Sunday, September 27, 2009

ഇടതിനെ കാലം മാറ്റിയെഴുതുമ്പോള്‍ !


ചുവപ്പുകണ്ണടവെക്കാതെ ഇടതുപക്ഷത്തെ നമുക്ക്‌ എങ്ങിനെ സമീപിക്കാം? നാം ജീവിക്കുന്ന ചുറ്റുപാടുകളുമായി ഇഴചേര്‍ന്ന ജീവിത വീക്ഷണമാണ്‌ എന്നും ഇടതുപക്ഷ ചിന്താഗതിക്ക്‌ ജീവന്‍ നല്‍കിയത്‌. സോവിയറ്റ്‌യൂണിയനും ചൈനയും മാര്‍ക്‌സും മാവോയുമൊക്കെ നിര്‍വചിച്ച്‌ അവരവരുടെ തന്നെ പേരിലും അല്ലാതെയുമൊക്കെ അറിയപ്പെട്ട ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പിളരുന്നതും തകരുന്നതും കാണാന്‍ വിധിക്കപ്പെട്ട പുതിയ തലമുറക്ക്‌ മുന്നില്‍ ഇടതുപക്ഷത്തിന്‌ വിവിധ വര്‍ണ്ണങ്ങളിലുള്ള പുതിയ നിര്‍വചനങ്ങള്‍ നിരവധിയാണ്‌. ഇടതുപക്ഷത്തിന്റെ ചുവപ്പു നിറം മങ്ങിയതെങ്ങിനെയാണ്‌? ഇടതുപ്രസ്ഥാനങ്ങളുടെ `വാക്വം' പല അപഥസഞ്ചാരങ്ങള്‍ക്കും വേദിയാകുന്ന സമകാലിക അനുഭവങ്ങള്‍ നിരവധിയുണ്ട്‌.

അടിയന്തരാവസ്ഥക്കുശേഷം ജനിച്ച തലമുറക്ക്‌ ഇടതുപക്ഷമെന്നാല്‍ ചുവന്നകൊടിയും അരിവാളും ചുറ്റികയും അതുമായി ബന്ധപ്പെട്ട കുറേ വീരേതിഹാസങ്ങളും മാത്രമാണ്‌ എന്നു പറഞ്ഞാല്‍ തെറ്റില്ല. കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെങ്ങും സാങ്കേതികമായും ബൗദ്ധികമായുമുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം ഇടതുപ്രസ്ഥാനങ്ങളെ മാറ്റി നിര്‍വചിക്കാന്‍ നേതൃത്വങ്ങള്‍ക്ക്‌ കഴിയാതെ പോയി. റഷ്യന്‍ വിപ്ലവകാലത്തെ സാമൂഹികാവസ്ഥയല്ല പുതിയ കാലത്തേതെന്ന്‌ മനസിലാക്കാതെ പഴയ പ്രവര്‍ത്തന രീതി തുടരുന്നവരും കമ്മ്യൂണിസം പുനര്‍നിര്‍വചിക്കാനിറങ്ങിപ്പുറപ്പെട്ട്‌ വലതുപാളയത്തിലെത്തി അടിസ്ഥാനതത്വങ്ങള്‍ പാടെ വിഴുങ്ങുന്നവരും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിച്ചുവരുന്ന ഇക്കാലത്ത്‌ ഇല്ലാതാകുന്നത്‌ ഇടത്‌ ആശയങ്ങളുള്ളവരെ ഒന്നിച്ചു ചേര്‍ക്കാനുള്ള ഇടങ്ങളാണ്‌. ഇടതുപക്ഷ - സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ക്ക്‌ കാലഭേദങ്ങളില്ല, രൂപഭേദങ്ങളേയുള്ളൂ എന്നിരിക്കെ പുതിയ തലമുറ ഇടതുപക്ഷത്തെ എങ്ങനെ നിര്‍വചിക്കും ?.

ഇടതുപക്ഷ പാര്‍ട്ടികള്‍ ആശയസംഘര്‍ഷത്തിലായതോടെ നേരിട്ട വാക്വം വളരെ വലുതാണ്‌. തീര്‍ത്തും ആസൂത്രിതവും കേന്ദ്രീകൃതവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ഇടതുപക്ഷ സംഘടനകള്‍ കേഡര്‍മാരെ സൃഷ്‌ടിച്ചെടുത്തത്‌. സ്‌കൂള്‍ തലം മുതലേ എസ്‌ എഫ്‌ ഐ എന്ന വിദ്യാര്‍ത്ഥി സംഘടന ശക്തമായിരുന്നു, അതിന്റെ തുടര്‍ച്ചയായിട്ടാണ്‌ ക്യാംപസുകളില്‍ ഇടതുവിദ്യാര്‍ത്ഥിസംഘടനകള്‍ സജീവമാകുന്നത്‌. അതിനു പിന്നില്‍ ചോരത്തിളപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ട്‌. ഇടതു പക്ഷ ആശയങ്ങളുടെ `നന്മ' രക്തത്തില്‍ കലര്‍ത്തി വിദ്യാര്‍ഥി സംഘടനയായ എസ്‌ എഫ്‌ ഐ യുവജന സംഘടനയായ ഡി വൈ എഫ്‌ ഐ പോലുള്ളവയിലൂടെ പാര്‍ട്ടി കേഡര്‍മാരെ സൃഷ്‌ടിച്ചു. ഇത്‌ വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ചരിത്രമാണ്‌. ഇന്ന്‌ ഈ പ്രോസസിന്‌ തുടര്‍ച്ച നഷ്‌ടപ്പെട്ടിരിക്കുന്നു. പുതിയ സാഹചര്യത്തില്‍ ടീനേജിന്റെ അവസാനഘട്ടത്തില്‍ യുവാക്കള്‍ക്കിടയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന്‌ കഴിയാതെ പോകുന്നുവെന്നത്‌ ഒരു വസ്‌തുതയാണ്‌. പുതിയ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ പുതിയ തലമുറക്ക്‌ പകര്‍ന്നു നല്‍കുന്ന അളവ്‌ പാര്‍ട്ടി സ്റ്റഡി ക്ലാസുകള്‍ക്കു നല്‍കാവുന്നതിലും കൂടുതലും പലപ്പോഴും അതിന്‌ കടകവിരുദ്ധവുമാണ്‌ എന്ന കാര്യം മറച്ചുവെക്കാനാകില്ല. തങ്ങള്‍ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങളും നേതൃത്വത്തിന്റെ പ്രവൃത്തിയും നാം ജീവിക്കുന്ന ലോകവും തമ്മില്‍ പരസ്‌പര ബന്ധമില്ലെന്ന തോന്നലുണ്ടാകുന്നതോടെയാണ്‌ വര്‍ഷങ്ങളായി നീണ്ടുപോരുന്ന ആ പ്രോസസിനിടയില്‍ വലിയ `വാക്വം` സൃഷ്‌ടിക്കപ്പെടുന്നത്‌.

ആക്‌ടിവിസം
കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളാണ്‌ ഇടതുപക്ഷപ്രസ്ഥാനത്തിന്‌ ആഴത്തില്‍ വേരോട്ടമുണ്ടാക്കിയത്‌ എന്നത്‌ ചരിത്രം. അതുപോലെ തന്നെ പ്രധാനമാണ്‌ അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലുമായി കേരളത്തില്‍ വളര്‍ന്നു വന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അധികമൊന്നും ചോരചിന്താതെ നേടിയ സ്വാതന്ത്ര്യവും തുടര്‍ന്ന്‌ സമൂഹത്തിലുണ്ടായ അരക്ഷിതാവസ്ഥയും തൊഴിലില്ലായ്‌മയും അതിനൊപ്പം തന്നെ ലോകമെമ്പാടും വളര്‍ന്നു വന്ന തീവ്രകമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുമൊക്കെയാണ്‌ കേരളത്തില്‍ നക്‌സല്‍ പ്രസ്ഥാനങ്ങള്‍ വളരാന്‍ സാഹചര്യമൊരുക്കിയത്‌. ഈ മൂവ്‌മെന്റിന്‌ കേരളത്തിലെ വായനശാലകളോട്‌ തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്‌. വിയറ്റ്‌നാം, ചിലി, ലാവോസ്‌, കംബോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ വിമോചന പ്രസ്ഥാനങ്ങളുടെ പ്രചോദനവും എല്ലാമുള്‍ക്കൊണ്ട്‌ സ്വാഭാവികമായി സംഭവിച്ചു പോയതായിരുന്നു നക്‌സല്‍ പ്രസ്ഥാനം. കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്‌ കോളജുകളില്‍ പ്രത്യേകിച്ചും മടപ്പള്ളി കോളജ്‌, ആര്‍ ഇ സി, കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ഏറെക്കുറെ പാലക്കാട്‌ വിക്‌ടോറിയ, മഹാരാജാസ്‌ തുടങ്ങിയവ കേന്ദ്രമാക്കിയായിരുന്നു. വിപ്ലവം പടിക്കലെത്തിയെന്ന കാല്‌പനിക സ്വപ്‌നമുള്ളവര്‍ക്ക്‌ കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ വന്‍ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞുവെന്നതില്‍ രണ്ടഭിപ്രായമില്ല. അടിയന്തരാവസ്ഥക്കാലത്തുപോലും ആക്രമണങ്ങള്‍ നടത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞത്‌ അതുകൊണ്ടായിരുന്നു. അന്നും ഇടതുപക്ഷത്തില്‍ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. പ്രായോഗികവാദികളും തീവ്ര ആശയങ്ങളുള്ളവരും. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ തലപ്പത്തുണ്ടായിരുന്ന പ്രായോഗിക വാദികള്‍ ജനകീയാടിത്തറയുള്ള തീവ്രഇടതുപക്ഷക്കാരുമായി സംഘട്ടനത്തിലേര്‍പ്പെട്ടതിന്‌ നിരവധി ഉദാഹരണങ്ങളുണ്ട്‌. അടിയന്തരാവസ്ഥക്കാലത്തും ശേഷവും നക്‌സലുകളെ പിടിച്ചുകൊടുക്കാന്‍ കമ്മ്യൂണിസ്റ്റ്‌ അധികാരവൃന്ദം നടത്തിയ നീക്കങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതുമാണ്‌. നക്‌സലുകള്‍ അതികാല്‌പനികന്മാരായതിനാലും വിപ്ലവത്തെക്കുറിച്ച്‌ പരിധിയില്‍ കൂടുതല്‍ സ്വപ്‌നം കണ്ടതിനാനും എണ്ണത്തില്‍ കുറവായതിനാലും ആ പ്രസ്ഥാനം വിജയിച്ചില്ല. എങ്കിലും കേരളജനതയുടെ വിപ്ലവ ഊര്‍ജ്ജത്തിന്റെ ഒരു മാപിനി തന്നെയായിരുന്നു നക്‌സല്‍ പ്രസ്ഥാനം. അജിതയും സോമശേഖരനും വേണുവുമൊക്കെ ഇന്നും ആരാധിക്കപ്പെടുന്നത്‌ അതുകൊണ്ടുതന്നെയാണ്‌.

ബൗദ്ധിക നേതൃത്വം
ഏതാണ്ട്‌ എണ്‍പതുകളുടെ പകുതിയോടെ തന്നെ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ തിരിശീല വീണു. അടിയന്തരാവസ്ഥക്കാലത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സി പി എം മാര്‍ക്കറ്റു ചെയ്യുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. കാലാന്തരങ്ങളായി തുടര്‍ന്നു പോന്ന വിപ്ലവ ഊര്‍ജ്ജം തുടര്‍ന്നും പാലിക്കപ്പെടാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. നക്‌സല്‍ - എം എല്‍ പ്രസ്ഥാനങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ അടിത്തറ കാത്തുസൂക്ഷിക്കാനും പാര്‍ട്ടിക്ക്‌ കഴിഞ്ഞില്ല. അപ്പോഴേക്കും പാര്‍ട്ടിയില്‍ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ കയറിപറ്റിയിരുന്നു. കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിനു പക്ഷേ സമൂഹത്തിന്റെ അടിത്തട്ടിലെ സ്‌പന്ദനങ്ങള്‍ മനസ്സിലാക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞുവെങ്കിലും അതും അധികം താമസിയാതെ പൂര്‍ണ്ണമായും സി പി എം ന്റെ ജിഹ്വയായി മാറി. വിദ്യാര്‍ത്ഥി യുവജന രാഷ്‌ട്രീയ രംഗത്തു മാത്രമല്ല സാമൂഹ്യപ്രവര്‍ത്തന രംഗത്തും ശാസ്‌ത്രസാഹിത്യ പരിഷത്തിനു ശേഷം വന്‍ വാക്വം പ്രത്യക്ഷപ്പെട്ടു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ചരിത്രത്തില്‍ ആരംഭം മുതല്‍ തന്നെ ഒരു വലിയ വിഭാഗം ഇടതുപക്ഷ ബുദ്ധിജീവികളുടെ സൈദ്ധാന്തിക പിന്തുണയുണ്ടായിരുന്നു പാര്‍ട്ടിക്ക്‌. പാര്‍ട്ടി ക്ലാസുകളില്‍ മാര്‍ക്‌സിയന്‍ ആശയങ്ങള്‍ പഠിപ്പിച്ചതും തുടര്‍ന്ന്‌ രാഷ്‌ട്രീയമായ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ നേരിടാനും ഉപകരിച്ചത്‌ ഈ ഉയര്‍ന്ന ബൗദ്ധിക നിലവാരം വച്ചുപുലര്‍ത്തിയവര്‍ തന്നെയായിരുന്നു. നക്‌സല്‍ പ്രസ്ഥാനങ്ങളുടെ കാലത്തും അതിന്‌ സൈദ്ധാന്തിക മുഖം പകര്‍ന്നു നല്‍കിയത്‌ ഇക്കൂട്ടരായിരുന്നു. പക്ഷേ ഈയടുത്തകാലത്ത്‌ പാര്‍ട്ടിയുടെ ബുദ്ധിജീവികളില്‍ നല്ലൊരു പങ്കും വെട്ടിനിരത്തപ്പെട്ടു, ബാക്കിയുണ്ടായിരുന്ന പി ഗോവിന്ദപ്പിള്ളയെ കൂട്ടിലടച്ചു, ഗോവിന്ദപ്പിള്ളക്കു ശേഷം ആരെന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ പാര്‍ട്ടിക്ക്‌ ഇനിയുമായിട്ടില്ല. ബംഗാളില്‍ മഹാശ്വേതാദേവിയേപോലുള്ള ഇടതുപക്ഷ സഹയാത്രികര്‍ കൂട്ടത്തോടെ പാര്‍ട്ടിയെ തള്ളിപ്പറയുന്നത്‌ നമ്മള്‍ കണ്ടതാണ്‌. പരിഷത്ത്‌ ബുദ്ധിജീവികളില്‍ മിക്കവാറുമെല്ലാവരും പടിക്കു പുറത്തായി. ആര്‍ക്കോ വേണ്ടി എന്തോ വിളിച്ചു പറയുന്ന കെഇഎന്‍ കുഞ്ഞഹമ്മദും, ആസ്ഥാന ഉപദേശകപദവി സ്വയം ഏറ്റെടുത്ത അഴീക്കോടിലുമാണ്‌ ഇന്ന്‌ പാര്‍ട്ടിയുടെ സൈദ്ധാന്തിത നേതൃത്വം. പുതിയ കാലത്ത്‌ ദാര്‍ശനികമായ പ്രശ്‌നത്തെ നേരിടേണ്ടിവരുമ്പോള്‍ ഇടതുപക്ഷം നിന്നു പരുങ്ങുന്നതു കണ്ട നമുക്ക്‌ ഇടതു സൈദ്ധാന്തിക പക്ഷത്തെ വിടവ്‌ എത്രയെന്ന്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

ക്യാംപസ്‌
എണ്‍പതുകളുടെ രണ്ടാം പകുതിയോടെ മാറിയ ഇന്ത്യയില്‍ പിറന്നുവീണ സാങ്കേതികമായും ബൗദ്ധികമായും വികാസം പ്രാപിച്ച യുവതലമുറയെയും അവരുടെ വീക്ഷണങ്ങളെയും മാറിയ വിദ്യാഭ്യാസ തൊഴില്‍ സാമൂഹിക പരിതസ്ഥിതിയേയും അനുബന്ധ മണ്‌ഡലങ്ങളേയും ഇടതുപാര്‍ട്ടികള്‍ എങ്ങിനെ നോക്കി കാണുന്നു എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടതാണ്‌. തൊട്ടു മുമ്പുള്ള തലമുറക്ക്‌ ഇടതുപക്ഷവുമായി ഭൂപരിഷ്‌കരണം വഴി കിടപ്പാടം നല്‍കിയവരെന്നും കയ്യൂരും കരിവെള്ളൂരും പുന്നപ്ര - വയലാര്‍ സമരങ്ങളിലൂടെ മോചനം സാധ്യമാക്കിയവരെന്നുമുള്ള പൊക്കിള്‍ കൊടി ബന്ധമുണ്ടായിരുന്നു. രാജ്യം നേരിട്ട സുപ്രധാനമായ ഒരു രാഷ്‌ട്രീയ സാമൂഹ്യ പ്രതിസന്ധിയും തരണം ചെയ്യാത്തവരാണ്‌ അടിയന്തരാവസ്ഥക്കു ശേഷം വളര്‍ന്നു വന്ന പുതിയ തലമുറ. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥക്കു ശേഷം പ്രത്യേകിച്ചൊരു വിപ്ലവവും നയിച്ചിട്ടില്ലാത്ത ഇടതുപക്ഷത്തോട്‌ ഇന്നത്തെ യുവാക്കള്‍ക്ക്‌ മുന്‍തലമുറയേപോലെ ഒരു ഗൃഹാതുരയും തോന്നേണ്ടതില്ല.

ശക്തമായ യുവജന പ്രസ്ഥാനങ്ങളെന്ന നിലയില്‍ ഇടതുപക്ഷ യുവജന - വിദ്യാര്‍ത്ഥി സംഘടകള്‍ക്കുണ്ടായ മൈലേജ്‌ രാജ്യത്ത്‌ മറ്റൊരു സംഘടക്കും ലഭിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം ശക്തമായ പ്രസ്ഥാനമാണ്‌ സി പി എം എന്നിരുന്നിട്ടുകൂടി ഡി വൈ എഫ്‌ ഐ, എസ്‌ എഫ്‌ ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍ രാഷ്‌ട്രീയ ഭൂപടത്തിലുണ്ടാക്കിയ സ്ഥാനം വളരെ വലുതാണ്‌. കോണ്‍ഗ്രസ്സടക്കമുള്ള വലതുപക്ഷ സംഘടകളുടെ അപചയം ശരിക്കും പ്രയോജനമായത്‌ ഇത്തരം സംഘടനകള്‍ക്കായിരുന്നു. ഈയടുത്തകാലം വരെ കോളജുകളുടേയും സര്‍വ്വകലാശാല യൂണിയനുകളുടേയും കുത്തക ഇടതുപക്ഷ സംഘടനകള്‍ക്കായിരുന്നു. ചെറുപ്പത്തിന്‌ യോജിച്ച ചോരത്തിളപ്പുള്ള മുദ്രാവാക്യങ്ങള്‍, സാമൂഹിക നന്മയുടെ ക്യാന്‍വാസില്‍ തീത്ത നവലോക സങ്കല്‌പങ്ങള്‍ - അങ്ങനെ കേരളത്തിലെ രാഷ്‌ട്രീയ സംസ്‌കാരത്തില്‍ ഇടതുപക്ഷ യുവജന സംഘടനകളുടെ പ്രാധാന്യം ചെറുതല്ല. എന്നാല്‍ പാര്‍ട്ടി തലത്തിലുണ്ടായ ആനാരോഗ്യകരമായ മത്സരങ്ങളും മാറിയ സാമൂഹിക ഘടനയും പുതുതലമുറയുടെ വഴി മാറി നടപ്പും എല്ലാം കൂടെ അനുദിനം ക്ഷയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാക്കി ഇവയെ മാറ്റിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ രാഷ്‌ട്രീയ പരിചയവും യോഗ്യതയും ആര്‍ജ്ജവവുമായിരുന്നു ഇടതുപക്ഷ നേതാക്കളെ സൃഷ്‌ടിച്ചതെങ്കില്‍ ആശ്രിത വാത്സല്യവും വിഭാഗീയതും ഇവയെ അപചയപ്പെടുത്തിയെന്നത്‌ സമീപകാല യാഥാര്‍ത്ഥ്യങ്ങളാണ്‌.

സ്‌കൂളുകളില്‍ രാഷ്‌ട്രീയം നിരോധിച്ചതും പ്രീഡിഗ്രി എടുത്തുകളഞ്ഞതും ക്യാംപസ്‌ രാഷ്‌ട്രീയത്തെ മൊത്തത്തില്‍ ബാധിച്ചു. വലതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകളില്‍ സംതൃപ്‌തരാവാത്ത കൗമാരമായിരുന്നു എസ്‌ എഫ്‌ ഐ എന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനയുടെ ശക്തിയായി മാറിയത്‌. ഇരുപതും മുപ്പതും വര്‍ഷം ഒരു കോളജിലെ യൂണിയന്‍ എസ്‌ എഫ്‌ ഐ കുത്തകയാക്കിവെക്കാനുള്ള സാഹചര്യത്തിലേക്ക്‌ നയിച്ചത്‌ ഇതായിരുന്നു. ക്യാംപസുകളിലെ എസ്‌ എഫ്‌ ഐ യുടെ കുത്തകക്ക്‌ മറ്റൊരു വശം കൂടിയുണ്ട്‌. തീര്‍ത്തും മനശാസ്‌ത്രപരമായിരുന്നു എസ്‌ എഫ്‌ ഐയുടെ പ്രചാരണ പരിപാടികള്‍. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ചോര തിളച്ചു തുടങ്ങുന്ന കാലം മുതലേ തീവ്ര ആശയങ്ങള്‍ക്കു വിത്തിടാന്‍ ഇവര്‍ക്കുകഴിഞ്ഞു. കോളജിലെ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷവും പ്രീഡിഗ്രി വിദ്യാര്‍ത്ഥികളായിരുന്നു എന്നതിനാല്‍ കോളജുകളില്‍ വന്‍ അണികളെ സൃഷ്‌ടിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അടച്ചിട്ട ക്ലാസുമുറികളില്‍ ചേട്ടനും ചേച്ചിമാരുമായെത്തുന്ന നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളില്‍ ബഹൂഭൂരിപക്ഷം പേരും ആകൃഷ്‌ടരായി. രക്തസാക്ഷികളുടെ വീരചരിതങ്ങള്‍, സമൂഹ നന്മ ലക്ഷ്യമിട്ട പ്രത്യയശാസ്‌ത്രത്തിന്റെ വിത്ത,്‌ സാഹോദര്യത്തിന്റെ വളം, ചോരതിളക്കുന്ന കൗമാന്തരീക്ഷത്തില്‍ എസ്‌ എഫ്‌ ഐ എന്ന ഇടതുപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനം തഴച്ചു വളര്‍ന്നു. ഒപ്പം കെ എസ്‌ യു, എം എസ്‌ എഫ്‌, എ ബി വി പി എന്നീ വലതുപക്ഷ സംഘടനകള്‍ പേരിനു മാത്രമായി ഒതുങ്ങുകയും ചെയ്‌തു.

സ്‌കൂളുകളില്‍ രാഷ്‌ട്രീയം നിരോധിക്കുന്നതായിരുന്നു ആദ്യത്തെ തിരിച്ചടി, പ്രീഡിഗ്രി എടുത്തുമാറ്റിയതും തൊട്ടുപിന്നാലെ വന്ന സെമസ്റ്റര്‍ സിസ്റ്റത്തിന്റെ കോലാഹലത്തില്‍ ക്യാംപസില്‍ എസ്‌ എഫ്‌ ഐക്ക്‌ കാലിടറുകയും ചെയ്‌തു. എസ്‌ എഫ്‌ ഐ വര്‍ഷങ്ങളോളം കുത്തകയാക്കിവച്ചിരുന്ന ക്യാംപസുകളില്‍ വേരുള്ളവയും വേരില്ലാത്തവയുമായ സംഘടനകള്‍ വളര്‍ന്നു വന്നതും യൂണിയനുകളില്‍ സാന്നിദ്ധ്യമായതും ഇതേ സമയത്താണ്‌. കേരളത്തില്‍ ഇടതുപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളില്‍ വളര്‍ന്നു വന്ന വിഭാഗീയതയും ആശയത്തില്‍ വിട്ടുമാറി നടന്ന നേതൃത്വവും എസ്‌ എഫ്‌ എൈക്ക്‌ വിനയായി. പുതിയ സാഹചര്യത്തില്‍ കോളജുകളില്‍ രാഷ്‌ട്രീയത്തോട്‌ ആഭിമുഖ്യമുള്ളവരുടെ എണ്ണം കുറഞ്ഞു. ഒപ്പം മൊത്തത്തില്‍ ഇടതുപക്ഷ ചിന്തയില്‍ വന്ന വ്യതിയാനവും ഡിപ്രഷനും ക്യാംപസുകളെ വളരെ പെട്ടെന്നു തന്നെ ബാധിച്ചു.

ഇടതുപക്ഷ ബദലുകള്‍
സമൂഹത്തില്‍ സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ മുറുകെപിടിക്കുന്നവര്‍ എന്നുമുണ്ട്‌. കടുത്ത കോണ്‍ഗ്രസ്സുകാരനായിരുന്നെങ്കിലും അറിയപ്പെടുന്ന സോഷ്യലിസ്റ്റായിരുന്നു ജെവഹര്‍ലാല്‍ നെഹറു. കാലം മാറിയാലും പാര്‍ട്ടി മാറിയാലും സമൂഹ്യപ്രതിപത്തിയുള്ളവരെ ഇടതുപക്ഷക്കാരെന്നു വിളിക്കാം. കേരളത്തിലെ ബഹുഭൂരിപക്ഷവും ഇക്കൂട്ടരായതിനാലാണ്‌ കേരളം അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ ഇരുകൂട്ടരും മാറി മാറി ഭരിക്കുന്നത്‌. കേരളത്തില്‍ ബഹൂഭൂരിപക്ഷം വരുന്ന ഇവരെ തൃപ്‌തിപ്പെടുത്താന്‍ ഇടതുപക്ഷത്തിനു കഴിയുന്നുണ്ടോ? ഇടതുപക്ഷരാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയുടെ എല്ലാ തലങ്ങളിലും തുടര്‍ച്ച നഷ്‌ടപ്പെട്ടത്‌ തത്‌പര കക്ഷികള്‍ക്ക്‌ കടന്നു കൂടാനുള്ള നല്ല അവസരമായിമാറി. പരമ്പരാഗതമായി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുത്ത `വിപ്ലവ ഊര്‍ജ്ജം' ദിശാബോധം നഷ്‌ടപ്പെട്ടിരിക്കുമ്പോള്‍ അവയെ വഴിതിരിച്ചു വിടാന്‍ തത്‌പരകക്ഷികള്‍ക്ക്‌ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. എല്ലാ മേഖലയിലും ഇത്തരം നവ ഇടതുപക്ഷ ബദലുകള്‍ പിറന്നു വീഴുകയും ചെയ്‌തു. അവയില്‍ പലതും എത്രത്തോളം അപകടകാരിയാണെന്ന്‌ സമീപകാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നക്‌സല്‍ മൂവ്‌മെന്റിന്റെ കാലത്തും ശേഷം അത്ര തീവ്രമായ തോതിലല്ലെങ്കിലും പരിഷത്തും കൊണ്ടുനടന്ന ദളിത്‌, സ്‌ത്രീവിമോചന, പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ അതേ മൂശയിലാണ്‌ മതസംഘടനകളുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി പോലുള്ള വിവിധ `സന്നദ്ധ' സംഘടനകള്‍ വാര്‍ത്തെടുത്തത്‌. ഒരു കാലത്ത്‌ ഇടതുപക്ഷ യുവജന സംഘടനകള്‍ നാവിന്‍ തുമ്പില്‍ കൊണ്ടു നടന്ന സൂക്തങ്ങളാണ്‌ ഇന്ന്‌ മതാധിഷ്‌ഠിത യുവജന സംഘടനകള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുന്നത്‌. അതിന്‌ അഭൂതപൂര്‍വമായ സ്വീകാര്യതയും ലഭിക്കുന്നുവെന്നതാണ്‌ സത്യം. തീവ്രഇടതുപക്ഷ പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത്‌ അവര്‍ കൊണ്ടുനടന്ന ആശയങ്ങള്‍ പലതായി വിഭജിച്ച്‌ പലതരം പ്രസ്ഥാനങ്ങളായി പുതിയ കാലത്ത്‌ രൂപപ്പെട്ടു വരുന്നുവെന്നതിന്‌ ഈയടുത്ത കാലത്ത്‌ ഉദയം കൊണ്ട പ്രസ്ഥാനങ്ങള്‍ തന്നെ സാക്ഷി. മുന്‍ കാലങ്ങളില്‍ ഇടതുസംഘടനകള്‍ ഏറ്റെടുത്ത സാമൂഹിക പ്രാധാന്യമുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ ഇത്തരം സംഘടനകള്‍ ഏറ്റെടുക്കുന്നു. മുദ്രാവാക്യങ്ങള്‍ വരെ സമാനമായത്‌, കൊടിയുടെ നിറം മാത്രം വ്യത്യസ്‌തം. ക്യാംപസുകളില്‍ എസ്‌ എഫ്‌ ഐ പോലുള്ള ഇടതു സംഘടകളുടെ അപചയം ക്യാംപസ്‌ ഫ്രണ്ടുപോലെയുള്ള തീവ്ര ആശയ സംഘടനകള്‍ക്ക്‌ കടന്നു കയറാന്‍ സഹായകമായി. എസ്‌ എഫ്‌ ഐ മുന്നോട്ടുവച്ച ആശയങ്ങള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കപ്പെട്ടു, അതേ വിപ്ലവം ചുവക്കുന്ന മുദ്രാവാക്യങ്ങള്‍, അതേ ആസൂത്രിതമായ പ്രചാരണം, സെക്യുലറിസത്തിന്റെ മുഖം മൂടി. എസ്‌ എഫ്‌ ഐ ശക്തമായ ക്യാംപസില്‍ ഇടതുപക്ഷ സംഘടനയായ എ ഐ എസ്‌ എഫിനെ പോലും തലപൊക്കാനനുവദിക്കാത്ത ക്യാംപസില്‍ മതവിദ്യാര്‍ത്ഥി സംഘടനകള്‍ പടര്‍ന്നുകയറി. പല ക്യാംപസുകളിലും പെണ്‍കുട്ടികള്‍ വരെ ഇത്തരം പ്രസ്ഥാനങ്ങളുടെ മുഖ്യ പ്രചാരകരായി മാറി.
ഈയിടെ അറസ്റ്റിലായ ഭീകരവാദികളില്‍ പലരും സി പി എമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂരില്‍ നിന്നാണ്‌ എന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്‌. സോഷ്യലിസം, മതേതരത്വം എന്നൊക്കെ വീമ്പു പറയുന്ന പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരില്‍ തുടര്‍ച്ചയായി മതതീവ്രവാദികളുടെ ആക്രമണങ്ങളുണ്ടാകയത്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അപചയമാണ്‌ വെളിപ്പെടുത്തുന്നത്‌. എണ്‍പതുകളുടെ ആദ്യകാലത്തോടെ സി പി എം തുടങ്ങിവച്ച അക്രമരാഷ്‌ട്രീയ സംസ്‌കാരത്തിന്റ തുടര്‍ച്ചയായി ഇതിനെ വ്യാഖ്യാനിക്കാം. സി പി എം ഈയടുത്ത കാലം വരെ ആര്‍ എസ്‌ എസ്‌ തുടങ്ങിയ വര്‍ഗ്ഗീയ സംഘടനകളെ മാത്രമാണ്‌ ശത്രുക്കളായി കണ്ടത്‌. ബാബറി മസ്‌ജിദ്‌ തകര്‍ന്നതിനു ശേഷം രാഷ്‌ട്രീയ മുതലെടുപ്പിനു വേണ്ടി ഒരു കമ്മ്യൂണിസ്റ്റ്‌ കേഡര്‍ ഇഷ്‌ടപ്പെടാത്ത പല കൂട്ടുകെട്ടും പാര്‍ട്ടി നേതൃത്വം നടത്തുകയും ചെയ്‌തു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മദനി ബന്ധം വരെ തുടര്‍ന്നു അത്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെന്ന സമത്വത്തില്‍ വിശ്വസിക്കുന്ന, ദാരിദ്ര്യമില്ലാതാക്കുന്ന, പാവങ്ങള്‍ക്ക്‌ രക്ഷയാകുന്ന, മതേതരത്വത്തിന്‌ ഊന്നല്‍ നല്‍കുന്ന പാര്‍ട്ടിയെന്ന വിശ്വാസത്തില്‍ നിന്നും പലതവണ വ്യതിചലിച്ചു. ബദല്‍ രേഖ കാലത്ത്‌ 'വര്‍ഗീയ സംഘടനയായ` മുസ്ലീം ലീഗിനെ കൂട്ടുപിടിക്കണമെന്നു വാദിച്ച എം വി രാഘവനെ പുറത്താക്കിയ പാര്‍ട്ടി പത്തു വര്‍ഷങ്ങള്‍ക്കുശേഷം മദനിയെ മഹാത്മാഗാന്ധിയോടുപമിക്കുന്നതും (ഇ എം എസ്‌) നമ്മള്‍ കണ്ടു. പിന്നീടിങ്ങോട്ട്‌ കണ്ടുതുടങ്ങിയ കടുത്ത വിഭാഗീയത പാര്‍ട്ടിക്ക്‌ കനത്ത തിരിച്ചടികള്‍ സമ്മാനിച്ചു. ഇടതുചിന്താഗതി വച്ചുപുലര്‍ത്തുന്നവര്‍ക്ക്‌ ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു തുടങ്ങിയെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല.

ഹൈ ടെക്‌ തലമുറ
വ്യാവസായിക വിപ്ലവത്തിനുശേഷം ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണ്‌ പുത്തന്‍ സാങ്കേതിക വിപ്ലവത്തിനു സാക്ഷ്യം വഹിച്ച കഴിഞ്ഞ ഇരുപത്തിയഞ്ചുവര്‍ഷങ്ങള്‍. വ്യവസായിക മേഖലയിലും സാമ്പത്തിക മേഖലയിലും സാങ്കേതിക രംഗത്തും ലോകത്തെങ്ങുമുണ്ടായ മാറ്റങ്ങള്‍ ഇന്ത്യയിലും പ്രതിഫലിച്ച കാലഘട്ടം. ഉദാരീകരണത്തിന്റേയും ആഗോളീകരണത്തിന്റേയും സ്വകാര്യവല്‍ക്കരണത്തിന്റേയും ഫലമായി പുത്തന്‍ പഠന മേഖലയും തൊഴില്‍ മേഖലയും വികസിച്ചതും പുതിയ തലമുറ വഴിമാറി നടന്നു തുടങ്ങിയതും ഈ കാലത്താണ്‌. ഡിജിറ്റല്‍ ഡിവൈഡിന്റെ പേരില്‍ രണ്ടു തലമുറകള്‍ തമ്മിലുള്ള അന്തരം കണ്ടു തുടങ്ങിയ, അടിത്തട്ടുവരെ മാറ്റം ദൃശ്യമായ ഈ കാലഘട്ടത്തിലാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയ രംഗത്തുനിന്നും പൊതു രംഗത്തു നിന്നും യുവാക്കള്‍ പിന്മാറിത്തുടങ്ങിയത്‌. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞതും തൊഴില്‍ പരിസരങ്ങളില്‍ വന്ന മാറ്റവും ഉന്നത വിദ്യാഭ്യാസ മേഖല വികസിച്ചതും അതിനൊരു കാരണമായി സാമൂഹ്യ ശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. അതേ സമയം സാമൂഹിക പരിസ്ഥിതി സംബന്ധമായ പ്രവര്‍ത്തന മേഖലകളിലൊക്കെ യുവാക്കള്‍ ആര്‍ജ്ജവം പ്രകടിപ്പിക്കുന്നതായും കാണാം, രാഷ്‌ട്രീയത്തോടല്ല രാഷ്‌ട്രീയപാര്‍ട്ടികളുടെ നയങ്ങളോടും പ്രവര്‍ത്തനരീതിയോടുമാണ്‌ പുതിയ തലമുറ വൈമുഖ്യം കാണിക്കുന്നതെന്ന്‌ ഇതില്‍ നിന്നു തന്നെ വ്യക്തമാണ്‌. മാറിയ സാഹചര്യത്തില്‍ ജീവിതമെന്നത്‌ മുഖ്യ രാഷ്‌ട്രീയമാക്കിയെടുക്കുകയും നല്ല ജോലി നല്ല ശമ്പളം എന്നത്‌ മുദ്രാവാക്യമാക്കുകയും ചെയ്‌തവരാണ്‌ ഇന്ന്‌ ബഹുഭൂരിപക്ഷവും. പഠിക്കുന്നതിനൊപ്പം പാര്‍ട്ട്‌ ടൈം ജോലി ചെയ്യുന്നവരുടെ എണ്ണം ഇന്ന്‌ വളരെ കൂടുതലാണ്‌. മുന്‍കാലങ്ങളില്‍ പാര്‍ട്ട്‌ ടൈം ജോലിയോട്‌ വിമുഖത കാണിച്ച തലമുറ മാറി ഗാന്ധിയന്‍ സിദ്ധാന്തമായ തൊഴിലിനൊപ്പം പഠനമെന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ മാറി.

മാറിയ സാമ്പത്തിക സാമൂഹിക നിലവാരത്തിനും, കേരളത്തിലെ ഉന്നത പഠന മേഖലയില്‍ വരുത്തിയ ഭേദഗതികള്‍ക്കും സമാന്തരമായാണ്‌ കേരളത്തിന്റെ യുവത്വവും മാറ്റത്തിന്‌ വിധേയമായത്‌. അടിയന്തരാവസ്ഥ കലുഷിതമാക്കിയ എഴുപതുകളുടെ ഉത്തരാര്‍ദ്ധത്തിലെ രാഷ്‌ട്രീയ സാമൂഹികാവസ്ഥയില്‍ നിന്നും എണ്‍പതുകളുടെ അവസാനമായപ്പോള്‍ തന്നെ കേരളീയ സമൂഹം പല മേഖലകളിലും മാറ്റം അഭിമുഖീകരിച്ചു തുടങ്ങിയിരുന്നു. തോണ്ണൂറുകളുടെ ആദ്യ കാലത്ത്‌ കേബിള്‍ ടെലിവിഷന്‍ ജനകീയമായതും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രോഡ്‌ ബാന്റ്‌ സൗകര്യങ്ങള്‍ക്കു ചിലവു കുറഞ്ഞതും യുവാക്കളുടെ ജീവിത രീതി തന്നെ മാറ്റി മറിച്ചു. കേബിള്‍ ടെലിവിഷന്‍ ഉടുപ്പിലും നടപ്പിലും അഭിരുചികളിലുമാണ്‌ മാറ്റങ്ങള്‍ വരുത്തിയതെങ്കില്‍ ബ്രോഡ്‌ ബാന്റ്‌, ജി പി ആര്‍ എസ്‌ സൗകര്യങ്ങള്‍ വിദ്യാഭ്യാസമേഖലകളിലും പ്രൊഫഷണല്‍ രംഗത്തും വിനോദ മേഖലയിലുമാണ്‌ മാറ്റങ്ങളുണ്ടാക്കിയത്‌.

രാഷ്‌ട്രീയ പ്രബുദ്ധതയുടെ കാര്യത്തില്‍ വികസിത രാജ്യങ്ങളെ പോലും കടത്തിവെട്ടുന്നവരെന്ന്‌ വീമ്പു പറയുന്ന നമ്മുടെ പുതുതലമുറ രാഷ്‌ട്രീയ രംഗത്തു നിന്ന്‌ പിന്മാറുന്നതായാണ്‌ . സി എസ്‌ ഡി എസ്‌ (Centre for the Study of Developing Societies. Delhi) നടത്തിയ തെരഞ്ഞെടുപ്പ്‌ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌. ദേശീയ വോട്ടിംഗ്‌ ശതമാനവുമായി തട്ടിച്ചു നോക്കിയാല്‍ രണ്ടു മുതല്‍ നാലുശതമാനം വരെ കുറവാണ്‌ യുവാക്കളുടെ(18-25) വോട്ടിംഗ്‌ ശതമാനം. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ലഭിക്കുന്ന വോട്ടിന്റെ കാര്യത്തില്‍ മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച്‌ യുവാക്കളുടെ പങ്ക്‌ കുറഞ്ഞുവരുന്നതായാണ്‌ കണക്ക്‌. സമൂഹത്തിന്റെ സ്‌പന്ദനങ്ങളറിയാന്‍ യുവാക്കളിലേക്കിറങ്ങിവരണമെന്ന മഹദ്വചനമടിസ്ഥാനമാക്കിയാല്‍ ഇടതുപക്ഷ ആശയങ്ങള്‍ക്ക്‌ മൊത്തത്തില്‍ നേരിടുന്ന അപചയമായി വേണം ഇതിനെ കാണേണ്ടത്‌.
വിവര വിനിമയ വിപ്ലവത്തിന്റെ പുതിയ കാലത്ത്‌ ചുറ്റുപാടുകളെക്കുറിച്ച്‌ അറിവുള്ളവരും ദേശീയവും അന്തര്‍ദേശീയവുമായ ഇടപെലടുകളെക്കുറിച്ച്‌ ബോധവാന്മാരുമായ പൊതുജനത്തിനു മുമ്പില്‍ തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിലും ചര്‍ച്ചകളിലും സാമ്രാജ്യത്വം മതേതരത്വം ജനാധിപത്യം എന്നിങ്ങനെ സ്ഥൂലവാദങ്ങള്‍ നിരത്തി ബഹളം കൂട്ടുന്നതല്ലാതെ വ്യക്തമായ ധാരണയുള്ള, കൃത്യമായ അറിവുകളുള്ള എത്ര നേതാക്കളെ ഈ തിരഞ്ഞെടുപ്പുകാലത്തെ ചര്‍ച്ചാവേദികളില്‍ നാം കണ്ടു?. ലോകരാഷ്‌ട്രങ്ങളുടെ ഇടയില്‍ ഈയടുത്തകാലത്ത്‌ വന്‍ ചര്‍ച്ചയായി മാറിയ ഇന്ത്യാ - അമേരിക്ക ആണവകരാറുപോലെയുള്ള ഗൗരവമായ വിഷയങ്ങളെ കുറിച്ച്‌ ആഴത്തില്‍ പഠിക്കാനും അനുകൂലമായാലും പ്രതികൂലമായാലും അറിയാവുന്നവ പൊതുജനങ്ങളെ മനസ്സിലാക്കിക്കൊടുക്കാനും കഴിവുള്ള എത്ര രാഷ്‌ട്രീയ പ്രവര്‍ത്തകരെ നമുക്ക്‌ കണ്ടെടുക്കാനാകും. മാറിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന, നൂതനമേഖലകളില്‍ കഴിവു തെളിയിച്ച പുതുതലമുറയെ പ്രതിനിധാനം ചെയ്യാന്‍ അല്‌പജ്ഞാനികളായ ബഹുഭൂരിപക്ഷം വരുന്ന പാര്‍ലമെന്റ്‌ മെമ്പര്‍മാര്‍ക്ക്‌ കഴിയാതെ പോകുന്നുവെന്ന വസ്‌തുതയെയും തള്ളിക്കളയാനാവില്ല.

വിദ്യാര്‍ത്ഥികളുടെ വിഷനിലുണ്ടായ മാറ്റത്തിന്റെ തുടര്‍ച്ചയായി വേണം യുവാക്കളുടെ മൊത്തത്തില്‍ നിലപാടുകളിലുണ്ടായ മാറ്റത്തേയും കാണേണ്ടത്‌. പുതിയ ലോകക്രമത്തിനൊത്ത്‌ ഉയരാന്‍ മടിക്കുന്ന രാഷ്‌ട്രീയ സംവിധാനത്തോട്‌, അവ രാഷ്‌ട്രീയ സാമൂഹിക വിപ്ലവത്തില്‍ മുഖ്യ പങ്കുവഹിച്ചതാണെങ്കില്‍ പോലും, സ്വീകരിക്കുന്ന സ്വാഭാവികപ്രതികരണമായി വേണം യുവാക്കളുടെ ഉള്‍വലിയലിനെ വിലയിരുത്തേണ്ടത്‌. യുവാക്കളിലെ ഇനിയും നഷ്‌ടപ്പെടാത്ത ഇടതുപക്ഷ ചിന്താഗതിയേയും വിപ്ലവ ഊര്‍ജ്ജത്തെയും ശരിയായ ദിശയില്‍ നയിക്കാന്‍ എങ്ങനെ കഴിയുമെന്നത്‌ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്‌.

മംഗളം വാര്‍ഷികപ്പതിപ്പ്‌ 2009.

No comments:

Post a Comment