ടിപ്പടുക്കുന്നു
കേരളത്തില്‍ മുസ്ലീം മതവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ശക്തിയായ ഒരു രാഷ്‌ട്രീയപാര്‍ട്ടിയില്ല എന്ന കണ്ടെത്തലില്‍ നിന്നാണ്‌ 1988 ല്‍ മദനി ഇസ്ലാം സേവാ സംഘ്‌ എന്ന ഐ എസ്‌ എസ്‌ രൂപീകരിക്കുന്നത്‌. രാഷ്‌ട്രീയ ഇസ്ലാം എന്ന കാഴ്‌ചപ്പാടിന്റെ മുഖ്യ വക്താക്കളില്‍ അബ്‌ദുള്‍ നാസര്‍ മദനി സ്ഥാനം പിടിക്കുന്നതും അങ്ങനെയാണ്‌. അന്നുമുതല്‍ തന്നെ മുസ്ലീം ലീഗായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ശത്രു. പേരില്‍ മാത്രം മുസ്ലീമുള്ള പാര്‍ട്ടിയെന്നാണ്‌ അന്ന്‌ മദനി ലീഗിനെ പരിഹസിച്ചുകൊണ്ടിരുന്നത്‌. മുസ്ലീംലീഗിന്റെ വലതുപക്ഷ മിതവാദ നയങ്ങളില്‍ അതൃപ്‌തിയുള്ള ഒരു പറ്റം മുസ്ലീം വിഭാഗങ്ങളിലായിരുന്നു ഐ എസ്‌ എസിന്റെ കണ്ണ്‌. ആ കാലത്ത്‌ കേരളത്തിലെ അറിയപ്പെടുന്ന മതപ്രഭാഷകനെന്ന ലേബല്‍ സംഘടനാ രൂപീകരണത്തിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുകയും ചെയ്‌തു. എത്രത്തോളം വര്‍ഗ്ഗീയ വിഷം ആളികത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗമെന്ന്‌ അന്ന്‌ ചൂടപ്പം പോലെ വിറ്റുപോയ ഇന്നും വിപണിയില്‍ പലയിടത്തും ലഭിക്കുന്ന ഓഡിയോ കാസറ്റുകള്‍ തന്നെ തെളിവ്‌.

അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന രണ്ട്‌ കാര്യങ്ങളായിരുന്നു മദനിക്ക്‌ പിന്നീടുള്ള രാഷ്‌ട്രീയ ജീവിതത്തില്‍ അദ്ദേഹത്തെ ഏറെ സഹായിച്ചത്‌. ഒന്ന്‌ ബോംബ്‌ സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ കാല്‌ നഷ്‌ടപ്പെട്ടത്‌, രണ്ട്‌ 1992 ല്‍ ബാബറി മസ്‌ജിദ്‌ പൊളിച്ചത്‌. തന്റെ വെപ്പുകാല്‍ ഉയര്‍ത്തികാണിച്ച്‌ അണികളെ പ്രകോപിതരാക്കാന്‍ മദനി ഉപയോഗിച്ചിരുന്നതെങ്കില്‍ ബാബറി മസ്‌ജിദ്‌ പൊളിച്ച സംഭവം മുന്‍നിര്‍ത്തി വര്‍ഗ്ഗീയ വിഷം ആളിക്കത്തിക്കാന്‍ അദ്ദേഹത്തിന്‌ അവസരമൊരുക്കുകയായിരുന്നു. തീപാറുന്ന പ്രസംഗങ്ങളില്‍ ആകൃഷ്‌ടരായ യുവാക്കളില്‍ തീവ്രവാദ വികാരം കുത്തിനിറക്കാന്‍ മദനിക്കു യഥേഷ്‌ടം കഴിഞ്ഞിരുന്നു. അദ്ദേഹം അറസ്റ്റിലാകുന്നതുവരെ നിരവധി കേസുകളാണ്‌ കേരളത്തിലെ പലയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌.തീര്‍ത്തും രഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തിച്ച സംഘടനയായിരുന്നു ഐ എസ്‌ എസ്‌. മദനിയുടെ ക്യാംപുകളില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ നിന്നും അക്കാലത്ത്‌ ബ്ലാക്ക്‌ ക്യാറ്റ്‌ യൂണിഫോമുകളും സ്‌ഫോടകവസ്‌തുക്കളും തോക്കുകളുമൊക്കെ കണ്ടെടുത്തിരുന്നു. ഒരു സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ ഹെഡ്‌മാസ്‌റ്ററായിരുന്ന അബ്‌ദുള്‍ സമദിന്റെ മകന്‍ ടി എം അബ്‌ദുള്‍നാസറില്‍ നിന്നും ലോകമറിയുന്ന അബ്‌ദുള്‍ നാസര്‍ മദനിയായത്‌ തീര്‍ത്തും ദുരൂഹമായ സാഹചര്യങ്ങളിലൂടെയാണ്‌. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിനെ ഓര്‍മ്മിപ്പിക്കുന്ന ഐ സി എസ്‌, മുസ്ലീം മത പണ്‌ഡിതനാണെന്നു സൂചിപ്പിക്കുന്ന മദനി എന്നീ പദങ്ങള്‍ ഘടിപ്പിച്ചുകൊണ്ടാണ്‌ മദനി രംഗപ്രവേശനം ചെയ്യുന്നതുതന്നെ. പലയിടത്തും യൂണീഫോമിട്ട `ബ്ലാക്‌ ക്യാറ്റു`കളുടെ അകമ്പടിയും അദ്ദേഹത്തിനുണ്ടായിരുന്നു. മുസ്ലീംലീഗില്‍ നിന്നും പ്രവര്‍ത്തനത്തിലും വീക്ഷണത്തിലും എത്രത്തോളം വ്യത്യസ്‌തമായ പാര്‍ട്ടിയാണ്‌ മദനിയുടെ സംഘടന എന്ന്‌ മനസ്സിലാക്കണമെങ്കില്‍ 1992 ലെ ബാബറി മസ്‌ജിദ്‌ പൊളിച്ചതിനു ശേഷമുണ്ടായ അക്രമങ്ങളുടെ തീവ്രത പരിശോധിച്ചാല്‍ മതി. മലപ്പുറമടക്കമുള്ള സ്ഥലങ്ങളില്‍ വന്‍ ആക്രമണങ്ങളാണ്‌ ഐ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ നടത്തിയത്‌. അതേസമയം മുസ്ലീംലീഗ്‌ അനുയായികള്‍ ആ സമയങ്ങളില്‍ കഴിയുന്നത്ര സംയമനം പാലിച്ചു. മുസ്ലീം ലീഗ്‌ സ്വീകരിച്ച നിലപാടിനെ പരസ്യമായി അന്നുമുതലിങ്ങോട്ട്‌ നിശിതമായി വിമര്‍ശിക്കുകയു ചെയ്‌തു മദനിയും അദ്ദേഹത്തിന്റെ സംഘടനയും. കുടപ്പനക്കല്‍ തറവാടിനെ ചുറ്റിപറ്റിവളരുന്ന പാര്‍ട്ടിയായി ലീഗ്‌ അധപതിച്ചത്‌ മദനിയക്ക്‌ ആളെകൂട്ടാന്‍ എളുപ്പമുണ്ടാക്കുകയും ചെയ്‌തു. അന്നത്തെ സവിശേഷസാഹചര്യത്തില്‍ നരസിംഹറാവു സര്‍ക്കാര്‍ വി എച്ച്‌ പിക്കും ആര്‍ എസ്‌ എസ്‌ അടക്കമുള്ള പാര്‍ട്ടികള്‍ക്കുമൊപ്പം നിരോധിച്ച സംഘടയാണ്‌ ഐ എസ്‌ എസ്‌. ആ നിരോധനത്തിനു ശേഷം ഐ എസ്‌ എസ്‌ ഒറ്റ രാത്രികൊണ്ട്‌ പേരുമാറി പുതിയ പാര്‍ട്ടിയാകുകയായിരുന്നു. പാര്‍ട്ടിയുടെ സ്വത്തുക്കളും അണികളും നേതാക്കളും അന്യം നിന്നു പോകാതെ പുതിയ പാര്‍ട്ടി പിറന്നു ... പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ,നേതാക്കളെല്ലാം പഴയവര്‍, ആശയവും അണികളും പഴയത്‌.

സമീപകാലത്തുമാത്രം സി പി എമ്മിന്റെ ശത്രുപക്ഷത്തില്‍ സ്ഥാനം പിടിച്ച എന്‍ ഡി എഫിന്‌ പി ഡി പിയെന്ന രാഷ്‌ട്രീയ കക്ഷിയിലുള്ള സ്വാധീനവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തിരിച്ചറിയേണ്ടതാണ്‌. അബ്‌ദുള്‍ നാസര്‍ മദനി ജയിലിനകത്തായപ്പോഴുണ്ടായ വിടവ്‌ എന്‍ ഡി എഫ്‌ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വഴിമരുന്നായി. മദനി പിന്തുടര്‍ന്ന അതേ നയങ്ങളും അതേ കേഡര്‍ സംഘടനാ സ്വഭാവവുമാണ്‌ എന്‍ ഡി എഫിന്റേതും. മദനി ജയിലില്‍ കഴിഞ്ഞ കാലത്ത്‌ വന്‍ തോതില്‍ സഹായ ഫണ്ടെന്ന പേരില്‍ എന്‍ ഡി എഫ്‌ പണം പിരിച്ചിരുന്നെങ്കിലും പിന്നീട്‌ അത്‌ എന്തുചെയ്‌തെന്ന്‌ ആര്‍ക്കുമറിയില്ല. അദ്ദേഹം ജയിലില്‍ നിന്ന്‌ പുറത്തുവരാതെ വര്‍ഷങ്ങള്‍ കഴിഞ്ഞ സമയത്ത്‌ പി ഡി പിയില്‍ മൂര്‍ഛിച്ച അന്ത:ഛിദ്രം മുതലെടുത്ത്‌ ഒരു വിഭാഗത്തെ എന്‍ ഡി എഫിലേക്കാകര്‍ഷിക്കാനും അവര്‍ ശ്രമം നടത്തിയിരുന്നു. അതില്‍ അവര്‍ ഏറെകുറേ വിജയിക്കുകയും ചെയ്‌തിരുന്നു. അത്തരത്തില്‍ എന്‍ ഡി എഫിനു പെട്ടെന്ന്‌ സ്വാധീനിക്കുവാന്‍ കഴിയുന്ന അണികള്‍ നിരവധി ഇന്ന്‌ പി ഡി പിയിലുണ്ട്‌. എന്‍ ഡി എഫിന്റെ തീവ്ര ആശയങ്ങളുടെ ജ്വാല കൂടി തട്ടിയ പ്രവര്‍ത്തകരില്‍ പലരും മദനിയുടെ പ്രസ്‌താവനയില്‍ വിശ്വസിച്ച്‌ ഒരു ദിവസം കൊണ്ട്‌ മതേതരവാദികളും സാമൂഹ്യ അച്ചടക്കം പുലര്‍ത്തുന്നവരുമായെന്ന്‌ എങ്ങനെ കരുതാന്‍ കഴിയും.
- മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്‌ -

No comments:

Post a Comment