Monday, December 14, 2009

വിക്കിപ്പീഡിയക്ക്‌ വീണ്ടും ഇരുട്ടടി

value="http://static.issuu.com/webembed/viewers/style1/v1/IssuuV

iewer.swf?mode=embed&viewMode=presentation&layout=http%

3A%2F%2Fskin.issuu.com%2Fv%2Flight%

2Flayout.xml&showFlipBtn=true&documentId=091213163243-

f280d8c8021c4bbe86cae0334da93a83&docName=wiki-

web&username=biminith&loadingInfoText=Wikipediairuttadi&

amp;et=1260722335862&er=67" />

Sunday, September 27, 2009

ഇടതിനെ കാലം മാറ്റിയെഴുതുമ്പോള്‍ !


ചുവപ്പുകണ്ണടവെക്കാതെ ഇടതുപക്ഷത്തെ നമുക്ക്‌ എങ്ങിനെ സമീപിക്കാം? നാം ജീവിക്കുന്ന ചുറ്റുപാടുകളുമായി ഇഴചേര്‍ന്ന ജീവിത വീക്ഷണമാണ്‌ എന്നും ഇടതുപക്ഷ ചിന്താഗതിക്ക്‌ ജീവന്‍ നല്‍കിയത്‌. സോവിയറ്റ്‌യൂണിയനും ചൈനയും മാര്‍ക്‌സും മാവോയുമൊക്കെ നിര്‍വചിച്ച്‌ അവരവരുടെ തന്നെ പേരിലും അല്ലാതെയുമൊക്കെ അറിയപ്പെട്ട ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പിളരുന്നതും തകരുന്നതും കാണാന്‍ വിധിക്കപ്പെട്ട പുതിയ തലമുറക്ക്‌ മുന്നില്‍ ഇടതുപക്ഷത്തിന്‌ വിവിധ വര്‍ണ്ണങ്ങളിലുള്ള പുതിയ നിര്‍വചനങ്ങള്‍ നിരവധിയാണ്‌. ഇടതുപക്ഷത്തിന്റെ ചുവപ്പു നിറം മങ്ങിയതെങ്ങിനെയാണ്‌? ഇടതുപ്രസ്ഥാനങ്ങളുടെ `വാക്വം' പല അപഥസഞ്ചാരങ്ങള്‍ക്കും വേദിയാകുന്ന സമകാലിക അനുഭവങ്ങള്‍ നിരവധിയുണ്ട്‌.

അടിയന്തരാവസ്ഥക്കുശേഷം ജനിച്ച തലമുറക്ക്‌ ഇടതുപക്ഷമെന്നാല്‍ ചുവന്നകൊടിയും അരിവാളും ചുറ്റികയും അതുമായി ബന്ധപ്പെട്ട കുറേ വീരേതിഹാസങ്ങളും മാത്രമാണ്‌ എന്നു പറഞ്ഞാല്‍ തെറ്റില്ല. കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെങ്ങും സാങ്കേതികമായും ബൗദ്ധികമായുമുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം ഇടതുപ്രസ്ഥാനങ്ങളെ മാറ്റി നിര്‍വചിക്കാന്‍ നേതൃത്വങ്ങള്‍ക്ക്‌ കഴിയാതെ പോയി. റഷ്യന്‍ വിപ്ലവകാലത്തെ സാമൂഹികാവസ്ഥയല്ല പുതിയ കാലത്തേതെന്ന്‌ മനസിലാക്കാതെ പഴയ പ്രവര്‍ത്തന രീതി തുടരുന്നവരും കമ്മ്യൂണിസം പുനര്‍നിര്‍വചിക്കാനിറങ്ങിപ്പുറപ്പെട്ട്‌ വലതുപാളയത്തിലെത്തി അടിസ്ഥാനതത്വങ്ങള്‍ പാടെ വിഴുങ്ങുന്നവരും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിച്ചുവരുന്ന ഇക്കാലത്ത്‌ ഇല്ലാതാകുന്നത്‌ ഇടത്‌ ആശയങ്ങളുള്ളവരെ ഒന്നിച്ചു ചേര്‍ക്കാനുള്ള ഇടങ്ങളാണ്‌. ഇടതുപക്ഷ - സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ക്ക്‌ കാലഭേദങ്ങളില്ല, രൂപഭേദങ്ങളേയുള്ളൂ എന്നിരിക്കെ പുതിയ തലമുറ ഇടതുപക്ഷത്തെ എങ്ങനെ നിര്‍വചിക്കും ?.

ഇടതുപക്ഷ പാര്‍ട്ടികള്‍ ആശയസംഘര്‍ഷത്തിലായതോടെ നേരിട്ട വാക്വം വളരെ വലുതാണ്‌. തീര്‍ത്തും ആസൂത്രിതവും കേന്ദ്രീകൃതവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ഇടതുപക്ഷ സംഘടനകള്‍ കേഡര്‍മാരെ സൃഷ്‌ടിച്ചെടുത്തത്‌. സ്‌കൂള്‍ തലം മുതലേ എസ്‌ എഫ്‌ ഐ എന്ന വിദ്യാര്‍ത്ഥി സംഘടന ശക്തമായിരുന്നു, അതിന്റെ തുടര്‍ച്ചയായിട്ടാണ്‌ ക്യാംപസുകളില്‍ ഇടതുവിദ്യാര്‍ത്ഥിസംഘടനകള്‍ സജീവമാകുന്നത്‌. അതിനു പിന്നില്‍ ചോരത്തിളപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ട്‌. ഇടതു പക്ഷ ആശയങ്ങളുടെ `നന്മ' രക്തത്തില്‍ കലര്‍ത്തി വിദ്യാര്‍ഥി സംഘടനയായ എസ്‌ എഫ്‌ ഐ യുവജന സംഘടനയായ ഡി വൈ എഫ്‌ ഐ പോലുള്ളവയിലൂടെ പാര്‍ട്ടി കേഡര്‍മാരെ സൃഷ്‌ടിച്ചു. ഇത്‌ വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ചരിത്രമാണ്‌. ഇന്ന്‌ ഈ പ്രോസസിന്‌ തുടര്‍ച്ച നഷ്‌ടപ്പെട്ടിരിക്കുന്നു. പുതിയ സാഹചര്യത്തില്‍ ടീനേജിന്റെ അവസാനഘട്ടത്തില്‍ യുവാക്കള്‍ക്കിടയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന്‌ കഴിയാതെ പോകുന്നുവെന്നത്‌ ഒരു വസ്‌തുതയാണ്‌. പുതിയ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ പുതിയ തലമുറക്ക്‌ പകര്‍ന്നു നല്‍കുന്ന അളവ്‌ പാര്‍ട്ടി സ്റ്റഡി ക്ലാസുകള്‍ക്കു നല്‍കാവുന്നതിലും കൂടുതലും പലപ്പോഴും അതിന്‌ കടകവിരുദ്ധവുമാണ്‌ എന്ന കാര്യം മറച്ചുവെക്കാനാകില്ല. തങ്ങള്‍ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങളും നേതൃത്വത്തിന്റെ പ്രവൃത്തിയും നാം ജീവിക്കുന്ന ലോകവും തമ്മില്‍ പരസ്‌പര ബന്ധമില്ലെന്ന തോന്നലുണ്ടാകുന്നതോടെയാണ്‌ വര്‍ഷങ്ങളായി നീണ്ടുപോരുന്ന ആ പ്രോസസിനിടയില്‍ വലിയ `വാക്വം` സൃഷ്‌ടിക്കപ്പെടുന്നത്‌.

ആക്‌ടിവിസം
കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളാണ്‌ ഇടതുപക്ഷപ്രസ്ഥാനത്തിന്‌ ആഴത്തില്‍ വേരോട്ടമുണ്ടാക്കിയത്‌ എന്നത്‌ ചരിത്രം. അതുപോലെ തന്നെ പ്രധാനമാണ്‌ അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലുമായി കേരളത്തില്‍ വളര്‍ന്നു വന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അധികമൊന്നും ചോരചിന്താതെ നേടിയ സ്വാതന്ത്ര്യവും തുടര്‍ന്ന്‌ സമൂഹത്തിലുണ്ടായ അരക്ഷിതാവസ്ഥയും തൊഴിലില്ലായ്‌മയും അതിനൊപ്പം തന്നെ ലോകമെമ്പാടും വളര്‍ന്നു വന്ന തീവ്രകമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുമൊക്കെയാണ്‌ കേരളത്തില്‍ നക്‌സല്‍ പ്രസ്ഥാനങ്ങള്‍ വളരാന്‍ സാഹചര്യമൊരുക്കിയത്‌. ഈ മൂവ്‌മെന്റിന്‌ കേരളത്തിലെ വായനശാലകളോട്‌ തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്‌. വിയറ്റ്‌നാം, ചിലി, ലാവോസ്‌, കംബോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ വിമോചന പ്രസ്ഥാനങ്ങളുടെ പ്രചോദനവും എല്ലാമുള്‍ക്കൊണ്ട്‌ സ്വാഭാവികമായി സംഭവിച്ചു പോയതായിരുന്നു നക്‌സല്‍ പ്രസ്ഥാനം. കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്‌ കോളജുകളില്‍ പ്രത്യേകിച്ചും മടപ്പള്ളി കോളജ്‌, ആര്‍ ഇ സി, കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ഏറെക്കുറെ പാലക്കാട്‌ വിക്‌ടോറിയ, മഹാരാജാസ്‌ തുടങ്ങിയവ കേന്ദ്രമാക്കിയായിരുന്നു. വിപ്ലവം പടിക്കലെത്തിയെന്ന കാല്‌പനിക സ്വപ്‌നമുള്ളവര്‍ക്ക്‌ കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ വന്‍ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞുവെന്നതില്‍ രണ്ടഭിപ്രായമില്ല. അടിയന്തരാവസ്ഥക്കാലത്തുപോലും ആക്രമണങ്ങള്‍ നടത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞത്‌ അതുകൊണ്ടായിരുന്നു. അന്നും ഇടതുപക്ഷത്തില്‍ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. പ്രായോഗികവാദികളും തീവ്ര ആശയങ്ങളുള്ളവരും. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ തലപ്പത്തുണ്ടായിരുന്ന പ്രായോഗിക വാദികള്‍ ജനകീയാടിത്തറയുള്ള തീവ്രഇടതുപക്ഷക്കാരുമായി സംഘട്ടനത്തിലേര്‍പ്പെട്ടതിന്‌ നിരവധി ഉദാഹരണങ്ങളുണ്ട്‌. അടിയന്തരാവസ്ഥക്കാലത്തും ശേഷവും നക്‌സലുകളെ പിടിച്ചുകൊടുക്കാന്‍ കമ്മ്യൂണിസ്റ്റ്‌ അധികാരവൃന്ദം നടത്തിയ നീക്കങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതുമാണ്‌. നക്‌സലുകള്‍ അതികാല്‌പനികന്മാരായതിനാലും വിപ്ലവത്തെക്കുറിച്ച്‌ പരിധിയില്‍ കൂടുതല്‍ സ്വപ്‌നം കണ്ടതിനാനും എണ്ണത്തില്‍ കുറവായതിനാലും ആ പ്രസ്ഥാനം വിജയിച്ചില്ല. എങ്കിലും കേരളജനതയുടെ വിപ്ലവ ഊര്‍ജ്ജത്തിന്റെ ഒരു മാപിനി തന്നെയായിരുന്നു നക്‌സല്‍ പ്രസ്ഥാനം. അജിതയും സോമശേഖരനും വേണുവുമൊക്കെ ഇന്നും ആരാധിക്കപ്പെടുന്നത്‌ അതുകൊണ്ടുതന്നെയാണ്‌.

ബൗദ്ധിക നേതൃത്വം
ഏതാണ്ട്‌ എണ്‍പതുകളുടെ പകുതിയോടെ തന്നെ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ തിരിശീല വീണു. അടിയന്തരാവസ്ഥക്കാലത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സി പി എം മാര്‍ക്കറ്റു ചെയ്യുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. കാലാന്തരങ്ങളായി തുടര്‍ന്നു പോന്ന വിപ്ലവ ഊര്‍ജ്ജം തുടര്‍ന്നും പാലിക്കപ്പെടാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. നക്‌സല്‍ - എം എല്‍ പ്രസ്ഥാനങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ അടിത്തറ കാത്തുസൂക്ഷിക്കാനും പാര്‍ട്ടിക്ക്‌ കഴിഞ്ഞില്ല. അപ്പോഴേക്കും പാര്‍ട്ടിയില്‍ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ കയറിപറ്റിയിരുന്നു. കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിനു പക്ഷേ സമൂഹത്തിന്റെ അടിത്തട്ടിലെ സ്‌പന്ദനങ്ങള്‍ മനസ്സിലാക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞുവെങ്കിലും അതും അധികം താമസിയാതെ പൂര്‍ണ്ണമായും സി പി എം ന്റെ ജിഹ്വയായി മാറി. വിദ്യാര്‍ത്ഥി യുവജന രാഷ്‌ട്രീയ രംഗത്തു മാത്രമല്ല സാമൂഹ്യപ്രവര്‍ത്തന രംഗത്തും ശാസ്‌ത്രസാഹിത്യ പരിഷത്തിനു ശേഷം വന്‍ വാക്വം പ്രത്യക്ഷപ്പെട്ടു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ചരിത്രത്തില്‍ ആരംഭം മുതല്‍ തന്നെ ഒരു വലിയ വിഭാഗം ഇടതുപക്ഷ ബുദ്ധിജീവികളുടെ സൈദ്ധാന്തിക പിന്തുണയുണ്ടായിരുന്നു പാര്‍ട്ടിക്ക്‌. പാര്‍ട്ടി ക്ലാസുകളില്‍ മാര്‍ക്‌സിയന്‍ ആശയങ്ങള്‍ പഠിപ്പിച്ചതും തുടര്‍ന്ന്‌ രാഷ്‌ട്രീയമായ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ നേരിടാനും ഉപകരിച്ചത്‌ ഈ ഉയര്‍ന്ന ബൗദ്ധിക നിലവാരം വച്ചുപുലര്‍ത്തിയവര്‍ തന്നെയായിരുന്നു. നക്‌സല്‍ പ്രസ്ഥാനങ്ങളുടെ കാലത്തും അതിന്‌ സൈദ്ധാന്തിക മുഖം പകര്‍ന്നു നല്‍കിയത്‌ ഇക്കൂട്ടരായിരുന്നു. പക്ഷേ ഈയടുത്തകാലത്ത്‌ പാര്‍ട്ടിയുടെ ബുദ്ധിജീവികളില്‍ നല്ലൊരു പങ്കും വെട്ടിനിരത്തപ്പെട്ടു, ബാക്കിയുണ്ടായിരുന്ന പി ഗോവിന്ദപ്പിള്ളയെ കൂട്ടിലടച്ചു, ഗോവിന്ദപ്പിള്ളക്കു ശേഷം ആരെന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ പാര്‍ട്ടിക്ക്‌ ഇനിയുമായിട്ടില്ല. ബംഗാളില്‍ മഹാശ്വേതാദേവിയേപോലുള്ള ഇടതുപക്ഷ സഹയാത്രികര്‍ കൂട്ടത്തോടെ പാര്‍ട്ടിയെ തള്ളിപ്പറയുന്നത്‌ നമ്മള്‍ കണ്ടതാണ്‌. പരിഷത്ത്‌ ബുദ്ധിജീവികളില്‍ മിക്കവാറുമെല്ലാവരും പടിക്കു പുറത്തായി. ആര്‍ക്കോ വേണ്ടി എന്തോ വിളിച്ചു പറയുന്ന കെഇഎന്‍ കുഞ്ഞഹമ്മദും, ആസ്ഥാന ഉപദേശകപദവി സ്വയം ഏറ്റെടുത്ത അഴീക്കോടിലുമാണ്‌ ഇന്ന്‌ പാര്‍ട്ടിയുടെ സൈദ്ധാന്തിത നേതൃത്വം. പുതിയ കാലത്ത്‌ ദാര്‍ശനികമായ പ്രശ്‌നത്തെ നേരിടേണ്ടിവരുമ്പോള്‍ ഇടതുപക്ഷം നിന്നു പരുങ്ങുന്നതു കണ്ട നമുക്ക്‌ ഇടതു സൈദ്ധാന്തിക പക്ഷത്തെ വിടവ്‌ എത്രയെന്ന്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

ക്യാംപസ്‌
എണ്‍പതുകളുടെ രണ്ടാം പകുതിയോടെ മാറിയ ഇന്ത്യയില്‍ പിറന്നുവീണ സാങ്കേതികമായും ബൗദ്ധികമായും വികാസം പ്രാപിച്ച യുവതലമുറയെയും അവരുടെ വീക്ഷണങ്ങളെയും മാറിയ വിദ്യാഭ്യാസ തൊഴില്‍ സാമൂഹിക പരിതസ്ഥിതിയേയും അനുബന്ധ മണ്‌ഡലങ്ങളേയും ഇടതുപാര്‍ട്ടികള്‍ എങ്ങിനെ നോക്കി കാണുന്നു എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടതാണ്‌. തൊട്ടു മുമ്പുള്ള തലമുറക്ക്‌ ഇടതുപക്ഷവുമായി ഭൂപരിഷ്‌കരണം വഴി കിടപ്പാടം നല്‍കിയവരെന്നും കയ്യൂരും കരിവെള്ളൂരും പുന്നപ്ര - വയലാര്‍ സമരങ്ങളിലൂടെ മോചനം സാധ്യമാക്കിയവരെന്നുമുള്ള പൊക്കിള്‍ കൊടി ബന്ധമുണ്ടായിരുന്നു. രാജ്യം നേരിട്ട സുപ്രധാനമായ ഒരു രാഷ്‌ട്രീയ സാമൂഹ്യ പ്രതിസന്ധിയും തരണം ചെയ്യാത്തവരാണ്‌ അടിയന്തരാവസ്ഥക്കു ശേഷം വളര്‍ന്നു വന്ന പുതിയ തലമുറ. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥക്കു ശേഷം പ്രത്യേകിച്ചൊരു വിപ്ലവവും നയിച്ചിട്ടില്ലാത്ത ഇടതുപക്ഷത്തോട്‌ ഇന്നത്തെ യുവാക്കള്‍ക്ക്‌ മുന്‍തലമുറയേപോലെ ഒരു ഗൃഹാതുരയും തോന്നേണ്ടതില്ല.

ശക്തമായ യുവജന പ്രസ്ഥാനങ്ങളെന്ന നിലയില്‍ ഇടതുപക്ഷ യുവജന - വിദ്യാര്‍ത്ഥി സംഘടകള്‍ക്കുണ്ടായ മൈലേജ്‌ രാജ്യത്ത്‌ മറ്റൊരു സംഘടക്കും ലഭിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം ശക്തമായ പ്രസ്ഥാനമാണ്‌ സി പി എം എന്നിരുന്നിട്ടുകൂടി ഡി വൈ എഫ്‌ ഐ, എസ്‌ എഫ്‌ ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍ രാഷ്‌ട്രീയ ഭൂപടത്തിലുണ്ടാക്കിയ സ്ഥാനം വളരെ വലുതാണ്‌. കോണ്‍ഗ്രസ്സടക്കമുള്ള വലതുപക്ഷ സംഘടകളുടെ അപചയം ശരിക്കും പ്രയോജനമായത്‌ ഇത്തരം സംഘടനകള്‍ക്കായിരുന്നു. ഈയടുത്തകാലം വരെ കോളജുകളുടേയും സര്‍വ്വകലാശാല യൂണിയനുകളുടേയും കുത്തക ഇടതുപക്ഷ സംഘടനകള്‍ക്കായിരുന്നു. ചെറുപ്പത്തിന്‌ യോജിച്ച ചോരത്തിളപ്പുള്ള മുദ്രാവാക്യങ്ങള്‍, സാമൂഹിക നന്മയുടെ ക്യാന്‍വാസില്‍ തീത്ത നവലോക സങ്കല്‌പങ്ങള്‍ - അങ്ങനെ കേരളത്തിലെ രാഷ്‌ട്രീയ സംസ്‌കാരത്തില്‍ ഇടതുപക്ഷ യുവജന സംഘടനകളുടെ പ്രാധാന്യം ചെറുതല്ല. എന്നാല്‍ പാര്‍ട്ടി തലത്തിലുണ്ടായ ആനാരോഗ്യകരമായ മത്സരങ്ങളും മാറിയ സാമൂഹിക ഘടനയും പുതുതലമുറയുടെ വഴി മാറി നടപ്പും എല്ലാം കൂടെ അനുദിനം ക്ഷയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാക്കി ഇവയെ മാറ്റിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ രാഷ്‌ട്രീയ പരിചയവും യോഗ്യതയും ആര്‍ജ്ജവവുമായിരുന്നു ഇടതുപക്ഷ നേതാക്കളെ സൃഷ്‌ടിച്ചതെങ്കില്‍ ആശ്രിത വാത്സല്യവും വിഭാഗീയതും ഇവയെ അപചയപ്പെടുത്തിയെന്നത്‌ സമീപകാല യാഥാര്‍ത്ഥ്യങ്ങളാണ്‌.

സ്‌കൂളുകളില്‍ രാഷ്‌ട്രീയം നിരോധിച്ചതും പ്രീഡിഗ്രി എടുത്തുകളഞ്ഞതും ക്യാംപസ്‌ രാഷ്‌ട്രീയത്തെ മൊത്തത്തില്‍ ബാധിച്ചു. വലതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകളില്‍ സംതൃപ്‌തരാവാത്ത കൗമാരമായിരുന്നു എസ്‌ എഫ്‌ ഐ എന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനയുടെ ശക്തിയായി മാറിയത്‌. ഇരുപതും മുപ്പതും വര്‍ഷം ഒരു കോളജിലെ യൂണിയന്‍ എസ്‌ എഫ്‌ ഐ കുത്തകയാക്കിവെക്കാനുള്ള സാഹചര്യത്തിലേക്ക്‌ നയിച്ചത്‌ ഇതായിരുന്നു. ക്യാംപസുകളിലെ എസ്‌ എഫ്‌ ഐ യുടെ കുത്തകക്ക്‌ മറ്റൊരു വശം കൂടിയുണ്ട്‌. തീര്‍ത്തും മനശാസ്‌ത്രപരമായിരുന്നു എസ്‌ എഫ്‌ ഐയുടെ പ്രചാരണ പരിപാടികള്‍. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ചോര തിളച്ചു തുടങ്ങുന്ന കാലം മുതലേ തീവ്ര ആശയങ്ങള്‍ക്കു വിത്തിടാന്‍ ഇവര്‍ക്കുകഴിഞ്ഞു. കോളജിലെ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷവും പ്രീഡിഗ്രി വിദ്യാര്‍ത്ഥികളായിരുന്നു എന്നതിനാല്‍ കോളജുകളില്‍ വന്‍ അണികളെ സൃഷ്‌ടിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അടച്ചിട്ട ക്ലാസുമുറികളില്‍ ചേട്ടനും ചേച്ചിമാരുമായെത്തുന്ന നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളില്‍ ബഹൂഭൂരിപക്ഷം പേരും ആകൃഷ്‌ടരായി. രക്തസാക്ഷികളുടെ വീരചരിതങ്ങള്‍, സമൂഹ നന്മ ലക്ഷ്യമിട്ട പ്രത്യയശാസ്‌ത്രത്തിന്റെ വിത്ത,്‌ സാഹോദര്യത്തിന്റെ വളം, ചോരതിളക്കുന്ന കൗമാന്തരീക്ഷത്തില്‍ എസ്‌ എഫ്‌ ഐ എന്ന ഇടതുപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനം തഴച്ചു വളര്‍ന്നു. ഒപ്പം കെ എസ്‌ യു, എം എസ്‌ എഫ്‌, എ ബി വി പി എന്നീ വലതുപക്ഷ സംഘടനകള്‍ പേരിനു മാത്രമായി ഒതുങ്ങുകയും ചെയ്‌തു.

സ്‌കൂളുകളില്‍ രാഷ്‌ട്രീയം നിരോധിക്കുന്നതായിരുന്നു ആദ്യത്തെ തിരിച്ചടി, പ്രീഡിഗ്രി എടുത്തുമാറ്റിയതും തൊട്ടുപിന്നാലെ വന്ന സെമസ്റ്റര്‍ സിസ്റ്റത്തിന്റെ കോലാഹലത്തില്‍ ക്യാംപസില്‍ എസ്‌ എഫ്‌ ഐക്ക്‌ കാലിടറുകയും ചെയ്‌തു. എസ്‌ എഫ്‌ ഐ വര്‍ഷങ്ങളോളം കുത്തകയാക്കിവച്ചിരുന്ന ക്യാംപസുകളില്‍ വേരുള്ളവയും വേരില്ലാത്തവയുമായ സംഘടനകള്‍ വളര്‍ന്നു വന്നതും യൂണിയനുകളില്‍ സാന്നിദ്ധ്യമായതും ഇതേ സമയത്താണ്‌. കേരളത്തില്‍ ഇടതുപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളില്‍ വളര്‍ന്നു വന്ന വിഭാഗീയതയും ആശയത്തില്‍ വിട്ടുമാറി നടന്ന നേതൃത്വവും എസ്‌ എഫ്‌ എൈക്ക്‌ വിനയായി. പുതിയ സാഹചര്യത്തില്‍ കോളജുകളില്‍ രാഷ്‌ട്രീയത്തോട്‌ ആഭിമുഖ്യമുള്ളവരുടെ എണ്ണം കുറഞ്ഞു. ഒപ്പം മൊത്തത്തില്‍ ഇടതുപക്ഷ ചിന്തയില്‍ വന്ന വ്യതിയാനവും ഡിപ്രഷനും ക്യാംപസുകളെ വളരെ പെട്ടെന്നു തന്നെ ബാധിച്ചു.

ഇടതുപക്ഷ ബദലുകള്‍
സമൂഹത്തില്‍ സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ മുറുകെപിടിക്കുന്നവര്‍ എന്നുമുണ്ട്‌. കടുത്ത കോണ്‍ഗ്രസ്സുകാരനായിരുന്നെങ്കിലും അറിയപ്പെടുന്ന സോഷ്യലിസ്റ്റായിരുന്നു ജെവഹര്‍ലാല്‍ നെഹറു. കാലം മാറിയാലും പാര്‍ട്ടി മാറിയാലും സമൂഹ്യപ്രതിപത്തിയുള്ളവരെ ഇടതുപക്ഷക്കാരെന്നു വിളിക്കാം. കേരളത്തിലെ ബഹുഭൂരിപക്ഷവും ഇക്കൂട്ടരായതിനാലാണ്‌ കേരളം അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ ഇരുകൂട്ടരും മാറി മാറി ഭരിക്കുന്നത്‌. കേരളത്തില്‍ ബഹൂഭൂരിപക്ഷം വരുന്ന ഇവരെ തൃപ്‌തിപ്പെടുത്താന്‍ ഇടതുപക്ഷത്തിനു കഴിയുന്നുണ്ടോ? ഇടതുപക്ഷരാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയുടെ എല്ലാ തലങ്ങളിലും തുടര്‍ച്ച നഷ്‌ടപ്പെട്ടത്‌ തത്‌പര കക്ഷികള്‍ക്ക്‌ കടന്നു കൂടാനുള്ള നല്ല അവസരമായിമാറി. പരമ്പരാഗതമായി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുത്ത `വിപ്ലവ ഊര്‍ജ്ജം' ദിശാബോധം നഷ്‌ടപ്പെട്ടിരിക്കുമ്പോള്‍ അവയെ വഴിതിരിച്ചു വിടാന്‍ തത്‌പരകക്ഷികള്‍ക്ക്‌ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. എല്ലാ മേഖലയിലും ഇത്തരം നവ ഇടതുപക്ഷ ബദലുകള്‍ പിറന്നു വീഴുകയും ചെയ്‌തു. അവയില്‍ പലതും എത്രത്തോളം അപകടകാരിയാണെന്ന്‌ സമീപകാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നക്‌സല്‍ മൂവ്‌മെന്റിന്റെ കാലത്തും ശേഷം അത്ര തീവ്രമായ തോതിലല്ലെങ്കിലും പരിഷത്തും കൊണ്ടുനടന്ന ദളിത്‌, സ്‌ത്രീവിമോചന, പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ അതേ മൂശയിലാണ്‌ മതസംഘടനകളുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി പോലുള്ള വിവിധ `സന്നദ്ധ' സംഘടനകള്‍ വാര്‍ത്തെടുത്തത്‌. ഒരു കാലത്ത്‌ ഇടതുപക്ഷ യുവജന സംഘടനകള്‍ നാവിന്‍ തുമ്പില്‍ കൊണ്ടു നടന്ന സൂക്തങ്ങളാണ്‌ ഇന്ന്‌ മതാധിഷ്‌ഠിത യുവജന സംഘടനകള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുന്നത്‌. അതിന്‌ അഭൂതപൂര്‍വമായ സ്വീകാര്യതയും ലഭിക്കുന്നുവെന്നതാണ്‌ സത്യം. തീവ്രഇടതുപക്ഷ പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത്‌ അവര്‍ കൊണ്ടുനടന്ന ആശയങ്ങള്‍ പലതായി വിഭജിച്ച്‌ പലതരം പ്രസ്ഥാനങ്ങളായി പുതിയ കാലത്ത്‌ രൂപപ്പെട്ടു വരുന്നുവെന്നതിന്‌ ഈയടുത്ത കാലത്ത്‌ ഉദയം കൊണ്ട പ്രസ്ഥാനങ്ങള്‍ തന്നെ സാക്ഷി. മുന്‍ കാലങ്ങളില്‍ ഇടതുസംഘടനകള്‍ ഏറ്റെടുത്ത സാമൂഹിക പ്രാധാന്യമുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ ഇത്തരം സംഘടനകള്‍ ഏറ്റെടുക്കുന്നു. മുദ്രാവാക്യങ്ങള്‍ വരെ സമാനമായത്‌, കൊടിയുടെ നിറം മാത്രം വ്യത്യസ്‌തം. ക്യാംപസുകളില്‍ എസ്‌ എഫ്‌ ഐ പോലുള്ള ഇടതു സംഘടകളുടെ അപചയം ക്യാംപസ്‌ ഫ്രണ്ടുപോലെയുള്ള തീവ്ര ആശയ സംഘടനകള്‍ക്ക്‌ കടന്നു കയറാന്‍ സഹായകമായി. എസ്‌ എഫ്‌ ഐ മുന്നോട്ടുവച്ച ആശയങ്ങള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കപ്പെട്ടു, അതേ വിപ്ലവം ചുവക്കുന്ന മുദ്രാവാക്യങ്ങള്‍, അതേ ആസൂത്രിതമായ പ്രചാരണം, സെക്യുലറിസത്തിന്റെ മുഖം മൂടി. എസ്‌ എഫ്‌ ഐ ശക്തമായ ക്യാംപസില്‍ ഇടതുപക്ഷ സംഘടനയായ എ ഐ എസ്‌ എഫിനെ പോലും തലപൊക്കാനനുവദിക്കാത്ത ക്യാംപസില്‍ മതവിദ്യാര്‍ത്ഥി സംഘടനകള്‍ പടര്‍ന്നുകയറി. പല ക്യാംപസുകളിലും പെണ്‍കുട്ടികള്‍ വരെ ഇത്തരം പ്രസ്ഥാനങ്ങളുടെ മുഖ്യ പ്രചാരകരായി മാറി.
ഈയിടെ അറസ്റ്റിലായ ഭീകരവാദികളില്‍ പലരും സി പി എമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂരില്‍ നിന്നാണ്‌ എന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്‌. സോഷ്യലിസം, മതേതരത്വം എന്നൊക്കെ വീമ്പു പറയുന്ന പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരില്‍ തുടര്‍ച്ചയായി മതതീവ്രവാദികളുടെ ആക്രമണങ്ങളുണ്ടാകയത്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അപചയമാണ്‌ വെളിപ്പെടുത്തുന്നത്‌. എണ്‍പതുകളുടെ ആദ്യകാലത്തോടെ സി പി എം തുടങ്ങിവച്ച അക്രമരാഷ്‌ട്രീയ സംസ്‌കാരത്തിന്റ തുടര്‍ച്ചയായി ഇതിനെ വ്യാഖ്യാനിക്കാം. സി പി എം ഈയടുത്ത കാലം വരെ ആര്‍ എസ്‌ എസ്‌ തുടങ്ങിയ വര്‍ഗ്ഗീയ സംഘടനകളെ മാത്രമാണ്‌ ശത്രുക്കളായി കണ്ടത്‌. ബാബറി മസ്‌ജിദ്‌ തകര്‍ന്നതിനു ശേഷം രാഷ്‌ട്രീയ മുതലെടുപ്പിനു വേണ്ടി ഒരു കമ്മ്യൂണിസ്റ്റ്‌ കേഡര്‍ ഇഷ്‌ടപ്പെടാത്ത പല കൂട്ടുകെട്ടും പാര്‍ട്ടി നേതൃത്വം നടത്തുകയും ചെയ്‌തു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മദനി ബന്ധം വരെ തുടര്‍ന്നു അത്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെന്ന സമത്വത്തില്‍ വിശ്വസിക്കുന്ന, ദാരിദ്ര്യമില്ലാതാക്കുന്ന, പാവങ്ങള്‍ക്ക്‌ രക്ഷയാകുന്ന, മതേതരത്വത്തിന്‌ ഊന്നല്‍ നല്‍കുന്ന പാര്‍ട്ടിയെന്ന വിശ്വാസത്തില്‍ നിന്നും പലതവണ വ്യതിചലിച്ചു. ബദല്‍ രേഖ കാലത്ത്‌ 'വര്‍ഗീയ സംഘടനയായ` മുസ്ലീം ലീഗിനെ കൂട്ടുപിടിക്കണമെന്നു വാദിച്ച എം വി രാഘവനെ പുറത്താക്കിയ പാര്‍ട്ടി പത്തു വര്‍ഷങ്ങള്‍ക്കുശേഷം മദനിയെ മഹാത്മാഗാന്ധിയോടുപമിക്കുന്നതും (ഇ എം എസ്‌) നമ്മള്‍ കണ്ടു. പിന്നീടിങ്ങോട്ട്‌ കണ്ടുതുടങ്ങിയ കടുത്ത വിഭാഗീയത പാര്‍ട്ടിക്ക്‌ കനത്ത തിരിച്ചടികള്‍ സമ്മാനിച്ചു. ഇടതുചിന്താഗതി വച്ചുപുലര്‍ത്തുന്നവര്‍ക്ക്‌ ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു തുടങ്ങിയെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല.

ഹൈ ടെക്‌ തലമുറ
വ്യാവസായിക വിപ്ലവത്തിനുശേഷം ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണ്‌ പുത്തന്‍ സാങ്കേതിക വിപ്ലവത്തിനു സാക്ഷ്യം വഹിച്ച കഴിഞ്ഞ ഇരുപത്തിയഞ്ചുവര്‍ഷങ്ങള്‍. വ്യവസായിക മേഖലയിലും സാമ്പത്തിക മേഖലയിലും സാങ്കേതിക രംഗത്തും ലോകത്തെങ്ങുമുണ്ടായ മാറ്റങ്ങള്‍ ഇന്ത്യയിലും പ്രതിഫലിച്ച കാലഘട്ടം. ഉദാരീകരണത്തിന്റേയും ആഗോളീകരണത്തിന്റേയും സ്വകാര്യവല്‍ക്കരണത്തിന്റേയും ഫലമായി പുത്തന്‍ പഠന മേഖലയും തൊഴില്‍ മേഖലയും വികസിച്ചതും പുതിയ തലമുറ വഴിമാറി നടന്നു തുടങ്ങിയതും ഈ കാലത്താണ്‌. ഡിജിറ്റല്‍ ഡിവൈഡിന്റെ പേരില്‍ രണ്ടു തലമുറകള്‍ തമ്മിലുള്ള അന്തരം കണ്ടു തുടങ്ങിയ, അടിത്തട്ടുവരെ മാറ്റം ദൃശ്യമായ ഈ കാലഘട്ടത്തിലാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയ രംഗത്തുനിന്നും പൊതു രംഗത്തു നിന്നും യുവാക്കള്‍ പിന്മാറിത്തുടങ്ങിയത്‌. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞതും തൊഴില്‍ പരിസരങ്ങളില്‍ വന്ന മാറ്റവും ഉന്നത വിദ്യാഭ്യാസ മേഖല വികസിച്ചതും അതിനൊരു കാരണമായി സാമൂഹ്യ ശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. അതേ സമയം സാമൂഹിക പരിസ്ഥിതി സംബന്ധമായ പ്രവര്‍ത്തന മേഖലകളിലൊക്കെ യുവാക്കള്‍ ആര്‍ജ്ജവം പ്രകടിപ്പിക്കുന്നതായും കാണാം, രാഷ്‌ട്രീയത്തോടല്ല രാഷ്‌ട്രീയപാര്‍ട്ടികളുടെ നയങ്ങളോടും പ്രവര്‍ത്തനരീതിയോടുമാണ്‌ പുതിയ തലമുറ വൈമുഖ്യം കാണിക്കുന്നതെന്ന്‌ ഇതില്‍ നിന്നു തന്നെ വ്യക്തമാണ്‌. മാറിയ സാഹചര്യത്തില്‍ ജീവിതമെന്നത്‌ മുഖ്യ രാഷ്‌ട്രീയമാക്കിയെടുക്കുകയും നല്ല ജോലി നല്ല ശമ്പളം എന്നത്‌ മുദ്രാവാക്യമാക്കുകയും ചെയ്‌തവരാണ്‌ ഇന്ന്‌ ബഹുഭൂരിപക്ഷവും. പഠിക്കുന്നതിനൊപ്പം പാര്‍ട്ട്‌ ടൈം ജോലി ചെയ്യുന്നവരുടെ എണ്ണം ഇന്ന്‌ വളരെ കൂടുതലാണ്‌. മുന്‍കാലങ്ങളില്‍ പാര്‍ട്ട്‌ ടൈം ജോലിയോട്‌ വിമുഖത കാണിച്ച തലമുറ മാറി ഗാന്ധിയന്‍ സിദ്ധാന്തമായ തൊഴിലിനൊപ്പം പഠനമെന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ മാറി.

മാറിയ സാമ്പത്തിക സാമൂഹിക നിലവാരത്തിനും, കേരളത്തിലെ ഉന്നത പഠന മേഖലയില്‍ വരുത്തിയ ഭേദഗതികള്‍ക്കും സമാന്തരമായാണ്‌ കേരളത്തിന്റെ യുവത്വവും മാറ്റത്തിന്‌ വിധേയമായത്‌. അടിയന്തരാവസ്ഥ കലുഷിതമാക്കിയ എഴുപതുകളുടെ ഉത്തരാര്‍ദ്ധത്തിലെ രാഷ്‌ട്രീയ സാമൂഹികാവസ്ഥയില്‍ നിന്നും എണ്‍പതുകളുടെ അവസാനമായപ്പോള്‍ തന്നെ കേരളീയ സമൂഹം പല മേഖലകളിലും മാറ്റം അഭിമുഖീകരിച്ചു തുടങ്ങിയിരുന്നു. തോണ്ണൂറുകളുടെ ആദ്യ കാലത്ത്‌ കേബിള്‍ ടെലിവിഷന്‍ ജനകീയമായതും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രോഡ്‌ ബാന്റ്‌ സൗകര്യങ്ങള്‍ക്കു ചിലവു കുറഞ്ഞതും യുവാക്കളുടെ ജീവിത രീതി തന്നെ മാറ്റി മറിച്ചു. കേബിള്‍ ടെലിവിഷന്‍ ഉടുപ്പിലും നടപ്പിലും അഭിരുചികളിലുമാണ്‌ മാറ്റങ്ങള്‍ വരുത്തിയതെങ്കില്‍ ബ്രോഡ്‌ ബാന്റ്‌, ജി പി ആര്‍ എസ്‌ സൗകര്യങ്ങള്‍ വിദ്യാഭ്യാസമേഖലകളിലും പ്രൊഫഷണല്‍ രംഗത്തും വിനോദ മേഖലയിലുമാണ്‌ മാറ്റങ്ങളുണ്ടാക്കിയത്‌.

രാഷ്‌ട്രീയ പ്രബുദ്ധതയുടെ കാര്യത്തില്‍ വികസിത രാജ്യങ്ങളെ പോലും കടത്തിവെട്ടുന്നവരെന്ന്‌ വീമ്പു പറയുന്ന നമ്മുടെ പുതുതലമുറ രാഷ്‌ട്രീയ രംഗത്തു നിന്ന്‌ പിന്മാറുന്നതായാണ്‌ . സി എസ്‌ ഡി എസ്‌ (Centre for the Study of Developing Societies. Delhi) നടത്തിയ തെരഞ്ഞെടുപ്പ്‌ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌. ദേശീയ വോട്ടിംഗ്‌ ശതമാനവുമായി തട്ടിച്ചു നോക്കിയാല്‍ രണ്ടു മുതല്‍ നാലുശതമാനം വരെ കുറവാണ്‌ യുവാക്കളുടെ(18-25) വോട്ടിംഗ്‌ ശതമാനം. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ലഭിക്കുന്ന വോട്ടിന്റെ കാര്യത്തില്‍ മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച്‌ യുവാക്കളുടെ പങ്ക്‌ കുറഞ്ഞുവരുന്നതായാണ്‌ കണക്ക്‌. സമൂഹത്തിന്റെ സ്‌പന്ദനങ്ങളറിയാന്‍ യുവാക്കളിലേക്കിറങ്ങിവരണമെന്ന മഹദ്വചനമടിസ്ഥാനമാക്കിയാല്‍ ഇടതുപക്ഷ ആശയങ്ങള്‍ക്ക്‌ മൊത്തത്തില്‍ നേരിടുന്ന അപചയമായി വേണം ഇതിനെ കാണേണ്ടത്‌.
വിവര വിനിമയ വിപ്ലവത്തിന്റെ പുതിയ കാലത്ത്‌ ചുറ്റുപാടുകളെക്കുറിച്ച്‌ അറിവുള്ളവരും ദേശീയവും അന്തര്‍ദേശീയവുമായ ഇടപെലടുകളെക്കുറിച്ച്‌ ബോധവാന്മാരുമായ പൊതുജനത്തിനു മുമ്പില്‍ തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിലും ചര്‍ച്ചകളിലും സാമ്രാജ്യത്വം മതേതരത്വം ജനാധിപത്യം എന്നിങ്ങനെ സ്ഥൂലവാദങ്ങള്‍ നിരത്തി ബഹളം കൂട്ടുന്നതല്ലാതെ വ്യക്തമായ ധാരണയുള്ള, കൃത്യമായ അറിവുകളുള്ള എത്ര നേതാക്കളെ ഈ തിരഞ്ഞെടുപ്പുകാലത്തെ ചര്‍ച്ചാവേദികളില്‍ നാം കണ്ടു?. ലോകരാഷ്‌ട്രങ്ങളുടെ ഇടയില്‍ ഈയടുത്തകാലത്ത്‌ വന്‍ ചര്‍ച്ചയായി മാറിയ ഇന്ത്യാ - അമേരിക്ക ആണവകരാറുപോലെയുള്ള ഗൗരവമായ വിഷയങ്ങളെ കുറിച്ച്‌ ആഴത്തില്‍ പഠിക്കാനും അനുകൂലമായാലും പ്രതികൂലമായാലും അറിയാവുന്നവ പൊതുജനങ്ങളെ മനസ്സിലാക്കിക്കൊടുക്കാനും കഴിവുള്ള എത്ര രാഷ്‌ട്രീയ പ്രവര്‍ത്തകരെ നമുക്ക്‌ കണ്ടെടുക്കാനാകും. മാറിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന, നൂതനമേഖലകളില്‍ കഴിവു തെളിയിച്ച പുതുതലമുറയെ പ്രതിനിധാനം ചെയ്യാന്‍ അല്‌പജ്ഞാനികളായ ബഹുഭൂരിപക്ഷം വരുന്ന പാര്‍ലമെന്റ്‌ മെമ്പര്‍മാര്‍ക്ക്‌ കഴിയാതെ പോകുന്നുവെന്ന വസ്‌തുതയെയും തള്ളിക്കളയാനാവില്ല.

വിദ്യാര്‍ത്ഥികളുടെ വിഷനിലുണ്ടായ മാറ്റത്തിന്റെ തുടര്‍ച്ചയായി വേണം യുവാക്കളുടെ മൊത്തത്തില്‍ നിലപാടുകളിലുണ്ടായ മാറ്റത്തേയും കാണേണ്ടത്‌. പുതിയ ലോകക്രമത്തിനൊത്ത്‌ ഉയരാന്‍ മടിക്കുന്ന രാഷ്‌ട്രീയ സംവിധാനത്തോട്‌, അവ രാഷ്‌ട്രീയ സാമൂഹിക വിപ്ലവത്തില്‍ മുഖ്യ പങ്കുവഹിച്ചതാണെങ്കില്‍ പോലും, സ്വീകരിക്കുന്ന സ്വാഭാവികപ്രതികരണമായി വേണം യുവാക്കളുടെ ഉള്‍വലിയലിനെ വിലയിരുത്തേണ്ടത്‌. യുവാക്കളിലെ ഇനിയും നഷ്‌ടപ്പെടാത്ത ഇടതുപക്ഷ ചിന്താഗതിയേയും വിപ്ലവ ഊര്‍ജ്ജത്തെയും ശരിയായ ദിശയില്‍ നയിക്കാന്‍ എങ്ങനെ കഴിയുമെന്നത്‌ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്‌.

മംഗളം വാര്‍ഷികപ്പതിപ്പ്‌ 2009.

വെള്ളത്തില്‍ കലക്കുന്ന 2600 കോടി


കേരളത്തില്‍ കോഴിക്കോട്‌ തിരുവനന്തപുരം നഗരങ്ങളടക്കം അഞ്ച്‌സ്ഥലങ്ങളിലാണ്‌ ജപ്പാന്‍ കുടിവെള്ള പദ്ധതികള്‍ നടപ്പില്‍ വരുന്നത്‌. പെരുവണ്ണാമുഴി ഡാമില്‍ നിന്ന്‌ കോഴിക്കോട്‌ ജില്ലയിലെ പത്ത്‌ സെമി അര്‍ബന്‍ പ്രദേശങ്ങളിലും ആറ്‌ പഞ്ചായത്തുകളിലും വെള്ളമെത്തിക്കുന്ന പദ്ധതിയും, തിരുവനന്തപുരം നഗരപരിധിയിലെ പ്രദേശങ്ങളും ചുറ്റുമുള്ള മൂന്ന്‌ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പദ്ധതിയും, ചേര്‍ത്തല മുനിസിപ്പാലിറ്റിയിലും പതിമൂന്ന്‌ ഗ്രാമങ്ങളും ഉള്‍പ്പെടുന്ന പദ്ധതിയുമടങ്ങുന്ന മൂന്നെണ്ണമാണ്‌്‌ തുടക്കം മുതല്‍ തന്നെ വിവാദങ്ങളില്‍ സ്ഥാനം പിടിച്ചത്‌. കൊല്ലം ജില്ലയിലെ പരവൂര്‍ മുനിസിപ്പാലിറ്റി പ്രദേശങ്ങളും പതിനെട്ട്‌ വില്ലേജുകളും ഉള്‍പ്പെടുന്ന മീനാട്‌ പദ്ധതി, കണ്ണൂരിലെ തളിപ്പറമ്പ്‌ മുനിസിപ്പാലിറ്റിയിലെ ഏഴോളം പ്രദേശങ്ങളും 11 വില്ലേജുകളുമടങ്ങുന്ന പട്ടുവം പദ്ധതി എന്നിവയാണ്‌ മറ്റുള്ളവ. 45 ലക്ഷം പേര്‍ക്ക്‌ ഗുണമാകുമെന്ന്‌ അവകാശപ്പെട്ടു തുടങ്ങിയ അഞ്ചു പദ്ധതികള്‍ക്കും കൂടി 1787. 45 കോടി രൂപയാണ്‌ ചിലവ്‌ കണക്കാക്കിയതെങ്കിലും പണി പൂര്‍ത്തിയാകുമ്പോള്‍ ഏതാണ്ട്‌ 2600 കോടി കവിയുമെന്നാണ്‌ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഇതില്‍ 1519.38 കോടി രൂപയാണ്‌ ജെ ബി ഐ സി നല്‍കുക. 1996 ല്‍ ആരംഭിച്ച്‌ 2005 ല്‍ പണി പൂര്‍ത്തിയാക്കുമെന്ന്‌ പ്രഖ്യാപിച്ച പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതു തന്നെ വീണ്ടും പത്തുവര്‍ഷം കഴിഞ്ഞാണ്‌.

ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചതും വിജയകരമാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം അവശേഷിക്കുന്നതും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മിക്കവാറും എല്ലാ ഘട്ടങ്ങളിലും പ്രതിബന്ധങ്ങള്‍ നേരിട്ടതും കോഴിക്കോട്‌ ജില്ലയിലെ കുടിവെള്ള പദ്ധതിയാണ്‌. പെരുവണ്ണാമുഴി ഡാമിനു സമീപമുള്ള പൊന്മലപ്പാറ എന്ന കുന്ന്‌ ഇടിച്ചു നിരത്തി നിര്‍മ്മിക്കുന്ന പടുകൂറ്റന്‍ ജലസംഭരണിയില്‍ നിന്നും 56 കിലോമീറ്റര്‍ അകലെ കടലുണ്ടിവരെ ജലമെത്തിക്കുന്ന പദ്ധതിക്ക്‌ 604 കോടി രൂപയാണ്‌ വകയിരുത്തിയിരുന്നത്‌. ഇപ്പോഴത്തെ കണക്കുവച്ച്‌ മൊത്തം ചെലവ്‌ 800 കോടിക്കു മുകളില്‍ വരുമെന്നാണ്‌ വിദഗ്‌ദാഭിപ്രായം. വലുതും ചെറുതുമായ പൈപ്പുകള്‍ സ്ഥാപിക്കാനായി ആഴ്‌ചകള്‍ക്കുള്ളില്‍ പൂര്‍വ്വസ്ഥിതിയിലാക്കാമെന്നു പറഞ്ഞ്‌ കീറിയിട്ടറോഡുകള്‍ നല്‍കിയ കാലാവധി കഴിഞ്ഞിട്ടും നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയില്‍ തുടരുന്നതും ഇതിനെതിരെ ഹര്‍ത്താല്‍ വരെ സംഘടിപ്പിച്ചിട്ടും അധികൃതര്‍ ഒന്നും ചെയ്യാത്തതും ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. പലയിടത്തും പരിസ്ഥിതി പ്രശ്‌നങ്ങള്‍ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാണ്‌. ഇനി പദ്ധതി പൂര്‍ത്തിയായാല്‍ തന്നെ ആവശ്യമായ ജലം നല്‍കാന്‍ ഇപ്പോള്‍ തന്നെ ജലസേചനത്തിന്‌ വെള്ളമില്ലാതെ കഷ്‌ടപ്പെടുന്ന പെരുവണ്ണാമുഴി റിസര്‍വോയറിന്‌ ശേഷിയുണ്ടോ എന്നതും ചര്‍ച്ചാവിഷയമാണ്‌.

തുടക്കത്തിലേ കല്ലുകടി
കേരള ജലസേചന വകുപ്പ്‌ നടപ്പിലാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ടോക്കിയോ കണ്‍സള്‍ട്ടന്റ്‌സ്‌ നയിക്കുന്ന ബ്ലാക്ക്‌ ആന്റ്‌ വീച്ച്‌ യു കെ, ജി കെ ഡബ്ലിയു കണ്‍സള്‍ട്ടന്റ്‌സ്‌ ജര്‍മ്മനി, ഷാ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്‌ മുംബൈ, സെന്റര്‍ ഫോര്‍ എന്‍വയേണ്‍മെന്റ്‌ ആന്റ്‌ ഡെവലപ്പ്‌മെന്റ്‌ കേരള എന്നീ സ്ഥാപനങ്ങളടങ്ങിയ കണ്‍സോര്‍ഷ്യമാണ്‌ (ടോക്കിയോ കണ്‍സള്‍ട്ടന്റ്‌സ്‌ കണ്‍സോര്‍ഷ്യം). ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്‌ ലാര്‍സണ്‍ ആന്റ്‌ ടൂബ്രോ, ഐ വി ആര്‍ സി എല്‍, രാമകൃഷ്‌ണ കണ്‍സ്‌ട്രക്ഷന്‍സ്‌ തുടങ്ങിയ വന്‍കിട നിര്‍മ്മാണ സ്ഥാപനങ്ങളും. സുപ്രധാന റോഡുകള്‍ കീറി പൈപ്പിടുന്നതിനാല്‍ നേരത്തെ തന്നെ അറ്റകുറ്റപ്പണിക്കുള്ള പണം പൊതുമരാമത്ത്‌
വകുപ്പില്‍ കെട്ടിവെച്ചിരുന്നു. പൈപ്പിട്ട്‌ എല്ലാവിധ ടെസ്റ്റിംഗ്‌ ജോലികളും കഴിഞ്ഞ ശേഷം പണിപൂര്‍ത്തിയായ ഭാഗങ്ങള്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ സാക്ഷ്യപ്പെടുത്തലോടെ ജലസേചന വകുപ്പിന്‌ കൈമാറുകയാണ്‌ ചെയ്യുന്നത്‌. തുടര്‍ന്ന്‌ റോഡുകള്‍ പൊതുമരാമത്ത്‌ വകുപ്പിന്‌ അറ്റകുറ്റപ്പണിക്കായി കൈമാറുന്നു. ഇത്രയും സ്ഥാപനങ്ങളെ ഏകോപിപ്പിച്ച്‌ പ്രവര്‍ത്തനം നടത്തുന്നതില്‍ വന്ന വീഴ്‌ചയാണ്‌ ജപ്പാന്‍ കുടിവെള്ള പദ്ധതിയെ ഇത്രയേറെ വിവാദങ്ങളിലേക്ക്‌ നയിച്ചതും റോഡപകടങ്ങളുടെയും യാത്രാദുരിതത്തിന്റെയും പേരില്‍ പൊതുജനങ്ങളുടെ എതിര്‍പ്പിന്‌ കാരണമായതും.
ഒരേ സമയം തന്നെ അഞ്ചു പാക്കേജുകളായാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. പെരുവണ്ണാമുഴിയില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റാണ്‌ ഒന്നാമത്തെ പാക്കേജ്‌. ഈ ജോലികളാണ്‌ വന്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്‌. പ്ലാന്റില്‍ നിന്നും വലിയ പൈപ്പുകള്‍ വഴി അതാതുസ്ഥലങ്ങളിലെ ടാങ്കുകളിലെത്തിക്കുന്നത്‌ രണ്ടാമത്തെ പാക്കേജും, ടാങ്കുകളില്‍ നിന്നും വിതരണത്തിനു വേണ്ട പൈപ്പുകള്‍ സ്ഥാപിക്കുന്നത്‌ മൂന്നാമത്തെ പാക്കേജും, ടാങ്കുകളും നിയന്ത്രണസംവിധാനവും സ്ഥാപിക്കുന്നത്‌ നാലാമത്തെ പാക്കേജും റീഹാബിലിറ്റേഷന്‍ അഞ്ചാമത്തെ പാക്കേജുമാണ്‌. ഇതില്‍ രണ്ട്‌ മൂന്ന്‌ പാക്കേജുകളാണ്‌ കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി പൊതുനങ്ങളെ കഷ്‌ടപ്പെടുത്തിക്കൊണ്ടിരിക്കുന്നവ. ഇവയില്‍ രണ്ടാമത്തെ പാക്കേജ്‌ ഏതാണ്ട്‌ എണ്‍പതുശതമാനം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ ജോലികള്‍ നടക്കേണ്ട മൂന്നാമത്തെ പാക്കേജ്‌ (1884 കിലോമീറ്റര്‍) ഏതാണ്ട്‌ മുപ്പത്തിയഞ്ചു ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ, അതില്‍ തന്നെ നല്ലൊരു ഭാഗവും മുടങ്ങിക്കിടക്കുകയുമാണ്‌. ഇരുപതുടാങ്കുകളും അനുബന്ധമായ ക്വാര്‍ട്ടേഴ്‌സുകളും ഏകീകൃത നിയന്ത്രണ സംവിധാനവും നിര്‍മ്മിക്കുന്ന നാലാംഘട്ടം ഏതാണ്ട്‌ പകുതിയോളം പൂര്‍ത്തിയായെങ്കിലും ചിലയിടങ്ങളില്‍ ടാങ്കിനു വേണ്ട സ്ഥലം പോലും ലഭിക്കാത്തതിന്റെ പേരില്‍ ജോലി ആരംഭിച്ചിട്ടില്ല.

റിസര്‍വോയറിന്റെ കരയിലുള്ള പൊന്മലപ്പാറയെന്ന കുന്ന്‌ ഇടിച്ചു നിരപ്പാക്കിയാണ്‌ പദ്ധതിക്കാവശ്യമായ ജലം ശുദ്ധീകരിച്ചെടുക്കന്ന പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌. പ്രതിദിനം 174 മില്ല്യണ്‍ ലിറ്റര്‍ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ പ്ലാന്റാണ്‌ ഇത്‌. കുന്ന്‌ ഇടിച്ചുനിരത്തുന്നതോടെ മണ്ണൊലിച്ച്‌ റിസര്‍വോയറിനു തന്നെ ഭീഷണിയാകുമെന്നതിന്റെ പേരില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ തന്നെ വിവാദമുയര്‍ന്നിരുന്നു. മൊത്തം 65 ഏക്കറിലാണ്‌ ഈ പ്രദേശത്ത്‌ നിര്‍മ്മാണപ്രദേശങ്ങള്‍ നടക്കുന്നത്‌. വ്യാപകമായി പാറ പൊട്ടിക്കാന്‍ തുടങ്ങിയതോടെ പരിസരത്തെ വീടുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും മുടങ്ങിയിരിക്കുകയാണ്‌, സ്‌ഫോടനങ്ങള്‍ ഡാമിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഡാം സുരക്ഷാ അധികൃതര്‍ നേരത്തെ തന്നെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പ്ലാന്റിലേക്ക്‌ ജലമെത്തിക്കാന്‍ 1000 എച്ച്‌ പി ശേഷിയുള്ള അഞ്ച്‌ പമ്പുകളും 700 എച്ച്‌ പി ശേഷിയുള്ള രണ്ട്‌ പമ്പുകളും ആവശ്യമാണ്‌. ഇവ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഹൈ ടെന്‍ഷന്‍ ലൈന്‍ നല്‍കുന്ന കാര്യത്തില്‍ ഉയര്‍ന്ന പ്രതിസന്ധി തുടക്കത്തില്‍ തന്നെ കല്ലുകടിയായി മാറി. കണക്ഷന്‍ ലഭിക്കാനായി 2.10 കോടി രൂപ അധികൃതര്‍ നേരത്തേ തന്നെ വിദ്യുഛക്തി ബോര്‍ഡില്‍ കെട്ടിവെച്ചതാണെങ്കിലും സാങ്കേതികതയുടെ പേരില്‍ സംസ്ഥാന വിദ്യുഛക്തി ബോര്‍ഡിന്‌ കണക്ഷന്‍ നല്‍കാന്‍ കാലതാമസം നേരിടുകയായിരുന്നു. അണ്ടര്‍ഗ്രൗണ്ട്‌ കേബിളുകള്‍ വഴി വൈദ്യുതി നല്‍കാനാണ്‌ പദ്ധതി അധികൃതര്‍ ആവശ്യപ്പെട്ടത്‌,
എന്നാല്‍ ഓവര്‍ ഹെഡ്‌ ലൈനിലേക്കാള്‍ കാലതാമസം അണ്ടര്‍ഗ്രൗണ്ട്‌ കണക്ഷന്‌ വേണ്ടിവരുമെന്നതും അതിനു പുറമേ പാറകള്‍ കൂടുതലുള്ള പ്രദേശങ്ങളിലൂടെ കേബിളുകള്‍ സ്ഥാപിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ്‌ വിദ്യുഛക്തിബോര്‍ഡിന്റെ പക്ഷം. ഇനി കേബിള്‍ ഇടാനും മറ്റുമുള്ള കരാര്‍ നല്‍കി അത്‌ നടപ്പില്‍ വരുമ്പോഴേക്കും ഒരു വര്‍ഷത്തിനു മുകളില്‍ കാലതാമസമെടുക്കുമെന്നാണ്‌ കണക്കുകൂട്ടല്‍.

റോഡില്ല നടക്കാനും പറ്റില്ല
പെരുവണ്ണാമുഴിയിലെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റില്‍ നിന്നും ജില്ലയിലെ 20 സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളിലേക്ക്‌ ജലമെത്തിക്കുന്ന പാക്കേജ്‌ രണ്ട്‌ നിര്‍വ്വഹിക്കുന്നത്‌ ലാര്‍സണ്‍ ആന്റ്‌ ടൂബ്രോ എന്ന നിര്‍മ്മാണ കമ്പനിയാണ്‌. രണ്ടാമത്തെ പാക്കേജില്‍ 122 കിലോമീറ്റര്‍ ദൂരം വ്യാസം കൂടിയ പൈപ്പുകള്‍ അതായത്‌ 1.850 മീറ്റര്‍ വരെ വ്യാസമുള്ള പൈപ്പുകള്‍ സ്ഥാപിക്കണം. ഈ ജോലികള്‍ ഏകദേശം എണ്‍പതുശതമാനത്തോളം തീര്‍ന്നിട്ടുണ്ടെങ്കിലും പൈപ്പിടാന്‍ കീറിമുറിച്ച റോഡുകളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടന്നില്ല. ചക്കിട്ടപ്പാറ, ചെമ്പ്ര, കായണ്ണ, കൂട്ടാലിട, തുടങ്ങിയ മലയോര മേഖലയിലെ
പാറക്കെട്ടുകള്‍ക്കിടയിലൂടെയും പാടങ്ങളിലൂടെയും റോഡുകള്‍ വഴിയും കൂറ്റന്‍ പൈപ്പുകള്‍ വഴി ജലം ബാലുശ്ശേരിയിലെത്തിയ ശേഷമാണ്‌ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക്‌ കൊണ്ടുപോകുന്നത്‌. ബാലുശ്ശേരിവരെയുള്ള പദേശങ്ങളില്‍ സ്ഥലവാസികളുടെ എതില്‍പ്പു കാരണവും പരിസ്ഥിതി പ്രശ്‌നങ്ങള്‍ കാരണവും പൈപ്പിടല്‍ പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്‌. പെരുവണ്ണാമുഴി മുതല്‍ ബാലുശ്ശേരി വരെയുള്ള പ്രദേശങ്ങളിലൊന്നും തന്നെ ജപ്പാന്‍ കുടിവെള്ള പദ്ധതി ഇല്ല എന്നത്‌ നേരത്തെ തന്നെ പൊതുജന പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. കൂറ്റന്‍ പൈപ്പുകളാണ്‌ ഈ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത്‌ എന്നതുകൊണ്ടുതന്നെ വന്‍ കയറ്റങ്ങളും പാറകളുമുള്ള റോഡുകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്‌ നടക്കുന്നത്‌. പലയിടത്തും പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട്‌ തര്‍ക്കങ്ങള്‍ കോടതിവരെ ചെന്നെത്തിയ സംഭവങ്ങളുമുണ്ട്‌. നടുവണ്ണൂരിലെ വേട്ടുണ്ടയിലും കോട്ടൂര്‍ പഞ്ചായത്തിലും കിലോമീറ്ററുകളോളം പൈപ്പുകള്‍ വയല്‍പ്രദേശത്തുകൂടെയാണ്‌ കടന്നു പോകുന്നത്‌. മഴപെയ്‌തതോടെ വയലില്‍ നിന്നും പൈപ്പുകള്‍ പൊങ്ങിവന്ന്‌ വെള്ളക്കെട്ടുകള്‍ സൃഷ്‌ടിക്കുന്നത്‌ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌, അതേസമയം പാടത്തെ രണ്ടാക്കി പിളര്‍ത്തി മുകളിലൂടെ സ്ഥാപിച്ച പൈപ്പ്‌ലൈനും അതിനുമുകളില്‍ മണ്ണിട്ട്‌ കെട്ടിപ്പൊക്കിയതും ഒരാള്‍പൊക്കത്തില്‍ വലിയ ബണ്ടുകളായി മാറിയതിനേതുടര്‍ന്ന്‌ കൃഷിനാശത്തിനു കാരണമാകുമെന്നും നടന്നുപോകാന്‍ പോലും ബുദ്ധിമുട്ടാകുമെന്ന്‌ കാണിച്ച്‌ പ്രദേശവാസികള്‍ പലയിടത്തും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്‌. പലയിടത്തും പാടത്തിനു മുകളിലൂടെയല്ലാതെ ഭൂമിക്കടിയില്‍ പൈപ്പുകള്‍ കുഴിച്ചിടുന്നത്‌ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സാങ്കേതികമായി ബുദ്ധിമുട്ടാണെന്നുമുള്ള കാരണമാണ്‌ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്‌.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എല്ലാ പ്രദേശങ്ങളിലും തുടക്കത്തില്‍ തന്നെ ഒരേ പോലെ പൊതുജന പ്രതിഷേധം നേരിട്ടത്‌ പൊട്ടിപ്പൊളിച്ചിട്ട്‌ ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ നിലച്ച റോഡുകളെ ചൊല്ലിയായിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച 2008 ല്‍ തന്നെ വ്യാപക പ്രതിഷേധത്തെതുടര്‍ന്ന്‌ ജലസേചനവകുപ്പു മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, ഗതാഗത മന്ത്രി മോന്‍സ്‌ ജോസഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരും ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതരുമടങ്ങുന്ന യോഗത്തില്‍ പൈപ്പിടുന്ന സ്ഥലങ്ങളിലെ റോഡുകള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നും ടെസ്റ്റിംഗിനും മാന്‍ഹോളിനുമുള്ള സ്ഥലം ഒഴിച്ചിട്ട്‌ ബാക്കി ഭാഗം ടാര്‍ ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നീടുവരുന്ന പുനരുദ്ധാരണ പ്രക്രിയയുടെ ചിലവ്‌ ജലസേചന വകുപ്പ്‌ വഹിക്കുമെന്നും മന്ത്രി പ്രേമചന്ദ്രന്‍ ഉറപ്പ്‌ നല്‍കിയിരുന്നു. കോഴിക്കോട്‌, ചേര്‍ത്തല, തിരുവനന്തപുരം നഗരങ്ങളില്‍ പൊതുമരാമത്ത്‌ വകുപ്പ,്‌ ജലസേചനവകുപ്പ്‌, ജെ ബി ഐ സി പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്ഥിരം മോണിട്ടറിംഗ്‌ സംവിധാനവും നടപ്പില്‍ വരുത്തിയിരുന്നു. പക്ഷേ ഇത്തരം സംവിധാനങ്ങളൊക്കെ കടലാസിലൊതുങ്ങിയെന്നു മാത്രമല്ല മാത്രമല്ല പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്‌ ചെയ്‌തത്‌.
പാക്കേജ്‌ രണ്ടില്‍ 122 കിലോമീറ്റര്‍ ദൂരം പൈപ്പുകള്‍ സ്ഥാപിക്കാനാണ്‌ ജില്ലയിലെ ദേശീയ പാതയും സംസ്ഥാനപാതകളും മലയോര ഹൈവേയടക്കമുള്ള സുപ്രധാന റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്‌. ഭീമന്‍ പൈപ്പുകള്‍ നിക്ഷേപിക്കാനും യന്ത്രങ്ങള്‍ സ്ഥാപിക്കാനും മണ്ണിടാനുമൊക്കെയായി റോഡിന്റെ ഏതാണ്ട്‌ പകുതി വരെ ഉപയോഗിക്കുന്നതിനാല്‍ ഒരേ സമയം ഒരുഭാഗത്തേക്കുമാത്രമേ വാഹനങ്ങള്‍ക്കു യാത്രചെയ്യാനാകൂ. ജോലി അവസാനിച്ച്‌ മണ്ണിട്ട ഭാഗമാണെങ്കില്‍ മഴയില്‍ ചെളിക്കളമായിരിക്കുകയുമാണ്‌. വന്‍ കയറ്റങ്ങളും വളവുകളുമുള്ള മലയോര മേഖലയിലെ റോഡുകളില്‍ പലയിടത്തും ഗതാഗതം നിലച്ചുവെന്നു മാത്രമല്ല മഴ പെയ്‌തതോടെ റോഡ്‌ മുഴുവനും തകര്‍ന്ന്‌ നടന്നു പോകാന്‍ പറ്റാത്ത സ്ഥിതിയിലാണ്‌. ജീപ്പുകളും ലോറികളും താരതമ്യേന കൂടുതലുള്ള ഈമേഖലയില്‍ യാത്രാക്ലേശം രൂക്ഷമാണ്‌. മലയോര മേഖലയിലെ പ്രധാന പട്ടണമായ ബാലുശ്ശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച നാള്‍ തുടങ്ങിയ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന്‌ ഇനിയും പരിഹാരമായിട്ടില്ല. പൈപ്പിടല്‍ ജോലികള്‍ നടക്കുന്ന മലയോരമേഖലയിലെ പ്രധാന പ്രധാനപാതയായ ബാലൂശ്ശേരി - കൂട്ടാലിട റോഡില്‍ ഗതാഗതം നിലച്ചിട്ട്‌ മാസങ്ങളായി. ഈ റൂട്ടില്‍ പലയിടത്തും റോഡുകീറി അടിയിലുള്ള പാറ പൊട്ടിച്ചെടുത്തു വേണം കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിക്കാനെന്നതാണ്‌ ഗതാഗതം താറുമാറാക്കിയിരിക്കുന്നത്‌.

ജില്ലയിലെ തിരക്കുപിടിച്ച റോഡുകളിലൊന്നായ ബാലുശ്ശേരി - കോഴിക്കോട്‌ സംസ്ഥാനപാതയിലൂടെയാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കളായ പത്ത്‌ സെമി അര്‍ബന്‍ പ്രദേശങ്ങളിലേക്കും ആറ്‌ പഞ്ചായത്തുകളിലേക്കുമുള്ള പ്രധാന പൈപ്പ്‌ കടന്നു പോകുന്നത്‌. ഈ റോഡില്‍ നഗരത്തോടടുത്ത പ്രദേശങ്ങളില്‍ പലയിടത്തും കിടങ്ങുകള്‍ മൂടിയിട്ടുപോലുമില്ല. പൈപ്പിടല്‍ അവസാനഘട്ടത്തിലാണ്‌ എന്ന്‌ അവകാശപ്പെടുന്ന ഈ ഭാഗങ്ങളിലാകട്ടെ കിടങ്ങുകള്‍ മൂടിയിടത്തുപോലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ പൊതുമരാമത്തുവകുപ്പിന്‌ കഴിഞ്ഞിട്ടില്ല എന്നത്‌ പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. ഇതിനേക്കാള്‍ രൂക്ഷമാണ്‌ കോഴിക്കോട്‌ നഗരത്തിലെ മാങ്കാവ്‌ -കുന്നത്തുപാലം -പന്തീരാങ്കാവ്‌ റോഡിന്റെ അവസ്ഥ. ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും മലാപ്പറമ്പ്‌, ഫറോക്ക്‌ ഭാഗങ്ങളിലും കഴിഞ്ഞ സീസണില്‍ തന്നെ വന്‍ പ്രതിഷേധങ്ങളും ഹര്‍ത്താല്‍ വരെ നടന്നു. ആളുകള്‍ക്ക്‌ നടന്നുപോകാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്‌ റോഡുകളന്നത്‌ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. മഴക്കാലത്ത്‌ ചെളിയും മഴയില്ലാത്തപ്പോള്‍ പൊടിശല്യവുമാണ്‌ ഈ റോഡുകളുടെ ശാപം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്‌ മേയറുടെ അധ്യക്ഷതയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതരും സര്‍ക്കാര്‍ സ്ഥാപനങ്ങളും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന്‌ വാഗ്‌ദാനം ലഭിച്ചതല്ലാതെ തുടര്‍ന്ന്‌ ഒന്നും സംഭവിച്ചില്ലെന്ന്‌ സ്ഥലവാസികള്‍ ചൂണ്ടികാണിക്കുന്നു. പുറക്കാട്ടിരിയില്‍ പദ്ധതിസ്ഥലത്തെ മണ്‍കൂനയില്‍ തട്ടി കാറിനടിയില്‍ വീണ്‌ ഒരാള്‍ മരിച്ചത്‌ ഈയിടെയാണ്‌. കുഴിയില്‍ ബൈക്കുമറിഞ്ഞ്‌ മാസങ്ങളോളം കിടപ്പിലായവരുടെ കഥകളും നടന്നുപോകുമ്പോള്‍ കുഴിയില്‍ വീണ്‌ ആശുപത്രിയിലായവരുടെ എണ്ണവും കൂടിവരുന്നു. മഴ പെയ്യുന്നതോടെ കിടങ്ങുകളാല്‍ ഒറ്റപ്പെട്ടു കഴിയുന്ന വീടുകളും വാഹനങ്ങള്‍ മാസങ്ങളായി സ്വന്തം വീട്ടിലേക്ക്‌ കയറ്റാന്‍ പറ്റാത്തവരുടേയും വീടുപണിക്കും മറ്റുമായി ദീര്‍ഘദൂരം മണലും സിമന്റും കല്ലൂമൊക്കെ ചുമന്നു കൊണ്ടുവരുന്നവരുടെ കഥകളും നിരവധി. നഗരത്തിലെ റോഡുകള്‍ കീറിയശേഷം ആഴ്‌ചകള്‍ക്കുള്ളില്‍ നന്നാക്കാമെന്നാണ്‌ ജെ ബി ഐ സി പ്രൊജക്‌ട്‌ മാനേജര്‍ അന്ന്‌ പറഞ്ഞത്‌. വിതരണ ടാങ്കുകള്‍ വരെയുള്ള പാക്കേജ്‌ രണ്ടിലെ പൈപ്പിടല്‍ ജോലികള്‍ ഈ സ്ഥലങ്ങളിലെ പൊതുമരാമത്തുവകുപ്പിന്റെയും നാഷണല്‍ ഹൈവേ അതോറിട്ടിയുടെ കീഴിലുള്ള പ്രധാന റോഡുകളെയാണ്‌ കീറി മുറിക്കുന്നതെങ്കില്‍ വീടുകളിലേക്ക്‌ പൈപ്പിടുന്ന പാക്കേജ്‌ മൂന്ന്‌ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ പഞ്ചായത്തു റോഡുകളും ഒപ്പം പ്രധാന റോഡുകളും കീറിമുറിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയായ പെരുവണ്ണാമുഴി മുതല്‍ തെക്ക്‌ കടലുണ്ടിവരെയുള്ള പദ്ധതി പ്രദേശങ്ങളിലെ മിക്കവാറും എല്ലാ റോഡുകളും ജപ്പാന്‍ പദ്ധതി കിളച്ചുമറിച്ചിട്ടിരിക്കുകയാണ്‌.

പണി പകുതിയാക്കി പിന്നോട്ട്‌
1864 കിലോമീറ്റര്‍ ദൂരം പൈപ്പിടുന്ന മൂന്നാമത്തെ പാക്കേജാണ്‌ തുടക്കം മുതലെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍ ചേളന്നൂര്‍, തലക്കുളത്തൂര്‍, കക്കോടി, എലത്തൂര്‍, കോഴിക്കോട്‌ നഗരപ്രദേശങ്ങള്‍, ഒളവണ്ണ, ചെറുവണ്ണൂര്‍ നല്ലളം, ബേപ്പൂര്‍, കുന്നമംഗലം, പെരുവയല്‍, പെരുമണ്ണ, കുരുവട്ടൂര്‍, നരിക്കുനി എന്നീ സ്ഥലങ്ങളിലെ പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള റോഡുകളും പഞ്ചായത്ത റോഡുകളും വെട്ടിപ്പോളിച്ചിട്ടുപോയതല്ലാതെ അറ്റകുറ്റ പണികള്‍ നടത്തിയത്‌ വളരെ കുറച്ചു ദൂരം മാത്രമാണ്‌. ടാങ്കുകളില്‍ നിന്ന്‌ വീടുകളിലേക്ക്‌ വെള്ളമെത്തിക്കുന്ന പൈപ്പുകളിടുന്ന ഈ പാക്കേജിലെ ജോലികള്‍ നിര്‍വ്വഹിക്കുന്നത്‌ രാമകൃഷ്‌ണ കണ്‍സ്‌ട്രക്ഷന്‍സ്‌ എന്ന ഹൈദരാബാദ്‌ ആസ്ഥാനമായുള്ള കമ്പനിയാണ്‌. പ്രാദേശിക വിതരണമായതുകൊണ്ടുതന്നെ അതാതുസ്ഥലങ്ങളിലെ പഞ്ചായത്തു റോഡുകളടക്കം ടാറിട്ട റോഡുകളെല്ലാം കീറിയിടേണ്ടിവരും. ഇതിനായി 45 സെന്റീമീറ്റര്‍ വരെയുള്ളകിടങ്ങുകളെടുക്കാമെന്നാണ്‌ കണക്ക്‌. ഇത്ര ചെറിയ കിടങ്ങുകളെടുക്കാന്‍ ആശ്രയിക്കുന്നത്‌ ജെ സി ബിയെയാണ്‌ എന്നതാണ്‌ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നത്‌. നാല്‌പത്തിയഞ്ചു സെന്റീമീറ്റര്‍ വീതിയില്‍ കിടങ്ങുകളെടുക്കാന്‍ ജെസിബിക്കു കഴിഞ്ഞെന്നുവരില്ല, അതേസമയം ജെ സി ബി കയറിയിറങ്ങുന്നതോടെ റോഡുകളില്‍ പലയിടത്തും പാച്ചുകള്‍ പ്രത്യക്ഷപ്പെട്ടു, തുടര്‍ന്നുള്ള മഴയത്ത്‌ പാച്ചുകള്‍ വലുതായും കിടങ്ങുകളിലൂടെ വെള്ളമൊലിച്ചും റോഡുകള്‍ തകര്‍ന്നു. തൊഴിലാളികളെ വച്ച്‌ ചെറിയ കിടങ്ങുകള്‍ നിര്‍മ്മിക്കുന്നത്‌ കമ്പനിക്ക്‌ നഷ്‌ടമാണെന്ന കാരണത്താലാണ്‌ ഇവര്‍ ജെസിബിയെ ആശ്രയിക്കുന്നതെന്നാണ്‌ വിശദീകരണം.

ചെയ്യുന്ന ജോലിയുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നേരത്തെ തന്നെ ആരോപണമുയര്‍ന്ന ഈ പാക്കേജില്‍ നല്‍കിയ കാലാവധികഴിഞ്ഞിട്ടും 700 കിലോമീറ്ററോളം മാത്രമേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളൂ. അതില്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയത്‌ നൂറോളം കിലോമീറ്റര്‍ മാത്രവും. കുഴികള്‍ മൂടാതെ പീന്നീടുവന്ന രണ്ടു സീസണ്‍ മഴയില്‍ പ്രാദേശിക റോഡുകളില്‍ മിക്കതും ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്‌്‌. കരാറുകള്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശമുള്ളതിനാല്‍ പൊതുമരാമത്തുവകുപ്പിന്റയും മറ്റും റോഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ പഞ്ചായത്തു റോഡുകള്‍ മിക്കതും കുഴികള്‍ മൂടി ടാര്‍ ചെയ്‌തിട്ടില്ല. പഞ്ചായത്തു റോഡുകളിലെ അറ്റകുറ്റപ്പണിയുടെ ആവശ്യവുമായി പഞ്ചായത്താഫീസിനെ സമീപിച്ചാല്‍ ജോലി നടന്നകാര്യവും ഒന്നും അവര്‍ക്കറിയില്ലെന്ന മറുപടിയാണ്‌ ലഭിക്കുക. കരാറനുസരിച്ച്‌ പൊതുമരാമത്തു വകുപ്പിന്റെ റോഡുകള്‍ അവര്‍ തന്നെയും പഞ്ചായത്തു റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കരാറുകാരുമാണ്‌ ചെയ്യേണ്ടത്‌. ചുരുക്കിപ്പറഞ്ഞാല്‍ 1864 കിലോമീറ്ററില്‍ നിര്‍മ്മാണപ്രവൃത്തികള്‍ നടന്ന 700 കിലോമീറ്ററിലെ ബഹുഭൂരിപക്ഷം വരുന്ന പഞ്ചായത്തു റോഡുകളില്‍ നല്ലാരു പങ്കും ഇതുവരെ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല. എണ്‍പത്തിയഞ്ച്‌ സെന്റീമീറ്റര്‍ വരെ വീതിയുള്ള കിടങ്ങുകള്‍ അടച്ച്‌ ടാര്‍ ചെയ്യാനെ തങ്ങള്‍ക്ക്‌ അനുമതിയുള്ളൂ എന്നാല്‍ കഴിഞ്ഞ മഴക്കാലങ്ങളില്‍ മുഴുവനായും നശിച്ച റോഡുകള്‍ ടാര്‍ ചെയ്യാന്‍ തങ്ങള്‍ക്ക്‌ കഴിയില്ല എന്നാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ കരാറുകാര്‍ നല്‍കുന്ന വിശദീകരണം. അതേസമയം റോഡുകള്‍ മുഴുവനായി അറ്റകുറ്റപ്പണികള്‍ നടത്തിയ സംഭവങ്ങളും ചൂണ്ടിക്കാണിക്കാനാകും. റോഡുകള്‍ തകരാന്‍ കാരണക്കാരായവരും പഞ്ചായത്തധികൃതരും കൈ മലര്‍ത്തുമ്പോള്‍ പഞ്ചായത്തു റോഡുകള്‍ക്ക്‌ ഈയടുത്തകാലത്തൊന്നും ശാപമോക്ഷം ലഭിക്കില്ലെന്ന സൂചനയാണ്‌ ലഭിക്കുന്നത്‌. അതിനിടെ കരാര്‍ കാലാവധി കഴിഞ്ഞ്‌ കരാറുകാര്‍ പിന്‍വാങ്ങാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്ക്‌ ഒരു വര്‍ഷം കൂടെ കാലാവധി നീട്ടിക്കൊടുത്ത്‌ ജോലി തുടരാന്‍ വാട്ടര്‍ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ 100 കിലോമീറ്ററിനടുത്തുമാത്രം ഭാഗികമായി ജോലി പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്ക്‌ ബാക്കിയുള്ള 1160 ഓളം കിലോമീറ്റര്‍ ജോലി ഒരു വര്‍ഷം കൊണ്ട്‌ ചെയ്യാനാകുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു. ദുരിതങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ രാമകൃഷ്‌ണ കണ്‍സ്‌ട്രക്ഷന്‍സ്‌ ഇളവുകള്‍ ആവശ്യപ്പെട്ടെങ്കിലും ജോലി ഭാഗികമായാണെങ്കിലും മറ്റാരും ഏറ്റെടുക്കാന്‍ കൂട്ടാക്കാത്തതിനാല്‍ പ്രതിസന്ധിയിലാണ്‌. തുടര്‍ന്ന്‌ സാങ്കേതിക തടസ്സങ്ങള്‍ കാണിച്ച്‌ കോടതിയെ സമീപിക്കാനാണ്‌ പദ്ധതിയെന്നറിയുന്നു.

പ്രധാനമായും രണ്ട്‌ മൂന്ന്‌ പാക്കേജുകള്‍ നടപ്പിലാക്കുന്ന കരാറുകാരില്‍ നിന്ന്‌ എല്ലാ വിധ ടെസ്റ്റിംഗ്‌ ജോലികള്‍ക്കും ശേഷം കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ അനുവാദത്തോടെ വാട്ടര്‍ അതോറിട്ടിക്ക്‌ റോഡുകള്‍ കൈമാറണം. വാട്ടര്‍ അതോറിട്ടിയാണ്‌ ഈ റോഡുകള്‍ പൊതുമരാമത്തുവകുപ്പിന്‌ അറ്റകുറ്റപ്പണിക്കായി കൈമാറേണ്ടത്‌. നേരത്തെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ റോഡുകളില്‍ പൈപ്പ്‌ സ്ഥാപിച്ചയുടനെ തന്നെ പൊതുമരാമത്തുവകുപ്പിന്‌ കൈമാറാണ്‌ തീരുമാനമായിരുന്നത്‌. പക്ഷേ ജോലി ചെയ്യാനുള്ള സൗകര്യത്തിന്‌ ചുരുങ്ങിയത്‌ അരകിലോമീറ്ററെങ്കിലും പണി പൂര്‍ത്തിയാകുമ്പോള്‍ വിട്ടുകൊടുക്കുകയാണ്‌ പതിവ്‌. 1.850 മീറ്റര്‍ വ്യാസമുള്ള പൈപ്പുകളില്‍ വെള്ളം അടിച്ചുകയറ്റി ലീക്കുണ്ടോയെന്നും മര്‍ദ്ദപരിശോധനയും നടത്തി വാട്ടര്‍ അതോറിട്ടിയുടെ കൈയിലെത്താനുള്ള കാലതാമസം, പിന്നീട്‌ പേപ്പര്‍ ജോലികളെല്ലാം കഴിഞ്ഞ്‌ പൊതുമരാമത്തുവകുപ്പിലെത്തിയാല്‍ തന്നെയും വീണ്ടും മാസങ്ങള്‍ നീളും ടാര്‍ വീപ്പകള്‍ റോട്ടിലെത്താന്‍. അറ്റകുറ്റപ്പണി നടക്കേണ്ട സ്ഥലം അളന്ന്‌ എസ്റ്റിമേറ്റുണ്ടാക്കി ടെണ്ടര്‍ വിളിച്ച്‌ കരാറുകാരന്‌ നല്‍കുമ്പോഴേക്കും മാസം മൂന്നു കഴിഞ്ഞിരിക്കും. കരാറുകാരനു നല്‍കിയ കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തിയാവുമ്പോഴേക്കും ആറുമാസം മുതല്‍ ഒമ്പതുമാസം വരെയെടുക്കും സാധാരണയായി, ഇടക്ക്‌ കാലാവസ്ഥക്കനുസരിച്ച്‌ സമയം കൂടുതലെടുക്കാറുമുണ്ട്‌. സോളിംഗ്‌ നടത്തി, മെറ്റലിംഗിനു ശേഷം ടാറിംഗ്‌ നടത്തുന്നതുവരെയുള്ള ബുദ്ധിമുട്ട്‌ പുതുതായി ഒരു റോഡുണ്ടാക്കുന്നതിന്റെതാണെന്നാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ പക്ഷം. സോളിംഗും മെറ്റലിംഗും ചെയ്യുന്നതിനിടെ വാഹനങ്ങള്‍ കയറിയിറങ്ങി റോഡ്‌ വീണ്ടും പഴയപടിയാകുന്നതും തലവേദനയാണ്‌.
മഴക്കാലത്ത്‌ റോഡുപണി നടക്കില്ല. ഇനി ആറുമാസത്തോളം ന്യായമായും കാത്തിരിക്കണം റോഡ്‌ പഴയനിലയിലായിക്കിട്ടാന്‍. ഇതുവരെകുഴിച്ചിട്ട കിടങ്ങുകള്‍ മണ്ണിട്ട്‌ മൂടുന്നതിലുള്ള തിരക്കിലാണ്‌ കരാറുകാര്‍. മഴപെയ്‌ത്‌ ഈ മണ്ണ്‌ ഒലിച്ചുപോയതും ചെളിക്കുളമായതുമാണ്‌ യാത്ര ദുഷ്‌കരമാക്കിയത്‌. മഴക്കാലത്ത്‌ റോഡുവെട്ടിപ്പൊളിക്കേണ്ടെന്ന പൊതുമരാമത്തിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന്‌ പൈപ്പിടല്‍ ജോലികള്‍ നിര്‍ത്തിവച്ചത്‌ സ്വാഗതാര്‍ഹമാണ്‌ എന്നിരുന്നാലും കുഴിച്ചിട്ട ഭാഗത്തെ ജോലികള്‍ ഇപ്പോഴും തുടരുന്നു. അതേസമയം പ്രഷര്‍ ടെസ്റ്റിംഗിനും മറ്റും ബാക്കിയുള്ളതിനാല്‍ കുഴികള്‍ മുഴുവനായും മൂടാന്‍ കഴിയാത്തതാണ്‌ മറ്റൊരു പ്രശ്‌നം. മാസങ്ങള്‍ മുമ്പ്‌ വിട്ടുകൊടുത്ത റോഡില്‍ പോലും അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടില്ലെന്ന്‌ ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതര്‍ പൊതുമരാമത്തുവകുപ്പിനെ പഴി ചാരുമ്പോള്‍ സമയത്ത്‌ റോഡുകള്‍ വിട്ടുകിട്ടാത്തതും തുടര്‍ന്ന്‌ കരാര്‍ നല്‍കുന്നതുവരെയുള്ള കാലതാമസവും കാണിച്ച്‌ അതിനെ നേരിടുകയാണ്‌ പൊതുമരാമത്ത്‌ അധികൃതര്‍.

ഇത്‌ കോഴിക്കോടു ജില്ലയിലെ മാത്രം പദ്ധതിയുടെ ശാപമല്ല. തിരുവനന്തപുരം നഗരത്തിലും അത്തിപ്പാറ, കുടപ്പനക്കുന്ന്‌, കടകമ്പള്ളി, ഉള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ജലമെത്തിക്കാന്‍ ലക്ഷ്യമിട്ട്‌ നടത്തുന്ന കുടിവെള്ള പദ്ധതിയും ഇതേ കാരണത്താല്‍ തന്നെ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്‌. ജഗതി, തിരുമല, പേരൂര്‍ക്കട, പിടിപി നഗര്‍, പൂജപ്പുര, നെട്ടയം, പട്ടം, പനവിള തുടങ്ങിയ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ പലയിടത്തും ഗതാഗതം താറുമാറായിരിക്കുകയാണ്‌. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കൊപ്പം സിറ്റി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രൊജക്‌ടടക്കമുള്ള മറ്റ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും നഗരത്തിലെ ഗതാഗതം താറുമാറാക്കിയതിനേതുടര്‍ന്ന്‌ നിരവധി ചര്‍ച്ചകളും സമവായങ്ങളും നടന്നെങ്കിലും ഒന്നും ഫലത്തിലെത്തിയിട്ടില്ല. ചേര്‍ത്തലയില്‍ അടുത്ത നവംബറില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇനിയും പൈപ്പിടല്‍ നടത്താനുണ്ട്‌. ഇവിടത്തെ സുപ്രധാന പാതയായ ചേര്‍ത്തല - തണ്ണീര്‍ മുക്കം റോഡിന്റെ അവസ്ഥ ഏറെ ദയനീയമാണ്‌. പ്രമുഖ വിനോദസഞ്ചായ കേന്ദ്രമായ കുമരകത്തേക്കും കോട്ടയത്തേക്കും വൈക്കത്തേക്കുമുള്ള പ്രധാന റൂട്ടാണിത്‌. കോട്ടയം മെഡിക്കല്‍ കോളജിലേക്കുപോലും രോഗികളെയുമായി ഈ വഴി സഞ്ചരിക്കാന്‍ കഴിയില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. ഈര്‍പ്പം കൂടിയ പ്രദേശമായ ചേര്‍ത്തലയില്‍ പൈപ്പുകള്‍ നിക്ഷേപിക്കാനിട്ട കിടങ്ങുകളില്‍ മണ്ണിട്ട്‌ ടാറുചെയ്‌താലും അത്‌ താഴ്‌ന്നുപോകുന്നത്‌ പതിവായതും പൊതുജനപ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. വന്‍ പൊതുജന പ്രതിഷേധത്തെ തുടര്‍ന്ന്‌ ജപ്പാന്‍ കുടിവെള്ളപദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ചിട്ട ചേര്‍ത്തല -അരൂക്കുറ്റി -അരൂര്‍ 25 കിലോമീറ്റര്‍ റോഡ്‌ പ്രതിരോധ മന്ത്രി എ കെ ആന്റണി മുന്‍കൈയെടുത്ത്‌ മുഴുവനായി പുതുക്കിപണിതത്‌ ഈയിടെയാണ്‌.

കോഴിക്കോട്‌ ജില്ലയില്‍ പൈപ്പിടല്‍ പൂര്‍ത്തിയായാലും പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കാലതാമസമെടുക്കും. കോഴിക്കോട്‌ സ്വപ്‌നനഗരിയില്‍ സ്ഥാപിക്കുന്ന സെന്‍ട്രല്‍ ടെലിമെട്രി കണ്‍ട്രോള്‍ റൂമിന്റെ ജോലി പൂര്‍ത്തിയാവേണ്ടതുണ്ട്‌. സാറ്റലൈറ്റുവഴി ജി എസ്‌ എം ടെക്‌നോളജി ഉപയോഗിച്ച്‌ പ്രധാന പൈപ്പുകളിലേയും ടാങ്കുകളിലേയും ഒഴുക്ക്‌ മനസിലാക്കി പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്ന കേന്ദ്രീകൃത സംവിധാനമാണിത്‌. പെരുവണ്ണാമുഴിയിലെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിന്റെ ജോലി പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്‌. മൂന്നാം ഘട്ടമായ വിതരണ പൈപ്പിടുന്ന ജോലിയും പൂര്‍ത്തിയാകണം. ഇതെല്ലാം തീര്‍ന്ന്‌ 2011 ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നാണ്‌ ഇപ്പോള്‍ അധികൃതര്‍ പറയുന്നത്‌. ഇന്നത്തെ നിലക്ക്‌ പോയാല്‍ മൂന്നാം ഘട്ടം പൈപ്പിടല്‍ പോലും 2011ല്‍ തീരില്ല. ട്രീറ്റ്‌മെന്റ്‌ പ്ലാന്റിലും മെയിന്‍ പൈപ്പുകള്‍ വരുന്ന സ്ഥലങ്ങളിലും പാറപൊട്ടിക്കാന്‍ കഴിയാത്തതിനാല്‍ മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാകുകയും വേണം. ഇത്രയും കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ തന്നെയും ജലലഭ്യതയുടെ പേരിലുള്ള പ്രശ്‌നങ്ങളെ നേരിടാനുണ്ട്‌.
ജോലി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്‌താല്‍ തന്നെയും പദ്ധതി എത്രത്തോളം വിജയമായിരിക്കുമെന്ന കാര്യത്തിലും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. പെരുവണ്ണാമുഴി ഡാമിലെ ജലം ജലസേചനത്തിനു പോലും തികയില്ലെന്ന വാദം ഇപ്പോഴെ ഉയര്‍ന്നിട്ടുണ്ട്‌. തൊണ്ണൂറുകളുടെ മധ്യത്തില്‍ നടന്ന സര്‍വേയുടെ അടിസ്ഥാനത്തിലാണ്‌ പദ്ധതിക്കാവശ്യമായ ജലം പെരുവണ്ണാമുഴിയില്‍ നിന്ന്‌ എടുക്കാമെന്ന്‌ തീരുമാനമായത്‌. പിന്നീട്‌ നടന്ന സര്‍വേകളില്‍ നഗരപ്രദേശങ്ങളടക്കം പദ്ധതിപ്രദേശങ്ങളില്‍ വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഉപഭോഗം മുന്നില്‍ കണ്ട്‌ പദ്ധതിയുടെ മൊത്തം കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഈയവസരത്തില്‍ പെരുവണ്ണാമുഴിയിലെ നീരൊഴുക്ക്‌ കുറഞ്ഞതല്ലാതെ കൂടിയിട്ടില്ല. പുഞ്ചകൃഷിക്ക്‌ ആവശ്യമായ ജലം പോലും നല്‍കാന്‍ കഴിയാത്ത പെരുവണ്ണാമുഴി ഡാമില്‍ നിന്നും (കുറ്റിയാടി ജലസേചന പദ്ധതി) ജലം മറ്റാവശ്യങ്ങള്‍ക്ക്‌ നല്‍കിയാല്‍ കണ്ണൂരിലെ പഴശ്ശിപദ്ധതിയിലെ വെള്ളം തിരിച്ചുവിട്ട്‌ കനാലുകള്‍ ഉണങ്ങിവരണ്ട അവസ്ഥ ഇവിടെയും സംജാതമാകുമെന്നാണ്‌ പരിസ്ഥിതി വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നത്‌. നഗരപ്രദേശങ്ങളില്‍ ഒരാള്‍ക്ക്‌ പ്രതിദിനം 180 ലിറ്റര്‍ ജലം വരെ നല്‍കാനാകുമെന്ന കണക്കാണ്‌ പദ്ധതി അധികൃതര്‍ അവതരിപ്പിക്കുന്നത്‌. പദ്ധതി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ താരതമ്യേന ജലക്ഷാമം കുറഞ്ഞ പ്രദേശങ്ങളാണെന്നതും വാട്ടര്‍ അതോറിട്ടിയുടെ ജലവിതരണ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുമാണ്‌. പഞ്ചായത്തുകളിലാകട്ടെ ജലനിധിയടക്കമുള്ള പദ്ധതികളും ശുദ്ധജലം ലഭിക്കുന്ന കിണറുകള്‍ നിലവിലുള്ളതുമാണ്‌. ഈയവസ്ഥയില്‍ കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന കുടിവെള്ള പദ്ധതി ലക്ഷ്യം കണ്ടാല്‍ തന്നെ അതിലെ ജലം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുമോ എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്‌. കുടിവെള്ളത്തിനല്ല ഈ ജലം ഉപയോഗിക്കപ്പെടുന്നതെങ്കില്‍ ഒരു ജനതയോട്‌ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കുമത്‌.

*******
ഭാവിയില്‍ വന്നേക്കാവുന്ന ജലദൗര്‍ലഭ്യം മുന്നില്‍ കണ്ടാണ്‌ ഇത്രയും ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്‌ എന്ന്‌ വാദിക്കുന്ന അധികൃതര്‍ അന്ന്‌ പെരുവണ്ണാമുഴി ഡാമില്‍ ആവശ്യത്തിന്‌ ജലമുണ്ടാകുമോ എന്നകാര്യത്തില്‍ ഒരു ഉറപ്പും നല്‍കുന്നുമില്ല. അന്ന്‌ പെരുവണ്ണാമുഴി ഡാമില്‍ ആവശ്യത്തിനു ജലമമില്ലെങ്കില്‍ ബാണാസുരസാഗര്‍ അണക്കെട്ടിലെ ജലം ഇതിനായി ഉപയോഗിക്കാനാകുമെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്‌ കൂടുതല്‍ കുഴപ്പങ്ങള്‍ക്ക്‌ വഴിവെക്കുമെന്നാണ്‌ പരിസ്ഥിതിവിദഗ്‌ദര്‍ അവകാശപ്പെടുന്നത്‌. ഈ പ്രദേശങ്ങളോടടുത്തുകിടക്കുന്ന പൂനൂര്‍ പുഴ, ചാലിയാര്‍ തുടങ്ങിയവയിലെ ജലം ഉപയോഗിച്ച്‌ പദ്ധതി നടത്തിയാല്‍ മതിയെന്ന്‌ ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകരും സന്നദ്ദസംഘടനകളും വാദിക്കുമ്പോള്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിലല്ലാതെ പമ്പിംഗ്‌ ആവശ്യമില്ലാത്തതിനാല്‍ മെയിന്റനന്‍സ്‌ കുറവാണെന്ന പേരിലാണ്‌ അധികൃതര്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയെ അനുകൂലിക്കുന്നത്‌.
ഓരോ മഴക്കാലവും കേരളത്തില്‍ യാത്രാ ക്ലേശത്തിന്റെ നാളുകളാണ്‌. അതിനുപുറമെയാണ്‌ വ്യക്തമായ ആസൂത്രണമില്ലാത്തതിനാല്‍ ഇത്തവണ കേരളത്തിലെ അഞ്ചു ജില്ലകളിലെ നല്ലൊരു ഭാഗം പ്രദേശങ്ങളെയും ജപ്പാന്‍ കുടിവെള്ള പദ്ധതി ദുരിതത്തിലാഴ്‌ത്തിയത്‌. മഴക്കാലം തുടങ്ങിയിട്ടേയുള്ളൂ, ഇപ്പോള്‍ തന്നെ അവസ്ഥ ഇതാണെങ്കില്‍ മഴകനക്കുന്നതോടെ ഈ പ്രദേശങ്ങളില്‍ റോഡുതന്നെ ഇല്ലാതാകും. അടുത്ത മഴക്കാലത്തിനു മുന്നെയെങ്കിലും വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്തുവകുപ്പ്‌ ജപ്പാന്‍ കുടിവെള്ള അധികൃതരും കനിഞ്ഞ്‌ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന്‌ ആശിക്കാനേ നമുക്ക്‌ കഴിയൂ.

- മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്‌

ചില നവമാധ്യമബദലുകള്‍

സമൂഹജീവി എന്ന നിലയില്‍ മനുഷ്യന്റെ ഓരോ ഇടപെടലുകളും അവന്‍ ജീവിക്കുന്ന കാലത്തിന്റെയും സാഹചര്യങ്ങളുടെയും സംസ്‌കാരത്തിന്റെയും പ്രതിഫലനങ്ങളാണ്‌. കല, സാഹിത്യം, നാടകം അങ്ങനെ നിലവിലുള്ള ഏത്‌ മേഖലയുടെ വേരുകള്‍ തേടിപോയാലും മാറിക്കൊണ്ടിരിക്കുന്ന ജീവിത വ്യവസ്ഥയുടെ ഭാഗമായുണ്ടായ പരിണാമങ്ങളുടെ വിവിധ ഘട്ടങ്ങള്‍ കണ്ടെത്താനാകും. സാങ്കേതികവിദ്യക്ക്‌ സമൂഹത്തിലുണ്ടായ സ്വീകാര്യത നമ്മുടെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ ഇടപെടലുകളെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ട്‌. റേഡിയോക്കാലത്ത്‌ റേഡിയോ നാടകങ്ങളുണ്ടായപോലെ ടെലിവിഷന്റെ വരവ്‌ ടെലിസിനിമകളുണ്ടാക്കിയ പോലെ കലാസാംസ്‌കാരിക രംഗത്ത്‌ `അപ്‌ഡേഷനുകള്‍' സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഇലക്‌ട്രോണിക്‌ മീഡിയയില്‍ നിന്നും വിഷ്വല്‍ മീഡിയയില്‍ നിന്നും വ്യത്യസ്‌തമായി ഉപയോക്താക്കള്‍ തമ്മില്‍ ഒരു അന്യോന്യം (interaction) സാധ്യമാക്കിയ ഇന്റര്‍നെറ്റ്‌ മീഡിയ ഇത്തരം ഇടപെടലുകളുടെ വന്‍ വിപ്ലവത്തിന്‌ തന്നെ കാരണമായി. സാമൂഹികജീവിതവ്യവസ്ഥയിലുണ്ടായ മാറ്റവും മാധ്യമലോകത്തിന്റെ വികാസവും പുതിയ തലമുറയുടെ ഇടപെടലുകളെ മാറ്റങ്ങള്‍ക്ക്‌ വിധേയമാക്കുകയോ ബദല്‍ രൂപം സൃഷ്‌ടിക്കാന്‍ നിര്‍ബന്ധിതമാക്കുകയോ ചെയ്‌തതിന്റെ നേര്‍ചിത്രങ്ങള്‍ നിരവധിയാണ്‌.ലോകത്തിന്റെ ഏതുകോണില്‍ പോയാലും അവിടെ ഒരു മലയാളിയെങ്കിലും കാണുമെന്നും അവിടെ അവരുടെ സംസ്‌കാരത്തിന്റെ ഒരു ചിഹ്നമെങ്കിലും കണ്ടെടുക്കാമെന്നും ഒരു പഴയ പറച്ചിലുണ്ട്‌. തൊണ്ണൂറുകളുടെ അവസാനത്തോടെ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലുണ്ടായ വന്‍ വിപ്ലവം ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളിക്ക്‌ ഒത്തുചേരാന്‍ നിരവധി വേദികള്‍ തുറന്നുകൊടുത്തു. ദേശത്തിന്റെ അതിരുകള്‍ ഭേദിച്ച്‌ ലോക മലയാളി എന്നൊരു സങ്കല്‌പത്തിലേക്ക്‌ നയിക്കാനുതകുന്നതായിരുന്നു അത്‌. ലോകമെങ്ങും പരന്നു കിടക്കുന്ന മലയാളികള്‍ ബ്ലോഗുകളും ചര്‍ച്ചാവേദികളും ഓര്‍ക്കുട്ടും ഫെയ്‌സ്‌ബുക്കുമൊക്കെയടങ്ങുന്ന ഇന്റര്‍നെറ്റിലെ പൊതു ഇടങ്ങള്‍ വഴി സംവദിക്കാന്‍ തുടങ്ങി, അതിന്‌ മലയാളം ലിപികള്‍ അവര്‍ തന്നെ വികസിപ്പിക്കുകയും ചെയ്‌തു. തുടക്കത്തിലുണ്ടായിരുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ പോലും മറികടന്ന്‌ മലയാള ഭാഷ വളര്‍ന്നു. ഇന്റര്‍നെറ്റിലെ മലയാളത്തിന്റെ വളര്‍ച്ച അന്യം നിന്നുപോകുമെന്ന്‌ കരുതിയ മലയാള സാഹിത്യരൂപങ്ങള്‍ക്കുപോലും ഉത്തേജനമായി. മാറിയ ജീവിതപരിതസ്ഥിതിയില്‍ ത്യജിക്കേണ്ടിവന്ന പലതും പുതിയ വാര്‍ത്താവിനിമയ സംവിധാനങ്ങളിലൂടെപുനസ്ഥാപിക്കുകയായിരുന്നു പുതിയ തലമുറ. എഴുത്തിലും സിനിമയിലും സംഗീതത്തിലുമൊക്കെ കാണുന്ന ഇത്തരം പുത്തന്‍ രൂപങ്ങള്‍ ക്രമേണ പൊതു സമൂഹവും അംഗീകരിക്കപ്പെട്ടു. സമരങ്ങളും ചെറുത്തുനില്‍പുകള്‍ പോലും സൈബര്‍ലോകത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ അതിന്റെ വേഗവും വ്യാപ്‌തിയും വര്‍ദ്ധിപ്പിച്ചു. മൂന്നാം തലമുറ മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളും ലാപ്‌ടോപ്പുകളും സാധാരണമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത്‌ സമൂഹത്തിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഇത്തരം `അപ്‌ഡേഷനുകള്‍'ക്ക്‌ വേദിയായിക്കൊണ്ടിരിക്കുന്നു.

വിലക്കുകളില്ലാത്ത സംഗീതം
സാഹചര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമനുസരിച്ച്‌ പ്രതിഭയെ പാകപ്പെടുത്തിയെടുത്ത പുതിയ തലമുറയിലെ ഒരു കൂട്ടം സംഗീത പ്രേമികളുടെ കൂട്ടായ്‌മയാണ്‌ ബ്ലോഗ്‌ സ്വര എന്ന സംഗീത സംരംഭം. ബ്ലോഗുവഴി കണ്ടുമുട്ടിയ അറുപതോളം പേര്‍ ചേര്‍ന്ന്‌ സ്വതന്ത്രമായ മ്യൂസിക്‌ ആല്‍ബങ്ങള്‍ സൃഷ്‌ടിച്ചു പുറത്തിറക്കി 2006 ല്‍തുടങ്ങിയ ഈ സംരംഭം ഇതുവരെ അഞ്ച്‌ സംഗീത ആല്‍ബങ്ങളിറക്കി, ആറാമത്തേത്‌ പണിപ്പുരയിലാണ്‌. www.blogswara.in എന്ന വെബ്‌സൈറ്റ്‌ ഇവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആകെത്തുകയാണ്‌. ബ്ലോഗ്‌ സ്വരയില്‍ നിന്ന്‌ ആര്‍ക്കും സംഗീതം ആസ്വദിക്കാം, വേണ്ടവര്‍ക്ക്‌ എംപി3 ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ്‌ ചെയ്യുകയുമാകാം. വിപണി താത്‌പര്യങ്ങളില്ലാത്ത തികച്ചും സ്വതന്ത്രമായ സംഗീതം.

ബ്ലോഗ്‌ സ്വരയിലെ അംഗങ്ങള്‍ പലരും പരസ്‌പരം കണ്ടിട്ടില്ല എന്നത്‌ ചിലപ്പോള്‍ നമ്മളെ അത്ഭുതപ്പെടുത്തും. ഇവര്‍ തമ്മില്‍ സംഗീതം പങ്കുവെക്കുന്നത്‌ സൈബര്‍ സ്‌പേസിലൂടെ മാത്രമാണ്‌. ആര്‍ട്‌സ്‌ ക്ലബ്ബുകളിലും മറ്റും രൂപമെടുത്ത സംഗീത കൂട്ടായ്‌മയുടെ `ഇ' രൂപമായി ഇതിനെ വിശേഷിപ്പിക്കാം. സംഗീതപ്രേമിയായ തൃശൂര്‍ക്കാരന്‍ ജോസഫ്‌ തോമസ്‌ എന്ന വെബ്‌ഡിസൈനര്‍ www.jocalling.blogspot.com എന്ന ബ്ലോഗിലൂടെ സംഗീതത്‌പരരായ ചിലരെ പരിചയപ്പെടുന്നതോടെയാണ്‌ സംഗീത കൂട്ടായ്‌മ എന്ന സങ്കല്‌പം രൂപമെടുക്കുന്നത്‌. ബ്ലോഗ്‌സ്വര എന്ന പേരില്‍ ഒരു ബ്ലോഗ്‌ റജിസ്റ്റര്‍ ചെയ്‌ത്‌ എല്ലാവരും അവിടെ ഒത്തുകൂടി. സംഗീതം ചൂടുള്ള ചര്‍ച്ചയായി, പുതിയ പാട്ടുകള്‍ക്ക്‌ ചിറകുകള്‍ മുളച്ചു. സംഗീത ആല്‍ബങ്ങള്‍ ബ്ലോഗ്‌ സ്വര എന്ന വെബ്‌സൈറ്റിലൂടെ പുറത്തിറക്കി. മേരീ ആവാസ്‌ സുനോയിലൂടെ ശ്രദ്ധേയനായ പ്രദീപ്‌ സോമസുന്ദരവും കാലിഫോര്‍ണിയയിലെ മക്‌സ്‌ നരസിംഹനും ചെന്നൈയിലെ സാങ്കേതിക വിദ്യാര്‍ത്ഥി സന്തോഷ്‌ മുരളിയും അമേരിക്കയില്‍ വിദ്യാര്‍ത്ഥിയായ രാംപ്രസാദും മൈസൂരിലെ നിശാന്ത്‌ മണിയും കൂത്താട്ടുകുളത്തുള്ള പ്രവീണ്‍ കൃഷ്‌ണയും തൃശൂരിലുള്ള ദിവ്യ എസ്‌ മേനോനുമടക്കം അറുപതില്‍ പരം പേര്‍ ജോ എന്ന ജോസഫ്‌ തോമസിനൊപ്പം അണിനിരന്നു. വരികള്‍ മുതല്‍ പാട്ടും ബാക്‌ഗ്രൗണ്ട്‌ മ്യൂസിക്കുമടക്കം എല്ലാം കൈമാറുന്നത്‌ ഇന്റര്‍നെറ്റിലൂടെ. ഗാനരചനയും ചിട്ടപ്പെടുത്തലും റിക്കോര്‍ഡിംഗും മിക്‌സിംഗുമെല്ലാം ലോകത്തിന്റെ പലകോണില്‍ വച്ച്‌. മെയ്‌ 2006 ലാണ്‌ പത്തുപാട്ടുകള്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ ആല്‍ബം ഇറക്കിയത്‌. പിന്നീട്‌ പുറത്തിറങ്ങിയ പതിപ്പുകളില്‍ മലയാളം , തമിഴ്‌ , ഹിന്ദി , കന്നഡ എന്നീ ഭാഷകളിലുള്ള ഗാനങ്ങളും ജെറി ഒവ്യഡോ എന്ന വിദേശി സംഗീതജ്ഞന്റെ ഇന്‍സ്‌ട്രുമെന്റ്‌ മ്യൂസിക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ അപ്രസക്തമാക്കിയ ബ്ലോഗ്‌സ്വര സംഗീത ലോകത്തെ ജനാധിപത്യ മാതൃകയാകുന്നത്‌ ഇങ്ങനെയാണ്‌. വീഡിയോ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗ്‌ സ്വര വിപുലമാക്കാനാണ്‌ അടുത്ത പരിപാടി.

ഇത്തരം കൂട്ടായ്‌മകളില്ലെങ്കിലും സ്വന്തം ഗാനം ചിട്ടപ്പെടുത്തി ബ്ലോഗുചെയ്യുന്ന നിരവധി പേരുമുണ്ട്‌ നമുക്കിടയില്‍. വെറുമൊരു നേരംപോക്കു കലയായി ഇത്തരം സംഗീത ബ്ലോഗിംഗിനെ കാണാന്‍ കഴിയില്ല. പാരമ്പര്യവാദികളുടെ നെറ്റിചുളിയുന്ന ഇത്തരം ജനപ്രിയ പ്രവണതകള്‍ പക്ഷേ വിപണിയെ ലക്ഷ്യമിടുന്ന പോപ്പുലര്‍ മ്യൂസിക്കിന്റെ വഴിയേ നടക്കുന്നവയുമല്ല. ബ്ലോഗ്‌ സ്വര പോലുള്ള പ്രവണതകള്‍ സജീവമാവുമ്പോള്‍ പോപ്പുലര്‍ മ്യൂസിക്‌ എന്ന സങ്കല്‌പത്തിന്റ തന്നെ ഒരു പൊളിച്ചെഴുത്തായി മാറുമത്‌. ജനപ്രിയസംഗീതം വിപണി കേന്ദ്രീകൃതമായ പ്രക്രിയയായതിനാല്‍ പരസ്യങ്ങളിലൂടെയും ദൃശ്യ ശ്രവ്യമാധ്യമങ്ങളിലെ സംഗീത പരിപാടികളിലൂടെയും ജനങ്ങളെകൊണ്ട്‌ സ്വീകരിപ്പിക്കുക എന്ന അടിച്ചേല്‍പ്പിക്കല്‍ നയമാണ്‌ തുടര്‍ന്നുപോരുന്നത്‌. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ പ്രവണതയാണ്‌ ബ്ലോഗ്‌സ്വര പോലുള്ള കൂട്ടായ്‌മകള്‍. വിപണിതാത്‌പര്യമില്ലാത്തതിനാല്‍ തന്നെ ട്രെന്റിന്റെ പുറകേ ഓടേണ്ടതില്ല. ആസ്വാദകനും ഇത്തരം സംഗീതത്തിനുമിടയില്‍ മറ്റ്‌ സ്വാധീനവലയങ്ങളൊന്നുമില്ലാത്തതിനാല്‍ അത്‌ സ്വീകരിക്കാനും തള്ളിക്കളയാനും തിരുത്താനുമുള്ള അവസരങ്ങളും നിരവധി. അങ്ങനെ യഥാര്‍ത്ഥത്തില്‍ ജനപ്രിയ സംഗീതം രൂപപ്പെട്ടുവരാനുള്ള ചേരുവകളെല്ലാം ഇത്തരം പൊതുവേദികള്‍ നല്‍കുന്നുമുണ്ട്‌. സംഗീത രംഗത്തെ താരമഹിമക്കു പോലും ഭീഷണിയായേക്കാവുന്ന ഇത്തരം വേദികളെ പല കോണുകളിലായി ചിതറിക്കിടക്കുന്ന സംഗീതാഭിരുചിയുള്ളവര്‍ക്ക്‌ സ്വതന്ത്രമായി തന്നെ പൊതുവേദിയിലെത്താനുള്ള അവസരമായും വിലയിരുത്താം. അങ്ങനെയാണ്‌ സംഗീതത്തിലെ വികേന്ദ്രീകൃത മാതൃക പാരമ്പര്യത്തെ വെല്ലുവിളിക്കുന്നത്‌.

മാധ്യമമുതലാളിത്തത്തിനെതിരെ
ഒരുഭാഗത്തേക്കു മാത്രം ആശയവിനിമയം സാധ്യമായ പരമ്പരാഗത മാധ്യമങ്ങളിലെ കേന്ദ്രബിന്ദുവാണ്‌ എഡിറ്റര്‍ എന്ന സങ്കല്‌പം. എന്നാല്‍ ബ്ലോഗ്‌ പോലുള്ള ജനാധിപത്യമാതൃകകളില്‍ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സഹൃദയമനസ്സാണ്‌ എഡിറ്ററുടെ ജോലി നിര്‍വ്വഹിക്കുന്നത്‌. എഡിറ്റര്‍ എന്ന വ്യക്തിയില്‍ നിന്നും എഡിറ്റര്‍ എന്ന വികാരത്തിലേക്കുള്ള മാറ്റം ആ മാധ്യമത്തിനു നല്‍കുന്ന സ്വാതന്ത്ര്യമാണ്‌ ബ്ലോഗില്‍ പലപ്പോഴും നല്ല രചനകള്‍ ഉണ്ടാകുന്നതിന്‌ കാരണമാകുന്നതും. എഡിറ്റര്‍ അധികാരത്തിന്റെ ചിഹ്നമാണ്‌, അതുകൊണ്ടുതന്നെ എഡിറ്ററുടെ തീരുമാനം മാധ്യമത്തിന്റെ തീരുമാനമാകുകയും അത്‌ എല്ലാ തലത്തിലും പ്രതിഫലിക്കുകയും ചെയ്യും. എഡിറ്റര്‍ എന്നത്‌ വായനക്കാരുടെ അഭിരുചികളും വീക്ഷണവും ചേര്‍ന്ന ഒരു പൊതുവികാരമായി രൂപാന്തരപ്പെടുമ്പോള്‍ അത്‌ പുതിയ വികേന്ദ്രീകൃതമായ മാതൃകയായി മാറുന്നു. മാധ്യമസ്ഥാപനങ്ങളുടെ അജന്‍ഡകള്‍ക്കും മുതലാളിമാരുടെ താത്‌പര്യങ്ങല്‍ക്കുമുപരിയായി ജനകീയവികാരം സൃഷ്‌ടിക്കുന്നതില്‍ ഇവക്ക്‌ കഴിയുന്നതും അതുകൊണ്ടുതന്നെയാണ്‌. ഇറാഖ്‌ യുദ്ധം മുതല്‍ ചെങ്ങറ സമരം വരെയുള്ള നിരവധി സംഭവവികാസങ്ങളില്‍ പല വിവരങ്ങളും പുറത്തുവിട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും ബ്ലോഗുകളിലൂടെയാണ്‌. ഇറാഖ്‌ യുദ്ധകാലത്ത്‌ പാശ്ചാത്യ മാധ്യമങ്ങള്‍ ഭരിക്കുന്ന മാധ്യമലോകം കണ്ടെന്ന്‌ നടിക്കാതിരുന്ന ചിത്രങ്ങളും വാര്‍ത്തകളും പബ്ലിഷ്‌ ചെയ്‌താണ്‌ ബ്ലോഗ്‌ ചരിത്രത്തില്‍ ഇടം നേടിയത്‌. പിന്നീട്‌ ഇതേ പാത ലോകമെങ്ങും അനുകരിച്ചു, കേരളത്തിലെ പരിമിതമായ ചുറ്റുപാടിലും ഇത്തരം ബ്ലോഗുകളുണ്ടാകുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ അവരുടെ വെബ്‌സൈറ്റുകളില്‍ ബ്ലോഗുകള്‍ തുടങ്ങുന്നതും വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യം നല്‍കുന്നതും ഇത്തരം ജനാധിപത്യ രീതികള്‍ക്ക്‌ ലഭിക്കുന്ന സ്വീകാര്യതയാണ്‌ വ്യക്തമാക്കുന്നത്‌.

സാമൂഹിക മുന്നേറ്റങ്ങളെ രാഷ്‌ട്രീയ പാര്‍ട്ടികളും മുതലാളിമാരും ഹൈജാക്ക്‌ ചെയ്‌ത ചരിത്രം കേരളത്തിനുണ്ട്‌. പുറം ലോകത്തുനിന്നും ഒതുക്കപ്പെട്ട്‌ കിടന്ന സമരങ്ങള്‍ പലതും ഇന്ന്‌ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളില്‍ സജീവമാണ്‌. ഭാഷാ രാഷ്‌ട്രീയ അതിരുകള്‍ ലംഘിച്ച്‌ പരക്കുന്ന ഈ മാധ്യമത്തിന്റെ മേഖലയില്‍ അവ വന്‍ ചര്‍ച്ചകള്‍ക്ക്‌ വഴിവെച്ചിട്ടുമുണ്ട്‌. ഒരു ഘട്ടത്തില്‍ പലമാധ്യമങ്ങളും സര്‍ക്കാരും അവഗണിച്ച ചെങ്ങറ സമരം വീണ്ടും ചര്‍ച്ചയാകുന്നത്‌ ഇന്റര്‍നെറ്റിലൂടെയാണ്‌. പുറമെ മൂലംപിള്ളി, പ്ലാച്ചിമട തുടങ്ങിയ ജനകീയസമരങ്ങള്‍ക്ക്‌ വന്‍ പിന്തുണയാണ്‌ ഇന്റര്‍നെറ്റിലൂടെ ലഭിച്ചത്‌. ചെങ്ങറയിലെ സമരമുഖത്തെ തീവ്രത മുഖ്യധാരാ മാധ്യമങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്‌ എത്രയോ മുമ്പുതന്നെ ഇന്റര്‍നെറ്റിലെ കമ്മ്യൂണിറ്റികളിലും ഗ്രീന്‍യൂത്ത്‌ പോലുള്ള ഗ്രൂപ്പുകളിലും പരിസ്ഥിതി വെബ്‌സൈറ്റുകളിലും ഫോര്‍വേര്‍ഡഡ്‌ ഇ മെയിലുകള്‍ വഴിയുമൊക്കെ ചര്‍ച്ചാ വിഷയമായിരുന്നു. ഇത്‌ കേരളത്തിനു പുറത്ത്‌ മലയാളികളല്ലാത്ത ആക്‌ടിവിസ്റ്റുകളുടെ പിന്തുണയും ലഭിക്കാന്‍ കാരണമായി. ചെങ്ങറ സമരരംഗത്തുനിന്നുമുള്ള ചിത്രങ്ങള്‍ ബ്ലോഗുകളായി പ്രത്യക്ഷപ്പെട്ടു, അവതന്നെ ഇ മെയില്‍ മെസേജുകളായി പ്രചരിച്ചു. ഫോട്ടോഗ്രാഫറായ വി സി അജിലാലിന്റെ നിറങ്ങളില്‍ സെപിയ എന്ന ബ്ലോഗിലെ (www.ajilal.blogspot.com) ചെങ്ങറയിലെ സമരപ്രദേശത്തുനിന്നു പകര്‍ത്തിയ ചിത്രങ്ങള്‍ക്ക്‌ വന്‍ പ്രചാരം ലഭിച്ചുവെന്നു മാത്രമല്ല ചില സംഘടനകള്‍ അവ കേരളത്തിലും പുറത്ത്‌ ന്യൂഡല്‍ഹിയടക്കം വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്തി. ചെങ്ങറ പ്രശ്‌നവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി യൂട്യൂബിലൂടെയും ലോകത്തെങ്ങും ശ്രദ്ധിക്കപ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ വിവിധ സന്നദ്ധസംഘടനകളെയും ആക്‌ടിവിസ്റ്റുകളെയും ആകര്‍ഷിക്കുകയും അവ വന്‍ ചര്‍ച്ചക്ക്‌ വഴിയൊരുക്കുകയും ചെയ്‌തു.

സാമൂഹിക പ്രശ്‌നങ്ങളിലൊക്കെ ഇടപെട്ടിരുന്ന കേരളശാസ്‌ത്ര സാഹിത്യ പരിഷത്തുവരെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ജിഹ്വയായി മാറുകയും സന്നദ്ധപ്രവര്‍ത്തനം രാഷ്‌ട്രീയവല്‍ക്കരിക്കുകയും ചെയ്‌ത പുതിയ കാലത്ത്‌ ഇത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക്‌ പ്രാധാന്യമുണ്ട്‌. കേന്ദ്രീകൃതരൂപം കൈവരിക്കാന്‍ നവമാധ്യമസന്നദ്ധപ്രവര്‍ത്തനത്തിന്‌ കഴിയുമ്പോള്‍ അതിന്റെ വ്യാപ്‌തി അതിര്‍ത്തികള്‍ അപ്രസക്തമാക്കുകയും കേരളത്തിലെ ഭരണവര്‍ഗ്ഗത്തിനിടയിലും സിലിക്കണ്‍ വാലിയിലെ ഐ ടി പ്രവര്‍ത്തകര്‍ക്കിടയിലും ഒരുപോലെ ചര്‍ച്ചക്ക്‌ വിധേയമാക്കുകയും ചെയ്യും. ചെങ്ങറയും മൂലം പള്ളിയും പോലുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ടവതും അവ വന്‍ ചര്‍ച്ചയാക്കി മാറ്റയതും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പരസ്‌പരം കണ്ടിട്ടുപോലുമില്ലാത്ത ഒരു കൂട്ടം പേരാണ്‌. ഇങ്ങനെ ഇ മാര്‍ഗ്ഗങ്ങളിലൂടെ കണ്ടുമുട്ടിയവരാണ്‌ ചെങ്ങറയില്‍ നേരിട്ടെത്തി പ്രതിരോധത്തില്‍ പങ്കെടുത്തതില്‍ നല്ലൊരു പങ്കും. മാറിയ കാലത്തിന്റെ പുത്തന്‍ പ്രതികരണ രീതിയായി ഇത്‌ അംഗീകരിക്കപ്പെട്ടതും അതുകൊണ്ടാണ്‌.

ബ്ലോഗിലെ സിറ്റിസണ്‍ ജേണലിസം മുഖ്യധാരാ മാധ്യമങ്ങളെ കവച്ചുവച്ച്‌ വന്‍ കോളിളക്കം സൃഷ്‌ടിച്ചത്‌ ലാവലിന്‍ വിവാദവുമായി ബന്ധപ്പെട്ട്‌ ഈ അടുത്തകാലത്താണ്‌. www.snclavalin.blogspot.com എന്ന പേരിലുള്ള ബ്ലോഗില്‍ കേരള വൈദ്യുതിബോര്‍ഡും കനേഡിയന്‍ കമ്പനിയായ എസ്‌ എന്‍ സി ലാവലിനുമായി ബന്ധപ്പെട്ട കരാറിലെ വന്‍ അഴിമതി പുറത്തുകാണിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ പുറത്തുവിട്ടു. ഭരണകക്ഷിയുടെ വാദമുഖങ്ങള്‍ക്കെല്ലാം തിരിച്ചടിയായ ഈ ഇടപെടലിന്‌ മാധ്യമങ്ങള്‍ക്കിടയില്‍ അതിപ്രാധാന്യം ലഭിക്കുകയും ചെയ്‌തു എന്നുമാത്രമല്ല ബ്ലോഗിലെ രേഖകള്‍ അടിസ്ഥാനമാക്കി വാര്‍ത്തകളും അന്വേഷണാത്മക റിപ്പോര്‍ട്ടുകളും തിരിച്ച്‌ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ അടിസ്ഥാനമാക്കി ബ്ലോഗിലും കൂടുതല്‍ ഇടപെടലുണ്ടായി. അതോടെ അന്നത്തെ വിദ്യുഛക്തി മന്ത്രിയായിരുന്ന ഇന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ നേരിട്ട്‌ ബന്ധമുണ്ടെന്ന കണ്ടെത്തലുകള്‍ നടത്തിയ ഈ ബ്ലോഗ്‌ ഭരണപക്ഷത്തിന്‌ ചെറിയ തലവേദനയൊന്നുമല്ല സൃഷ്‌ടിച്ചത്‌.

ബ്ലോഗുകളും ഇന്റര്‍നെറ്റിലെ ചര്‍ച്ചകളും കര്‍ശനമായി നിരീക്ഷിക്കണമെന്നും ഇടപെടണമെന്നും ഇടതുമുന്നണി സര്‍ക്കാരിന്റെ ഇടക്കാല വിലയിരുത്തലില്‍ ഡോ തോമസ്‌ ഐസക്കിനെകൊണ്ട്‌ എഴുതിച്ചത്‌ ആ മാധ്യമത്തിന്റെ സ്വാധീനം നന്നായി അറിയാവുന്നതുകൊണ്ടാണ്‌. ആ റിപ്പോര്‍ട്ടിനു ശേഷം ഇടപെടല്‍ നന്നായിയുണ്ടാകുകയും ചെയ്‌തു. സി പി എമ്മിന്റെ പ്രത്യേകിച്ച്‌ ഔദ്യോഗിക പക്ഷത്തോടു ചായ്‌വുള്ളവരുടെ ഇടപെടലുകള്‍ എത്രത്തോളമുണ്ടെന്നറിയാന്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന ബ്ലോഗുകള്‍ ശ്രദ്ധിച്ചാല്‍ മതി. ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ ലേഖനത്തിന്‌ ബ്ലോഗില്‍ ലഭിച്ച അസഹിഷ്‌ണുത നിറഞ്ഞ പ്രതികരണങ്ങളും മറുപടി പോസ്റ്റുകളും, വിഷപ്പാല്‍ ചുരത്തുന്ന മാധ്യമപൂതനകള്‍ എന്ന മാരീചന്‍ എന്ന ബ്ലോഗറുടെ മറുപടി പോസ്റ്റിന്‌ ലഭിച്ച പ്രാധാന്യവും, മാധ്യമസിന്‍ഡിക്കേറ്റ്‌ തുടങ്ങിയ സി പി എം ആരോപണങ്ങള്‍ക്ക്‌ ശക്തമായ പിന്തുണയുമായി നിരവധി ബ്ലോഗര്‍മാര്‍ തുടര്‍ന്ന്‌ രംഗത്തുവന്നു എന്നതും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സ്വതന്ത്ര ഏജന്‍സി കൊണ്ടുവരുമെന്ന സി പി എം പ്രകടനപത്രികാ നിര്‍ദ്ദേശവും ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്‌.

തൊഴിലാളി ചൂഷണം വര്‍ദ്ധിച്ചുവരുന്ന കാലത്ത്‌ മാധ്യമപ്രവര്‍ത്തകര്‍ എങ്ങിനെ ഏതു മാധ്യമത്തിലൂടെ പ്രതികരിക്കണമെന്നത്‌ പ്രസക്തമായ ചോദ്യമാണ്‌. അതിന്‌ ഫലപ്രദമായ വഴി കണ്ടുപിടിച്ചതും കേരളത്തിലെ ചൂഷണത്തിനിരയായ കുറച്ച്‌ മാധ്യമപ്രവര്‍ത്തകരാണ്‌. വര്‍ത്തമാനം ദിനപത്രത്തില്‍ നിന്ന്‌ പുറത്തുവന്നിട്ടും വര്‍ഷങ്ങള്‍ക്കുശേഷം കോടതി നടപടികളുടെ ഭീതിയില്‍ കഴിയുന്ന ഒരു കൂട്ടം പത്രപ്രവര്‍ത്തകര്‍ പ്രതികരിച്ചത്‌ www.varthamanamwalkouts.blogspot.com എന്ന ബ്ലോഗിലൂടെയാണ്‌. ഇന്ത്യക്കകത്തും പുറത്തും ജോലിചെയ്യുന്നവര്‍ ഒന്നിച്ചു ചേര്‍ന്നു നടത്തിയ സമരമെന്ന നിലയില്‍ ഇത്‌ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ മാതൃകയെ പിന്തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തന രംഗത്തുനിന്നും അല്ലാതെയും സമാനമായ ചെറുത്തു നില്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്‌. മിനി മൈക്രോസോഫ്‌റ്റ്‌ എന്ന പേരില്‍ മൈക്രോസോഫ്‌റ്റിനെ വിമര്‍ശിക്കുന്ന അവിടത്തെ തന്നെ ജീവനക്കാരുടെ ബ്ലോഗ്‌ നേരത്തേതന്നെ ശ്രദ്ധ നേടിയിരുന്നു, ഇതിന്റെ ചുവടുപിടിച്ച്‌ നിരവധി സംഭവങ്ങള്‍ ലോകത്തിലെ പല സ്ഥാപനങ്ങളിലും ഉണ്ടായി, അതിന്റെ ഇന്ത്യന്‍ പതിപ്പായി വേണം ഇത്തരം സംഭവങ്ങളെ വിലയിരുത്താന്‍. ബൂലോക കാരുണ്യം (www.boologakarunyam.blogspot.com) എന്ന ഒരു കൂട്ടം ബ്ലോഗര്‍മാര്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ചില ഓര്‍ക്കുട്ട്‌ കൂട്ടായ്‌മകളിലെ രക്തദാനമടക്കമുള്ള സന്നദ്ധ സേവനങ്ങളും മലയാള വേദി (www.malayaalavedi1.blogspot.com) പോലുള്ള ഭാഷാസ്‌നേഹികളുടെ കൂട്ടായ്‌മയും ഇത്തരം പ്രവര്‍ത്തനങ്ങളുടെ മറ്റൊരു മുഖം തുറന്നു കാട്ടുന്നു. സാമൂഹ്യ ജീവിതത്തിലെ കൂട്ടുകെട്ടുകള്‍ ഇ ജീവിതത്തിലേക്ക്‌ ഫലപ്രദമായി പറിച്ചു നടാന്‍ പുതിയ യുവത്വത്തിന്‌ കഴിയുന്നു എന്നത്‌ ചെറിയ കാര്യമല്ല.

അച്ചടിയുടെ റിപ്പബ്ലിക്ക്‌
അച്ചടിമാധ്യമങ്ങള്‍ക്ക്‌ ബ്ലോഗിനോടുള്ള തൊട്ടുകൂടായ്‌മ മാറിയിട്ട്‌ അധികനാളായില്ല. ജനപ്രിയ ബ്ലോഗുകള്‍ പലതും അച്ചടിച്ച്‌ പുറത്തിറങ്ങിക്കഴിഞ്ഞു അവ സാധാരണക്കാരായ വായനക്കാര്‍ സ്വീകരിക്കുകയും ചെയ്‌തു. ബ്ലോഗിലെ എഴുത്തുകളില്‍ ശ്രദ്ധിക്കപ്പെട്ടവ ബ്ലോഗന എന്ന പേരില്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പും ബ്ലോഗ്‌ സാഹിത്യ റിവ്യൂവുമായി മനോരമയടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളും ബ്ലോഗ്‌ സംബന്ധിച്ച ലേഖനങ്ങളുമായി ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌, ഹിന്ദു അടക്കമുള്ള മാധ്യ
മങ്ങളും പുത്തന്‍ വായനാ മേഖലക്ക്‌ പ്രാധാന്യം കൊടുക്കുന്നുണ്ട്‌. അച്ചടിമാധ്യമങ്ങള്‍ ബ്ലോഗ്‌ ഉപയോഗിക്കുമ്പോള്‍ ബ്ലോഗ്‌ അച്ചടിമാധ്യമങ്ങളെയും ഉപയോഗിക്കുന്നതിന്‌ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ ബുക്‌ റിപ്പബ്ലിക്ക്‌ എന്ന പ്രസിദ്ധീകരണ സംരംഭം. പേരുസൂചിപ്പിക്കുന്നപോലെ തന്നെ പ്രസാധക രംഗത്തെ വിപ്ലവത്തിന്‌ തുടക്കമിടുകയാണ്‌ ബുക്‌റിപ്പബ്ലിക്ക്‌.
വിപണിക്കു പിന്നാലെ കുതിക്കുന്ന പ്രസാധക ലോകത്ത്‌ പുതിയ ഇ - കൂട്ടായ്‌മയാണിത്‌. പുസ്‌തകപ്രേമികളായ ഒരു കൂട്ടം മലയാളികള്‍ www. book-republic.blogspot.com എന്ന ബ്ലോഗിലൊത്തുകൂടി ആരംഭിച്ച പ്രസിദ്ധീകരണ സംരംഭം. ബ്ലോഗില്‍ ലാപുട എന്ന പേരില്‍ കവിതകളെഴുതുന്ന കണ്ണൂര്‍സ്വദേശിയും കൊറിയയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ ടി പി വിനോദ്‌ എന്ന കവിയുടെ നിലവിളിയേക്കുറിച്ചുള്ള കടങ്കഥകള്‍ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ച്‌ കഴിഞ്ഞ ജനുവരിയില്‍ ചരിത്രത്തിലേക്ക്‌ കാലെടുത്തുവച്ചു. മുപ്പതോളം പേര്‍ വരുന്ന ഈ കൂട്ടായ്‌മ അംഗങ്ങളില്‍ നിന്നും ചെറുതുകകള്‍ സമ്പാദിച്ചാണ്‌ പ്രസിദ്ധീകരണത്തിനുള്ള പണം സ്വരൂപിച്ചത്‌. ലോകത്തിന്റെ പലകോണില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ തന്നെയാണ്‌ ടൈപ്പ്‌ സെറ്റിംഗ്‌ മുതല്‍ പരസ്യവും വിതരണവും വരെയുള്ള എല്ലാ ജോലികളും നടത്തുന്നത്‌. തികച്ചും വികേന്ദ്രീകൃതമായ പുസ്‌തക വിതരണ സംരംഭമാണ്‌ ബുക്‌ റിപ്പബ്ലിക്‌. ഓണ്‍ലൈനായോ ടെലഫോണിലോ ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ നേരിട്ടോ വി പി പി ആയോ പുസ്‌തകങ്ങള്‍ എത്തിച്ചുകൊടുക്കും, പുസ്‌തക പ്രസാധന രംഗത്തെ ജനാധിപത്യമാതൃക.

വിശാല മനസ്‌കന്റെ `കൊടകരപുരാണവും' കുറുമാന്റെ യൂറോപ്‌ സ്വപ്‌നങ്ങളും ആര്‍ രാധാകൃഷ്‌ണന്റെ ഒരു `ചെമ്പനീര്‍ പൂവിറുത്ത്‌' എന്ന പുസ്‌തകവും കാപ്പിലാന്റെ `നിഴല്‍ ചിത്രങ്ങളു'മടക്കമുള്ള പുസ്‌തകങ്ങള്‍ ബ്ലോഗില്‍ നിന്നും ഇതിനകം തന്നെ അച്ചടിച്ച്‌ മുഖ്യധാരയിലേക്കു വന്നവയാണ്‌. പക്ഷേ ബ്ലോഗില്‍ നിന്നും സംഘടിതരൂപം കൊണ്ട പ്രസിദ്ധീകരണ കൂട്ടായ്‌മ വെല്ലുവിളിയുയര്‍ത്തുന്നത്‌ വ്യവസ്ഥാപിത അച്ചടി കുത്തകകളോടും അവര്‍ പ്രസിദ്ധീകരിക്കുന്നവ പറയുന്ന വിലകൊടുത്ത്‌ വാങ്ങി വായിക്കേണ്ടിവരുക എന്ന നിവൃത്തികേടിനോടുമാണ്‌. വായനാ സംസ്‌കാരമെന്നത്‌ ചില പ്രസിദ്ധീകരണശാലകള്‍ പ്രചരിപ്പിക്കുന്നവ മാത്രം വായിക്കുക എന്ന നിലയിലേക്ക്‌ അധപതിച്ചുപോയിരിക്കുന്നകാലഘട്ടത്തില്‍ പ്രത്യേകിച്ചും. എഴുത്തുകാരന്റെ ജനപ്രിയതയും റോയല്‍റ്റിയും മറ്റ്‌ വിപണി മൂല്യങ്ങളും അനുസരിച്ചാണ്‌ ഇന്ന്‌ പുസ്‌തകങ്ങള്‍ രംഗപ്രവേശനംചെയ്യുന്നത്‌. ഇത്തരം വിപണി താത്‌പര്യങ്ങളാണ്‌ ഇംഗ്ലീഷ്‌ പൈങ്കിളികള്‍ക്ക്‌ നമുക്കിടയില്‍ പ്രചാരം നല്‍കിയതും പ്രദര്‍ശന വായന (Exhibitionist Reading) എന്നകാമ്പില്ലാത്ത വായനാ സംസ്‌കാരംപ്രചരിപ്പിച്ചതും. വിപണി കേന്ദ്രീകൃതമായ ഈ വായനാ ശൈലിക്കാണ്‌ ബുക്‌ റിപ്പബ്ലിക്‌ പോലുള്ള മാതൃകകളും വെല്ലുവിളിയാകുന്നത്‌.

ഇന്റര്‍നെറ്റ്‌ മുഖ്യധാരയിലേക്ക്‌ കടന്നുവന്നതോടെ വൃത്താന്ത പത്രങ്ങളും പുതിയ മേഖലകള്‍ തേടി. യുനീകോഡ്‌ വെബ്‌സൈറ്റുകളുടെ വരവോടെ ഓണ്‍ലൈന്‍ ദിനപത്രങ്ങളുടെ സ്വീകാര്യത വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ എഡിഷനുകളില്ലാത്ത പത്രമാധ്യമങ്ങള്‍ ഇന്ന്‌ ഇല്ല എന്നു തന്നെ പറയാം. മുന്‍നിര പത്രങ്ങള്‍ക്ക്‌ ഇ പേപ്പര്‍ സംവിധാനങ്ങള്‍ കൂടെ വന്നപ്പോള്‍ ഓണ്‍ലൈന്‍ പത്രവായന എന്നത്‌ കൂടുതല്‍ ജനകീയമായി. ഇത്തരം ഇന്റര്‍നെറ്റ്‌ എഡിഷനുകളില്‍ യുവാക്കള്‍ക്കും സ്‌ത്രീകള്‍ക്കും വിദേശമലയാളികള്‍ക്കുമൊക്കെ പ്രത്യേകം സ്ഥലങ്ങള്‍ കൂടെ അനുവദിക്കപ്പെട്ടത്‌ അവയുടെ പ്രചാരവും വര്‍ദ്ധിപ്പിച്ചു. എഴുത്ത്‌ വായന എന്നിവ പൊതു മാധ്യമത്തില്‍ കുറഞ്ഞുവരുന്നുവെന്ന പരാതി നിലനില്‍ക്കെ മറ്റൊരു മാധ്യമത്തിലൂടെ പുതിയ തലമുറ അത്‌ പ്രോത്സാഹിപ്പിക്കുന്നുവെന്നത്‌ ശ്രദ്ധയര്‍ഹിക്കുന്ന കാര്യമാണ്‌. മലയാളത്തിലെ പത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ വിപുലമായ പോര്‍ട്ടല്‍ എന്ന രൂപം സ്വീകരിച്ചതോടെ ഇന്റര്‍നെറ്റിലെ പത്രവായന എന്നത്‌ പുതിയ വായനാ സംസ്‌കാരം തന്നെയായി മാറി. ദിവസത്തിലൊരു തവണയുള്ള പത്രം വായന എന്ന രീതി മാറി ദിവസം മുഴുവനും അപ്‌ഡേഷനുള്ളതിനാല്‍ എപ്പോഴും പോര്‍ട്ടലിന്റെ പ്രസക്തി നിലനിര്‍ത്തുന്ന തരത്തിലേക്ക്‌ സംവിധാനങ്ങള്‍ മാറി. വായനയില്‍ പ്രത്യേകിച്ച്‌ പത്രവായനയില്‍ വന്ന വലിയ മാറ്റങ്ങള്‍ റിപ്പോര്‍ട്ടുകളെ കൂടുതല്‍ സുതാര്യമാക്കാനും സഹായിച്ചു. ഒപ്പം പത്രങ്ങളുടെ ഡിസ്‌കഷന്‍ ഫോറങ്ങളിലും മറ്റു ചര്‍ച്ചാ വേദികളിലും വായനക്കാര്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ വായനക്കാര്‍ക്കുകൂടെ പങ്കാളിത്തമുള്ള പത്രപ്രവര്‍ത്തനവും ഒപ്പം സിറ്റിസണ്‍ ജേണലിസവും പ്രോത്സാഹിപ്പിക്കപ്പെട്ടു.

റേഡിയോ മുതല്‍ സിനിമ വരെ
അച്ചടി മാധ്യമവും ഇന്റര്‍നെറ്റ്‌ മാധ്യമവും തമ്മിലുള്ള ഇഴയടുപ്പമില്ലെങ്കിലും ബ്രോഡ്‌കാസ്റ്റിംഗ്‌ എന്ന ഇലക്‌ട്രോണിക്‌ മാധ്യമത്തിനും പുതിയ പതിപ്പുകളുണ്ടായിട്ടുണ്ട്‌. ബ്രോഡ്‌കാസ്റ്റിന്റെ ഇ രൂപവും ഈ ശ്രേണിയിലെ പുതുമുഖവുമായ പോഡ്‌കാസ്റ്റ്‌ പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനകം തന്നെ വന്‍ പ്രചാരം നേടിക്കഴിഞ്ഞു. ബ്ലോഗിന്റെ പ്ലാറ്റ്‌ഫോം പരിചിതമായ ആര്‍ക്കും പങ്കെടുക്കാവുന്ന മറ്റൊരു ജനാധിപത്യമാധ്യമരൂപമാണ്‌ പോഡ്‌കാസ്റ്റ്‌. ദൃശ്യവും ശബ്‌ദവുമെല്ലാം ഉപയോഗിച്ചുള്ള സമയ നിഷ്‌ഠയോ സ്ഥലപരിമിതിയോ ബാധകമല്ലാത്ത ബ്രോഡ്‌കാസ്റ്റിംഗ്‌ രൂപം. ടെലിവിഷനോ റേഡിയോക്കോ നിലവില്‍ ഭീഷണിയുയര്‍ത്തുന്നതല്ലെങ്കിലും സെന്‍സര്‍ഷിപ്പ്‌ തുടങ്ങിയ നൂലാമാലകളില്ലാത്ത തീര്‍ത്തും സ്വതന്ത്രമായ പ്രക്ഷേപണ രീതിയെന്ന നിലയില്‍ പോഡ്‌കാസ്റ്റിന്‌ പ്രാധാന്യമുണ്ട്‌. അതുകൊണ്ടുതന്നെ സിറ്റിസണ്‍ജേണലിസത്തിന്റെ വിശാലമായ തലത്തില്‍ നിന്നുവേണം പോഡ്‌കാസ്റ്റിനെ വിലയിരുത്തേണ്ടത്‌.

ബ്ലോഗ്‌സ്വരയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ജോയുടെ എംപോഡും (www.mpod.in) പ്രദീപ്‌കുമാറിന്റെ ഗ്രീന്‍ റേഡിയോവും (www.greenradio.podbean.com) അടക്കമുള്ള സംരംഭങ്ങളും മനോരമഓണ്‍ലൈന്‍ പോഡ്‌കാസ്റ്റും നവമാധ്യമത്തിലെ പുത്തന്‍ കാല്‍വയ്‌പാണ്‌. സ്വന്തമായി ഇന്റര്‍വ്യൂകളും മറ്റും നടത്തി അവ പൊതുജനത്തിലേക്കെത്തിക്കാനും ന്യൂസ്‌ഫീച്ചറുകള്‍ തയ്യാറാക്കി അവതരിപ്പിക്കാനുമുള്ള സാധ്യത ഉപയോഗപ്പെടുത്തിയ പോഡ്‌കാസ്റ്റുകളാണ്‌ മേല്‍പ്പറഞ്ഞവ. സാങ്കേതികവിദ്യയില്‍ തത്‌പരരായ പുതിയ തലമുറ ഇത്തരം ജനാധിപത്യമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്ന മേഖല കൂടുതല്‍ ലളിതവും സാമൂഹ്യപ്രതിപത്തിയുള്ളതുമായി മാറും. സമാനമായ സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ചലനം സൃഷ്‌ടിക്കാനുള്ള ശേഷി പോഡ്‌ കാസ്റ്റിനുണ്ട്‌. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട്‌ പോഡ്‌കാസ്റ്റുകള്‍ ഉണ്ടാവുമ്പോഴാണ്‌ അവക്ക്‌ പുതിയ സമൂഹത്തിലെ പ്രാധാന്യം വിലയിരുത്തപ്പെടുക.

ബ്ലോഗില്‍ നിന്നും ദൃശ്യമാധ്യമത്തിലേക്കുള്ള കാല്‍വെയ്‌പാണ്‌ ബ്ലോഗുകള്‍ വഴിതന്നെ ഒത്തുചേര്‍ന്ന സൗഹൃദസംഘം നിര്‍മ്മിച്ച പരോള്‍ എന്ന ടെലിഫിലിം. സങ്കുചിതന്‍ എന്ന പേരില്‍ ബ്ലോഗ്‌ ചെയ്യുന്ന കെ വി മണികണ്‍ഠന്റെ സങ്കുചിതം എന്ന ബ്ലോഗിലെ `പരോള്‍` എന്ന കഥയാണ്‌ അതേ പേരില്‍ ടെലിഫിലിമായത്‌. പ്രവാസജീവിതത്തില്‍ ബാല്യം നഷ്‌ടപ്പെട്ട ഒരു കുട്ടിയുടെ കഥയായ പരോള്‍ സംവിധാനം ചെയ്‌തത്‌ സനാതന്‍ എന്ന പേരിലറിയപ്പെടുന്ന സനല്‍ ശശിധരന്‍. ഛായാഗ്രഹണം മറ്റൊരു ബ്ലോഗറായ റജി പ്രസാദ്‌. സമാനമായ ടെലിസിനിമകള്‍ ഇനിയും അണിയറയില്‍ ഒരുങ്ങുന്നു. യുവത്വത്തിന്റെ ആര്‍ജ്ജവത്തിന്‌ മാധ്യമം ഒരു തടസ്സമല്ല
എന്ന്‌ നമ്മുടെ പുതിയ തലമുറ വ്യക്തമാക്കുന്നത്‌ ഇത്തരം സംരംഭങ്ങളിലൂടെയാണ്‌. മുന്‍കാലങ്ങളില്‍ യുവാക്കള്‍ക്ക്‌ ഒന്നിക്കുവാന്‍ നിരവധി വേദികളുണ്ടായിരുന്നു. അമ്പലവും ആല്‍ത്തറയും വായനശാലയും ആര്‍ട്‌സ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബുകളുമെന്ന സങ്കല്‌പം വേരറ്റുപോയിട്ടില്ലെങ്കിലും അത്തരം വേദികളിലേക്ക്‌ യുവാക്കളെ നയിക്കുന്ന സാമൂഹിക സാഹചര്യത്തിന്‌ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌ എന്നത്‌ വസ്‌തുതയാണ്‌. പുതിയ സാഹചര്യത്തില്‍ ഇത്തരം കൂട്ടായ്‌മകള്‍ പിറവിടെയുക്കുന്നത്‌ അതേപേരുകളില്‍ തന്നെ അറിയപ്പെടുന്ന ബ്ലോഗുകളിലോ ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റികളിലോ `കൂട്ടം' എന്നു തന്നെ പേരുള്ള മലയാളി കൂട്ടായ്‌മയിലോ ഒക്കെ ആയിരിക്കും. അംഗങ്ങള്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും പരസ്‌പരം സംവദിക്കുന്നു. ആശയങ്ങള്‍ രൂപപ്പെടുത്തുന്നു. ബ്ലോഗ്‌ സ്വരയും പരോള്‍ പോലുള്ള ടെലിഫിലിമുകളും അങ്ങനെ സംഭവിക്കുന്നവയാണ്‌.

ഇ ക്യാംപസ്‌
മാറിയ സാമ്പത്തിക സാമൂഹിക നിലവാരത്തിനും, കേരളത്തിലെ ഉന്നത പഠന മേഖലയില്‍ വരുത്തിയ ഭേദഗതികള്‍ക്കും സമാന്തരമായി നൂറ്റാണ്ടിന്റെ അവസാനത്തോടെ കേബിള്‍ ടെലിവിഷന്‍ ജനകീയമായതും പിന്നാലെ ബ്രോഡ്‌ ബാന്റ്‌ സൗകര്യങ്ങള്‍ക്കു ചിലവു കുറഞ്ഞതും യുവാക്കളുടെ ജീവിത രീതി തന്നെ മാറ്റി മറിച്ചു. കേബിള്‍ ടെലിവിഷന്‍ ഉടുപ്പിലും നടപ്പിലും അഭിരുചികളിലുമാണ്‌ മാറ്റങ്ങള്‍ വരുത്തിയതെങ്കില്‍ ബ്രോഡ്‌ ബാന്റ്‌, ജി പി ആര്‍ എസ്‌ സൗകര്യങ്ങള്‍ വിദ്യാഭ്യാസമേഖലകളിലും പ്രൊഫഷണല്‍ രംഗത്തും വിനോദ മേഖലയിലുമാണ്‌ മാറ്റങ്ങളുണ്ടാക്കിയത്‌. അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ വികസനം ക്യാംപസിന്റെ സ്വഭാവത്തെ എത്രത്തോളം മാറ്റി മറിച്ചു എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ ഒരു കാലത്ത്‌ വന്‍ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക്‌ വേദിയായ കോഴിക്കോട്‌ റീജിയണല്‍ എന്‍ജിനീയറിംകോളജ്‌ ക്യാംപസ്‌. ഐ ഐ ടി യായി മാറിയ ക്യാംപസിലും ഹോസ്റ്റലിലും വൈ ഫൈ ഉള്‍പ്പടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമാണ്‌. ലാപ്‌ടോപ്പിലൂടെ സംസാരിക്കുന്ന പുതിയ തലമുറ. കോളജിലെ ഭരണകാര്യങ്ങള്‍ മുതല്‍ ലൈബ്രറി വരെ ഓണ്‍ലൈന്‍. കോളജ്‌ യൂണിയന്‍ ചെയ്‌തിരുന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കുന്നത്‌ കോളജ്‌ വെബ്‌സൈറ്റിലൂടെയായിമാറി. പുതുതായി വന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റടക്കമുള്ള സ്‌പെഷ്യലൈസ്‌ഡ്‌ ക്യാംപസുകളിലുള്ള അത്ര തീവ്രമല്ലെങ്കിലും കേരളത്തിലെ മറ്റു സാങ്കേതിക വിദ്യാലയങ്ങള്‍ ഇതേ രീതി പിന്തുടരുന്നുണ്ട്‌. ആര്‍ട്‌സ്‌ / സയന്‍സ്‌ കോളജുകള്‍ പക്ഷേ ഇത്രത്തോളം സാങ്കേതികമായി ഉയര്‍ന്നിട്ടില്ലെങ്കിലും സ്വന്തമായി ഒരു വെബ്‌സൈറ്റെങ്കിലുമില്ലാത്ത കോളജുകള്‍ വിരളമാണ്‌. വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ ലൈബ്രറികളിലും സ്വതന്ത്രമായും ഇന്റര്‍നെറ്റ്‌ കഫേകള്‍ പ്രവര്‍ത്തിച്ചുവരുന്നു. അടിസ്ഥാന സാങ്കേതിക വിജ്ഞാനം ലഭിച്ച തലമുറയാണ്‌ ക്യാംപസുകളില്‍ നിന്ന്‌ പുറത്തേക്കു വരുന്നത്‌. നവമാധ്യമരംഗത്തെ കൂട്ടായ്‌മകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതില്‍ കേരളത്തിനു പുറത്തുള്ള മലയാളികളെപോലെതന്നെ സജീവമാണ്‌ ഈ വിദ്യാസമ്പന്നരായ യുവാക്കളും. മുന്‍തലമുറയിലേതു പോലെ സാംസ്‌കാരിക സാഹിത്യ കായിക മേഖലകളില്‍ സജീവമാകുന്നതിന്‌ പുതിയ തലമുറക്ക്‌ അവരുടേതായ പ്രതിബന്ധങ്ങള്‍ ഉണ്ടെങ്കിലും അവരുടെ പ്രതിഭക്ക്‌ പുതിയ രൂപം കൈവരാന്‍ സാങ്കേതിക രംഗത്തെ മാറ്റം സഹായകമായി.

ഇ കാലത്തെ യുവത്വം മുഖ്യധാരാ സാമൂഹ്യ ക്രമത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണെന്ന്‌ പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അവരുടെ ചുറ്റുപാടുകള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കാനാകില്ല. മാറിയ സാഹചര്യത്തിനനുസരിച്ച്‌ ബദലുകള്‍ സൃഷ്‌ടിച്ച്‌ നമ്മുടെ രാഷ്‌ട്രീയ- സാമൂഹ്യ കീഴ്‌വഴക്കങ്ങള്‍ക്ക്‌ പരിചയമില്ലാത്ത സമര രൂപങ്ങളും ആശയവിനിമയരീതികളുമാണ്‌ രൂപപ്പെടുത്തുന്നത്‌. പാരമ്പര്യത്തെ അനുസരിക്കാതെ പൊതു സമൂഹവും `ഇ' സാങ്കേതികവിദ്യയും ഒന്നിക്കുമ്പോള്‍ പലപ്പോഴും ഭരണ - അധികാര കീഴ്‌വഴക്കങ്ങളെ അതിന്‌ വെല്ലുവിളിക്കേണ്ടിവരുന്നു. പുതുതലമുറയെ അംഗീകരിക്കാന്‍ മടിക്കുന്നതും ആശയപരമായ ഭിന്നതയുണ്ടാകുന്നതും ചരിത്രത്തിന്റെ ആവര്‍ത്തനമാണ്‌, മുഖ്യധാരാ സാമൂഹ്യ-രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും, മാധ്യമ/അച്ചടി മുതലാളിത്തവും, പുത്തന്‍ തലമുറയുയര്‍ത്തുന്ന ബദലുകളെ അംഗീകരിക്കാന്‍ മടിക്കുന്നത്‌ ഈ പശ്ചാത്തലത്തില്‍ വേണം കണക്കാക്കാന്‍. പുതുതലമുറയുടെ പ്രതിരോധങ്ങള്‍ ആ നിലക്കാണ്‌ പ്രസക്തമാകുന്നതും.
****
മലയാളം വാരിക വാര്‍ഷികപ്പതിപ്പ്‌ 2009

ചില വിശേഷങ്ങള്‍ കൂടി.
* വിശാലമനസ്‌കന്റെ
ഇരുപതിനായിരം ഉറുപ്യ കെ ജി ജോര്‍ജ്ജ്‌ - ശ്രീനിവാസന്‍ ടീം സിനിമയാക്കുന്നു !!!

* ബ്ലോഗ്‌സ്വരയുടെ നിരയിലേക്ക്‌ ഒരു ഓണ്‍ലൈന്‍ സംഗീത സംരംഭംകൂടി -
www.eenam.com

* ബുക്ക്‌ റിപ്പബ്ലിക്കിന്റെ പുതിയ പുസ്‌തകം - ഡില്‍ഗോ (ആറുമരണങ്ങളുടെ പള്‍പ്പ്‌ ഫിക്ഷന്‍ പാഠപുസ്‌തകം)

മദനി പറഞ്ഞാല്‍ മാറുന്നതാണോ വര്‍ഗീയത


വലതുഭാഗത്ത്‌ പി ഡി പി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മദനി, ഇടത്‌ പൂന്തുറ സിറാജ്‌ നടുവില്‍ സഖാവ്‌ പിണറായി വിജയന്‍, ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഘടകക്ഷിനേതാക്കള്‍ പോലും പിന്‍ നിരയില്‍, കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും പുതിയ `മതേതര' രസതന്ത്രമാണ്‌ പൊന്നാന്നി നിയോജകമണ്‌ഡലത്തില്‍ കഴിഞ്ഞദിവസം ലോകം കണ്ടത്‌. ലീഗുമായിചേരണമെന്നു പറഞ്ഞതിന്‌ എം വി രാഘവനെ പുറത്താക്കിയ അതേ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തീവ്ര വര്‍ഗ്ഗീയ രാഷ്‌ട്രീയത്തിന്‌ പേരുകേട്ട പി ഡി പി നേതാവ്‌ മദനിയുമായി വേദി പങ്കിടുക മാത്രമല്ല പി ഡി പി മുന്നണിക്കൊപ്പമാണെന്ന്‌ പ്രസ്‌താവിക്കുക കൂടി ചെയ്‌ത്‌ മലക്കം മറിച്ചിലിന്‌ പുതിയ അധ്യായം കൂടി എഴുതി ചേര്‍ത്തു. കേരളജനതക്കുമുമ്പില്‍ പരസ്യമായി ഖേദപ്രകടനം(?) നടത്തിയും രാജ്യത്തെ ഏതൊരു ശരാശരി നേതാവും ചെയ്യുന്നപോലെ മതേതര - തീവ്രാവാദ വിരുദ്ധ പ്രസ്‌താവനകള്‍ നടത്തിയും `അഗ്നിശുദ്ധി'വരുത്തിയാണ്‌ മദനി തനിക്കുമുന്നില്‍ നില്‍ക്കുന്നതെന്ന്‌ പിണറായിയും അനുചരന്മാരും വിശദീകരിച്ചത്‌. പാര്‍ട്ടിക്കെതിരെ പ്രസ്‌താവന നടത്തിയാലെന്ന പോലെ കേവലമൊരു വാക്കുമാറ്റിപറഞ്ഞാല്‍ തീരുന്ന കുറ്റമായിരുന്നു മദനി ചെയ്‌തതെന്ന്‌ ലോകത്തിനു മനസ്സിലാക്കികൊടുത്ത സി പി എം നേതാക്കളെ കാല്‍തൊട്ടുനമസ്‌കരിക്കുക തന്നെ വേണം. ഐ എസ്‌ എസ്‌ എന്ന തീവ്രവര്‍ഗീയസംഘടനയുടെ അതേ പ്ലാറ്റ്‌ഫോമില്‍ പേരുമാത്രം മാറ്റി രൂപീകരിച്ച പുതിയ സംഘടയുടെ അണികളെല്ലാം മദനിയുടെ ഖേദപ്രകടനത്തിനൊപ്പം കടുത്ത മതേതരവാദികളായി മാറുമെന്ന്‌ കേരളം വിശ്വസിക്കണമെന്നാണ്‌ സി പി എം നേതൃത്വം ശഠിക്കുന്നത്‌.

തിരഞ്ഞെടുപ്പുവരുമ്പോള്‍ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ പോലും വിശുദ്ധ പാര്‍ട്ടികളായി മാറുന്നത്‌ സി പി എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായല്ല. സാക്ഷാല്‍ ഇ എം എസിനു പോലും വര്‍ഗ്ഗീയ കക്ഷികളുടെ കാര്യത്തില്‍ മനംമാറ്റമുണ്ടായി. ഈ മനംമാറ്റം ബദല്‍ രേഖാ കാലം മുതല്‍ പത്തുവര്‍ഷത്തിനുള്ളില്‍തന്നെ കേരളം കണ്ടതുമാണ്‌. 1984 ല്‍ മുന്നണിയിലുണ്ടായിരുന്ന അഖിലേന്ത്യാ ലീഗിനെ പുറത്തുചാടിക്കാനായിരുന്നു ഇ എം എസിന്റെ ശ്രമം. ബദല്‍രേഖയുണ്ടാകുന്നതും അതിന്റെ മുഖ്യസൂത്രധാരനായ എം വി രാഘവനും പി വി കുഞ്ഞിക്കണ്ണനും പുത്തലത്തു നാരായണനും പാര്‍ട്ടിക്കു പുറത്തുപോകുന്നതും അങ്ങനെയാണ്‌. വീണ്ടും പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞു, ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ ഇ എംഎസ്‌ തന്നെ ഇബ്രാഹിം സുലൈമാന്‍ സേട്ടിനെയും ഒപ്പം അബ്‌ദുള്‍ നാസര്‍ മദനിയെയും മഹാത്മാഗാന്ധിയോട്‌ ഉപമിച്ച്‌ ദേശാഭിമാനിയില്‍ ലേഖനമെഴുതി. ചരിത്രപരമായ ആ മലക്കം മറിച്ചിലിന്‌ പുതിയ സാഹചര്യത്തില്‍ രാഷ്‌ട്രീയ മാനം നല്‍കുകയാണ്‌ പിണറായി വിജയന്‍ ഇന്ന്‌. ഒരിക്കല്‍ ഇം എം എസിനാല്‍ വിശുദ്ധനാക്കപ്പെട്ട അബ്‌ദുള്‍ നാസര്‍ മദനിയാണ്‌ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ വര്‍ഗ്ഗീയപ്രവര്‍ത്തനങ്ങള്‍ക്ക്‌ അറസ്റ്റിലാവുന്നതും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിപ്പെട്ടതും ഒമ്പതുവര്‍ഷങ്ങള്‍ക്കു ശേഷം പുറത്തുവന്ന്‌ വീണ്ടും വിശുദ്ധനാക്കപ്പെട്ട്‌ കേരളത്തിലെ മതേതരാഷ്‌ട്രീയത്തിന്റെ വക്താവായി ഇടതുമുന്നണിക്കുവേണ്ടി വോട്ടുപിടിക്കുന്നതും.

മനുഷ്യത്വത്തിന്റെ ഇരട്ടമുഖം
1998 ഏപ്രിലില്‍ അബ്‌ദുള്‍ നാസര്‍ മദനിയെ അറസ്റ്റ്‌ ചെയ്‌ത്‌ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറുന്നത്‌ ഇന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി കൂടി അംഗമായിരുന്ന നായനാര്‍ മന്ത്രിസഭയുടെ കാലത്തായിരുന്നു. അന്ന്‌ സി പി എമ്മിന്‌ മദനിയും പി ഡി പിയും തീവ്രവാദികളും വര്‍ഗ്ഗീയ രാഷ്‌ട്രീയ കക്ഷിയായിരുന്നു. അതുകൊണ്ടുതന്നെ മദനിയെ വിശുദ്ധനായി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചതില്‍ ഒരു ഏറ്റുപറച്ചിലിന്റെ ധ്വനിയുണ്ട്‌. ആറുവര്‍ഷം മുമ്പ്‌ 1992 ല്‍ കോഴിക്കോട്‌ മുതലക്കുളം മൈതാനിയില്‍ പ്രകോപനപരമായി പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു അന്ന്‌ മദനിയെ അറസ്റ്റ്‌ചെയതത്‌, അതിനും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ പിന്‍ബലം വേണ്ടിവന്നു. ബാബറി മസ്‌ജിദ്‌ തകര്‍ത്തതിനെതുടര്‍ന്ന്‌ കേരളമൊട്ടാകെ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴും മതവൈരം ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തുമ്പോഴും അത്തരം പ്രസംഗങ്ങളുടെ ഓഡിയോ കാസറ്റുകള്‍ കേരളമാകെ വിപണനം ചെയ്യുമ്പോളും കേരളം ഭരിച്ചിരുന്നത്‌ ഇന്ന്‌ മദനിയെ തീവ്രവാദിയെന്ന്‌ വിളിക്കുന്ന യു ഡി എഫ്‌ മന്ത്രിസഭയായിരുന്നു.

യു ഡി എഫ്‌ ഭരണകാലത്ത്‌ മദനി ഒരു ബുദ്ധിമുട്ടുമില്ലാതെ തന്റെ വര്‍ഗീയ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയിയെന്നതിന്‌ ചരിത്രം സാക്ഷി. തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത്‌ തങ്ങള്‍ക്ക്‌ വോട്ടുതന്നതിനാല്‍ പിഡിപിക്കെതിരെ ഒരക്ഷരം മിണ്ടില്ലെന്ന്‌ കേരളാകോണ്‍ഗ്രസ്‌ (ബി) നേതാവ്‌ ഗണേശ്‌കുമാര്‍ ഒരിക്കല്‍ പ്രസ്‌താവിച്ചതും കൂടി ചേര്‍ത്തുവായിച്ചാല്‍ കേരളത്തിലെ ചെറുകക്ഷികള്‍ക്കും വന്‍ കക്ഷികള്‍ക്കും തീവ്രവാദിയായാലും അല്ലെങ്കിലും മദനി എന്ന വോട്ട്‌ ബാങ്ക്‌ എത്രത്തോളം വിലപിടിച്ചതാണ്‌ എന്ന്‌ മനസ്സിലാക്കാം. മദനി വിചാരണതടവുകാരനായി കോയമ്പത്തൂര്‍ സെന്റട്രല്‍ ജയിലില്‍ കഴിഞ്ഞ കാലത്ത്‌ തലയില്‍ മുണ്ടിട്ടും മുണ്ടിടാതെയും അദ്ദേഹവുമായി ചര്‍ച്ച നടത്തുമ്പോഴൊക്കെ ഇടതുപക്ഷക്കാരനായ ടി കെ ഹംസയടക്കമുള്ള നേതാക്കള്‍ നമുക്ക്‌ തരുന്ന സന്ദേശം ഏതു മതേതര പ്രത്യയശാസ്‌ത്രത്തിന്റേതായിരുന്നു. അന്ന്‌ അബ്‌ദുള്‍ നാസര്‍ മദനി എഴുപതു നിരപരാധികള്‍ കൊല്ലപ്പെട്ട, അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയെ വധിക്കാന്‍ നടത്തിയ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പതിനാലാം പ്രതിയായിരുന്നു എന്നതും നാം ഓര്‍ക്കണം. വിചാരണത്തടവുകാരനായി വര്‍ഷങ്ങള്‍ കിടന്ന മലയാളിയെന്ന വികാരമായിരുന്നു ആ നേതാക്കള്‍ക്കെങ്കില്‍ അതേ കേസില്‍ പ്രതിയായി അത്രതന്നെ വര്‍ഷം ജയിലില്‍ കഴിഞ്ഞ എട്ടോളം മലയാളികള്‍ അവിടെയുണ്ടായിരുന്നു, അവരെപറ്റിയൊന്നും ഒരു സഹതാപ വാക്കും ആരും പറഞ്ഞു കേട്ടില്ല.

1998 ഏപ്രിലിനു മുന്‍പുള്ള മദനിയെ കേരളം മറക്കണമെന്നാണ്‌ സി പി എം നേതൃത്വത്തിന്റെ തീര്‍പ്പ്‌. സാങ്കേതികമായി കുറ്റവിമുക്തനാക്കപ്പെട്ടവനായാലും ഒമ്പതുവര്‍ഷം വിചാരണത്തടവുകാരനായി ജയിലില്‍ പീഡനമനുഭവിച്ചാലും ദയ തോന്നേണ്ടത്‌ അബ്‌ദുള്‍ നാസര്‍ മദനി എന്ന വ്യക്തിയോട്‌ മാത്രമാണ്‌. അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളില്‍ ആകൃഷ്‌ടരായി തീവ്ര വര്‍ഗ്ഗീയ പ്രസംഗങ്ങളില്‍ അഭിരമിച്ച്‌ പ്രവര്‍ത്തന രംഗത്തിറങ്ങിയ അണികളെല്ലാം ഒറ്റദിവസം കൊണ്ട്‌ മനസ്സുമാറി രാജ്യസേവകരായിയെന്ന്‌ കരുതുന്നത്‌ ശുദ്ധ മണ്ടത്തരമാണ്‌.

രാഷ്‌ട്രീയ ഇസ്ലാം കെട്ടിപ്പടുക്കുന്നു
കേരളത്തില്‍ മുസ്ലീം മതവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ശക്തിയായ ഒരു രാഷ്‌ട്രീയപാര്‍ട്ടിയില്ല എന്ന കണ്ടെത്തലില്‍ നിന്നാണ്‌ 1988 ല്‍ മദനി ഇസ്ലാം സേവാ സംഘ്‌ എന്ന ഐ എസ്‌ എസ്‌ രൂപീകരിക്കുന്നത്‌. രാഷ്‌ട്രീയ ഇസ്ലാം എന്ന കാഴ്‌ചപ്പാടിന്റെ മുഖ്യ വക്താക്കളില്‍ അബ്‌ദുള്‍ നാസര്‍ മദനി സ്ഥാനം പിടിക്കുന്നതും അങ്ങനെയാണ്‌. അന്നുമുതല്‍ തന്നെ മുസ്ലീം ലീഗായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ശത്രു. പേരില്‍ മാത്രം മുസ്ലീമുള്ള പാര്‍ട്ടിയെന്നാണ്‌ അന്ന്‌ മദനി ലീഗിനെ പരിഹസിച്ചുകൊണ്ടിരുന്നത്‌. മുസ്ലീംലീഗിന്റെ വലതുപക്ഷ മിതവാദ നയങ്ങളില്‍ അതൃപ്‌തിയുള്ള ഒരു പറ്റം മുസ്ലീം വിഭാഗങ്ങളിലായിരുന്നു ഐ എസ്‌ എസിന്റെ കണ്ണ്‌. ആ കാലത്ത്‌ കേരളത്തിലെ അറിയപ്പെടുന്ന മതപ്രഭാഷകനെന്ന ലേബല്‍ സംഘടനാ രൂപീകരണത്തിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുകയും ചെയ്‌തു. എത്രത്തോളം വര്‍ഗ്ഗീയ വിഷം ആളികത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗമെന്ന്‌ അന്ന്‌ ചൂടപ്പം പോലെ വിറ്റുപോയ ഇന്നും വിപണിയില്‍ പലയിടത്തും ലഭിക്കുന്ന ഓഡിയോ കാസറ്റുകള്‍ തന്നെ തെളിവ്‌.

അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന രണ്ട്‌ കാര്യങ്ങളായിരുന്നു മദനിക്ക്‌ പിന്നീടുള്ള രാഷ്‌ട്രീയ ജീവിതത്തില്‍ അദ്ദേഹത്തെ ഏറെ സഹായിച്ചത്‌. ഒന്ന്‌ ബോംബ്‌ സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ കാല്‌ നഷ്‌ടപ്പെട്ടത്‌, രണ്ട്‌ 1992 ല്‍ ബാബറി മസ്‌ജിദ്‌ പൊളിച്ചത്‌. തന്റെ വെപ്പുകാല്‍ ഉയര്‍ത്തികാണിച്ച്‌ അണികളെ പ്രകോപിതരാക്കാന്‍ മദനി ഉപയോഗിച്ചിരുന്നതെങ്കില്‍ ബാബറി മസ്‌ജിദ്‌ പൊളിച്ച സംഭവം മുന്‍നിര്‍ത്തി വര്‍ഗ്ഗീയ വിഷം ആളിക്കത്തിക്കാന്‍ അദ്ദേഹത്തിന്‌ അവസരമൊരുക്കുകയായിരുന്നു. തീപാറുന്ന പ്രസംഗങ്ങളില്‍ ആകൃഷ്‌ടരായ യുവാക്കളില്‍ തീവ്രവാദ വികാരം കുത്തിനിറക്കാന്‍ മദനിക്കു യഥേഷ്‌ടം കഴിഞ്ഞിരുന്നു. അദ്ദേഹം അറസ്റ്റിലാകുന്നതുവരെ നിരവധി കേസുകളാണ്‌ കേരളത്തിലെ പലയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌.തീര്‍ത്തും രഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തിച്ച സംഘടനയായിരുന്നു ഐ എസ്‌ എസ്‌. മദനിയുടെ ക്യാംപുകളില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ നിന്നും അക്കാലത്ത്‌ ബ്ലാക്ക്‌ ക്യാറ്റ്‌ യൂണിഫോമുകളും സ്‌ഫോടകവസ്‌തുക്കളും തോക്കുകളുമൊക്കെ കണ്ടെടുത്തിരുന്നു. ഒരു സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ ഹെഡ്‌മാസ്‌റ്ററായിരുന്ന അബ്‌ദുള്‍ സമദിന്റെ മകന്‍ ടി എം അബ്‌ദുള്‍നാസറില്‍ നിന്നും ലോകമറിയുന്ന അബ്‌ദുള്‍ നാസര്‍ മദനിയായത്‌ തീര്‍ത്തും ദുരൂഹമായ സാഹചര്യങ്ങളിലൂടെയാണ്‌. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിനെ ഓര്‍മ്മിപ്പിക്കുന്ന ഐ സി എസ്‌, മുസ്ലീം മത പണ്‌ഡിതനാണെന്നു സൂചിപ്പിക്കുന്ന മദനി എന്നീ പദങ്ങള്‍ ഘടിപ്പിച്ചുകൊണ്ടാണ്‌ മദനി രംഗപ്രവേശനം ചെയ്യുന്നതുതന്നെ. പലയിടത്തും യൂണീഫോമിട്ട `ബ്ലാക്‌ ക്യാറ്റു`കളുടെ അകമ്പടിയും അദ്ദേഹത്തിനുണ്ടായിരുന്നു. മുസ്ലീംലീഗില്‍ നിന്നും പ്രവര്‍ത്തനത്തിലും വീക്ഷണത്തിലും എത്രത്തോളം വ്യത്യസ്‌തമായ പാര്‍ട്ടിയാണ്‌ മദനിയുടെ സംഘടന എന്ന്‌ മനസ്സിലാക്കണമെങ്കില്‍ 1992 ലെ ബാബറി മസ്‌ജിദ്‌ പൊളിച്ചതിനു ശേഷമുണ്ടായ അക്രമങ്ങളുടെ തീവ്രത പരിശോധിച്ചാല്‍ മതി. മലപ്പുറമടക്കമുള്ള സ്ഥലങ്ങളില്‍ വന്‍ ആക്രമണങ്ങളാണ്‌ ഐ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ നടത്തിയത്‌. അതേസമയം മുസ്ലീംലീഗ്‌ അനുയായികള്‍ ആ സമയങ്ങളില്‍ കഴിയുന്നത്ര സംയമനം പാലിച്ചു. മുസ്ലീം ലീഗ്‌ സ്വീകരിച്ച നിലപാടിനെ പരസ്യമായി അന്നുമുതലിങ്ങോട്ട്‌ നിശിതമായി വിമര്‍ശിക്കുകയു ചെയ്‌തു മദനിയും അദ്ദേഹത്തിന്റെ സംഘടനയും. കുടപ്പനക്കല്‍ തറവാടിനെ ചുറ്റിപറ്റിവളരുന്ന പാര്‍ട്ടിയായി ലീഗ്‌ അധപതിച്ചത്‌ മദനിയക്ക്‌ ആളെകൂട്ടാന്‍ എളുപ്പമുണ്ടാക്കുകയും ചെയ്‌തു. അന്നത്തെ സവിശേഷസാഹചര്യത്തില്‍ നരസിംഹറാവു സര്‍ക്കാര്‍ വി എച്ച്‌ പിക്കും ആര്‍ എസ്‌ എസ്‌ അടക്കമുള്ള പാര്‍ട്ടികള്‍ക്കുമൊപ്പം നിരോധിച്ച സംഘടയാണ്‌ ഐ എസ്‌ എസ്‌. ആ നിരോധനത്തിനു ശേഷം ഐ എസ്‌ എസ്‌ ഒറ്റ രാത്രികൊണ്ട്‌ പേരുമാറി പുതിയ പാര്‍ട്ടിയാകുകയായിരുന്നു. പാര്‍ട്ടിയുടെ സ്വത്തുക്കളും അണികളും നേതാക്കളും അന്യം നിന്നു പോകാതെ പുതിയ പാര്‍ട്ടി പിറന്നു ... പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ,നേതാക്കളെല്ലാം പഴയവര്‍, ആശയവും അണികളും പഴയത്‌.

സമീപകാലത്തുമാത്രം സി പി എമ്മിന്റെ ശത്രുപക്ഷത്തില്‍ സ്ഥാനം പിടിച്ച എന്‍ ഡി എഫിന്‌ പി ഡി പിയെന്ന രാഷ്‌ട്രീയ കക്ഷിയിലുള്ള സ്വാധീനവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തിരിച്ചറിയേണ്ടതാണ്‌. അബ്‌ദുള്‍ നാസര്‍ മദനി ജയിലിനകത്തായപ്പോഴുണ്ടായ വിടവ്‌ എന്‍ ഡി എഫ്‌ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വഴിമരുന്നായി. മദനി പിന്തുടര്‍ന്ന അതേ നയങ്ങളും അതേ കേഡര്‍ സംഘടനാ സ്വഭാവവുമാണ്‌ എന്‍ ഡി എഫിന്റേതും. മദനി ജയിലില്‍ കഴിഞ്ഞ കാലത്ത്‌ വന്‍ തോതില്‍ സഹായ ഫണ്ടെന്ന പേരില്‍ എന്‍ ഡി എഫ്‌ പണം പിരിച്ചിരുന്നെങ്കിലും പിന്നീട്‌ അത്‌ എന്തുചെയ്‌തെന്ന്‌ ആര്‍ക്കുമറിയില്ല. അദ്ദേഹം ജയിലില്‍ നിന്ന്‌ പുറത്തുവരാതെ വര്‍ഷങ്ങള്‍ കഴിഞ്ഞ സമയത്ത്‌ പി ഡി പിയില്‍ മൂര്‍ഛിച്ച അന്ത:ഛിദ്രം മുതലെടുത്ത്‌ ഒരു വിഭാഗത്തെ എന്‍ ഡി എഫിലേക്കാകര്‍ഷിക്കാനും അവര്‍ ശ്രമം നടത്തിയിരുന്നു. അതില്‍ അവര്‍ ഏറെകുറേ വിജയിക്കുകയും ചെയ്‌തിരുന്നു. അത്തരത്തില്‍ എന്‍ ഡി എഫിനു പെട്ടെന്ന്‌ സ്വാധീനിക്കുവാന്‍ കഴിയുന്ന അണികള്‍ നിരവധി ഇന്ന്‌ പി ഡി പിയിലുണ്ട്‌. എന്‍ ഡി എഫിന്റെ തീവ്ര ആശയങ്ങളുടെ ജ്വാല കൂടി തട്ടിയ പ്രവര്‍ത്തകരില്‍ പലരും മദനിയുടെ പ്രസ്‌താവനയില്‍ വിശ്വസിച്ച്‌ ഒരു ദിവസം കൊണ്ട്‌ മതേതരവാദികളും സാമൂഹ്യ അച്ചടക്കം പുലര്‍ത്തുന്നവരുമായെന്ന്‌ എങ്ങനെ കരുതാന്‍ കഴിയും.
- മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്‌ -

സൈബര്‍ നാസിസം


യുദ്ധങ്ങള്‍ പല തരത്തിലുണ്ട്‌. സാങ്കേതിക വിദ്യയുടെ ഇ-കാലത്ത്‌ യുദ്ധക്കളം യുദ്ധക്കളം സൈബര്‍ ലോകമാണ്‌. അവിടെ നടക്കുന്നത്‌ ഇ - ബോംബിംഗാണ്‌. സായുധ യുദ്ധത്തിന്റെ ലക്ഷ്യങ്ങളല്ല, ഇ-യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍. ചോരയൊഴുകുന്നില്ലെങ്കിലും പുതിയ കാലത്തിന്റെ ജീവനാഡികളെയാണ്‌ ഇ-യുദ്ധം ബാധിക്കുന്നത്‌.
------------------------------------------------------------------------------------------
രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടേയും ഭീകരപ്രവര്‍ത്തനങ്ങളുടേയും പുതിയ മേഖലയായി ഇന്റര്‍നെറ്റ്‌ മാറിക്കഴിഞ്ഞു. മുംബൈയിലെ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്‌താനും തമ്മില്‍ സൈബര്‍ ആക്രമണങ്ങള്‍ മൂര്‍ഛിച്ചതിനു തെളിവായി ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇസ്രയേല്‍ - പാലസ്‌തീന്‍ സംഘര്‍ഷത്തോടനുബന്ധിച്ചും മുഹമ്മദ്‌ നബിയുടെ അപഹാസ്യമായ കാര്‍ട്ടൂണ്‍ പുറത്തുവന്നപ്പോഴും ആഗോള മത്സരത്തിന്റെ ഭാഗമായി ചൈന, റഷ്യ, അമേരിക്ക തുടങ്ങിയ വന്‍ശക്തികള്‍ തമ്മിലും സൈബര്‍ ആക്രമണങ്ങളുണ്ടായി. ആദ്യകാലത്ത്‌ മാനസികരോഗികളായി മാത്രം കണ്ടിരുന്ന ഹാക്കര്‍മാര്‍ ശക്തമായ അടിത്തറയുള്ള ഇ- ഭീകരഗ്രൂപ്പുകളായി രൂപാന്തരപ്പെട്ടു എന്നു മാത്രമല്ല അവര്‍ നിലവിലുള്ള ഭീകരസംഘടകളോട്‌ സാമ്യമുള്ള പേരുകള്‍ പോലും സ്വീകരിക്കുകയും അവരുടെ ഇന്റര്‍നെറ്റ്‌ പരിഛേദമാണെന്ന്‌ അവകാശപ്പെടുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഹാക്കര്‍ഗ്രൂപ്പുകള്‍ അനുദിനം ശക്തമായി വരുന്ന ഇക്കാലത്ത്‌ കേന്ദ്രീകൃതമായ ഒരു നിയന്ത്രണസംവിധാനം പോലും ഇല്ലാതെ സൈബര്‍മേഖല കൂടുതല്‍
സംഘര്‍ഷഭരിതമാവുകയാണ്‌.
ഏതാണ്ട്‌ 120 ല്‍ പരം രാജ്യങ്ങള്‍ ഭരണ സൈനിക സാമ്പത്തികമേഖലയില്‍ ഇന്റര്‍നെറ്റിനെ സുപ്രധാന മാധ്യമമായി ഉപയോഗിക്കുന്നു എന്നാണ്‌ കണക്ക്‌. അതിനൊപ്പം തന്നെ ഷോപ്പിംഗും ബാംങ്കിംഗും അടക്കം വ്യക്തിഗത കാര്യങ്ങളും നിര്‍വ്വഹിക്കപ്പെടുന്നത്‌ പലപ്പോഴും ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തിയാണ്‌. സാമ്പത്തികമായും ഭരണനിര്‍വ്വഹണ മേഖലയിലും വന്‍ തിരിച്ചടികള്‍ നല്‍കാവുന്ന ഇത്തരം സംവിധാനങ്ങളാണ്‌ ഹാക്കര്‍ ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യവും. ക്രഡിറ്റ്‌ കാര്‍ഡ്‌ സേവനങ്ങളും മണിട്രാന്‍സ്‌ഫര്‍ സംവിധാനങ്ങളും തട്ടിപ്പുകള്‍ക്ക്‌ ഇരയാവുന്നത്‌ സര്‍വ്വസാധാരണമാണ്‌. ഈയിടെ ഹാക്കര്‍മാര്‍ തകര്‍ത്തുകളഞ്ഞതില്‍ ആന്ധ്രാപ്രദേശ്‌ സി ഐ ഡി വിംഗിന്റെ ഔദ്യോഗിക സൈറ്റുമുതല്‍ നാറ്റോ സേനയുടെയും അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടേയും വെബ്‌ സൈറ്റുകള്‍ വരെയുണ്ട്‌. സൈബര്‍യുദ്ധം വ്യാപകമായി രൂപപ്പെട്ടുവന്ന ഈ പതിറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ അന്യോന്യം പകപോക്കലായിരുന്നു ലക്ഷ്യമെങ്കില്‍ രണ്ടാം പകുതിയില്‍ കാണുന്നത്‌ ആസൂത്രിതവും ശക്തവുമായ ആക്രമണമാണ്‌. ഹാക്കര്‍ എന്ന സാമാന്യ നിര്‍വചനത്തില്‍ നിന്നും സൈബര്‍ നാസികള്‍ എന്ന വ്യക്തമായ ചട്ടക്കൂടിലേക്ക്‌ ഇവര്‍ എത്തിച്ചേരുന്നത്‌ കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളിലാണ്‌. വന്‍സാമ്പത്തിക പിന്തുണയുള്ള സുസംഘടിതമായ സംഘങ്ങളായി മാറിയിരിക്കുന്നു ഇന്ന്‌ ഹാക്കര്‍ഗ്രൂപ്പുകള്‍.

സൈബര്‍ യുദ്ധങ്ങള്‍
ഐഡന്റിറ്റ്‌ തെഫ്‌റ്റ്‌ എന്ന സാധാരണ ഹാക്കിംഗിനേക്കാള്‍ വളരെ ഗൗരവമായ മാനങ്ങളാണ്‌ സൈബര്‍ യുദ്ധങ്ങള്‍ക്കുള്ളത്‌. പാസ്വേര്‍ഡുകളോ മറ്റ്‌ സെക്യൂരിറ്റി സംവിധാനങ്ങളോ ഉപയോഗിച്ച്‌ രഹസ്യമാക്കിവച്ചിരിക്കുന്ന മേഖലകളില്‍ കടന്നു കയറി കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നവയെയെല്ലാം ഹാക്കിംഗ്‌ എന്നു വിശേഷിപ്പിക്കാം. രാജ്യസുരക്ഷ, അടിസ്ഥാനസൗകര്യങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങി ഒരു രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ നുഴഞ്ഞുകയറി നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുന്നതാണ്‌ സൈബര്‍ യുദ്ധങ്ങളുടെ പൊതു രീതി. ബന്ധപ്പെട്ട വൈബ്‌സൈറ്റിലെ വിവരങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ നശിപ്പിച്ച്‌ കളഞ്ഞോ മാറ്റം വരുത്തിയോ തങ്ങളുടെ ആവശ്യങ്ങളും സന്ദേശങ്ങളും ഹോംപേജില്‍ പതിച്ച്‌ ഭീഷണി സന്ദേശം മുഴക്കുകയാണ്‌ സൈബര്‍സൈനികര്‍ (സൈബര്‍ വാര്യേഴ്‌സ്‌) സാധാരണയായി ചെയ്യാറുള്ളത്‌. ആഭ്യന്തര വിവര വിനിമയ സംവിധാനങ്ങളില്‍ കടന്നുകയറി കുഴപ്പം സൃഷ്‌ടിക്കാനും ഇവര്‍ക്കു കഴിയും.

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നടന്ന സുപ്രധാന രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെയെല്ലാം ഉപോല്‍പ്പന്നമായി സൈബര്‍ മേഖലയിലും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്‌. മധ്യേഷ്യയിലും പശ്ചിമേഷ്യയിലും നടന്ന സംഘര്‍ഷങ്ങളാണ്‌ ഇവയില്‍ ഏറ്റവും തീവ്രം. ഇന്റര്‍നെറ്റിന്‌ മാറിയ ലോകത്ത്‌ കൂടുതല്‍ പ്രാധാന്യം കൈവരുന്നതനുസരിച്ച്‌ ആക്രമണത്തിന്റെ തീവ്രതയും കൂടി വരികയാണ്‌. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്‌ ടീം (cert - in) ന്റെ കണക്കുകള്‍ പ്രകാരം 2006 - 2008 വര്‍ഷത്തില്‍ ഇന്ത്യയില്‍ മാത്രം തകര്‍ക്കപ്പെട്ടത്‌ 15,538 വെബ്‌സൈറ്റുകളാണ്‌ (റിപ്പോര്‍ട്ടു ചെയ്യപ്പെടാത്തത്‌ ഇതിലും എത്രയോ കൂടുതല്‍ വരും). ഈയിടെ ഗാസയില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തോടനുബന്ധിച്ച്‌ കൊടുമ്പിരികൊണ്ട സൈബര്‍ യുദ്ധത്തില്‍ ജനുവരി പതിനാറുവരെ 16,734 വെബ്‌സൈറ്റുകള്‍ തകര്‍ത്തതായാണ്‌ കണക്ക്‌ . 2006 ല്‍ മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആയിരക്കണക്കിന്‌ ഡാനിഷ്‌, അമേരിക്കന്‍ വെബ്‌സൈറ്റുകള്‍ തകര്‍ക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം ഫിറ്റ്‌ന (Fitna) എന്ന മുസ്ലീം വിരുദ്ധ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന്‌ നെറ്റ്‌ ഡെവിള്‍ എന്നഹാക്കര്‍ നൂറുകണക്കിന്‌ ഡച്ച്‌ വെബ്‌സൈറ്റുകള്‍ പിടിച്ചെടുത്തു. പെറുവും ചിലിയും തമ്മില്‍ പെസിഫിക്‌ സമുദ്രത്തിലേ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷമുണ്ടായപ്പോഴും ഇരുകൂട്ടരുടേയും വെബ്‌ സൈറ്റുകള്‍ ആക്രമിക്കപ്പെട്ടുവെങ്കിലും അത്‌ അത്ര വിനാശകരമായിരുന്നില്ല. 1991 ലെ ഗ്രേറ്റ്‌ ഹാക്കര്‍ വാര്‍ എന്നറിയപ്പെടുന്ന ഹാക്കര്‍മാര്‍ തമ്മിലുണ്ടായ യുദ്ധം പോലെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയല്ലാതെയും യുദ്ധം നടക്കുന്നുണ്ട്‌ പക്ഷേ അവ ചെറിയ ചില ഏറ്റുമുട്ടലായി അവസാനിക്കാറാണ്‌ പതിവ്‌.ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ഇന്റര്‍നെറ്റ്‌ ശൃംഘലയില്‍ നുഴഞ്ഞുകയറി രാജ്യങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും കൂടുതല്‍ പ്രചാരമുള്ള വെബ്‌സൈറ്റുകളും തകര്‍ക്കുന്ന പുതിയ ആക്രമണരീതി പലപ്പോഴും ബോബിംഗിനോളം പ്രാധാന്യം കൈവരുന്നതാണ്‌. ലോകത്തിനു മുന്നില്‍ തങ്ങളുടെ ആവശ്യങ്ങളും ആക്രമണശേഷിയും തുറന്നുകാണിക്കുന്ന യുദ്ധതന്ത്രത്തിന്റെ പുതിയ രൂപമായി ഇതിനെ കണക്കാക്കാം. ഇത്തരം ആക്രമണം ലോകമെങ്ങും ആളുകള്‍ നിരന്തരം വീക്ഷിക്കുന്ന ബി ബി സി പോലുള്ള വെബ്‌സൈറ്റുകളിലോ ഗൂഗിളിന്റെ സെര്‍ച്ച്‌ പേജിലോ ആണ്‌ സംഭവിക്കുന്നതെങ്കില്‍ ആക്രമണത്തിന്റെ വ്യാപ്‌തി അതിലും കൂടും.

മുംബൈ ആക്രമണത്തിന്‌ രണ്ട്‌ ദിവസം മുമ്പാണ്‌ (നവംബര്‍ 24) ഒ എന്‍ ജി സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ ആക്രമിച്ച്‌ ഇന്ത്യയുമായുള്ള സൈബര്‍യുദ്ധം വീണ്ടും ശക്തമാകുന്നത്‌ എന്നത്‌ ചിലപ്പോള്‍ യാദൃഛിമാകാം. പാകിസ്‌താന്‍ ഗ്രൂപ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ ഒരു വലിയ പങ്കും co.in, net.in, org.in, net.in
തുടങ്ങിയ ഇന്ത്യന്‍ ഡൊമെയ്‌നുകളും സര്‍ക്കാര്‍ ഡൊമെയ്‌നുകളായ gov.in ഉം ആണ്‌. ആക്രമണം രൂക്ഷമായ നവംബര്‍ , ഡിസംബര്‍ മാസങ്ങളില്‍ മൊത്തം നാശനഷ്‌ടത്തിന്റെ 90 ശതമാനവും ഇത്തരം വെബ്‌സൈറ്റുകളാണ്‌. അതിനു മുമ്പുള്ള മാസങ്ങളെ അപേക്ഷിച്ച്‌ കൃത്യമായ ലക്ഷ്യത്തോടെയുള്ള ആക്രമണമായിരുന്നു ഈ മാസങ്ങളിലുണ്ടായത്‌. പാകിസ്‌താന്‍ സൈബര്‍ ആര്‍മി (PCA), സോംബി കെ എസ്‌ എ (Zombie_ksa), പാക്‌ബഗ്‌സ്‌ ഇസെഡ്‌ കമ്പനി (Pakbugs Z-company), പാകിസ്‌താന്‍ ഹാക്കേഴ്‌സ്‌ കമ്പനി (PHC) ജി ഫോഴ്‌സ്‌ തുടങ്ങിയ പാകിസ്‌താനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ്‌ ഇന്ത്യയുടെ സെര്‍വറുകളില്‍ കയറി നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. ഇന്ത്യയുടെ ഭാഗത്തുനിന്നും ഇന്ത്യന്‍ സൈബര്‍ വാര്യേഴ്‌സ്‌ (ICW) എച്ച്‌ എം ജി (ഹിന്ദു മിലിറ്റന്റ്‌ ഗ്രൂപ്പ്‌), തുടങ്ങിയ ഗ്രൂപ്പുകള്‍ പാകിസ്‌താനെതിരേയും പ്രവര്‍ത്തിക്കുന്നു.

പാകിസ്‌താന്‍ സൈബര്‍ ആര്‍മിയുടെ നേതൃത്വത്തിലുള്ള ഹാക്കര്‍മാര്‍ ഇന്ത്യയുടെ ആഞ്ചോളം വെബ്‌സൈറ്റുകളില്‍ (www.ongcindia.com, www.syscontech.in, www.iirs.gov.in, www.ctram.indianrail.gov.in, www.kvrtm.org.in) കടന്നു കയറി കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചതോടെയാണ്‌ രംഗം ചൂടുപിടിച്ചത്‌. പാകിസ്‌താന്റെ ഓയില്‍ ആന്റ്‌ ഗ്യാസ്‌ റഗുലേറ്ററി അതോറിറ്റിയുടെ (ഒ ജി ആര്‍ എ) വെബ്‌സൈറ്റ്‌ എച്ച്‌ എം ജി എന്ന സംഘടന പിടിച്ചെടുത്തെന്നും ആക്രമണം അന്വേഷിക്കണമെന്നും തങ്ങള്‍ ഉറങ്ങുകയാണ്‌ മരിച്ചിട്ടില്ല എന്നുമുള്ള ഭീഷണി മുഴക്കിയാണ്‌ ഒ എന്‍ ജി സിയുടെ വെബ്‌ സൈറ്റ്‌ അവര്‍ ആക്രമിച്ചത്‌, ആക്രമിച്ചവരുടെ പേരും ലക്ഷ്യങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. തങ്ങളുടെ വെബ്‌സൈറ്റ്‌ ഹാക്കുചെയ്‌തത്‌ ഒരു പയ്യന്‍ ഒപ്പിച്ച വേലയായതുകൊണ്ടുതന്നെ അതത്ര ഗൗരവമുള്ള കാര്യമല്ലെന്നും എന്നാല്‍ തങ്ങളുടെ ആക്രമണം തികച്ചും ആസൂത്രിതമാണ്‌, ശക്തമായ രീതിയില്‍ തിരിച്ചടിക്കാന്‍ തങ്ങള്‍ക്കറിയാം എന്ന്‌ ഇന്ത്യക്കാര്‍ തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ മനസ്സിലാക്കുമെന്നും ഭീഷണി മുഴക്കി. പാകിസ്‌താന്‍ സൈബര്‍ ആര്‍മിയുടെ പോര്‍വിളികള്‍ക്ക്‌ പാകിസ്‌താനിലെ മറ്റു ഹാക്കര്‍ വിഭാഗങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. ഇവര്‍ നയിച്ച ഫോറങ്ങളില്‍ സമാന ആശയക്കാരായ ഹാക്കര്‍മാര്‍ അവരവരുടെ വികാരങ്ങള്‍ പങ്കുവച്ചു. കടുത്ത ഇന്ത്യാവിരുദ്ധവികാരമായിരുന്നു ഇത്തരം വെബ്‌സൈറ്റുകളില്‍ കത്തിപ്പടര്‍ന്നത്‌. തൊട്ടുപിന്നാലെ ആന്ധ്രപ്രദേശ്‌ സി ഐ ഡി യുടെ ഒഫീഷ്യല്‍ വെബ്‌ സൈറ്റും (www.cidap.gov.in ) ,ബാങ്ക്‌ ഓഫ്‌ ബറോഡയുടെ വെബ്‌ സൈറ്റും (www.bankofbaroda.com ), ആന്ധ്രപ്രദേശ്‌ സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌ സൈറ്റായ എപി ഓണ്‍ലൈനും (ww.aponline.gov.in) അടക്കം കുറച്ചു വെബ്‌സൈറ്റുകള്‍ സോംബി കെ എസ്‌ എ എന്ന സൗദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടന തകര്‍ത്തു. ആന്ധ്രപ്രദേശ്‌ സി ഐ ഡി വെബ്‌സൈറ്റില്‍ നിന്നും മോസ്റ്റ്‌ വാണ്ടഡ്‌ ലിസ്റ്റും എടുത്തുകളഞ്ഞു.

1997 മുതല്‍ 2002 വരെ നീണ്ടുനിന്ന സൈബര്‍ യുദ്ധത്തിനു ശേഷം നടന്ന വലിയ ആക്രമണമായിരുന്ന ഇത്തവണത്തേത്‌. അന്ന്‌ പാകിസ്‌താന്‍ ഹാക്കേഴ്‌സ്‌ ക്ലബ്ബും ജി ഫോഴ്‌സും ചേര്‍ന്ന്‌ നശിപ്പിച്ചത്‌ നൂറോളം ഇന്ത്യന്‍ വെബ്‌സൈറ്റുകളായിരുന്നു, അവയില്‍ നല്ലൊരു പങ്കും സാധാരണ വെബ്‌സൈറ്റുകളുമായിരുന്നു, എന്നാല്‍ ഇന്ന്‌ ആക്രമണം സുപ്രധാന മേഖലയിലെ വെബ്‌ സൈറ്റുകളോടാണ്‌. അന്ന്‌ എന്‍ ഇ ഒ (NEO)എന്ന പേരിലറിയപ്പെടുന്ന ഇന്ത്യന്‍ ഹാക്കറാണ്‌ അഞ്ചുവര്‍ഷം നീണ്ട യുദ്ധം ഒത്തുതീര്‍പ്പിലെത്തിച്ചത്‌. പിന്നീട്‌ ഇരു ഭാഗത്തും ഒറ്റപ്പെട്ട ആക്രമണങ്ങളുണ്ടായി. കാലം മാറിയപ്പോള്‍ വെബ്‌സൈറ്റുകള്‍ക്കു പുറമെ ഓര്‍ക്കുട്ട്‌ എന്ന പ്രശസ്‌തമായ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകള്‍ വഴിയും ബ്ലോഗുകള്‍ വഴിയും പാക്‌ ഹാക്കര്‍മാരും ഭീകര ഗ്രൂപ്പുകളും അവരുടെ പ്രവര്‍ത്തനം തുടങ്ങി. ഓര്‍ക്കുട്ടിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ പിടിച്ചെടുത്ത്‌ ഇന്ത്യാവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ പാകിസ്‌താന്‍ ഹാക്കര്‍മാര്‍ പലതവണ ശ്രമിച്ചു. ഇതിന്റെ പേരില്‍ നാല്‌പത്തിരണ്ടായിരത്തോളം അംഗങ്ങളുള്ള പാകിസ്‌താന്‍ കമ്മ്യൂണിറ്റി ഇന്ത്യന്‍ ഹാക്കര്‍മാര്‍ പിടിച്ചെടുത്തു. ബ്ലോഗുകള്‍ വഴി വ്യാപകമായ ആശയപ്രചരണവും ആശയ രൂപീകരണവും നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ വ്യാപകമായതോടെയാണ്‌ ഇന്ത്യയില്‍ ഓര്‍ക്കുട്ട്‌ നിരോധിക്കണമെന്ന ചര്‍ച്ച ചൂടുപിടിച്ചത്‌. മുമ്പ്‌ പാക്‌ അനുകൂല ചര്‍ച്ചകള്‍ സജീവമായപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ ബ്ലോഗുകള്‍ നിരോധിച്ചിരുന്നു.
2008 ഡിസംബറോടെ പാകിസ്‌താന്‍ തന്നെ ഇടപെട്ട്‌ സൈബര്‍ യുദ്ധത്തിന്റെ അന്ത്യത്തിന്‌ ശ്രമിച്ചിരുന്നു,
അത്‌ ഒരു പരിധി വരെ വിജയിക്കുകയും ചെയ്‌തു. പാകിസ്‌താന്റെ ഭാഗത്തുനിന്നും പി സി എ പ്രതിനിധിയും പാക്‌ ബഗ്‌സ്‌ ഇസഡ്‌ കമ്പനിയും സോംബി കെ എസ്‌ എ യും മറ്റു ചില ചെറു ഹാക്കര്‍മാരും ഇന്ത്യയുടെ ഭാഗത്തുനിന്ന്‌ ഐ സി ഡബ്ല്യു 2, എച്ച്‌ എം ജി എന്നിവരുടെ പ്രതിനിധികളും പാകിസ്‌താന്‍ സൈബര്‍ ജേര്‍ണലിസ്റ്റായ മുഹമ്മദ്‌ അലി റാസയും ചേര്‍ന്ന്‌ രണ്ടു മണിക്കൂറോളം നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ (ചാറ്റ്‌) ഇരു വിഭാഗവും ആക്രമണത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചതായി സംയുക്ത പ്രസ്‌താവന ഇറക്കി. പക്ഷേ ഉറപ്പ്‌ വെറും പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. ഒത്തുതീര്‍പ്പ്‌ വന്നു കഴിഞ്ഞ്‌ ആഴ്‌ചകള്‍ക്കുള്ളില്‍ ഡിസംബര്‍ 24 നാണ്‌ ഈസ്റ്റേണ്‍ റെയില്‍വേയുടെ വെബ്‌സൈറ്റ്‌ ഹാക്കര്‍മാര്‍ തകര്‍ത്ത്‌ത്‌. പാകിസ്‌താന്‍ വ്യോമാതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്ത്യയുമായുള്ള സൈബര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന കുറിപ്പും വാക്കേഴ്‌സ്‌ പാക്കിസ്‌താന്‍ എന്ന പേരിലുള്ള ഹാക്കര്‍ സംഘം രേഖപ്പെടുത്തിയിരുന്നു.

കേവലമൊരു ഇന്ത്യന്‍ വിരോധം മാത്രമല്ല ഇത്തരം ഗ്രൂപ്പുകളുടെ അതിക്രമങ്ങള്‍ക്ക്‌ പിന്നില്‍ എന്ന്‌ പിന്നീട്‌ അവര്‍ കൈക്കൊണ്ട സമീപനം വെളിപ്പെടുത്തുന്നു. ഒത്തുതീര്‍പ്പു വ്യവസ്ഥകളെല്ലാം ലംഘിച്ച്‌ സൗദി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോംബി കെ എസ്‌ എ എന്ന ഗ്രൂപ്പ്‌ പാകിസ്‌താന്‍ സര്‍ക്കാര്‍ വെബ്‌ സൈറ്റുകളും ഇന്ത്യന്‍ വെബ്‌ സൈറ്റുകളും ഒരേപോലെ ഹാക്ക്‌ ചെയ്യാന്‍ തുടങ്ങി. പാകിസ്‌താനുവേണ്ടി നിലകൊള്ളുന്നു എന്നു പ്രഖ്യാപിച്ച സോംബി കെ എസ്‌ എ ജനുവരി 22 ാം തിയ്യതി പാകിസ്‌താന്റെ സര്‍ക്കാര്‍ സ്ഥാപനമായ പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഔദ്യോഗിക സൈറ്റ്‌ (www.pid.gov.pk) ആക്രമിച്ചു നശിപ്പിച്ചു. മിസ്റ്റര്‍ 10 ശതമാനത്തില്‍ നിന്നും മിസ്റ്റര്‍ നൂറ്‌ ശതമാനമായി ഉയര്‍ന്നതില്‍ സര്‍ദാരിയെ പരിഹസിക്കുന്നതും ഒപ്പം അദ്ദേഹത്തേയും പ്രധാനമന്ത്രി ഗീലാനിയേയും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി ഷെറി റഹ്മാനെയും ചേര്‍ത്ത്‌ അസഭ്യങ്ങള്‍ കുത്തിനിറച്ചതുമായിരുന്നു ഹാക്കര്‍ മാറ്റി നിക്ഷേപിച്ച വെബ്‌ പേജിന്റെ ഉള്ളടക്കം. www.ssc-est.gov.pk, www.biserwp.edu.pk, www.infopak.gov.pk, www.pak.gov.pk, തുടങ്ങിയ പാകിസ്‌താന്‍ വെബ്‌ സൈറ്റുകളും www.cbfcindia.gov.in, www.mppolice.gov.in, www.bangaloretrafficpolice.gov.in, www.cidap.gov.in, www.denobili.edu.in, www.loyola.edu.in തുടങ്ങിയ നിരവധി ഇന്ത്യന്‍ വൈബ്‌ സൈറ്റുകളും തൊട്ടുപിന്നാലെ സോംബിഗ്രൂപ്പ്‌ പിടിച്ചെടുത്തു, ഇപ്പോഴും ആ പ്രക്രിയ നിര്‍ബാധം തുടരുന്നു. മുംബൈ ആക്രമണത്തിനു ശേഷം ഇന്ത്യയുടെ പ്രതികരണങ്ങളോട്‌ തീവ്രമായി പ്രതികരിക്കാത്തതിന്റെ പേരില്‍ ഹാക്കര്‍മാരും ബന്ധപ്പെട്ട ഗ്രൂപ്പുകളും
നടത്തുന്ന ഡിസ്‌കഷന്‍ ഫോറങ്ങളിലും വെബ്‌സൈറ്റുകളിലും പാകിസ്‌താന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി നടത്തുന്ന ആക്രമണങ്ങളുമായി ഈ സംഭവവും കൂട്ടി വായിക്കേണ്ടതാണ്‌. ചിലയിടങ്ങളില്‍ ഇവര്‍ മുഷറഫ്‌ സര്‍ക്കാരിന്റെ നടപടികളെ വാനോളം പുകഴ്‌തുന്നുമുണ്ട്‌. ഇന്ത്യയോട്‌ മൃദുലമായ സമീപനം സ്വീകരിക്കുന്നവരോട്‌ കാണിക്കുന്ന അസഹിഷ്‌ണുതയും ജിഹാദിന്റെ പേരില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും ഇത്തരം ഗ്രൂപ്പുകളുടെ ലക്ഷ്യം വ്യക്തമാക്കുന്നു. അവര്‍ ഈയിടെ നടത്തിയ ആക്രമണങ്ങളുടെ രീതി പരിശോധിച്ചാല്‍ വ്യക്തമായ ലക്ഷ്യങ്ങളുള്ള നന്നായി ഫണ്ടു ചെയ്യപ്പെട്ട ഗ്രൂപ്പുകളാണ്‌ ഇതിനു പിന്നിലെന്ന്‌ മനസ്സിലാകും. ലഷ്‌കര്‍ ഇ ഹാക്കര്‍സ്‌ (എല്‍ ഇ എച്ച്‌) എന്ന ഗ്രൂപ്പ്‌ ആണ്‌ ഈയിടെയായി ഉണ്ടായ വന്‍ ആക്രമണങ്ങള്‍ക്കു പിന്നിലെന്നും ഇവര്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചുവരികയാണെന്നും ഐ ടി വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
മുംബൈ ആക്രമണം കഴിഞ്ഞയുടനെ പാകിസ്‌താനില്‍ ഇന്റര്‍നെറ്റ്‌ ടെക്‌നോളജി വിദഗ്‌ദരായ യുവാക്കളെ ജിഹാദിന്‌ ആവശ്യമുണ്ട്‌ എന്ന തരത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി ജനുവരി ആദ്യവാരം മിഡ്‌ ഡേ ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ഇത്തരം സൈബര്‍ പടകള്‍ രൂപീകരിക്കാന്‍ പാകിസ്ഥാന്‍ കൊണ്ടുപിടിച്ചു പരിശ്രമിക്കുന്നതായി ഈയടുത്തകാലത്ത്‌ അന്താരാഷ്‌ട്രമാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്‌തു. മിക്കവാറും ശക്തരായ എല്ലാ തീവ്രവാദി ഗ്രൂപ്പുകള്‍ക്കും ഇത്തരം ഇ - തീവ്രവാദി ഗ്രൂപ്പുകളുണ്ട്‌. കാര്‍ട്ടൂണ്‍ വിവാദകാലത്തും ഗാസ ആക്രമണകാലത്തും ഇന്ത്യാ - പാക്‌ സംഘര്‍ഷകാലത്തുമാണ്‌ വന്‍ തോതില്‍ സംഘടിതമായ ആക്രമണങ്ങള്‍ നടന്നത്‌. സോങ്ക്‌.പി കെ പോലുള്ള എന്റര്‍ടെയന്‍മെന്റ്‌ ഡൗണ്‍ലോഡ്‌ സൈറ്റുകള്‍ വഴി ഇന്ത്യയിലെ ദശലക്ഷക്കണക്കിന്‌ ഐ പി അഡ്രസ്സുകള്‍ പാകിസ്‌താന്‍ കൈക്കലാക്കിയതായാണ്‌ അനുമാനം. ഇന്ത്യന്‍ ഇ മെയില്‍ വിലാസങ്ങളുടേയും വന്‍ ശേഖരം ഇവരുടെ കൈയില്‍ ഉണ്ട്‌. ഇ മെയില്‍ അഡ്രസ്‌ ഉപയോഗിച്ച്‌ ട്രോജന്‍പോലുള്ള ചെറിയ വൈറസുകളെ ഇറക്കിവിട്ടായിരുന്നു മുന്‍കാലങ്ങളില്‍ ആക്രമണം നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ കുഴപ്പക്കാരായ വേമുകളും വൈറസുകളുമാണ്‌ ഈയടുത്തകാലത്തായി പ്രചരിക്കുന്നത്‌. ഇവരുടെ കൈവശമുള്ള വന്‍ ഡാറ്റാ ശേഖരമുപയോഗിച്ച്‌ ശക്തവും കേന്ദ്രീകൃതവുമായ ആക്രമണം നടത്താന്‍ കഴിയുമെന്നാണ്‌ വിദഗ്‌ദാഭിപ്രായം.

ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യക്കുമാത്രമല്ല സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന അമേരിക്കയടക്കമുള്ള വന്‍ രാജ്യങ്ങള്‍ക്കുപേലും കഴിയില്ല എന്ന്‌ ആക്രമണങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഇസ്രയേലിന്റെ ഗാസ ആക്രമണത്തെ ലോകം മുഴുവന്‍ അപലപിച്ചപ്പോള്‍ അമേരിക്കയും ഇസ്രയേലുമായി ബന്ധപ്പെട്ട നിരവധി വെബ്‌സൈറ്റുകള്‍ തകര്‍ത്തുകൊണ്ടാണ്‌ പ്രത്യേകിച്ചും തുര്‍ക്കി ആസ്ഥാനമാക്കിയുള്ള ഹാക്കര്‍മാര്‍ പ്രതിഷേധിച്ചത്‌. സമീപകാലത്ത്‌ ലോകം കണ്ട വലിയ ഒരു സൈബര്‍ യുദ്ധം തന്നെയായിരുന്നു അത്‌. ജനുവരി പതിനാറുവരെയുള്ള കണക്കനുസരിച്ച്‌ 16734 വെബ്‌സൈറ്റുകള്‍ തകര്‍ത്തതായാണ്‌ കണക്ക്‌ ഇതില്‍ 2500 ഓളം സൈറ്റുകള്‍ സര്‍ക്കാര്‍, ഡിഫന്‍സ്‌ വൈബ്‌ സൈറ്റുകളും വന്‍കിട സൈറ്റുകളുമാണ്‌. ഇതില്‍ യു എസ്‌ ആര്‍മിയുടെ ഔദ്യോഗിക സൈറ്റും(www. mdw.army.mil ),നാറ്റോ പാര്‍ലിമെന്റ്‌ അസംബ്ലി വെബ്‌സൈറ്റും( www.nato-pa.int) ഉള്‍പ്പെടും. നിങ്ങള്‍ പാലസ്‌തീനിയരെ കൊല്ലുന്നു ഞങ്ങള്‍ വെബ്‌ സെര്‍വറുകളും എന്ന സന്ദേശമാണ്‌ ഹാക്ക്‌ ചെയ്യപ്പെട്ട മിക്ക വെബ്‌സൈറ്റുകളിലും നിക്ഷേപിക്കപ്പെട്ടത്‌. ടീം ഈവിള്‍ എന്ന ആന്റി ഇസ്രയേലി ഹാക്കര്‍ഗ്രൂപ്പാണ്‌ ഇസ്രയേലിന്റെ വെബ്‌സൈ
റ്റുകള്‍ തകര്‍ത്തതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. ഇസ്രയേല്‍ പാലസ്‌തീന്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത്‌ നിര്‍ത്തിയാല്‍ തങ്ങള്‍ തങ്ങള്‍ ഹാക്കിംഗും നിര്‍ത്താം എന്ന മെസേജായിരുന്ന തകര്‍ക്കപ്പെട്ട വെബ്‌സൈറ്റുകളുടെ ഹോംപേജുകളില്‍ നിക്ഷേപിച്ചത്‌.
ഇന്ത്യ പാകിസ്‌താന്‍ സൈബര്‍ യുദ്ധം നടക്കുന്ന അതേ സമയത്തുതന്നെ "Honker Union" , Chinese Red Guest Network Security Technology Alliance തുടങ്ങിയ ചൈനീസ്‌ ഹാക്കര്‍ ഗ്രൂപ്പുകള്‍ അമേരിക്കയുടെ പ്രതിരോധ സുരക്ഷാ ഡിപ്പാര്‍ട്ടുമെന്റുകള്‍ തകര്‍ത്തത്‌ വാര്‍ത്തയായിരുന്നു. ഇക്കാര്യം പഠിക്കാനായി യു എസ്‌ കോണ്‍ഗ്രസ്സ്‌ പ്രത്യേക പാനലിനെ തന്നെ നിയോഗിച്ചു. ലോകത്ത്‌ എവിടെവേണമെങ്കിലും ഏതു സമയത്തും കുഴപ്പങ്ങള്‍ സൃഷ്‌ടിക്കാനുള്ള കഴിവ്‌ ചൈനക്കുണ്ട്‌ എന്ന്‌ പാനല്‍ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്‌തിരുന്നു. അമേരിക്കന്‍ സെര്‍വറുകളെ ആക്രമിച്ച 43880 സംഭവങ്ങളാണ്‌ 2007 ല്‍ മാത്രം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്‌. ചൈനയുടെ പ്രതിരോധശേഷിക്കുമുന്നില്‍ യു എസിന്‌ പിടിച്ചു നില്‍ക്കാനാവില്ല എന്ന്‌ പാനല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുമുണ്ട്‌. 2002 മുതല്‍ ചൈന വന്‍തോതില്‍ ആക്രമണം നടത്തുന്നു എന്നു കാണിക്കുന്ന തെളിവുകള്‍ സഹിതമുള്ള 393 പേജ്‌ റിപ്പോര്‍ട്ടുമായി അമേരിക്കന്‍ അധികൃതര്‍ ചൈന സന്ദര്‍ശിച്ചെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ലെന്നു മാത്രം.

ഹാക്കിംഗിനു പിന്നില്‍
സൈബര്‍യുദ്ധങ്ങള്‍ നടത്തുക, സ്ഥാപനങ്ങളുടേയോ മറ്റോ വിശ്വാസ്യത തകര്‍ക്കുക്കുക, വൈറസുകളും മാല്‍വെയറുകളും കടത്തിവിട്ട്‌ ആന്റി വൈറസ്‌ പ്രോഗ്രാമുകളും മറ്റും നിര്‍ബന്ധിതമായ വാങ്ങേണ്ട അവസ്ഥ സൃഷ്‌ടിക്കുകയും അങ്ങനെ സാമ്പത്തിക ലാഭം ഉണ്ടാക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ്‌ ഐഡന്റിറ്റി തെഫ്‌റ്റ്‌ (Identity Theft) എന്ന പൊതുഗണത്തില്‍ പെടുത്താവുന്ന ഹാക്കര്‍മാരുടെ ആക്രമണങ്ങള്‍ക്ക്‌ പ്രചോദനം. ഇതില്‍ രണ്ടാമത്തെത്‌ ഒരു പ്രൊഫഷന്‍ എന്ന നിലക്കു തന്നെ മാറിക്കഴിഞ്ഞതാണ്‌. മൂന്നാമത്തേത്‌ മൂല്യബോധമില്ലാത്ത ബിസിനസ്‌ തന്ത്രമാണെങ്കിലും അതും സര്‍വസാധാരണമാണ്‌. പക്ഷേ ഈ രണ്ട്‌ ലക്ഷ്യങ്ങളേക്കാള്‍ മാരകമാണ്‌ വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ള ആക്രമണങ്ങള്‍. എന്നാല്‍ ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ പിന്തുണ ലഭിച്ച ഹാക്കര്‍ വിഭാഗവും ഇവരുടെ കൂട്ടത്തിലുണ്ട്‌. വിന്‍ഡോസ്‌ അടക്കമുള്ള കുത്തക സോഫ്‌റ്റ്‌ വെയറുകളുടെ സീരിയല്‍ നമ്പറുകള്‍ കണ്ടുപിടിച്ച്‌ പൊതുമാര്‍ക്കറ്റില്‍ എത്തിക്കുന്നവരെ (പൈറേറ്റഡ്‌ കോപ്പികള്‍) സ്വതന്ത്രസോഫ്‌റ്റ്വെര്‍ വാദികള്‍ സാമൂഹ്യപ്രവര്‍ത്തകരായ 'ക്രാക്കര്‍മാര്‍` എന്നാണ്‌ വിളിക്കുന്നത്‌.
ഇത്തരക്കാര്‍ ഒത്തു ചേരുന്നത്‌ പൈറേറ്റഡ്‌ കോപ്പികള്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റുകളിലും മറ്റുമാണ്‌. പ്രമുഖരുടെ ഇ മെയില്‍ വിലാസങ്ങള്‍ സെര്‍വര്‍ പാസ്വേഡുകള്‍ തുടങ്ങി സ്വകാര്യതയിലേക്ക്‌ തലയിടുന്നവരാണ്‌ മറ്റൊരു വിഭാഗം. ഇവരില്‍ തന്നെ കാശുകൊടുത്താല്‍ ആരുടെ പാസ്വേഡും കണ്ടുപിടിച്ചു തരുന്ന `പ്രൊഫഷണലു'കളും സ്ഥാപനങ്ങളും ഉണ്ട്‌.

കനേഡിയന്‍ സൈക്കോളജിസ്റ്റും മുന്‍ പോലീസ്‌ കമ്പ്യൂട്ടര്‍ ക്രൈം ഇന്‍വസ്റ്റിഗേറ്ററുമായ മാര്‍ക്ക്‌ റോജേഴ്‌സ്‌ ഹാക്കര്‍മാരെ വേര്‍തിരിക്കുന്നത്‌ പുത്തന്‍ കൂറ്റുകാര്‍ അഥവാ ന്യൂബീസ്‌ അഥാവാ സ്‌ക്രിപ്‌റ്റ്‌ കിഡ്ഡീസ്‌ (newbies, script kiddies), പരിചയസമ്പന്നരും ഇപ്പോഴും പ്രവര്‍ത്തനമേഖലയിലുള്ളവരുമായ സൈബര്‍പങ്ക്‌സ്‌ (cyberpunks) അസംതൃപ്‌തരായ പ്രൊഫഷണലുകളായ ഇന്‍സൈഡേഴ്‌സ്‌ (insiders), കോഡുകള്‍ ഹാക്കുചെയ്യുകയും മാറ്റിയെഴുതുകയും ചെയ്യുന്നതില്‍ സ്‌പെഷ്യലൈസ്‌ ചെയ്‌ത കോഡേഴ്‌സ്‌ (coders), പ്രൊഫഷണലുകള്‍, എന്തിനും പോന്ന സൈബര്‍ ടെററിസ്റ്റുകള്‍ എന്നിങ്ങനെയാണ്‌. ഇതില്‍ സൈബര്‍പങ്‌കുകള്‍ എന്നറിയപ്പെടുന്നവരാണ്‌ പ്രശസ്‌തരായവര്‍, ഏറ്റവും മാരകമായവര്‍ സൈബര്‍ ടെററിസ്റ്റുകളും.

ഹാക്കര്‍മാരെ സൃഷ്‌ടിക്കുന്നതില്‍ കുടുംബബന്ധങ്ങള്‍ക്കും ജീവിതരീതിക്കും വലിയ പങ്കുണ്ടെന്നാണ്‌ മനശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്‌. പന്ത്രണ്ടു മുതല്‍ 28 വയസ്സുവരെയുള്ള മിഡില്‍ ക്ലാസ്‌ കുടുംബങ്ങളിലെ കുട്ടികളാണ്‌ ഹാക്കര്‍മാരില്‍ വലിയൊരു പങ്കുമെന്നാണ്‌ റോജേഴ്‌സിന്റെ കണ്ടെത്തല്‍. അവരില്‍ മിക്കവരും ശാരീരികമായും മാനസികമായും ദുര്‍നടപ്പിനോട്‌ അഭിനിവേശമുള്ളവരുമായിരിക്കും. ഇവര്‍ക്ക്‌ ഇന്റര്‍നെറ്റ്‌ വഴി ലഭിക്കുന്ന വന്യമായ സ്വാതന്ത്ര്യം കൂടെ ചേരുമ്പോള്‍ ഒരു ഹാക്കര്‍ രൂപമെടുക്കുന്നു. ചെറുപ്പകാലം മുതല്‍ ഒറ്റപ്പെടല്‍ അനുഭവിച്ചവര്‍, പ്രണയ പരാജയം, ലൈഗികവും മറ്റുമായ ചൂഷണങ്ങള്‍ ഇവയൊക്കെയാണ്‌ ഹാക്കര്‍ എന്ന മനോരോഗിയുടെ രൂപപ്പെടലിന്‌ കാരണമാകുന്നത്‌. ഇവര്‍ക്ക്‌ മനുഷ്യരേക്കാളും അടുപ്പം കമ്പ്യൂട്ടറിനോടായിരിക്കും. ഇത്തരം വ്യക്തികള്‍ അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള ലക്ഷ്യങ്ങളും സാധ്യതകളും സ്വയം കണ്ടെത്തി ഹാക്കര്‍ ഗ്രൂപ്പുകളിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നു.

ബൗദ്ധികമായി വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ഹാക്കര്‍മാരെ നിയന്ത്രിക്കുകയും അത്ര എളുപ്പമുള്ള കാര്യമല്ല. തൊണ്ണൂറുകളുടെ അവസാനവും ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലും പാകിസ്‌താനിലെയും ഇന്ത്യയിലേയും സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ സര്‍ക്കാര്‍ വെബ്‌ സൈറ്റുകള്‍ ആക്രമിച്ചത്‌ വാര്‍ത്തയായിരുന്നു, അവരില്‍ പലരും അറസ്റ്റിലുമായിരുന്നു. 2008 ജൂണ്‍ മാസത്തില്‍ ഇ ബേ എന്ന മാര്‍ക്കറ്റിംഗ്‌ പോര്‍ട്ടല്‍ ഹാക്ക്‌ ചെയ്‌ത്‌ പണം തട്ടിയതിന്‌ അഹമ്മദാബാദില്‍ പിടിയിലായ പതിനാറുകാരന്‍ തന്നെ ഉത്തമ ഉദാഹരണം. ചെയ്‌ത തെറ്റിനെകുറിച്ച്‌ ഒട്ടും ഗൗരവമായി മനസ്സിലാക്കാതെ കുട്ടിത്തം വിട്ടുമാറാതെയാണ്‌ അയാള്‍ സംസാരിച്ചതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഒരു പ്രൊഫഷണല്‍ ഹാക്കറെ വെല്ലുന്ന രീതിയില്‍ പോര്‍ട്ടലിന്റെ പേയ്‌മെന്റ്‌ ഗെയ്‌റ്റ്‌ വേകളും കോഡുകളും അവന്‌ മനപ്പാഠമാണെന്ന്‌ പോലീസ്‌ പറഞ്ഞത്‌. പ്രൊട്ടക്‌ട്‌ ചെയ്യപ്പെട്ട വെബ്‌സൈറ്റുകളില്‍ കടന്നു കയറുന്ന വിദ്യ ഐ ടി നഗരങ്ങളായ ഹൈദരാബാദിലും ബാംഗളൂരിലും ചെന്നെയിലുമുള്ള തന്റെ ഇ സുഹൃത്തുക്കള്‍ വഴിയാണ്‌ പഠിച്ചതെന്നും അയാള്‍ സമ്മതിച്ചു. വെറുമൊരു ടെക്‌സ്റ്റൈല്‍ ജീവനക്കാരന്റെ മകന്‍ ഹാക്കിംഗിലൂടെ പണമൂണ്ടാക്കി ചെറുപ്രായത്തില്‍ നയിച്ചിരുന്നത്‌ ആര്‍ഭാടജീവിതമായിരുന്നുവത്രേ. ചോദ്യം ചെയ്യലിനിടെ കോളജില്‍ പോകുന്നതിനോട്‌ തനിക്ക്‌ വെറുപ്പാണെന്നും ഇത്ര ചെറുപ്പത്തിലേ ലക്ഷങ്ങള്‍ സമ്പാതിക്കുന്ന താനെന്തിന്‌ കോളജില്‍ പോയി സമയം മെനക്കെടുത്തണമെന്നാള്‍ അയാള്‍ പോലീസിനോട്‌ ചോദിച്ചത്‌. ഇത്തരം സന്ധര്‍ഭങ്ങളില്‍ കമ്പ്യൂട്ടറിനെക്കുറിച്ച്‌ അടിസ്ഥാന പരിജ്ഞാനം പോലുമില്ലാത്ത പല രക്ഷിതാക്കലും നിസ്സഹായരാണുതാനും.

ഒരു ഹാക്കര്‍ കമ്പ്യൂട്ടറിനു മുന്നില്‍ ശരാശരി പതിനെട്ടു മണിക്കൂറെങ്കിലും ചെലവഴിക്കുമെന്നാണ്‌ മാര്‍ക്ക്‌ റോജേഴ്‌സിന്റെ അഭിപ്രായം. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വിട്ട്‌ മറ്റൊരു ലോകമില്ലാത്ത അത്തരം ആളുകള്‍ക്ക്‌ സമൂഹവുമായി ബന്ധമുണ്ടാകാനോ നന്മതിന്മകളെക്കുറിച്ച്‌ സാമൂഹിക ബോധ്യമുണ്ടാകാനോ ഉള്ള സാധ്യതയും വിരളമാണ്‌. ഇത്തരം സ്വഭാവസവിശേഷതയുള്ളവര്‍ക്ക്‌ വന്‍ ഹാക്കര്‍മാരുമായും ഹാക്കര്‍ ഗ്രൂപ്പുമായും ബന്ധം സ്ഥാപിക്കുക വളരെ എളുപ്പമാണ്‌. സമാന മനസ്ഥിതയുള്ളവര്‍ക്ക്‌ ഒത്തുകൂടാന്‍ ഫോറങ്ങളും സോഷ്യല്‍ നെറ്റ്വര്‍ഗ്ഗിംഗ്‌ സൈറ്റുകളിലെ കമ്മ്യൂണിറ്റികളും വിവിധ ഹാക്കേഴ്‌സ്‌ സൈറ്റുകളിലെ ഡിസ്‌കഷന്‍ ഫോറങ്ങളും ബ്ലോഗുകളും വഴിയൊരുക്കുന്നു. ഇങ്ങനെ ഹാക്കര്‍ എന്ന നിലയില്‍ നിന്നും ഹാക്കര്‍മാരുടെ കൂട്ടത്തിലേക്കു വരുമ്പോള്‍ ഒരു പ്രൊപ്പഗാന്‍ഡക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക്‌ ഇവര്‍ ചെന്നെത്തുന്നു.

തീവ്രവാദ ചിന്താഗതികള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്‌ ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലെ ബ്ലോഗുകളിലും ചര്‍ച്ചാവേദികളിലുമാണ്‌. ഇങ്ങനെ വികലമായ ചിന്താഗതിയുള്ളവരെയും അവരുടെ കൂട്ടായ്‌മകളെ ആകര്‍ഷിച്ച്‌ തീവ്രവാദികളുടെ റിക്രൂട്ട്‌മെന്റുപോലെ തന്നെ അസംതൃപ്‌തരെ വരുതിയില്‍ വരുത്തുന്ന അതേരീതി തന്നെയാണ്‌ ഇവിടെയും സംഭവിക്കുന്നത്‌. ഫോറങ്ങളിലൂടെയും മറ്റും കണ്ടു മുട്ടുന്നവര്‍ക്ക്‌ രാജ്യാതിര്‍ത്തികള്‍ ഒരു പ്രശ്‌നമാകുന്നില്ല, പരസ്‌പരം നേരില്‍ കാണുന്നവരാവണമെന്നുമില്ല. ഇവര്‍ക്ക്‌ പ്രതിഫലം ലഭിക്കുന്നതുപോലും ഇന്റര്‍നെറ്റ്‌ വഴിയായിരിക്കും. ഈ സവിശേഷത ഇത്തരം ക്രൈമുകള്‍ കണ്ടുപിടിക്കുന്നതില്‍ വിലങ്ങുതടിയാകുന്നു. ഹാക്കേഴ്‌സ്‌ ഗ്രൂപ്പുകളെ തടയുക എന്നതിന്‌ ഒരേയൊരു മാര്‍ഗ്ഗം ഇവര്‍ ഒത്തുകൂടുന്ന ഇടങ്ങള്‍ ബ്ലോക്ക്‌ ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുക എന്നതാണ്‌. അതിന്‌ പക്ഷേ ലോകവ്യാപകമായ ഒരു റെഗുലേറ്ററി അതോറിറ്റിയുടെ ആവശ്യമുണ്ടുതാനും. രാജ്യങ്ങളുടെ അതിര്‍ത്തി ബാധകമല്ലാത്ത ഇന്റര്‍നെറ്റ്‌ ശൃംഘലയില്‍ അത്തരമൊരു അതോറിറ്റി അസാധ്യമാണെന്നു തന്നെ പറയാം.

സൈബര്‍ടെററിസം എന്നത്‌ അത്രവേഗം തടയാന്‍ കഴിയുന്ന ഒന്നല്ല എന്നതിന്‌ അമേരിക്കയടക്കമുള്ള മുന്‍നിര ശക്തികളുടെ പരാജയം തന്നെ തെളിവാണ്‌. ഇന്ത്യയടക്കമുള്ള നിരവധിരാജ്യങ്ങള്‍ ഇന്റര്‍നെറ്റ്‌ ശൃംഘലയെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചൈനയില്‍ ഇന്റര്‍നെറ്റ്‌ നിയമങ്ങള്‍ കര്‍ശനമാക്കിയത്‌ വന്‍ പ്രതിഷേധത്തിന്‌ ഇട നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഏതാണ്ട്‌ അറുപതോളം നിയമങ്ങളാണ്‌ അവര്‍ നടപ്പില്‍ വരുത്തിയത്‌. ടെക്‌നിക്കല്‍ സെന്‍സര്‍ഷിപ്പ്‌ സാധ്യമല്ലാത്തതിനാല്‍ അമേരിക്കയും നിയമങ്ങള്‍ കര്‍ശനമാക്കുകയാണ്‌ ചെയ്‌തത്‌. പാകിസ്‌താന്‍ ഒരു പടികൂടെ കടന്ന്‌ പാകിസ്‌താന്‍ ഇന്റര്‍നെറ്റ്‌ എക്‌സ്‌ചേഞ്ച്‌ എന്നൊരു സംവിധാനം തന്നെ നടപ്പില്‍ വരുത്തി. ഇ മെയിലുകളും അശ്ലീല സൈറ്റുകളും ആന്റി ഇസ്ലാമിക്‌ സൈറ്റുകളും നിയന്ത്രിക്കുക എന്നതായിരുന്നു മുഖ്യ ഉദ്ദേശ്യം. തുടര്‍ന്ന്‌ യൂട്യൂബ്‌ അടക്കമുള്ള പല വെബ്‌സൈറ്റുകളും നിയന്ത്രിച്ചിരുന്നു. ഗള്‍ഫ്‌ രാജ്യങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായി. ഇന്ത്യയിലും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്‌ ടീം (CERT-IN,) എന്ന പേരില്‍ ഇന്റര്‍നെറ്റ്‌ ശൃംഘലയെ നിരീക്ഷിക്കാന്‍ ഒരു അതോറിറ്റി നിലവിലുണ്ട്‌. ഇവയെല്ലാം നിരീക്ഷണസംവിധാനങ്ങളെന്നതിലുപരി ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിയുന്നവയല്ല.

സ്വകാര്യമേഖല ഇന്റര്‍നെറ്റിന്റെ നിയന്ത്രണം കൈവശം വെക്കുന്നിടത്തോളം കാലം സൈബര്‍ ടെററിസത്തിനെതിരെയുള്ള എല്ലാ നീക്കങ്ങളും വിഫലമാണ്‌ എന്നാണ്‌ ഇന്റര്‍നെറ്റിന്റെ പിതാവെന്നറിയപ്പെടുന്ന ഇപ്പോള്‍ ഗൂഗിളിന്റെ വൈസ്‌ പ്രസിഡന്റും ചീഫ്‌ ഇന്റര്‍നെറ്റ്‌ ഇവാഞ്ചലിസ്റ്റുമായ വിന്റണ്‍ സെര്‍ഫ്‌ അഭിപ്രായപ്പെട്ടത്‌. സ്വകാര്യമേഖലയെ വിട്ട്‌ ഇന്റര്‍നെറ്റ്‌ എന്നൊരു സംവിധാനത്തെപറ്റി ചിന്തിക്കാന്‍ പോലും ഇക്കാലത്ത്‌ സാധ്യമല്ല. സൈബര്‍ ടെററിസം കൂടുതല്‍ ആക്രമണകാരികളാകുകയാണെങ്കില്‍ നമുക്ക്‌ കൈയും കെട്ടി നോക്കി നില്‍ക്കാനേ കഴിയൂ എന്ന്‌ ചുരുക്കം. നാഷണല്‍ ആന്റി ഹാക്കിംഗ്‌ ഗ്രൂപ്പ്‌ (www.nag.co.in) പോലുള്ള ആന്റി ഹാക്കിംഗ്‌ കണ്‍സള്‍ട്ടന്‍സികളും മറ്റും വളര്‍ന്നു വരുന്നതാണ്‌ അല്‌പമെങ്കിലും ആശ്വാസം.
മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌