Sunday, September 27, 2009

വെബ്‌ 2.0 : ഇന്റര്‍നെറ്റിനെ വിശ്വസിക്കാമോ?


വായനക്കാര്‍ കൂടി പങ്കുചേരുന്ന പുത്തന്‍ മാധ്യമ സംസ്‌കാരമായി വെബ്‌ 2.0 എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റിന്റെ രണ്ടാം പതിപ്പ്‌ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഉപയോക്താക്കളെ തന്നെ വിവരങ്ങളുടെ സ്രോതസ്സായി കല്‍പ്പിക്കപ്പെടുന്ന തീര്‍ത്തും ജനാധിപത്യപരമായ യുഗമാണ്‌ ഇത്‌. അങ്ങനെയാണ്‌ ഒരു ഭാഗത്തേക്കുമാത്രം വിവരങ്ങള്‍ ഒഴുകുന്ന അച്ചടി - ദൃശ്യമാധ്യമങ്ങളില്‍ നിന്നും ഇന്റര്‍നെറ്റ്‌ വേറിട്ടുനില്‍ക്കുന്നത്‌. പക്ഷേ വിക്കിപ്പീഡിയയും ബ്ലോഗുകളും പോലെ ഉപഭോക്താക്കള്‍ക്ക്‌ സ്വാധീനമുള്ള മാധ്യമരൂപങ്ങള്‍ പബ്ലിഷിംഗ്‌ എന്നാല്‍ പാര്‍ട്ടിസിപ്പേഷന്‍ എന്ന സമവാക്യം രൂപീകരിച്ചപ്പോള്‍ വിശ്വാസ്യതയുടെ പേരിലാണ്‌ വെബ്‌ 2.0 വിമര്‍ശനങ്ങള്‍ നേരിടുന്നത്‌.

ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ്‌ സാങ്കേതിക രംഗത്തുണ്ടായ വിപ്ലവമാണ്‌ വെബ്ബിന്റെ രണ്ടാം ഘട്ടത്തിന്‌ തുടക്കമിട്ടത്‌. ഫ്രീ സോഫ്‌റ്റ്വെയറിന്റെയും ഓപ്പണ്‍സോഴ്‌സ്‌ പ്രസ്ഥാനത്തിന്റെയും പ്രചാരകരിലൊരാളായ ടിം ഓറെയ്‌ലിയും** (Tim O�Reilly ) അദ്ദേഹത്തിന്റെ ഓ റെയ്‌ലി മീഡിയയുമായിരുന്നു വെബ്‌ 2.0 എന്ന സങ്കല്‌പത്തിന്റെ മുഖ്യ പ്രചാരകര്‍. ലേഖനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും താഴെ വായനക്കാര്‍ക്ക്‌ അഭിപ്രായമെഴുതാന്‍ സൗകര്യമൊരുക്കിതു മുതല്‍ സ്വന്തമായി വീഡിയോകളും മറ്റും പ്രസിദ്ധീകരക്കാവുന്ന പോഡ്‌കാസ്റ്റ്‌ വരെ വെബ്‌ 2.0 ന്റെ സംഭാവനയാണ്‌. ലളിതമായി പറഞ്ഞാല്‍ ഇഷ്‌ടമുള്ളത്‌ തിരഞ്ഞെടുക്കുന്നതുപോലെ ഇഷ്‌ടമുള്ളത്‌ പ്രസിദ്ധീകരിക്കാനും ഉപയോക്താക്കള്‍ക്ക്‌ അധികാരമുള്ള പുതിയ ലോകം. ശാസ്‌ത്രസാങ്കേതിക രംഗവും പത്രപ്രവര്‍ത്തനരംഗവും മാത്രമല്ല പൊതുജനാഭിപ്രായം സ്വരൂപിക്കാനും ആശയങ്ങള്‍ പ്രചരിപ്പിക്കാനും രാഷ്‌ട്രീയപാര്‍ട്ടികള്‍ വരെ ഇന്റര്‍നെറ്റിന്റെ പുതിയ പതിപ്പ്‌ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതിന്‌ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്‌. രാഷ്‌ട്രീയപാര്‍ട്ടികള്‍ പ്രചാരണ മാധ്യമമായി ഇന്റര്‍നെറ്റിനെ ഉപയോഗിച്ചതിന്റെ ചിത്രമാണ്‌ അമേരിക്കന്‍ തിരഞ്ഞെടുപ്പുമുതല്‍ കാശ്‌മീരിലും ഗുജറാത്തിലും വരെ നമ്മള്‍ കാണുന്നത്‌

വെബ്‌ ആദ്യകാലഘട്ടം നെറ്റ്‌സ്‌കേപ്പിന്റെ കാലമെന്നും രണ്ടാം പതിപ്പ്‌ ഗൂഗിളിന്റെ കാലമെന്നും പറയാം. ബ്ലോഗര്‍, പിക്കാസ, യൂട്യൂബ്‌ തുടങ്ങിയ നിരവധി ഫ്രീ സര്‍വീസുകള്‍ക്കായി ഓരോരുത്തര്‍ക്കും ഏഴു ജി ബിയില്‍ പരം സെര്‍വര്‍ സ്‌പേസും മള്‍ട്ടിമീഡിയരംഗത്തെ ആവശ്യങ്ങള്‍ക്കും സ്റ്റോറേജിനുമുള്ള സോഫ്‌റ്റ്വെയറുകളും നല്‍കി ഗൂഗിള്‍ സൈബര്‍സ്‌പേസിനെ മൊത്തത്തില്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ തുടക്കമിടുകയായിരുന്നു. വെബ്ബിന്റെ ഒന്നാംഘട്ടത്തിലെ പ്രബലന്മാരില്‍ മിക്കവരും രണ്ടാംപതിപ്പിലെ അതിന്റെ ജനാധിപത്യപരമായ രൂപങ്ങള്‍ക്ക്‌ കീഴടങ്ങി. പരസ്യസേവനദാതാക്കളെന്ന നിലയില്‍ ആദ്യകാലത്ത്‌ മുന്‍നിരയിലെത്തിയ ഡബിള്‍ക്ലിക്കുപോലുള്ള വെബ്‌സൈറ്റുകളെ ഗൂഗിള്‍ ആഡ്‌സെന്‍സ്‌ ബഹുദൂരം പിന്നിലാക്കി(ഡബിള്‍ ക്ലിക്കിനെ പിന്നീട്‌ ഗൂഗിള്‍ തന്നെ ഏറ്റെടുത്തൂ). പരസ്യ ദാതാക്കള്‍ക്കും ഉപഭോക്താവിനും ഇടയിലുള്ള ഇടനിലക്കാരനെന്ന നിലയിലാണ്‌ ആഡ്‌സെന്‍സ്‌ പ്രവര്‍ത്തിക്കുന്നത്‌. ഓഫോടോ(ofoto)പാലുള്ള ഇമേജ്‌ സ്റ്റോറേജ്‌ സൈറ്റുകളെ യാഹുവിന്റെ ഫ്‌ളിക്കറും(www.flickr.com) ഗൂഗിളിന്റെ പിക്കാസയും അപ്രസക്തമാക്കി. എംപി3.കോം പോലുള്ള സംഗീത സൈറ്റുകളെ നാപ്‌സ്റ്റര്‍ (http://free.napster.com) പോലുള്ള മ്യൂസിക്ക്‌ ഷെയറിംഗ്‌ സൈറ്റുകളും പകരക്കാരായി. പേഴ്‌സണല്‍ വെബ്‌സൈറ്റുകള്‍ എന്ന സങ്കല്‌പം ബ്ലോഗുകള്‍ എന്ന കൂട്ടായ്‌മക്ക്‌ വഴിമാറിക്കൊടുത്തു. ആമസോണും ഇ ബേയും പ്രപരിപ്പിച്ച വ്യാപാര സംസ്‌കാരം തുടക്കത്തില്‍ സംശയത്തിന്റെ നിഴലിലായെങ്കിലും അവ വിശ്വാസ്യം നേടിയെടുത്തത്‌ പെട്ടെന്നാണ്‌. മിക്കവാറും എല്ലാ മേഖലയിലും ഉപഭോക്താക്കള്‍ക്ക്‌ പങ്കാളിത്തം ലഭിച്ചപ്പോള്‍ വെബ്ബ്‌ പബ്ലിഷിംഗ്‌ എന്നത്‌ വിപുലമായ ഒരു കൂട്ടായ്‌മയായി മാറി.

വിക്കി ജേണലിസം
വെബ്‌ 2 0 ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവന്നത്‌ ഇന്ററാക്‌ടീവ്‌ എന്‍സൈക്ലോപീഡിയയായ വിക്കിപ്പീഡിയ മുന്നോട്ടുവച്ച സ്വതന്ത്ര വിജ്ഞാന ശേഖരണ രീതിയുമായി ബന്ധപ്പെട്ടാണ്‌. വ്യക്തവും വിശ്വാസ്യയോഗ്യവുമായ എഡിറ്റോറിയല്‍ സംവിധാനമുള്ള എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക പോലുള്ളവയെ ബഹുദൂരം പിന്നിലാക്കി ആര്‍ക്കും എഡിറ്റുചെയ്യുകയും വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാവുന്ന വിക്കിപ്പീഡിയ ലോകത്തേറ്റവും പേര്‍ ഉപയോഗിക്കുന്ന ആദ്യ പത്തെണ്ണത്തില്‍ സ്ഥാനം പിടിച്ചതു തന്നെ മാധ്യമ സാഹചര്യങ്ങളോട്‌ പൊതു സമൂഹത്തിനുവന്ന മാറ്റങ്ങളേയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ആര്‍ക്കും എന്തും എഴുതി പബ്ലിഷ്‌ ചെയ്യാമെന്നതും എഴുതിയത്‌ തിരുത്തിയെഴുതാമെന്നതുമാണ്‌ വിക്കിപ്പീഡിയയുടെ പ്രത്യേകത. വിക്കിപ്പീഡിയയെ ഒരിക്കലും ഒരു ഉല്‌പന്നമായി(product) കാണാനാവില്ല, വിക്കിയിലെ വിവര ശേഖരണം തുടര്‍ച്ചയായി നടക്കുന്ന ഒരു പ്രക്രിയ (process) യാണ്‌. പലരാലും എഡിറ്റ്‌ ചെയ്യപ്പെടുന്നതുകൊണ്ട്‌ അവ അരിച്ചെടുത്ത ശുദ്ധമായ ഉള്ളടക്കമാണ്‌ എന്നാണ്‌ വിക്കിപ്പീഡിയ വക്താക്കളും അവരെ പിന്തുണക്കുന്ന ഓപ്പണ്‍സോഴ്‌സ്‌ പ്രസ്ഥാനവും അവകാശപ്പെടുന്നത്‌. പക്ഷേ വിശ്വാസ്യ യോഗ്യമല്ലാത്ത, വ്യക്തമായ സോഴ്‌സ്‌ ഇല്ലാതെ, പലരാലും എഴുതിക്കൂട്ടിയതും ഏതു നിമിഷവും മാറ്റപ്പെടാവുന്നതുമായ വിവര ശേഖരത്തെ എങ്ങനെ വിശ്വസിക്കാനാകും? അതുകൊണ്ടുതന്നെ വിക്കിപ്പീഡിയയിലെ വിവരശേഖരണം വിശ്വസനീയമല്ല എന്ന വാദഗതിയോട്‌ യോജിക്കേണ്ടിവരും. എന്നാല്‍ വ്യക്തമായ സോഴ്‌സുകളുള്ള ആദ്യകാലത്തെ വെബ്‌ സൈറ്റുകള്‍ കുറച്ചുകൂടെ വിശ്വസനീയമായിരുന്നു എന്നത്‌ വസ്‌തുതയാണ്‌. വിക്കിയുടെ ഡാറ്റാ കളക്ഷന്‍ രീതി മാതൃകയാക്കി പിന്നീടുവന്ന പോര്‍ട്ടലുകളെല്ലാം ഈ ഭീഷണി നേരിടുന്നുണ്ട്‌.
ഇന്റര്‍നെറ്റിലെ ഈ സ്വാതന്ത്ര്യത്തിനെതിരെയും അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമനിരൂപകരും സാമൂഹ്യശാസ്‌ത്രജ്ഞരും രണ്ടുതട്ടിലാണ്‌. ആള്‍ക്കൂട്ടത്തിനു ബുദ്ധി കുറവാണ്‌ എന്ന ചരിത്രസാക്ഷ്യം മുന്‍നിര്‍ത്തി ഇത്തരം ജനാധിപത്യം അരാജകത്വത്തിലേക്ക്‌ വഴിതെളിയിച്ചിരിക്കുകയാണ്‌ എന്നു സ്ഥാപിക്കുകയാണ്‌ സിലിക്കന്‍ വാലി ബുദ്ധിജീവികളില്‍ ഒരു കൂട്ടര്‍. ഐടി രംഗത്തെ നിക്ഷേപകനായ ആന്‍ഡ്ര്യൂ കീന്‍ എഴുതിയ `ദ കള്‍ട്ട്‌ ഓഫ്‌ അമേച്ചര്‍' എന്ന പുസ്‌തകം ഗൂഗിള്‍, വിക്കി തുടങ്ങിയവ രൂപപ്പെടുത്തിയ മാധ്യമസംസ്‌കാരത്തെ നിശിതമായി വിമര്‍ശിച്ച്‌ പ്രസിദ്ധി നേടിക്കഴിഞ്ഞു. അതേസമയം ഓ റെയ്‌ലി മീഡിയയടക്കമുള്ള സ്വതന്ത്രമാധ്യമ വാദികളും ഓപ്പണ്‍ സോഴ്‌സ്‌ പ്രസ്ഥാനവും മറുപക്ഷത്തുനിന്ന്‌ വിവര വിനിമയ രംഗത്തെ സ്വാതന്ത്ര്യത്തിനു വേണ്ടി ശക്തമായി വാദിക്കുന്നവരാണ്‌. ബൗദ്ധിക സ്വത്തവകാശത്തെ അപ്രസക്തമാക്കി വിവരങ്ങള്‍ ശേഖരിക്കാനും സംയോജിപ്പിക്കാനുമുള്ള ഒരു പ്ലാറ്റ്‌ഫോമാക്കി ഇന്റര്‍നെറ്റിനെ മാറ്റി എന്നതാണ്‌ വെബ്‌ 2 0 വിന്റെ പ്രത്യക്ഷമായ ഫലമെന്നാണ്‌ സ്വാതന്ത്ര്യവാദികള്‍ അവകാശപ്പെടുന്നത്‌.

നിയന്ത്രണം ഉപയോക്താക്കളുടെ കൈയിലെത്തുകയും വെബ്ബ്‌ വെറുമൊരു പ്ലാറ്റ്‌ഫോം മാത്രമായി പരിണമിക്കുകയുമാണ്‌ എന്നതാണ്‌ എതിര്‍വാദികളുടെ മുഖ്യ ആരോപണം. വിവിധ സ്വഭാവരീതികളുള്ള വിവിധ സംസ്‌കാരമുള്ള വിവിധ ബൗദ്ധികതലങ്ങളില്‍ പെടുന്ന വലിയ ജനക്കൂട്ടമാണ്‌ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍. ഒരു എഡിറ്ററുടെ ജോലി വിപുലമായ സാംസ്‌കാരിക പശ്ചാത്തലമുള്ള ഇവരെ ഏല്‍പ്പിച്ച്‌ അബദ്ധത്തില്‍ ചെന്നു ചാടിയതിന്‌ ചരിത്രത്തില്‍ നിരവധി ഉദാഹകണങ്ങളുണ്ട്‌. വായനക്കാരെ സര്‍വാധികാരികളായി കല്‍പ്പിക്കുന്ന ആര്‍ക്കും വാര്‍ത്തകളില്‍ ഇടപെടുകയും പ്രസിദ്ധീകരിക്കുകയും ചെയ്യാവുന്ന `നെറ്റ്വര്‍ക്ക്‌ ജേണലിസത്തിന്റെ' പ്രാരംഭകാലത്ത്‌ ലോസ്‌ ആഞ്ചല്‍സ്‌ ടൈംസിന്‌ സംഭവിച്ചത്‌ ശ്രദ്ധേയമാണ്‌. ഗള്‍ഫ്‌ യുദ്ധത്തിന്റെ അവസാനകാലത്ത്‌ വായനക്കാരുടെ അഭിപ്രായങ്ങള്‍ രൂപീകരിച്ച്‌ `വിക്കിടോറിയല്‍ 'എന്ന പേരില്‍ വിക്കിപീഡിയയുടെ അതേ ഫോര്‍മാറ്റില്‍ 1000 വാക്കുകളുള്ള എഡിറ്റോറിയല്‍ തയ്യാറാക്കാന്‍ ലോസ്‌ ആഞ്ചല്‍സ്‌ ടൈംസ്‌ അധികൃതര്‍ വായനക്കാര്‍ക്ക്‌ അവസരം നല്‍കി. അവരുടെ ഇന്റര്‍നെറ്റ്‌ എഡിഷനില്‍ `പബ്ലിക്ക്‌ ബീറ്റാ' എന്ന ഓമനപ്പേരിട്ടുവിളിച്ച പദ്ധതിയില്‍ ആര്‍ക്കും അഭിപ്രായമെഴുതാനും എഡിറ്റുചെയ്യാനും സൗകര്യമൊരുക്കി. പക്ഷേ അസഭ്യപദങ്ങള്‍ തടയാനുള്ള സംവിധാനങ്ങളോ മറ്റു നിയന്ത്രണങ്ങളോ ഒന്നും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഫലം വിപരീതമായിരുന്നു. സഭ്യമല്ലാത്ത ഭാഷയില്‍ വായനക്കാര്‍ എഡിറ്റോറിയല്‍ ശരിക്കും കൈകാര്യം ചെയ്‌തു. പത്രസ്ഥാപനത്തിലേക്ക്‌ ഫോണ്‍കോളുകളുടെ പ്രവാഹമായി. മണിക്കൂറുകള്‍ക്കകം വെബ്‌ സൈറ്റ്‌ വിസിറ്റു ചെയ്‌തവര്‍ക്ക്‌ നന്ദിപറഞ്ഞ്‌ എഡിറ്റര്‍ക്ക്‌ ആ പേജ്‌ തന്നെ എടുത്തുകളയേണ്ടിവന്നു. സമാനമായ സംഭവങ്ങള്‍ മലയാളത്തിലേതടക്കമുള്ള നിരവധി മുന്‍ നിര വൈബ്‌സൈറ്റുകളുടെ ഗസ്റ്റ്‌ ബുക്കുകളിലും ബ്ലോഗുകളിലും ഉണ്ടായിട്ടുണ്ട്‌. വ്യക്തിഹത്യ നിറഞ്ഞ ബ്ലോഗുകളും വിക്കിപ്പീഡിയ ലേഖനങ്ങളും, ഓര്‍ക്കുട്ട്‌/മൈസ്‌പേസ്‌ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലെ അസഭ്യമായ അക്കൗണ്ടുകളും പോണ്‍സൈറ്റുകളിലെ വൈകൃതങ്ങളുമെല്ലാം സൈബര്‍ സ്‌പേസിലെ സാമാന്യജനത്തിന്റെ മനശാസ്‌ത്രം നമുക്ക്‌ മനസ്സിലാക്കിത്തരും. കൃത്രിമമായി ഒരു അജന്‍ഡ നടപ്പാക്കേണ്ടവര്‍ക്ക്‌ ഒരു പറ്റം യൂസര്‍ അക്കൗണ്ടുകള്‍ സൃഷ്‌ടിച്ച്‌ അഭിപ്രായനിര്‍മ്മിതിക്ക്‌(അജന്‍ഡ സെറ്റിംഗ്‌) ശ്രമിക്കാമെന്നതിന്‌ തീവ്രവാദ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ മെയിലുകളും ബ്ലോഗുകളും വെബ്‌സൈറ്റുകളും ഉദാഹരണം. ബ്ലോഗര്‍മാര്‍ പലരാജ്യങ്ങളിലും ശിക്ഷിക്കപ്പെട്ടതും ഓര്‍ക്കുട്ടടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിം സൈറ്റുകള്‍ നിരോധിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ വെബ്‌ 2 0 ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഇന്ത്യാവിരുദ്ധ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്‌ മുമ്പ്‌ ഇന്ത്യയില്‍ തന്നെ ബ്ലോഗുകള്‍ നിരോധിച്ചിട്ടുണ്ട്‌.

ജേണലിസം 2.0
സിറ്റിസണ്‍ ജേണലിസത്തിന്റെ ഓണ്‍ലൈന്‍ വക്താക്കളായി സ്വതന്ത്ര ബ്ലോഗുകള്‍ക്കുപുറമേ വിക്കി ന്യൂസും (www.wikinews.org) ഇന്‍ഡി മീഡിയ(www.Indymedia.org), ഓഹ്മിന്യൂസ്‌ (www.ohmynews.com)തുടങ്ങിയ വാര്‍ത്താധിഷ്‌ടിത പോര്‍ട്ടലുകളും സൈന്തിഫിക്ക്‌ അമേരിക്കന്‍ പോലുള്ള പ്രസിദ്ധീകരണങ്ങളും മാറിക്കഴിഞ്ഞു. വിക്കിപ്പീഡിയയിലെ പോലെ ആര്‍ക്കും വാര്‍ത്തകള്‍ പബ്ലിഷ്‌ ചെയ്യുകയോ തിരുത്തുകയോ ചെയ്യാവുന്ന വാര്‍ത്താ വെബ്‌ സൈറ്റുകളാണ്‌ വിക്കി ന്യൂസ്‌ പോലുള്ളവ. ഇവിടെയും ആള്‍ക്കൂട്ടത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ഇത്തരം പബ്ലിക്ക്‌ വെബ്ബ്‌ പോര്‍ട്ടലുകള്‍ക്കുപുറമെ ഒട്ടു മിക്ക വാര്‍ത്താ - വാര്‍ത്താഇതര വെബ്ബ്‌ സൈറ്റുകളുടേയും ബ്ലോഗുകള്‍ വായനക്കാരുടെ അഭിപ്രായത്തിന്‌ മുന്‍തൂക്കം നല്‍കുകയും അതുവഴി കൂടുതല്‍ ജനകീയമാക്കാനുമുദ്ദേശിച്ചുള്ളവയാണ്‌. ബ്ലോഗുകള്‍ കൊണ്ടുവന്ന അമച്ചര്‍ ജേണലിസം ഒരിക്കലും പ്രൊഫഷണല്‍ ജേണലിസത്തിന്റെ ഗുണഗണങ്ങളില്ലാത്തവയാണ്‌ എന്ന്‌ സ്വതന്ത്ര ബ്ലോഗര്‍മാര്‍ തന്നെ കാലക്രമത്തില്‍ തെളിയിച്ചു കഴിഞ്ഞു. ആദ്യകാലത്തെ മിനിമൈക്രോസോഫ്‌റ്റ്‌ എന്ന മൈക്രോസോഫ്‌റ്റിനെ വിമര്‍ശിക്കുന്ന അവിടത്തെതന്നെ ജോലിക്കാരുടെ ബ്ലോഗിനും, ഇറാഖ്‌ യുദ്ധത്തിലെ വിവരങ്ങള്‍ പുറത്തുവിട്ട്‌ ഏറെ പ്രശസ്‌തി നേടി സിറ്റിസണ്‍ ജേണലിസത്തിന്റെ പുതിയ മാതൃക സമ്മാനിച്ച പോസ്റ്റുകള്‍ക്കും ശേഷം അതേ മൈലേജ്‌ ഉള്ളവ എണ്ണത്തില്‍ കുറഞ്ഞു വന്നു. പക്ഷേ സാഹിത്യരൂപമെന്ന നിലയില്‍ ബ്ലോഗിന്‌ വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നുണ്ട്‌ എന്നത്‌ വസ്‌തുതയാണ്‌. ഇന്ന്‌ വെബ്ബ്‌സൈറ്റുകളിലെ ബ്ലോഗുകള്‍ വഴി അഭിപ്രായങ്ങള്‍ സ്വരൂപിച്ച്‌ ദൃശ്യ - അച്ചടി മാധ്യമങ്ങള്‍ പ്രത്യേക പരിപാടികള്‍ തയ്യാറാക്കുന്നത്‌ സര്‍വ്വസാധാരമാണ്‌. ഇങ്ങനെ ഉപഭോക്താക്കളെ ഇടപെടുത്തിക്കൊണ്ടുള്ള ഓണ്‍ലൈന്‍ സര്‍വേകളും മറ്റും എത്രത്തോളം വിശ്വസനീയമാണ്‌ എന്നതാണ്‌ പ്രസക്തമായ ചോദ്യം. സൈന്തിഫിക്ക്‌ അമേരിക്കന്‍ എന്ന ശാസ്‌ത്രമാസിക അവരുടെ വെബ്‌ സൈറ്റുമായി (www.sciam.com) സംയോജിച്ച്‌ ഈയടുത്തകാലത്തു നടത്തിയ പരീക്ഷണങ്ങള്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയായിരുന്നു. കഴിഞ്ഞ ജനുവരി മാസം ആദ്യവാരം ഇന്റര്‍നെറ്റ്‌ എഡിഷനില്‍ പ്രസിദ്ധീകരിച്ച പ്രശസ്‌ത ഫ്രീലാന്‍സറായ മിട്‌ചെല്‍്‌ വാള്‍ഡ്രോപിന്റെ �Science 2.0: Great New Tool, or Great Risk?� എന്ന ലേഖനം വെബ്‌ 2.0 ജേണലിസത്തിന്റെ അനുകരണീയ മാതൃകയായാണ്‌ മാധ്യമനിരീക്ഷകര്‍ കാണുന്നത്‌. ആമുഖത്തില്‍ ഇത്‌ മെയ്‌ മാസത്തില്‍ മാസികയുടെ പ്രിന്റ്‌ എഡിഷനില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ലേഖനത്തിന്റെ അസംസ്‌കൃത രൂപം മാത്രമാണെന്നും വായനക്കാരില്‍ നിന്നു ലഭിക്കുന്ന കമന്റുകളില്‍ നിന്നും വസ്‌തുതകളെടുത്തായിരിക്കും ലേഖനം പൂര്‍ത്തീകരിക്കുകയെന്നും വാല്‍ഡ്രോപ്‌ എഴുതി. ശാസ്‌ത്രത്തെ പൊതുജനങ്ങളിലേക്ക്‌ ഇറക്കിവിടുന്ന സയന്‍സ്‌ 2.0 എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഈ പുതിയ പരീക്ഷണത്തിന്റെ തന്നെ ഗുണങ്ങളും ദോഷങ്ങളുമായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം. പറഞ്ഞതുപോലെ വാള്‍ഡ്രോബ്‌ ലേഖനം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

ഇത്‌ സൈന്റിഫിക്‌ അമേരിക്കന്റെ തന്നെ മൂന്നാമത്തെ പരീക്ഷണമായിരുന്നു. ലൂസീസ്‌ ബേബി എന്ന ഫോസിലിനെക്കുറിച്ച്‌ നേരത്തെ തന്നെ ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ജേണലിസത്തിന്റെ രണ്ടാം ഘട്ടം (ജേണലിസം 2.0) എന്നാണ്‌ ഇതിനെ മാധ്യമ നിരൂപകര്‍ വിശേഷിപ്പിച്ചത്‌. പക്ഷേ സര്‍വ്വകലാശാലകളിലും മറ്റും നടക്കേണ്ട ചര്‍ച്ചകള്‍ പൊതുജനമധ്യത്തില്‍ നടത്തുന്നതിലെ ശരിയും തെറ്റുമാണ്‌ തുടര്‍ന്ന്‌ ചര്‍ച്ചാവിഷയമായത്‌. ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യവാദികളേയും പാരമ്പര്യവാദികളേയും സമന്വയിപ്പിക്കുന്ന ഒന്നായിരുന്നു ഈ പരീക്ഷണം. വായനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ വിദഗ്‌ദമായ എഡിറ്ററുടെ കൈയിലെത്തിയ ശേഷമാണ്‌ അത്‌ ലേഖനമായി പരിണമിക്കുന്നത്‌. വിക്കിപീഡിയയിലും മറ്റും ഇല്ലാത്തതും ഈ എഡിറ്ററുടെ സാന്നിധ്യമാണ്‌. ലോകമെങ്ങുമുള്ള പ്രൊഫഷണലുകളും അല്ലാത്തവരും അനുബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഒരേ പോലെ പങ്കെടുക്കുന്നുവെന്നതിനാല്‍ സര്‍വ്വകലാശാലകള്‍ക്ക്‌ നല്‍കാന്‍ കഴിയുന്നതിലധികം വിവരങ്ങള്‍ ഈ പദ്ധതിയില്‍ നിന്നു ലഭിക്കും. ബ്ലോഗുകളിലും വിക്കിപ്പീഡിയയിലും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലും നടക്കുന്ന കയറൂരിവിട്ട ചര്‍ച്ചകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിശ്വാസ്യയോഗ്യമായ രീതിതന്നെയായിരുന്നു വാള്‍ഡ്രോപ്‌ അവലംബിച്ചത്‌. വിക്കിപ്പീഡിയപോലുള്ള ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലുകളുടെ അതിപ്രസരവും ജനപ്രിയത അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച്‌ സംവിധാനവും ശുദ്ധവും വിശ്വാസ്യ യോഗ്യമായ വിവരങ്ങളുടെ അളവ്‌ കുറക്കും. പേജ്‌ റാങ്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഗൂഗിള്‍ സെര്‍ച്ചിനെ വായനക്കാര്‍ കൂടുതല്‍ ഉപയോഗിച്ചുതുടങ്ങിയതോടെ ഒരര്‍ത്ഥത്തില്‍ വിശ്വാസ്യയോഗ്യമായ വിവരങ്ങള്‍ പിന്നോട്ട്‌ തള്ളപ്പെടുകയാണ്‌ ചെയ്യുന്നത്‌. പേജ്‌ റാങ്ക്‌ കൂടിയത്‌ മുകളിലും മറ്റുള്ളവ താഴെയുമായി സെര്‍ച്ച്‌ റിസള്‍ട്ട്‌ അടുക്കിവെക്കുന്ന രീതിയാണ്‌ ഗൂഗിള്‍ സെര്‍ച്ചിന്റേത്‌ (ഗൂഗിള്‍ ബോംബിംഗ്‌ എന്നാണ്‌ ഗുഗിള്‍ സെര്‍ച്ചിനെ പൊതുവേ വിശേഷിപ്പിക്കുന്നത്‌). ഓരോ വെബ്‌ പേജും ലിങ്കുചെയ്യുന്നത്‌ അടിസ്ഥാനമാക്കിയാണ്‌ റാങ്ക്‌ നിശ്ചയിക്കുക. അങ്ങനെ വരുമ്പോള്‍ പേരുകേട്ട വിശ്വാസ്യയോഗ്യമായ പോര്‍ട്ടലുകളേക്കാളും ആദ്യം ലിസ്റ്റ്‌ ചെയ്യപ്പെടുക ലിങ്ക്‌ കൂടുതലുള്ള വിക്കിപ്പീഡിയ പോലുള്ള പോര്‍ട്ടലുകളാണ്‌. വിശ്വാസ്യയോഗ്യമായവ ഒരുപാട്‌ പിന്നിലാണെങ്കില്‍ ഉപയോക്താക്കളുടെ കണ്ണുകള്‍ അവിടെ എത്തണമെന്നില്ല. ജനപ്രിയമാണ്‌ എന്നത്‌ ഒരിക്കലും വിശ്വാസ്യതക്ക്‌ തുല്യമാകില്ല. അങ്ങനെയാണെങ്കില്‍ പെന്നി പ്രസ്‌ എന്ന ഗണത്തില്‍ പെടുത്താവുന്ന സായാഹ്ന പത്രങ്ങളിലെ ചൂടന്‍ വാര്‍ത്തകള്‍ വിശ്വാസ്യയോഗ്യമാണെന്നു പറയേണ്ടിവരും. പോപ്പുലാരിറ്റിയുടെ പേരിലുള്ള ലിസ്റ്റിംഗ്‌ ഗോസിപ്പുകള്‍ക്കുവരെ പബ്ലിസിറ്റി നല്‍കലാണ്‌്‌. പണം കൊടുത്തും അല്ലാതെയും കൃത്രിമമായി മാക്‌സിമം പേജ്‌ വ്യൂ ഉണ്ടാക്കിയെടുക്കാവുന്ന ഇക്കാലത്ത്‌ ഗൂഗിളിന്റെ സെര്‍ച്ച്‌ റിസള്‍ട്ടിനെ എങ്ങിനെ വിശ്വസിക്കാനാകും? ഇക്കാരണത്താല്‍ തന്നെ ഗൂഗിള്‍ സെര്‍ച്ച്‌ റിസള്‍ട്ടിനെ അന്ധമായി വിശ്വസിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത്‌ ഇന്റര്‍നെറ്റില്‍ വന്‍ അരാജകത്വം സൃഷ്‌ടിക്കാന്‍ തന്നെ കാരണമാക്കും.വീഡിയോ ബ്ലോഗിംഗും പോഡ്‌ കാസ്റ്റും പ്രചരിപ്പിച്ച പുത്തന്‍ സംസ്‌കാരത്തിന്റെ അലയൊലികള്‍ എല്ലാ മേഖലയിലും ചലനങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. യൂട്യൂബും അതിനെ അനുകരിച്ചുവന്ന ഫ്‌ളാഷ്‌ മൂവി അടിസ്ഥാനമാക്കിയുള്ള വീഡിയോ പോര്‍ട്ടലുകളും വീഡിയോ പബ്ലിഷിംഗ്‌ രംഗത്തെ കുത്തകവല്‍ക്കരണത്തെ തകര്‍ത്തു. ഒരു ഹാന്റികാമോ മിനിമം നിലവാരമുള്ള ക്യാമറ മൊബൈലോ ഉള്ളവര്‍ക്ക്‌ ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ വീഡിയോ പബ്ലിഷ്‌ ചെയ്യാനുള്ള സംവിധാനമാണ്‌ ഇത്തരം സൈറ്റുകള്‍ ഒരുക്കിയത്‌. ബ്രോഡ്‌കാസ്റ്റിന്റെ വെബ്‌ രൂപമെന്നു പറയാവുന്ന പോഡ്‌ കാസ്റ്റ്‌ വന്‍ വിപ്ലവത്തിന്‌ തുടക്കമട്ടുമെന്നു പറയാം. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലെ സംഗീതരംഗത്തെ വ്യവസ്ഥാപിത ബ്രാന്റുകളുടെ അതിപ്രസരത്തിന്‌ ഒരു പരിധിവരെ വെല്ലുവിളിയുയര്‍ത്തുന്നവയാണ്‌ ഇവ. ടെലിവിഷന്‍ ചാനലുകള്‍ നല്‍കിയ സംസ്‌കാരത്തിത്തെ തന്നെ മാറ്റിയെഴുതുകയായിരുന്നു യൂട്യൂബും മറ്റും.

പൊളിറ്റിക്‌സ്‌ 2.0
മള്‍ട്ടിമീഡിയ രംഗത്തെ ഈ ജനകീയ വിപ്ലവം എത്രത്തോളം ഗൗരവമേറിയതാണ്‌ എന്നറിയണമെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണം വീക്ഷിച്ചാല്‍ മതി. 2004ലെ അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പുകാലത്ത്‌ ജോര്‍ജ്ജ്‌ ബുഷ്‌ - കെറി പ്രചാരണപരിപാടി മുതലാണ്‌ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ്‌ മാധ്യമം സജീവ പങ്കാളിയാകുന്നത്‌. എങ്കിലും വെബ്‌ രണ്ടാംഘട്ടം അത്രത്തോളം പ്രാധാന്യം നേടാതിരുന്ന അന്ന്‌ മുഖ്യചര്‍ച്ചകളും പ്രചരണവും ടെലിവിഷന്‍ കേന്ദ്രീകരിച്ചായിരുന്നു. ജോണ്‍കെറി സ്വന്തമായി വെബ്‌സൈറ്റ്‌ നിര്‍മ്മിച്ച്‌ വന്‍ കാംപെയിനിനാണ്‌ തുടക്കമിട്ടത്‌. അതിനുപുറമെ ബുഷിനോടും അനുയായികളോടുമുള്ള വെറുപ്പു പുറത്തുകാണിക്കുന്ന ഇന്ററാക്‌ടീവ്‌ അനിമേഷനുകളും ഫ്‌ളാഷ്‌ മൂവികളും ഇ മെയിലുകള്‍ വഴി ധാരാളമായി പ്രചരിച്ചു. പ്രശസ്‌തമായ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റായ മൈസ്‌പേയ്‌സ്‌ മാതൃകയിലുള്ള വെബ്‌ സൈറ്റാണ്‌ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിലെ മുന്‍നിര സ്ഥാനാര്‍ത്ഥി ബാരക്ക്‌ ഒബാമ നിര്‍മ്മിച്ചത്‌. തന്റെയും പാര്‍ട്ടിയുടേയും ആശയങ്ങള്‍ പങ്കുവെക്കാനും പൊതുജനങ്ങളില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ ശേഖരിക്കാനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ഈ വെബ്‌ സൈറ്റിലെ (www.barackobama.com)ബ്ലോഗുകളും മറ്റും സഹായിച്ചു. പ്രചരണപരിപാടികളുടെ വീഡിയോകളും ചിത്രങ്ങളും അപ്പപ്പോള്‍ പ്രസിദ്ധീകരിച്ചു. സ്ഥാനാത്ഥിത്വം പ്രഖ്യാപിക്കുന്ന വീഡിയോ അദ്ദേഹം തന്നെ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്‌ത്‌ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു. തൊട്ടുപിന്നാലെ പ്രചാരണപരിപാടികളുടെ വീഡിയോകള്‍ ഓര്‍ക്കുട്ടിലും മറ്റ്‌ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലും നിരന്തരമായി പോസ്റ്റ്‌ ചെയ്‌തു. ഒബാമയുടെയും ബൈഡന്റേയും സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്കിടയിലെ അഭിപ്രായം അറിയാനും പ്രചാരണത്തിന്റെ ഫലം അളക്കാനും ഈ വെബ്‌ പോര്‍ട്ടല്‍ സഹായിച്ചു. മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്ന ജോണ്‍ എഡ്വാര്‍ഡും (www.johne dwards.com) ഇതേ പാതയാണ്‌ പിന്തുടര്‍ന്നത്‌. അമേരിക്കന്‍ തിരഞ്ഞെടുപ്പിനു വേണ്ടി വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികളുടെ വീഡിയോകള്‍ അടങ്ങുന്ന യൂചൂസ്‌ (in.youtube.com/youchoose) എന്ന ഒരു പ്രത്യോക പേജു തന്നെ യൂട്യൂബിലുണ്ട്‌. യാഹൂ തിരഞ്ഞെടുപ്പുപരിപാടികളുടെ വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക വിഭാഗം തന്ന രൂപീകരിച്ചു, കൂടാതെ ഫ്‌ളിക്കര്‍ സ്‌നാപ്‌ ഷോട്ടുകളും മൈസ്‌പേസിലും ഓര്‍ക്കുട്ടിലും കമ്മ്യൂണിറ്റികളും സജീവമായി തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നുണ്ട്‌.

പക്ഷേ ഇതേ ആശയപ്രചാരണ രീതി കാശ്‌മീരിലെത്തുമ്പോള്‍ മറ്റൊരു തലത്തിലാണ്‌ വീക്ഷിക്കപ്പെടേണ്ടത്‌. ലോകത്തങ്ങുമുള്ള ഇംഗ്ലീഷ്‌ സംസാരിക്കുന്നവരെ മുന്നില്‍ കണ്ടുകൊണ്ടാണ്‌ കാശ്‌മീര്‍ രാഷ്‌ട്രീയം ഇന്റര്‍നെറ്റില്‍ സ്ഥാനം പിടിച്ചതെന്നു പറയാം. യുവനേതാവും ഐ ടി ബുദ്ധിജീവിയും കൂടിയായ ഒമര്‍ അബ്‌ദുള്ളയുടെ നേതൃത്വത്തിലാണ്‌ നാഷണല്‍ കോണ്‍ഫറന്‍സിന്റെ വെബ്‌ സൈറ്റ്‌(www.jknc.org) രൂപം കൊണ്ടത്‌. കാശ്‌മീര്‍ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യുന്ന ബ്ലോഗുകളാണ്‌ ഇതിന്റെ ശ്രദ്ധാ കേന്ദ്രം. പക്ഷേ മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികളേക്കാളും ഇക്കാര്യത്തില്‍ മുന്നേറിയവരാണ്‌ ഹുറിയത്ത്‌ കോണ്‍ഫറന്‍സ്‌ (www.hurriyat.net) എന്നത്‌ ശ്രദ്ധേയമാണ്‌. ഇന്ത്യയിലെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും വെബ്‌ സൈറ്റുകളുണ്ടെങ്കിലും മറ്റാരും ആ മേഖലയെ അത്രഗൗരവമായി എടുത്തിട്ടില്ല. പക്ഷേ കാശ്‌മീര്‍ പ്രശ്‌നത്തിലൂന്നിയ തീവ്രവാദത്തിന്റെ ചുവയുള്ള ബ്ലോഗുകളുടെ പേരിലാണ്‌ പണ്ട്‌ ഇന്ത്യയിലാകെ ചില ബ്ലോഗുകള്‍ നിരോധിച്ചത്‌. ഇതേ ആശയം പ്രചരിപ്പിക്കുന്ന കമ്മ്യൂണിറ്റികളുടെ പേരില്‍ ഇയിടെ ഓര്‍ക്കുട്ട്‌ നിരോധിക്കണമെന്ന്‌ പല സംഘടനകളും ശക്തമായി വാദിച്ചിരുന്നു. അടുത്തകാലത്ത്‌ ബാംഗ്ലൂരും ഡല്‍ഹിയുമുള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിടിക്കപ്പെട്ട ഐ ടി വിദഗ്‌ദരരായ തീവ്രവാദികളില്‍ നിന്നും വിവരസാങ്കേതികമേഖലയിലൂന്നിയ പുതിയ തീവ്രവാദ നയങ്ങള്‍ വെളിപ്പെട്ടതുമാണ്‌.

ഇന്ത്യയില്‍ ബ്ലോഗുചെയ്യുന്നവരില്‍ 24 ശതമാനവും പൊളിറ്റിക്കല്‍ ബ്ലോഗുകള്‍ ഇഷ്‌ടപ്പെടുന്നു എന്നാണ്‌ കണക്ക്‌. 2015 ഓടെ ഇന്റര്‍നെറ്റിലൂടെ 76 ശതമാനം യുവാക്കളുമായും സംവദിക്കാം എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഈ സാഹചര്യത്തില്‍ ബ്ലോഗിലെ ജനാധിപത്യം എത്രത്തോളം ദുര്‍വിനിയോഗം ചെയ്യപ്പെടുമെന്ന്‌ ചിന്തിക്കാവുന്നതേയുള്ളൂ. ഗുജറാത്ത്‌ തിരഞ്ഞെടുപ്പുകാലത്ത്‌ നരേന്ദ്രമോഡിയുടെ വെബ്‌സൈറ്റിന്‌ സാമാന്യം (www.narendramodi.in)) പ്രചാരം ലഭിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്‌. കൗമാരപ്രായക്കാരനാണ്‌ ഇന്റര്‍നെറ്റ്‌. മൊസൈക്ക്‌ എന്ന ബ്രൗസര്‍ പിറന്നുവീണിട്ട്‌ പതിനഞ്ചുവര്‍ഷമായിട്ടേയുള്ളൂ, ഈ ചുരുങ്ങിയകാലത്തിനിടക്ക്‌ ഈ മേഖലയില്‍ സംഭവിച്ചത്‌ വന്‍ വിപ്ലവമാണ്‌. 1994 ന്റെ അവസാനം ഇന്റര്‍നെറ്റ്‌ ജനപ്രിയമാകാത്തതിന്റെ കാരണമന്വേഷിച്ച്‌ ടൈം മാഗസിന്‍ എഴുതിയ ലേഖനത്തില്‍ അന്നത്തെ ഇന്റര്‍നെറ്റ്‌ വാണിജ്യാവശ്യത്തിനായി രൂപകല്‌പന ചെയതതല്ലെന്നും മാറ്റങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയതല്ലെന്നുമായിരുന്നു കണ്ടെത്തിയത്‌. ആ വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തി പത്ര - ദൃശ്യമാധ്യമങ്ങളുടെ സുപ്രധാന സവിശേഷതകള്‍ വെബ്ബിലേക്ക്‌ പറിച്ചു നടപ്പെട്ടത്‌ വളരെ പെട്ടെന്നായിരുന്നു. ടെലിവിഷനേക്കാള്‍ വേഗത്തിലുള്ള വെബ്ബിന്റെ വളര്‍ച്ച ചുരുങ്ങിയ കാലത്തിനുള്ളില്‍ മറ്റെല്ലാ മാധ്യമങ്ങളെയും അപ്രസക്തമാക്കുമെന്നാണ്‌ വിദഗ്‌ദാഭിപ്രായം. വെബ്‌ ടി വി, യൂട്യൂബ്‌ പോലുള്ള സൈറ്റുകള്‍ ടെലിവിഷന്റെ വെബ്‌ പതിപ്പായി രൂപാന്തരപ്പെട്ടുകഴിഞ്ഞു. ഇ പേപ്പറുകളുടെയും ഇലക്‌ട്രോണിക്‌ എഡിഷനുകളും പത്ര മാധ്യമത്തിന്‌ ബദലാവുകയും ചെയ്‌തു. ഐ ഫോണിന്റെ വരവും മൊബൈല്‍ ഇന്റര്‍നെറ്റ്‌ കണക്‌ടിവിറ്റി ചെലവുകുറഞ്ഞതാകുകയും ലാപ്‌ടോപ്പുകള്‍ക്കും നോട്‌പാഡുകള്‍ക്കും വില കുറയുകയും ചെയ്‌ത ഈ കാലത്ത്‌ മറ്റെല്ലാ മാധ്യമങ്ങളേയും പിന്നിലാക്കി ഇന്റര്‍നെറ്റ്‌ കൂടുതല്‍ ജനപ്രിയമാകാന്‍ അധികം കാത്തിരിക്കേണ്ട.

മറ്റുമാധ്യമങ്ങളേക്കാള്‍ ഉപയോഗത്തിനനുസരിച്ചാണ്‌ വെബ്‌സൈറ്റുകളുടെ സാമ്പത്തികരംഗം കൈകാര്യംചെയ്യപ്പെടുന്നത്‌. ഹിറ്റുകള്‍ക്കും പേജ്‌ വ്യൂവിനും അനുസരിച്ചാണ്‌ അവ ജനപ്രിയമാണോ എന്നു കണക്കാക്കുന്നതും പരസ്യവരുമാനമടക്കമുള്ളവ നിശ്ചയിക്കുന്നതും. 1998 ഓടെയാണ്‌ ഹിറ്റ്‌ (വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുന്നവരുടെ എണ്ണം) എന്ന എന്ന സങ്കല്‌പം വന്നത്‌. 2003- 2005 കാലഘട്ടം ഓരോ പേജിലും സന്ദര്‍ശിക്കുന്നവരുടെ കണക്കുനല്‍കുന്ന പേജ്‌ വ്യൂസ്‌ എന്ന സംവിധാനമായി രൂപാന്തരപ്പെട്ടു. 2006 - 2007 കാലഘട്ടത്തില്‍ യുണീക്‌ വിസിറ്റേഴ്‌സ്‌ എന്ന സങ്കല്‌പത്തിന്റേതായിരുന്നു, അതായത്‌ ഒരു സന്ദര്‍ശകന്‍ എത്രതവണ സന്ദര്‍ശിച്ചാലും അവയെല്ലാം ഒരിക്കല്‍ മാത്രം കണക്കാക്കുക. തൊട്ടുപിന്നാലെ 'ടോട്ടല്‍ ടൈം സ്‌പെന്റ്‌' എന്ന സങ്കല്‌പത്തിലേക്കെത്തിയിരിക്കുന്നു. അതായത്‌ ഓരോ വിസിറ്ററും പേജുകളില്‍ എത്ര സമയം ചെലവഴിക്കുന്നു എന്നറിയാനുള്ള മാര്‍ഗ്ഗം. ഇങ്ങനെ ഓരോ പോര്‍ട്ടലിന്റെയും ഉപയോഗത്തെ അളക്കാന്‍ സൂക്ഷ്‌മമായ മാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നതോടെ ഓരോ സൈറ്റിലും സന്ദര്‍ശകരെ പിടിച്ചു നിര്‍ത്താനും അതു വഴി വരുമാനം വര്‍ദ്ധിപ്പിക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നതില്‍ പോര്‍ട്ടല്‍ അധികൃതര്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിവരും. അതിന്‌ ജനപ്രിയമായ മാര്‍ഗ്ഗങ്ങള്‍ വിനിയോഗിക്കേണ്ടതായും വരും. വീണ്ടും ജനപ്രിയം എന്ന വാക്കിന്‌ പ്രാധാന്യം കൈവരുന്നത്‌ അങ്ങനെയാണ്‌. നേരത്തേ പറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെയാണ്‌ ജനപ്രിയത വര്‍ദ്ധിപ്പിക്കുന്നതെങ്കില്‍ അത്‌ വിശ്വാസ്യതയുടെ കാര്യത്തില്‍ വന്‍ ഭീഷണിയായിരിക്കും സൃഷ്‌ടിക്കുക.

പുതിയ കാലത്ത്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്‌ പ്രധാന്യം നഷ്‌ടപ്പെട്ടുവരികയാണ്‌ എന്നതാണ്‌ വെബ്‌ 2 0 ന്റെ എടുത്തുപറയേണ്ട ഫലങ്ങളിലൊന്ന്‌. ജനകീയ സോഫ്‌റ്റ്വെയറുകളുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍ (www.photoshop.com/express തുടങ്ങിയവ) തന്നെ നിലവില്‍ വന്നു കഴിഞ്ഞു. 2015 ഓടെ ഓപ്പറേറ്റിംഗ്‌ സിസ്റ്റമെന്നത്‌ ഇന്റര്‍നെറ്റ്‌ ബ്രൗസര്‍ മാത്രമായി മാറുമെന്നാണ്‌ കണക്കാക്കുന്നത്‌. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ്‌ നിലവിലുള്ള മാധ്യമങ്ങളെല്ലാം ഇന്റര്‍നെറ്റ്‌ എഡിഷന്‌ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക്‌ മുതിരുന്നതും. ന്യയോര്‍ക്ക്‌ ടൈംസും(www.nytimes.com) വാഷിംഗ്‌ ടണ്‍ പോസ്റ്റും (www.washingtonpost.com) അവരുടെ ഇന്റര്‍നെറ്റ്‌ എഡിഷനുകള്‍ നവീകരിക്കുന്നതിലുള്ള മത്സരം പ്രസിദ്ധമാണ്‌. ഇരുവരും വെറും ഇ പേപ്പര്‍ എന്ന രൂപത്തില്‍ തുടങ്ങിയ വിപ്ലവം ഇന്ന്‌ കൂടുതല്‍ വികാസം പ്രാപിച്ച ഇലക്‌ട്രോണിക്‌ എഡിഷന്‍ എന്ന സങ്കല്‌പത്തിലേക്ക്‌ എത്തിയിരിക്കുന്നു. പത്രത്തിന്റെ പേജുകള്‍ വെറുതെ പ്രദര്‍ശിപ്പിക്കുന്നതിനു പകരം ഇ പേപ്പറില്‍ സര്‍ച്ച്‌ ഓപ്‌ഷന്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ വരുത്തി പത്രം വെബ്ബിലേക്ക്‌ പറിച്ചു നടാനുള്ള തിരക്കിട്ട പരിശ്രമത്തിലാണ്‌ അവര്‍. സ്ലേറ്റ്‌ . കോം എന്ന ഓണ്‍ലൈന്‍ മാഗസിന്‍ വന്‍വിലക്ക്‌ വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ സ്വന്തമാക്കിയപ്പോള്‍ എബൗട്ട്‌.കോം വാങ്ങിയാണ്‌ ന്യൂയോര്‍ക്ക്‌ ടൈസ്‌ മുന്നേറിയത്‌. ബിബിസിയും സി എന്‍ എന്‍, റോയിട്ടേഴ്‌സ്‌ തുടങ്ങിയ മാധ്യമങ്ങള്‍ അവരുടെ വെബ്‌ സൈറ്റുകളിലൂടെ വീഡിയോ ഷെയറിംഗും ബ്ലോഗിംഗും പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. മൈസ്‌പേസ്‌ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകള്‍ റൂപര്‍ട്ട്‌ മര്‍ഡോക്ക്‌ വാങ്ങിയത്‌ 580 മില്ല്യണ്‍ ഡോളറിനാണ്‌. ഗൂഗിള്‍ യൂട്യൂബ്‌ വാങ്ങിയത്‌ 1.65 ബില്യണ്‍ ഡോളറിനും. മൈക്രോസോഫ്‌റ്റിന്റെ ആഡ്‌ നെറ്റ്‌വര്‍ക്ക്‌ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അതിന്റെ ചരിത്രത്തിലെ ഏറ്റഴും വലിയ ഏറ്റെടുക്കലായി ആറു ബില്യണ്‍ ഡോളറിനാണ്‌ (600 കോടി ഡോളര്‍) സിയാറ്റില്‍ ആസ്ഥാനമായുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌ കമ്പനിയായ അക്വയ്‌ന്റിവ്‌ ഇന്‍കോര്‍പറേറ്റഡിനെ കൈവശപ്പെടുത്തിയത്‌. ഇന്റര്‍നെറ്റിലും വന്‍ മത്സരം അരങ്ങേറിക്കഴിഞ്ഞു എന്നു സാരം.

ഈ മാറിയ സാഹചര്യത്തില്‍ പോര്‍ട്ടലുകള്‍ക്ക്‌ ജനകീയ മാതൃകകളെ പിന്തുടര്‍ന്നേ മതിയാകു. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായാണ്‌ വെബ്ബിലെ വാര്‍ത്തകളും വീഡിയോകളുമടക്കമുള്ളവ പൊതു ജന ചര്‍ച്ചക്കായി തുറന്നു കൊടുക്കപ്പെടുന്നത്‌. ഹൊവാര്‍ഡ്‌ അലന്‍ കുര്‍ട്‌സ്‌ എന്ന അമേരിക്കന്‍ ജേണലിസ്റ്റിന്റെ ബ്ലോഗ്‌ വാഷിംഗ്‌ ടണ്‍ പോസ്റ്റ്‌ ഏറ്റെടുത്തു പ്രസിദ്ധീകരിച്ച്‌ പുതിയ മാതൃക സൃഷ്‌ടിച്ചത്‌ ഈ സാഹചര്യത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്‌. പൊതു ചര്‍ച്ചകള്‍ക്ക്‌ വേദികള്‍ ഉണ്ടാവേണ്ടത്‌ മാധ്യമരംഗത്ത്‌ വളരെ അത്യാവശ്യമാണ്‌. പക്ഷേ അവ എങ്ങനെ നടപ്പില്‍ വരുത്തുന്നുവെന്നതാണ്‌ പ്രധാനം. അതുകൊണ്ടുതന്നെ വിശ്വാസ്യതയുടെ പേരിലായിരിക്കണം വെബ്‌ 2 0 വിമര്‍ശിക്കപ്പെടേണ്ടതും. കെട്ടഴിച്ചുവിട്ട രീതിയിലാണ്‌ വെബ്‌ 2 0 മുന്നോട്ടുപോകുന്നതെങ്കില്‍ അതു നല്‍കിയ സ്വാതന്ത്ര്യത്തിന്‌ ഇനിയൊന്നും നഷ്‌ടപ്പെടാനില്ല എന്ന അര്‍ത്ഥം കൂടി നല്‍കേണ്ടി വരും

**********
2004 ഒക്‌ടോബറില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഒന്നാം വെബ്‌ 2.0 കോണ്‍ഫറന്‍സോടെയാണ്‌ വെബ്‌ 2.0 എന്ന സങ്കല്‌പം വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത്‌. പിന്നീടിങ്ങോട്ട്‌ എല്ലാ വര്‍ഷവും ഇന്റര്‍നെറ്റ്‌ മാധ്യമരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട്‌ വെബ്ബ്‌ മാധ്യമത്തിലെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന വെബ്‌ 2.0 കോണ്‍ഫറന്‍സുകള്‍ നടന്നു. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ്‌ നവംബര്‍ മാസത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കും.

മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌

No comments:

Post a Comment