------------------------------------------------------------------------------------------
രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടേയും ഭീകരപ്രവര്‍ത്തനങ്ങളുടേയും പുതിയ മേഖലയായി ഇന്റര്‍നെറ്റ് മാറിക്കഴിഞ്ഞു. മുംബൈയിലെ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്‌താനും തമ്മില്‍ സൈബര്‍ ആക്രമണങ്ങള്‍ മൂര്‍ഛിച്ചതിനു തെളിവായി ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇസ്രയേല്‍ - പാലസ്‌തീന്‍ സംഘര്‍ഷത്തോടനുബന്ധിച്ചും മുഹമ്മദ് നബിയുടെ അപഹാസ്യമായ കാര്‍ട്ടൂണ്‍ പുറത്തുവന്നപ്പോഴും ആഗോള മത്സരത്തിന്റെ ഭാഗമായി ചൈന, റഷ്യ, അമേരിക്ക തുടങ്ങിയ വന്‍ശക്തികള്‍ തമ്മിലും സൈബര്‍ ആക്രമണങ്ങളുണ്ടായി. ആദ്യകാലത്ത് മാനസികരോഗികളായി മാത്രം കണ്ടിരുന്ന ഹാക്കര്‍മാര്‍ ശക്തമായ അടിത്തറയുള്ള ഇ- ഭീകരഗ്രൂപ്പുകളായി രൂപാന്തരപ്പെട്ടു എന്നു മാത്രമല്ല അവര്‍ നിലവിലുള്ള ഭീകരസംഘടകളോട് സാമ്യമുള്ള പേരുകള്‍ പോലും സ്വീകരിക്കുകയും അവരുടെ ഇന്റര്‍നെറ്റ് പരിഛേദമാണെന്ന് അവകാശപ്പെടുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഹാക്കര്‍ഗ്രൂപ്പുകള്‍ അനുദിനം ശക്തമായി വരുന്ന ഇക്കാലത്ത് കേന്ദ്രീകൃതമായ ഒരു നിയന്ത്രണസംവിധാനം പോലും ഇല്ലാതെ സൈബര്‍മേഖല കൂടുതല്‍
സംഘര്‍ഷഭരിതമാവുകയാണ്.
ഏതാണ്ട് 120 ല്‍ പരം രാജ്യങ്ങള്‍ ഭരണ സൈനിക സാമ്പത്തികമേഖലയില്‍ ഇന്റര്‍നെറ്റിനെ സുപ്രധാന മാധ്യമമായി ഉപയോഗിക്കുന്നു എന്നാണ് കണക്ക്. അതിനൊപ്പം തന്നെ ഷോപ്പിംഗും ബാംങ്കിംഗും അടക്കം വ്യക്തിഗത കാര്യങ്ങളും നിര്‍വ്വഹിക്കപ്പെടുന്നത് പലപ്പോഴും ഇന്റര്‍നെറ്റ് സൗകര്യങ്ങളെ ഉപയോഗപ്പെടുത്തിയാണ്. സാമ്പത്തികമായും ഭരണനിര്‍വ്വഹണ മേഖലയിലും വന്‍ തിരിച്ചടികള്‍ നല്‍കാവുന്ന ഇത്തരം സംവിധാനങ്ങളാണ് ഹാക്കര്‍ ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യവും. ക്രഡിറ്റ് കാര്‍ഡ് സേവനങ്ങളും മണിട്രാന്‍സ്‌ഫര്‍ സംവിധാനങ്ങളും തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത് സര്‍വ്വസാധാരണമാണ്. ഈയിടെ ഹാക്കര്‍മാര്‍ തകര്‍ത്തുകളഞ്ഞതില്‍ ആന്ധ്രാപ്രദേശ് സി ഐ ഡി വിംഗിന്റെ ഔദ്യോഗിക സൈറ്റുമുതല്‍ നാറ്റോ സേനയുടെയും അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടേയും വെബ് സൈറ്റുകള്‍ വരെയുണ്ട്. സൈബര്‍യുദ്ധം വ്യാപകമായി രൂപപ്പെട്ടുവന്ന ഈ പതിറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ അന്യോന്യം പകപോക്കലായിരുന്നു ലക്ഷ്യമെങ്കില്‍ രണ്ടാം പകുതിയില്‍ കാണുന്നത് ആസൂത്രിതവും ശക്തവുമായ ആക്രമണമാണ്. ഹാക്കര്‍ എന്ന സാമാന്യ നിര്‍വചനത്തില്‍ നിന്നും സൈബര്‍ നാസികള്‍ എന്ന വ്യക്തമായ ചട്ടക്കൂടിലേക്ക് ഇവര്‍ എത്തിച്ചേരുന്നത് കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളിലാണ്. വന്‍സാമ്പത്തിക പിന്തുണയുള്ള സുസംഘടിതമായ സംഘങ്ങളായി മാറിയിരിക്കുന്നു ഇന്ന് ഹാക്കര്‍ഗ്രൂപ്പുകള്‍.
സൈബര്‍ യുദ്ധങ്ങള്‍
ഐഡന്റിറ്റ് തെഫ്‌റ്റ് എന്ന സാധാരണ ഹാക്കിംഗിനേക്കാള്‍ വളരെ ഗൗരവമായ മാനങ്ങളാണ് സൈബര്‍ യുദ്ധങ്ങള്‍ക്കുള്ളത്. പാസ്വേര്‍ഡുകളോ മറ്റ് സെക്യൂരിറ്റി സംവിധാനങ്ങളോ ഉപയോഗിച്ച് രഹസ്യമാക്കിവച്ചിരിക്കുന്ന മേഖലകളില്‍ കടന്നു കയറി കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നവയെയെല്ലാം ഹാക്കിംഗ് എന്നു വിശേഷിപ്പിക്കാം. രാജ്യസുരക്ഷ, അടിസ്ഥാനസൗകര്യങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങി ഒരു രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ നുഴഞ്ഞുകയറി നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുന്നതാണ് സൈബര്‍ യുദ്ധങ്ങളുടെ പൊതു രീതി. ബന്ധപ്പെട്ട വൈബ്‌സൈറ്റിലെ വിവരങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ നശിപ്പിച്ച് കളഞ്ഞോ മാറ്റം വരുത്തിയോ തങ്ങളുടെ ആവശ്യങ്ങളും സന്ദേശങ്ങളും ഹോംപേജില്‍ പതിച്ച് ഭീഷണി സന്ദേശം മുഴക്കുകയാണ് സൈബര്‍സൈനികര്‍ (സൈബര്‍ വാര്യേഴ്‌സ്) സാധാരണയായി ചെയ്യാറുള്ളത്. ആഭ്യന്തര വിവര വിനിമയ സംവിധാനങ്ങളില്‍ കടന്നുകയറി കുഴപ്പം സൃഷ്‌ടിക്കാനും ഇവര്‍ക്കു കഴിയും.
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നടന്ന സുപ്രധാന രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെയെല്ലാം ഉപോല്‍പ്പന്നമായി സൈബര്‍ മേഖലയിലും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. മധ്യേഷ്യയിലും പശ്ചിമേഷ്യയിലും നടന്ന സംഘര്‍ഷങ്ങളാണ് ഇവയില്‍ ഏറ്റവും തീവ്രം. ഇന്റര്‍നെറ്റിന് മാറിയ ലോകത്ത് കൂടുതല്‍ പ്രാധാന്യം കൈവരുന്നതനുസരിച്ച് ആക്രമണത്തിന്റെ തീവ്രതയും കൂടി വരികയാണ്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (cert - in) ന്റെ കണക്കുകള്‍ പ്രകാരം 2006 - 2008 വര്‍ഷത്തില്‍ ഇന്ത്യയില്‍ മാത്രം തകര്‍ക്കപ്പെട്ടത് 15,538 വെബ്‌സൈറ്റുകളാണ് (റിപ്പോര്‍ട്ടു ചെയ്യപ്പെടാത്തത് ഇതിലും എത്രയോ കൂടുതല്‍ വരും). ഈയിടെ ഗാസയില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തോടനുബന്ധിച്ച് കൊടുമ്പിരികൊണ്ട സൈബര്‍ യുദ്ധത്തില്‍ ജനുവരി പതിനാറുവരെ 16,734 വെബ്‌സൈറ്റുകള്‍ തകര്‍ത്തതായാണ് കണക്ക് . 2006 ല്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആയിരക്കണക്കിന് ഡാനിഷ്, അമേരിക്കന്‍ വെബ്‌സൈറ്റുകള്‍ തകര്‍ക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം ഫിറ്റ്‌ന (Fitna) എന്ന മുസ്ലീം വിരുദ്ധ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് നെറ്റ് ഡെവിള്‍ എന്നഹാക്കര്‍ നൂറുകണക്കിന് ഡച്ച് വെബ്‌സൈറ്റുകള്‍ പിടിച്ചെടുത്തു. പെറുവും ചിലിയും തമ്മില്‍ പെസിഫിക് സമുദ്രത്തിലേ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായപ്പോഴും ഇരുകൂട്ടരുടേയും വെബ് സൈറ്റുകള്‍ ആക്രമിക്കപ്പെട്ടുവെങ്കിലും അത് അത്ര വിനാശകരമായിരുന്നില്ല. 1991 ലെ ഗ്രേറ്റ് ഹാക്കര്‍ വാര്‍ എന്നറിയപ്പെടുന്ന ഹാക്കര്‍മാര്‍ തമ്മിലുണ്ടായ യുദ്ധം പോലെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയല്ലാതെയും യുദ്ധം നടക്കുന്നുണ്ട് പക്ഷേ അവ ചെറിയ ചില ഏറ്റുമുട്ടലായി അവസാനിക്കാറാണ് പതിവ്.ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ഇന്റര്‍നെറ്റ് ശൃംഘലയില്‍ നുഴഞ്ഞുകയറി രാജ്യങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും കൂടുതല്‍ പ്രചാരമുള്ള വെബ്‌സൈറ്റുകളും തകര്‍ക്കുന്ന പുതിയ ആക്രമണരീതി പലപ്പോഴും ബോബിംഗിനോളം പ്രാധാന്യം കൈവരുന്നതാണ്. ലോകത്തിനു മുന്നില്‍ തങ്ങളുടെ ആവശ്യങ്ങളും ആക്രമണശേഷിയും തുറന്നുകാണിക്കുന്ന യുദ്ധതന്ത്രത്തിന്റെ പുതിയ രൂപമായി ഇതിനെ കണക്കാക്കാം. ഇത്തരം ആക്രമണം ലോകമെങ്ങും ആളുകള്‍ നിരന്തരം വീക്ഷിക്കുന്ന ബി ബി സി പോലുള്ള വെബ്‌സൈറ്റുകളിലോ ഗൂഗിളിന്റെ സെര്‍ച്ച് പേജിലോ ആണ് സംഭവിക്കുന്നതെങ്കില്‍ ആക്രമണത്തിന്റെ വ്യാപ്‌തി അതിലും കൂടും.
മുംബൈ ആക്രമണത്തിന് രണ്ട് ദിവസം മുമ്പാണ് (നവംബര്‍ 24) ഒ എന്‍ ജി സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആക്രമിച്ച് ഇന്ത്യയുമായുള്ള സൈബര്‍യുദ്ധം വീണ്ടും ശക്തമാകുന്നത് എന്നത് ചിലപ്പോള്‍ യാദൃഛിമാകാം. പാകിസ്‌താന്‍ ഗ്രൂപ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ ഒരു വലിയ പങ്കും co.in, net.in, org.in, net.in
തുടങ്ങിയ ഇന്ത്യന്‍ ഡൊമെയ്‌നുകളും സര്‍ക്കാര്‍ ഡൊമെയ്‌നുകളായ gov.in ഉം ആണ്. ആക്രമണം രൂക്ഷമായ നവംബര്‍ , ഡിസംബര്‍ മാസങ്ങളില്‍ മൊത്തം നാശനഷ്‌ടത്തിന്റെ 90 ശതമാനവും ഇത്തരം വെബ്‌സൈറ്റുകളാണ്. അതിനു മുമ്പുള്ള മാസങ്ങളെ അപേക്ഷിച്ച് കൃത്യമായ ലക്ഷ്യത്തോടെയുള്ള ആക്രമണമായിരുന്നു ഈ മാസങ്ങളിലുണ്ടായത്. പാകിസ്‌താന്‍ സൈബര്‍ ആര്‍മി (PCA), സോംബി കെ എസ് എ (Zombie_ksa), പാക്‌ബഗ്‌സ് ഇസെഡ് കമ്പനി (Pakbugs Z-company), പാകിസ്‌താന്‍ ഹാക്കേഴ്‌സ് കമ്പനി (PHC) ജി ഫോഴ്‌സ് തുടങ്ങിയ പാകിസ്‌താനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് ഇന്ത്യയുടെ സെര്‍വറുകളില്‍ കയറി നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നും ഇന്ത്യന്‍ സൈബര്‍ വാര്യേഴ്‌സ് (ICW) എച്ച് എം ജി (ഹിന്ദു മിലിറ്റന്റ് ഗ്രൂപ്പ്), തുടങ്ങിയ ഗ്രൂപ്പുകള്‍ പാകിസ്‌താനെതിരേയും പ്രവര്‍ത്തിക്കുന്നു.
പാകിസ്‌താന്‍ സൈബര്‍ ആര്‍മിയുടെ നേതൃത്വത്തിലുള്ള ഹാക്കര്‍മാര്‍ ഇന്ത്യയുടെ ആഞ്ചോളം വെബ്‌സൈറ്റുകളില്‍ (www.ongcindia.com, www.syscontech.in, www.iirs.gov.in, www.ctram.indianrail.gov.in, www.kvrtm.org.in) കടന്നു കയറി കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചതോടെയാണ് രംഗം ചൂടുപിടിച്ചത്. പാകിസ്‌താന്റെ ഓയില്‍ ആന്റ് ഗ്യാസ് റഗുലേറ്ററി അതോറിറ്റിയുടെ (ഒ ജി ആര്‍ എ) വെബ്‌സൈറ്റ് എച്ച് എം ജി എന്ന സംഘടന പിടിച്ചെടുത്തെന്നും ആക്രമണം അന്വേഷിക്കണമെന്നും തങ്ങള്‍ ഉറങ്ങുകയാണ് മരിച്ചിട്ടില്ല എന്നുമുള്ള ഭീഷണി മുഴക്കിയാണ് ഒ എന്‍ ജി സിയുടെ വെബ് സൈറ്റ് അവര്‍ ആക്രമിച്ചത്, ആക്രമിച്ചവരുടെ പേരും ലക്ഷ്യങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. തങ്ങളുടെ വെബ്‌സൈറ്റ് ഹാക്കുചെയ്‌തത് ഒരു പയ്യന്‍ ഒപ്പിച്ച വേലയായതുകൊണ്ടുതന്നെ അതത്ര ഗൗരവമുള്ള കാര്യമല്ലെന്നും എന്നാല്‍ തങ്ങളുടെ ആക്രമണം തികച്ചും ആസൂത്രിതമാണ്, ശക്തമായ രീതിയില്‍ തിരിച്ചടിക്കാന്‍ തങ്ങള്‍ക്കറിയാം എന്ന് ഇന്ത്യക്കാര്‍ തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ മനസ്സിലാക്കുമെന്നും ഭീഷണി മുഴക്കി. പാകിസ്‌താന്‍ സൈബര്‍ ആര്‍മിയുടെ പോര്‍വിളികള്‍ക്ക് പാകിസ്‌താനിലെ മറ്റു ഹാക്കര്‍ വിഭാഗങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. ഇവര്‍ നയിച്ച ഫോറങ്ങളില്‍ സമാന ആശയക്കാരായ ഹാക്കര്‍മാര്‍ അവരവരുടെ വികാരങ്ങള്‍ പങ്കുവച്ചു. കടുത്ത ഇന്ത്യാവിരുദ്ധവികാരമായിരുന്നു ഇത്തരം വെബ്‌സൈറ്റുകളില്‍ കത്തിപ്പടര്‍ന്നത്. തൊട്ടുപിന്നാലെ ആന്ധ്രപ്രദേശ് സി ഐ ഡി യുടെ ഒഫീഷ്യല്‍ വെബ് സൈറ്റും (www.cidap.gov.in ) ,ബാങ്ക് ഓഫ് ബറോഡയുടെ വെബ് സൈറ്റും (www.bankofbaroda.com ), ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഔദ്യോഗിക വെബ് സൈറ്റായ എപി ഓണ്‍ലൈനും (ww.aponline.gov.in) അടക്കം കുറച്ചു വെബ്‌സൈറ്റുകള്‍ സോംബി കെ എസ് എ എന്ന സൗദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടന തകര്‍ത്തു. ആന്ധ്രപ്രദേശ് സി ഐ ഡി വെബ്‌സൈറ്റില്‍ നിന്നും മോസ്റ്റ് വാണ്ടഡ് ലിസ്റ്റും എടുത്തുകളഞ്ഞു.
1997 മുതല്‍ 2002 വരെ നീണ്ടുനിന്ന സൈബര്‍ യുദ്ധത്തിനു ശേഷം നടന്ന വലിയ ആക്രമണമായിരുന്ന ഇത്തവണത്തേത്. അന്ന് പാകിസ്‌താന്‍ ഹാക്കേഴ്‌സ് ക്ലബ്ബും ജി ഫോഴ്‌സും ചേര്‍ന്ന് നശിപ്പിച്ചത് നൂറോളം ഇന്ത്യന്‍ വെബ്‌സൈറ്റുകളായിരുന്നു, അവയില്‍ നല്ലൊരു പങ്കും സാധാരണ വെബ്‌സൈറ്റുകളുമായിരുന്നു, എന്നാല്‍ ഇന്ന് ആക്രമണം സുപ്രധാന മേഖലയിലെ വെബ് സൈറ്റുകളോടാണ്. അന്ന് എന്‍ ഇ ഒ (NEO)എന്ന പേരിലറിയപ്പെടുന്ന ഇന്ത്യന്‍ ഹാക്കറാണ് അഞ്ചുവര്‍ഷം നീണ്ട യുദ്ധം ഒത്തുതീര്‍പ്പിലെത്തിച്ചത്. പിന്നീട് ഇരു ഭാഗത്തും ഒറ്റപ്പെട്ട ആക്രമണങ്ങളുണ്ടായി. കാലം മാറിയപ്പോള്‍ വെബ്‌സൈറ്റുകള്‍ക്കു പുറമെ ഓര്‍ക്കുട്ട് എന്ന പ്രശസ്‌തമായ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയും ബ്ലോഗുകള്‍ വഴിയും പാക് ഹാക്കര്‍മാരും ഭീകര ഗ്രൂപ്പുകളും അവരുടെ പ്രവര്‍ത്തനം തുടങ്ങി. ഓര്‍ക്കുട്ടിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ പിടിച്ചെടുത്ത് ഇന്ത്യാവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ പാകിസ്‌താന്‍ ഹാക്കര്‍മാര്‍ പലതവണ ശ്രമിച്ചു. ഇതിന്റെ പേരില്‍ നാല്‌പത്തിരണ്ടായിരത്തോളം അംഗങ്ങളുള്ള പാകിസ്‌താന്‍ കമ്മ്യൂണിറ്റി ഇന്ത്യന്‍ ഹാക്കര്‍മാര്‍ പിടിച്ചെടുത്തു. ബ്ലോഗുകള്‍ വഴി വ്യാപകമായ ആശയപ്രചരണവും ആശയ രൂപീകരണവും നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ വ്യാപകമായതോടെയാണ് ഇന്ത്യയില്‍ ഓര്‍ക്കുട്ട് നിരോധിക്കണമെന്ന ചര്‍ച്ച ചൂടുപിടിച്ചത്. മുമ്പ് പാക് അനുകൂല ചര്‍ച്ചകള്‍ സജീവമായപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റ് ബ്ലോഗുകള്‍ നിരോധിച്ചിരുന്നു.
2008 ഡിസംബറോടെ പാകിസ്‌താന്‍ തന്നെ ഇടപെട്ട് സൈബര്‍ യുദ്ധത്തിന്റെ അന്ത്യത്തിന് ശ്രമിച്ചിരുന്നു,
അത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്‌തു. പാകിസ്‌താന്റെ ഭാഗത്തുനിന്നും പി സി എ പ്രതിനിധിയും പാക് ബഗ്‌സ് ഇസഡ് കമ്പനിയും സോംബി കെ എസ് എ യും മറ്റു ചില ചെറു ഹാക്കര്‍മാരും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഐ സി ഡബ്ല്യു 2, എച്ച് എം ജി എന്നിവരുടെ പ്രതിനിധികളും പാകിസ്‌താന്‍ സൈബര്‍ ജേര്‍ണലിസ്റ്റായ മുഹമ്മദ് അലി റാസയും ചേര്‍ന്ന് രണ്ടു മണിക്കൂറോളം നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ (ചാറ്റ്) ഇരു വിഭാഗവും ആക്രമണത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചതായി സംയുക്ത പ്രസ്‌താവന ഇറക്കി. പക്ഷേ ഉറപ്പ് വെറും പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. ഒത്തുതീര്‍പ്പ് വന്നു കഴിഞ്ഞ് ആഴ്‌ചകള്‍ക്കുള്ളില്‍ ഡിസംബര്‍ 24 നാണ് ഈസ്റ്റേണ്‍ റെയില്‍വേയുടെ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്ത്‌ത്. പാകിസ്‌താന്‍ വ്യോമാതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള സൈബര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന കുറിപ്പും വാക്കേഴ്‌സ് പാക്കിസ്‌താന്‍ എന്ന പേരിലുള്ള ഹാക്കര്‍ സംഘം രേഖപ്പെടുത്തിയിരുന്നു.
കേവലമൊരു ഇന്ത്യന്‍ വിരോധം മാത്രമല്ല ഇത്തരം ഗ്രൂപ്പുകളുടെ അതിക്രമങ്ങള്‍ക്ക് പിന്നില്‍ എന്ന് പിന്നീട് അവര്‍ കൈക്കൊണ്ട സമീപനം വെളിപ്പെടുത്തുന്നു. ഒത്തുതീര്‍പ്പു വ്യവസ്ഥകളെല്ലാം ലംഘിച്ച് സൗദി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോംബി കെ എസ് എ എന്ന ഗ്രൂപ്പ് പാകിസ്‌താന്‍ സര്‍ക്കാര്‍ വെബ് സൈറ്റുകളും ഇന്ത്യന്‍ വെബ് സൈറ്റുകളും ഒരേപോലെ ഹാക്ക് ചെയ്യാന്‍ തുടങ്ങി. പാകിസ്‌താനുവേണ്ടി നിലകൊള്ളുന്നു എന്നു പ്രഖ്യാപിച്ച സോംബി കെ എസ് എ ജനുവരി 22 ാം തിയ്യതി പാകിസ്‌താന്റെ സര്‍ക്കാര്‍ സ്ഥാപനമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഔദ്യോഗിക സൈറ്റ് (www.pid.gov.pk) ആക്രമിച്ചു നശിപ്പിച്ചു. മിസ്റ്റര്‍ 10 ശതമാനത്തില്‍ നിന്നും മിസ്റ്റര്‍ നൂറ് ശതമാനമായി ഉയര്‍ന്നതില്‍ സര്‍ദാരിയെ പരിഹസിക്കുന്നതും ഒപ്പം അദ്ദേഹത്തേയും പ്രധാനമന്ത്രി ഗീലാനിയേയും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി ഷെറി റഹ്മാനെയും ചേര്‍ത്ത് അസഭ്യങ്ങള്‍ കുത്തിനിറച്ചതുമായിരുന്നു ഹാക്കര്‍ മാറ്റി നിക്ഷേപിച്ച വെബ് പേജിന്റെ ഉള്ളടക്കം. www.ssc-est.gov.pk, www.biserwp.edu.pk, www.infopak.gov.pk, www.pak.gov.pk, തുടങ്ങിയ പാകിസ്‌താന്‍ വെബ് സൈറ്റുകളും www.cbfcindia.gov.in, www.mppolice.gov.in, www.bangaloretrafficpolice.gov.in, www.cidap.gov.in, www.denobili.edu.in, www.loyola.edu.in തുടങ്ങിയ നിരവധി ഇന്ത്യന്‍ വൈബ് സൈറ്റുകളും തൊട്ടുപിന്നാലെ സോംബിഗ്രൂപ്പ് പിടിച്ചെടുത്തു, ഇപ്പോഴും ആ പ്രക്രിയ നിര്‍ബാധം തുടരുന്നു. മുംബൈ ആക്രമണത്തിനു ശേഷം ഇന്ത്യയുടെ പ്രതികരണങ്ങളോട് തീവ്രമായി പ്രതികരിക്കാത്തതിന്റെ പേരില്‍ ഹാക്കര്‍മാരും ബന്ധപ്പെട്ട ഗ്രൂപ്പുകളും
നടത്തുന്ന ഡിസ്‌കഷന്‍ ഫോറങ്ങളിലും വെബ്‌സൈറ്റുകളിലും പാകിസ്‌താന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി നടത്തുന്ന ആക്രമണങ്ങളുമായി ഈ സംഭവവും കൂട്ടി വായിക്കേണ്ടതാണ്. ചിലയിടങ്ങളില്‍ ഇവര്‍ മുഷറഫ് സര്‍ക്കാരിന്റെ നടപടികളെ വാനോളം പുകഴ്‌തുന്നുമുണ്ട്. ഇന്ത്യയോട് മൃദുലമായ സമീപനം സ്വീകരിക്കുന്നവരോട് കാണിക്കുന്ന അസഹിഷ്‌ണുതയും ജിഹാദിന്റെ പേരില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും ഇത്തരം ഗ്രൂപ്പുകളുടെ ലക്ഷ്യം വ്യക്തമാക്കുന്നു. അവര്‍ ഈയിടെ നടത്തിയ ആക്രമണങ്ങളുടെ രീതി പരിശോധിച്ചാല്‍ വ്യക്തമായ ലക്ഷ്യങ്ങളുള്ള നന്നായി ഫണ്ടു ചെയ്യപ്പെട്ട ഗ്രൂപ്പുകളാണ് ഇതിനു പിന്നിലെന്ന് മനസ്സിലാകും. ലഷ്‌കര്‍ ഇ ഹാക്കര്‍സ് (എല്‍ ഇ എച്ച്) എന്ന ഗ്രൂപ്പ് ആണ് ഈയിടെയായി ഉണ്ടായ വന്‍ ആക്രമണങ്ങള്‍ക്കു പിന്നിലെന്നും ഇവര്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചുവരികയാണെന്നും ഐ ടി വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.മുംബൈ ആക്രമണം കഴിഞ്ഞയുടനെ പാകിസ്‌താനില്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി വിദഗ്‌ദരായ യുവാക്കളെ ജിഹാദിന് ആവശ്യമുണ്ട് എന്ന തരത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി ജനുവരി ആദ്യവാരം മിഡ് ഡേ ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ഇത്തരം സൈബര്‍ പടകള്‍ രൂപീകരിക്കാന്‍ പാകിസ്ഥാന്‍ കൊണ്ടുപിടിച്ചു പരിശ്രമിക്കുന്നതായി ഈയടുത്തകാലത്ത് അന്താരാഷ്‌ട്രമാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്‌തു. മിക്കവാറും ശക്തരായ എല്ലാ തീവ്രവാദി ഗ്രൂപ്പുകള്‍ക്കും ഇത്തരം ഇ - തീവ്രവാദി ഗ്രൂപ്പുകളുണ്ട്. കാര്‍ട്ടൂണ്‍ വിവാദകാലത്തും ഗാസ ആക്രമണകാലത്തും ഇന്ത്യാ - പാക് സംഘര്‍ഷകാലത്തുമാണ് വന്‍ തോതില്‍ സംഘടിതമായ ആക്രമണങ്ങള്‍ നടന്നത്. സോങ്ക്.പി കെ പോലുള്ള എന്റര്‍ടെയന്‍മെന്റ് ഡൗണ്‍ലോഡ് സൈറ്റുകള്‍ വഴി ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഐ പി അഡ്രസ്സുകള്‍ പാകിസ്‌താന്‍ കൈക്കലാക്കിയതായാണ് അനുമാനം. ഇന്ത്യന്‍ ഇ മെയില്‍ വിലാസങ്ങളുടേയും വന്‍ ശേഖരം ഇവരുടെ കൈയില്‍ ഉണ്ട്. ഇ മെയില്‍ അഡ്രസ് ഉപയോഗിച്ച് ട്രോജന്‍പോലുള്ള ചെറിയ വൈറസുകളെ ഇറക്കിവിട്ടായിരുന്നു മുന്‍കാലങ്ങളില്‍ ആക്രമണം നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ കുഴപ്പക്കാരായ വേമുകളും വൈറസുകളുമാണ് ഈയടുത്തകാലത്തായി പ്രചരിക്കുന്നത്. ഇവരുടെ കൈവശമുള്ള വന്‍ ഡാറ്റാ ശേഖരമുപയോഗിച്ച് ശക്തവും കേന്ദ്രീകൃതവുമായ ആക്രമണം നടത്താന്‍ കഴിയുമെന്നാണ് വിദഗ്‌ദാഭിപ്രായം.
ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യക്കുമാത്രമല്ല സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്കയടക്കമുള്ള വന്‍ രാജ്യങ്ങള്‍ക്കുപേലും കഴിയില്ല എന്ന് ആക്രമണങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഇസ്രയേലിന്റെ ഗാസ ആക്രമണത്തെ ലോകം മുഴുവന്‍ അപലപിച്ചപ്പോള്‍ അമേരിക്കയും ഇസ്രയേലുമായി ബന്ധപ്പെട്ട നിരവധി വെബ്‌സൈറ്റുകള്‍ തകര്‍ത്തുകൊണ്ടാണ് പ്രത്യേകിച്ചും തുര്‍ക്കി ആസ്ഥാനമാക്കിയുള്ള ഹാക്കര്‍മാര്‍ പ്രതിഷേധിച്ചത്. സമീപകാലത്ത് ലോകം കണ്ട വലിയ ഒരു സൈബര്‍ യുദ്ധം തന്നെയായിരുന്നു അത്. ജനുവരി പതിനാറുവരെയുള്ള കണക്കനുസരിച്ച് 16734 വെബ്‌സൈറ്റുകള്‍ തകര്‍ത്തതായാണ് കണക്ക് ഇതില്‍ 2500 ഓളം സൈറ്റുകള്‍ സര്‍ക്കാര്‍, ഡിഫന്‍സ് വൈബ് സൈറ്റുകളും വന്‍കിട സൈറ്റുകളുമാണ്. ഇതില്‍ യു എസ് ആര്‍മിയുടെ ഔദ്യോഗിക സൈറ്റും(www. mdw.army.mil ),നാറ്റോ പാര്‍ലിമെന്റ് അസംബ്ലി വെബ്‌സൈറ്റും( www.nato-pa.int) ഉള്‍പ്പെടും. നിങ്ങള്‍ പാലസ്‌തീനിയരെ കൊല്ലുന്നു ഞങ്ങള്‍ വെബ് സെര്‍വറുകളും എന്ന സന്ദേശമാണ് ഹാക്ക് ചെയ്യപ്പെട്ട മിക്ക വെബ്‌സൈറ്റുകളിലും നിക്ഷേപിക്കപ്പെട്ടത്. ടീം ഈവിള്‍ എന്ന ആന്റി ഇസ്രയേലി ഹാക്കര്‍ഗ്രൂപ്പാണ് ഇസ്രയേലിന്റെ വെബ്‌സൈ
റ്റുകള്‍ തകര്‍ത്തതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇസ്രയേല്‍ പാലസ്‌തീന്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ തങ്ങള്‍ തങ്ങള്‍ ഹാക്കിംഗും നിര്‍ത്താം എന്ന മെസേജായിരുന്ന തകര്‍ക്കപ്പെട്ട വെബ്‌സൈറ്റുകളുടെ ഹോംപേജുകളില്‍ നിക്ഷേപിച്ചത്.
ഇന്ത്യ പാകിസ്‌താന്‍ സൈബര്‍ യുദ്ധം നടക്കുന്ന അതേ സമയത്തുതന്നെ "Honker Union" , Chinese Red Guest Network Security Technology Alliance തുടങ്ങിയ ചൈനീസ് ഹാക്കര്‍ ഗ്രൂപ്പുകള്‍ അമേരിക്കയുടെ പ്രതിരോധ സുരക്ഷാ ഡിപ്പാര്‍ട്ടുമെന്റുകള്‍ തകര്‍ത്തത് വാര്‍ത്തയായിരുന്നു. ഇക്കാര്യം പഠിക്കാനായി യു എസ് കോണ്‍ഗ്രസ്സ് പ്രത്യേക പാനലിനെ തന്നെ നിയോഗിച്ചു. ലോകത്ത് എവിടെവേണമെങ്കിലും ഏതു സമയത്തും കുഴപ്പങ്ങള്‍ സൃഷ്‌ടിക്കാനുള്ള കഴിവ് ചൈനക്കുണ്ട് എന്ന് പാനല്‍ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്‌തിരുന്നു. അമേരിക്കന്‍ സെര്‍വറുകളെ ആക്രമിച്ച 43880 സംഭവങ്ങളാണ് 2007 ല്‍ മാത്രം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ചൈനയുടെ പ്രതിരോധശേഷിക്കുമുന്നില്‍ യു എസിന് പിടിച്ചു നില്‍ക്കാനാവില്ല എന്ന് പാനല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുമുണ്ട്. 2002 മുതല്‍ ചൈന വന്‍തോതില്‍ ആക്രമണം നടത്തുന്നു എന്നു കാണിക്കുന്ന തെളിവുകള്‍ സഹിതമുള്ള 393 പേജ് റിപ്പോര്‍ട്ടുമായി അമേരിക്കന്‍ അധികൃതര്‍ ചൈന സന്ദര്‍ശിച്ചെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ലെന്നു മാത്രം.
ഇന്ത്യ പാകിസ്‌താന്‍ സൈബര്‍ യുദ്ധം നടക്കുന്ന അതേ സമയത്തുതന്നെ "Honker Union" , Chinese Red Guest Network Security Technology Alliance തുടങ്ങിയ ചൈനീസ് ഹാക്കര്‍ ഗ്രൂപ്പുകള്‍ അമേരിക്കയുടെ പ്രതിരോധ സുരക്ഷാ ഡിപ്പാര്‍ട്ടുമെന്റുകള്‍ തകര്‍ത്തത് വാര്‍ത്തയായിരുന്നു. ഇക്കാര്യം പഠിക്കാനായി യു എസ് കോണ്‍ഗ്രസ്സ് പ്രത്യേക പാനലിനെ തന്നെ നിയോഗിച്ചു. ലോകത്ത് എവിടെവേണമെങ്കിലും ഏതു സമയത്തും കുഴപ്പങ്ങള്‍ സൃഷ്‌ടിക്കാനുള്ള കഴിവ് ചൈനക്കുണ്ട് എന്ന് പാനല്‍ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്‌തിരുന്നു. അമേരിക്കന്‍ സെര്‍വറുകളെ ആക്രമിച്ച 43880 സംഭവങ്ങളാണ് 2007 ല്‍ മാത്രം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ചൈനയുടെ പ്രതിരോധശേഷിക്കുമുന്നില്‍ യു എസിന് പിടിച്ചു നില്‍ക്കാനാവില്ല എന്ന് പാനല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുമുണ്ട്. 2002 മുതല്‍ ചൈന വന്‍തോതില്‍ ആക്രമണം നടത്തുന്നു എന്നു കാണിക്കുന്ന തെളിവുകള്‍ സഹിതമുള്ള 393 പേജ് റിപ്പോര്‍ട്ടുമായി അമേരിക്കന്‍ അധികൃതര്‍ ചൈന സന്ദര്‍ശിച്ചെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ലെന്നു മാത്രം.
ഹാക്കിംഗിനു പിന്നില്‍
സൈബര്‍യുദ്ധങ്ങള്‍ നടത്തുക, സ്ഥാപനങ്ങളുടേയോ മറ്റോ വിശ്വാസ്യത തകര്‍ക്കുക്കുക, വൈറസുകളും മാല്‍വെയറുകളും കടത്തിവിട്ട് ആന്റി വൈറസ് പ്രോഗ്രാമുകളും മറ്റും നിര്‍ബന്ധിതമായ വാങ്ങേണ്ട അവസ്ഥ സൃഷ്‌ടിക്കുകയും അങ്ങനെ സാമ്പത്തിക ലാഭം ഉണ്ടാക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് ഐഡന്റിറ്റി തെഫ്‌റ്റ് (Identity Theft) എന്ന പൊതുഗണത്തില്‍ പെടുത്താവുന്ന ഹാക്കര്‍മാരുടെ ആക്രമണങ്ങള്‍ക്ക് പ്രചോദനം. ഇതില്‍ രണ്ടാമത്തെത് ഒരു പ്രൊഫഷന്‍ എന്ന നിലക്കു തന്നെ മാറിക്കഴിഞ്ഞതാണ്. മൂന്നാമത്തേത് മൂല്യബോധമില്ലാത്ത ബിസിനസ് തന്ത്രമാണെങ്കിലും അതും സര്‍വസാധാരണമാണ്. പക്ഷേ ഈ രണ്ട് ലക്ഷ്യങ്ങളേക്കാള്‍ മാരകമാണ് വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ള ആക്രമണങ്ങള്‍. എന്നാല്‍ ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ പിന്തുണ ലഭിച്ച ഹാക്കര്‍ വിഭാഗവും ഇവരുടെ കൂട്ടത്തിലുണ്ട്. വിന്‍ഡോസ് അടക്കമുള്ള കുത്തക സോഫ്‌റ്റ് വെയറുകളുടെ സീരിയല്‍ നമ്പറുകള്‍ കണ്ടുപിടിച്ച് പൊതുമാര്‍ക്കറ്റില്‍ എത്തിക്കുന്നവരെ (പൈറേറ്റഡ് കോപ്പികള്‍) സ്വതന്ത്രസോഫ്‌റ്റ്വെര്‍ വാദികള്‍ സാമൂഹ്യപ്രവര്‍ത്തകരായ 'ക്രാക്കര്‍മാര്‍` എന്നാണ് വിളിക്കുന്നത്.
ഇത്തരക്കാര്‍ ഒത്തു ചേരുന്നത് പൈറേറ്റഡ് കോപ്പികള്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റുകളിലും മറ്റുമാണ്. പ്രമുഖരുടെ ഇ മെയില്‍ വിലാസങ്ങള്‍ സെര്‍വര്‍ പാസ്വേഡുകള്‍ തുടങ്ങി സ്വകാര്യതയിലേക്ക് തലയിടുന്നവരാണ് മറ്റൊരു വിഭാഗം. ഇവരില്‍ തന്നെ കാശുകൊടുത്താല്‍ ആരുടെ പാസ്വേഡും കണ്ടുപിടിച്ചു തരുന്ന `പ്രൊഫഷണലു'കളും സ്ഥാപനങ്ങളും ഉണ്ട്.
കനേഡിയന്‍ സൈക്കോളജിസ്റ്റും മുന്‍ പോലീസ് കമ്പ്യൂട്ടര്‍ ക്രൈം ഇന്‍വസ്റ്റിഗേറ്ററുമായ മാര്‍ക്ക് റോജേഴ്‌സ് ഹാക്കര്‍മാരെ വേര്‍തിരിക്കുന്നത് പുത്തന്‍ കൂറ്റുകാര്‍ അഥവാ ന്യൂബീസ് അഥാവാ സ്‌ക്രിപ്‌റ്റ് കിഡ്ഡീസ് (newbies, script kiddies), പരിചയസമ്പന്നരും ഇപ്പോഴും പ്രവര്‍ത്തനമേഖലയിലുള്ളവരുമായ സൈബര്‍പങ്ക്‌സ് (cyberpunks) അസംതൃപ്‌തരായ പ്രൊഫഷണലുകളായ ഇന്‍സൈഡേഴ്‌സ് (insiders), കോഡുകള്‍ ഹാക്കുചെയ്യുകയും മാറ്റിയെഴുതുകയും ചെയ്യുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്‌ത കോഡേഴ്‌സ് (coders), പ്രൊഫഷണലുകള്‍, എന്തിനും പോന്ന സൈബര്‍ ടെററിസ്റ്റുകള്‍ എന്നിങ്ങനെയാണ്. ഇതില്‍ സൈബര്‍പങ്‌കുകള്‍ എന്നറിയപ്പെടുന്നവരാണ് പ്രശസ്‌തരായവര്‍, ഏറ്റവും മാരകമായവര്‍ സൈബര്‍ ടെററിസ്റ്റുകളും.
ഹാക്കര്‍മാരെ സൃഷ്‌ടിക്കുന്നതില്‍ കുടുംബബന്ധങ്ങള്‍ക്കും ജീവിതരീതിക്കും വലിയ പങ്കുണ്ടെന്നാണ് മനശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. പന്ത്രണ്ടു മുതല്‍ 28 വയസ്സുവരെയുള്ള മിഡില്‍ ക്ലാസ് കുടുംബങ്ങളിലെ കുട്ടികളാണ് ഹാക്കര്‍മാരില്‍ വലിയൊരു പങ്കുമെന്നാണ് റോജേഴ്‌സിന്റെ കണ്ടെത്തല്‍. അവരില്‍ മിക്കവരും ശാരീരികമായും മാനസികമായും ദുര്‍നടപ്പിനോട് അഭിനിവേശമുള്ളവരുമായിരിക്കും. ഇവര്‍ക്ക് ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന വന്യമായ സ്വാതന്ത്ര്യം കൂടെ ചേരുമ്പോള്‍ ഒരു ഹാക്കര്‍ രൂപമെടുക്കുന്നു. ചെറുപ്പകാലം മുതല്‍ ഒറ്റപ്പെടല്‍ അനുഭവിച്ചവര്‍, പ്രണയ പരാജയം, ലൈഗികവും മറ്റുമായ ചൂഷണങ്ങള്‍ ഇവയൊക്കെയാണ് ഹാക്കര്‍ എന്ന മനോരോഗിയുടെ രൂപപ്പെടലിന് കാരണമാകുന്നത്. ഇവര്‍ക്ക് മനുഷ്യരേക്കാളും അടുപ്പം കമ്പ്യൂട്ടറിനോടായിരിക്കും. ഇത്തരം വ്യക്തികള്‍ അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള ലക്ഷ്യങ്ങളും സാധ്യതകളും സ്വയം കണ്ടെത്തി ഹാക്കര്‍ ഗ്രൂപ്പുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.
ബൗദ്ധികമായി വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ഹാക്കര്‍മാരെ നിയന്ത്രിക്കുകയും അത്ര എളുപ്പമുള്ള കാര്യമല്ല. തൊണ്ണൂറുകളുടെ അവസാനവും ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലും പാകിസ്‌താനിലെയും ഇന്ത്യയിലേയും സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ആക്രമിച്ചത് വാര്‍ത്തയായിരുന്നു, അവരില്‍ പലരും അറസ്റ്റിലുമായിരുന്നു. 2008 ജൂണ്‍ മാസത്തില്‍ ഇ ബേ എന്ന മാര്‍ക്കറ്റിംഗ് പോര്‍ട്ടല്‍ ഹാക്ക് ചെയ്‌ത് പണം തട്ടിയതിന് അഹമ്മദാബാദില്‍ പിടിയിലായ പതിനാറുകാരന്‍ തന്നെ ഉത്തമ ഉദാഹരണം. ചെയ്‌ത തെറ്റിനെകുറിച്ച് ഒട്ടും ഗൗരവമായി മനസ്സിലാക്കാതെ കുട്ടിത്തം വിട്ടുമാറാതെയാണ് അയാള്‍ സംസാരിച്ചതെന്നാണ് പോലീസ് പറയുന്നത്. ഒരു പ്രൊഫഷണല്‍ ഹാക്കറെ വെല്ലുന്ന രീതിയില്‍ പോര്‍ട്ടലിന്റെ പേയ്‌മെന്റ് ഗെയ്‌റ്റ് വേകളും കോഡുകളും അവന് മനപ്പാഠമാണെന്ന് പോലീസ് പറഞ്ഞത്. പ്രൊട്ടക്‌ട് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളില്‍ കടന്നു കയറുന്ന വിദ്യ ഐ ടി നഗരങ്ങളായ ഹൈദരാബാദിലും ബാംഗളൂരിലും ചെന്നെയിലുമുള്ള തന്റെ ഇ സുഹൃത്തുക്കള്‍ വഴിയാണ് പഠിച്ചതെന്നും അയാള്‍ സമ്മതിച്ചു. വെറുമൊരു ടെക്‌സ്റ്റൈല്‍ ജീവനക്കാരന്റെ മകന്‍ ഹാക്കിംഗിലൂടെ പണമൂണ്ടാക്കി ചെറുപ്രായത്തില്‍ നയിച്ചിരുന്നത് ആര്‍ഭാടജീവിതമായിരുന്നുവത്രേ. ചോദ്യം ചെയ്യലിനിടെ കോളജില്‍ പോകുന്നതിനോട് തനിക്ക് വെറുപ്പാണെന്നും ഇത്ര ചെറുപ്പത്തിലേ ലക്ഷങ്ങള്‍ സമ്പാതിക്കുന്ന താനെന്തിന് കോളജില്‍ പോയി സമയം മെനക്കെടുത്തണമെന്നാള്‍ അയാള്‍ പോലീസിനോട് ചോദിച്ചത്. ഇത്തരം സന്ധര്‍ഭങ്ങളില്‍ കമ്പ്യൂട്ടറിനെക്കുറിച്ച് അടിസ്ഥാന പരിജ്ഞാനം പോലുമില്ലാത്ത പല രക്ഷിതാക്കലും നിസ്സഹായരാണുതാനും.
ഒരു ഹാക്കര്‍ കമ്പ്യൂട്ടറിനു മുന്നില്‍ ശരാശരി പതിനെട്ടു മണിക്കൂറെങ്കിലും ചെലവഴിക്കുമെന്നാണ് മാര്‍ക്ക് റോജേഴ്‌സിന്റെ അഭിപ്രായം. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വിട്ട് മറ്റൊരു ലോകമില്ലാത്ത അത്തരം ആളുകള്‍ക്ക് സമൂഹവുമായി ബന്ധമുണ്ടാകാനോ നന്മതിന്മകളെക്കുറിച്ച് സാമൂഹിക ബോധ്യമുണ്ടാകാനോ ഉള്ള സാധ്യതയും വിരളമാണ്. ഇത്തരം സ്വഭാവസവിശേഷതയുള്ളവര്‍ക്ക് വന്‍ ഹാക്കര്‍മാരുമായും ഹാക്കര്‍ ഗ്രൂപ്പുമായും ബന്ധം സ്ഥാപിക്കുക വളരെ എളുപ്പമാണ്. സമാന മനസ്ഥിതയുള്ളവര്‍ക്ക് ഒത്തുകൂടാന്‍ ഫോറങ്ങളും സോഷ്യല്‍ നെറ്റ്വര്‍ഗ്ഗിംഗ് സൈറ്റുകളിലെ കമ്മ്യൂണിറ്റികളും വിവിധ ഹാക്കേഴ്‌സ് സൈറ്റുകളിലെ ഡിസ്‌കഷന്‍ ഫോറങ്ങളും ബ്ലോഗുകളും വഴിയൊരുക്കുന്നു. ഇങ്ങനെ ഹാക്കര്‍ എന്ന നിലയില്‍ നിന്നും ഹാക്കര്‍മാരുടെ കൂട്ടത്തിലേക്കു വരുമ്പോള്‍ ഒരു പ്രൊപ്പഗാന്‍ഡക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇവര്‍ ചെന്നെത്തുന്നു.
തീവ്രവാദ ചിന്താഗതികള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലെ ബ്ലോഗുകളിലും ചര്‍ച്ചാവേദികളിലുമാണ്. ഇങ്ങനെ വികലമായ ചിന്താഗതിയുള്ളവരെയും അവരുടെ കൂട്ടായ്‌മകളെ ആകര്‍ഷിച്ച് തീവ്രവാദികളുടെ റിക്രൂട്ട്‌മെന്റുപോലെ തന്നെ അസംതൃപ്‌തരെ വരുതിയില്‍ വരുത്തുന്ന അതേരീതി തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ഫോറങ്ങളിലൂടെയും മറ്റും കണ്ടു മുട്ടുന്നവര്‍ക്ക് രാജ്യാതിര്‍ത്തികള്‍ ഒരു പ്രശ്‌നമാകുന്നില്ല, പരസ്‌പരം നേരില്‍ കാണുന്നവരാവണമെന്നുമില്ല. ഇവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതുപോലും ഇന്റര്‍നെറ്റ് വഴിയായിരിക്കും. ഈ സവിശേഷത ഇത്തരം ക്രൈമുകള്‍ കണ്ടുപിടിക്കുന്നതില്‍ വിലങ്ങുതടിയാകുന്നു. ഹാക്കേഴ്‌സ് ഗ്രൂപ്പുകളെ തടയുക എന്നതിന് ഒരേയൊരു മാര്‍ഗ്ഗം ഇവര്‍ ഒത്തുകൂടുന്ന ഇടങ്ങള്‍ ബ്ലോക്ക് ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുക എന്നതാണ്. അതിന് പക്ഷേ ലോകവ്യാപകമായ ഒരു റെഗുലേറ്ററി അതോറിറ്റിയുടെ ആവശ്യമുണ്ടുതാനും. രാജ്യങ്ങളുടെ അതിര്‍ത്തി ബാധകമല്ലാത്ത ഇന്റര്‍നെറ്റ് ശൃംഘലയില്‍ അത്തരമൊരു അതോറിറ്റി അസാധ്യമാണെന്നു തന്നെ പറയാം.
സൈബര്‍ടെററിസം എന്നത് അത്രവേഗം തടയാന്‍ കഴിയുന്ന ഒന്നല്ല എന്നതിന് അമേരിക്കയടക്കമുള്ള മുന്‍നിര ശക്തികളുടെ പരാജയം തന്നെ തെളിവാണ്. ഇന്ത്യയടക്കമുള്ള നിരവധിരാജ്യങ്ങള്‍ ഇന്റര്‍നെറ്റ് ശൃംഘലയെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചൈനയില്‍ ഇന്റര്‍നെറ്റ് നിയമങ്ങള്‍ കര്‍ശനമാക്കിയത് വന്‍ പ്രതിഷേധത്തിന് ഇട നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതാണ്ട് അറുപതോളം നിയമങ്ങളാണ് അവര്‍ നടപ്പില്‍ വരുത്തിയത്. ടെക്‌നിക്കല്‍ സെന്‍സര്‍ഷിപ്പ് സാധ്യമല്ലാത്തതിനാല്‍ അമേരിക്കയും നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ചെയ്‌തത്. പാകിസ്‌താന്‍ ഒരു പടികൂടെ കടന്ന് പാകിസ്‌താന്‍ ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് എന്നൊരു സംവിധാനം തന്നെ നടപ്പില്‍ വരുത്തി. ഇ മെയിലുകളും അശ്ലീല സൈറ്റുകളും ആന്റി ഇസ്ലാമിക് സൈറ്റുകളും നിയന്ത്രിക്കുക എന്നതായിരുന്നു മുഖ്യ ഉദ്ദേശ്യം. തുടര്‍ന്ന് യൂട്യൂബ് അടക്കമുള്ള പല വെബ്‌സൈറ്റുകളും നിയന്ത്രിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായി. ഇന്ത്യയിലും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-IN,) എന്ന പേരില്‍ ഇന്റര്‍നെറ്റ് ശൃംഘലയെ നിരീക്ഷിക്കാന്‍ ഒരു അതോറിറ്റി നിലവിലുണ്ട്. ഇവയെല്ലാം നിരീക്ഷണസംവിധാനങ്ങളെന്നതിലുപരി ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിയുന്നവയല്ല.
സ്വകാര്യമേഖല ഇന്റര്‍നെറ്റിന്റെ നിയന്ത്രണം കൈവശം വെക്കുന്നിടത്തോളം കാലം സൈബര്‍ ടെററിസത്തിനെതിരെയുള്ള എല്ലാ നീക്കങ്ങളും വിഫലമാണ് എന്നാണ് ഇന്റര്‍നെറ്റിന്റെ പിതാവെന്നറിയപ്പെടുന്ന ഇപ്പോള്‍ ഗൂഗിളിന്റെ വൈസ് പ്രസിഡന്റും ചീഫ് ഇന്റര്‍നെറ്റ് ഇവാഞ്ചലിസ്റ്റുമായ വിന്റണ്‍ സെര്‍ഫ് അഭിപ്രായപ്പെട്ടത്. സ്വകാര്യമേഖലയെ വിട്ട് ഇന്റര്‍നെറ്റ് എന്നൊരു സംവിധാനത്തെപറ്റി ചിന്തിക്കാന്‍ പോലും ഇക്കാലത്ത് സാധ്യമല്ല. സൈബര്‍ ടെററിസം കൂടുതല്‍ ആക്രമണകാരികളാകുകയാണെങ്കില്‍ നമുക്ക് കൈയും കെട്ടി നോക്കി നില്‍ക്കാനേ കഴിയൂ എന്ന് ചുരുക്കം. നാഷണല്‍ ആന്റി ഹാക്കിംഗ് ഗ്രൂപ്പ് (www.nag.co.in) പോലുള്ള ആന്റി ഹാക്കിംഗ് കണ്‍സള്‍ട്ടന്‍സികളും മറ്റും വളര്‍ന്നു വരുന്നതാണ് അല്‌പമെങ്കിലും ആശ്വാസം.
മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്
No comments:
Post a Comment