Sunday, September 27, 2009

സിനിമ തന്നെ ജീവിതം


പടിഞ്ഞാറ്‌ പണമാണ്‌ സിനിമയെ ഭരിക്കുന്നതെങ്കില്‍ മധ്യേഷ്യയില്‍ മത - രാഷ്‌ട്രീയ നിലപാടുകളുടെ ഔദാര്യത്തിലാണ്‌ സിനിമ പിറക്കുന്നത്‌. 2000 -ാമാണ്ടില്‍ കാന്‍ ചലചിത്രോത്സവത്തോടനുബന്ധിച്ച്‌ സിനിമാ സാങ്കേതികതയെക്കുറിച്ച്‌ നടത്തിയ സെമിനാറില്‍ സമിറാ മക്‌മല്‍ ബഫ്‌ പ്രഭാഷണം ആരംഭിച്ചത്‌ ഇങ്ങനെയാണ്‌, ഇംഗ്ലീഷില്‍ ഓരോ വാക്കുകളും സൂക്ഷിച്ച്‌ ഉപയോഗിച്ച്‌, ഇരുപതുവയസ്സിന്റെ ചുറുചുറുക്കോടെ. പിതാവ്‌ മൊഹസിന്‍ മക്‌മല്‍ ബഫിന്റെ തണലില്‍ നിന്നും മാറി സമീറ സ്വതന്ത്രസംവിധായികയായിട്ട്‌ അന്ന്‌ മൂന്നു വര്‍ഷമേ ആയിരുന്നുള്ളൂ. എട്ടാമത്തെ വയസ്സില്‍ പിതാവിന്റെ സൈക്ലിസ്റ്റില്‍ അഭിനയിച്ച്‌ ചലചിത്ര രംഗത്തെത്തിയ സമീറ അതിനകം തന്നെ സിനിമയുടെ രാഷ്ട്രീയവും മധ്യേഷ്യയിലെ അടിയൊഴുക്കുകളും മനസ്സിലാക്കിയിരുന്നു. സമീറ സംവിധാനം ചെയ്‌തത്‌ നാല്‌ ഫീച്ചര്‍ ചിത്രങ്ങള്‍, ഒരു ഹ്രസ്വചിത്രം, അതില്‍ രണ്ടെണ്ണം അഫ്‌ഗാന്‍ പശ്ചാത്തലത്തിലുള്ളത്‌. മതത്താലും പുരുഷനാലും അടിച്ചമര്‍ത്തപ്പെട്ട സ്‌ത്രീയുടെ നിശ്ശബ്‌ദമായ പ്രത്യാക്രണങ്ങളെന്ന വിശേഷണം അവകാശപ്പെട്ടവ. സിനിമ മതവിരുദ്ധമാണെന്ന നിലപാടുകള്‍ പ്രകടമായ ഒരു രാജ്യത്തു നിന്നും അതേ സംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു സ്‌ത്രീ സംവിധാനം ചെയ്‌ത സിനിമ ദൃശ്യചാതുരിക്കുപുറമെ രാഷ്‌ട്രീയ സാമൂഹിക സത്യങ്ങളുടെ നേര്‍ചിത്രങ്ങള്‍കൂടെയാണെന്ന്‌ ചലചിത്രമേളകള്‍ വിധിയതോടെ സമീറ ചലചിത്രമേളകളുടെ ഉറ്റ തോഴിയായി മാറി.

വാണിജ്യ സിനിമയുടെ ചേഷ്‌ടകള്‍ ഉള്‍ക്കൊള്ളാതെ തങ്ങളുടെ സംസ്‌കൃതിയും ജീവിത രീതിയും പ്രതിപാദ്യവിഷയമായ ലളിതമായ സിനിമകള്‍, പക്ഷേ ഇറാനിയന്‍ സിനിമയുടെ സാമാന്യമായ ഈ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല സമീറയുടെ സിനിമകള്‍. ഫീച്ചര്‍ ഫിലിമിനും ഡോക്യുമെന്ററിക്കുമിടയിലുള്ള നേര്‍ത്ത നടപ്പാതയാണ്‌ സമീറ തിരഞ്ഞെടുത്തത്‌. സത്യവുമായി വളരെ അടുത്തു നില്‍ക്കുന്നവ, കഥയിലും കഥാപാത്രങ്ങളിലും മാത്രമല്ല നടീനട�ാരുടെ തിരഞ്ഞെടുപ്പില്‍ വരെ നീളുന്നു ഈ സത്യസന്ധത. ഒറിജിനാലിറ്റിക്കുവേണ്ടി നടീനട�ാരെ മിക്കവരേയും ലൊക്കേഷനുകളില്‍ നിന്നു തന്നെ കണ്ടെടുക്കുന്നു. പ്രൊഫഷണല്ലാത്ത ആര്‍ട്ടിസ്റ്റുകളോടൊപ്പം ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടനുഭവപ്പെടുമ്പോഴും സമീറ തന്റെ സിനിമയുടെ ലൈഫ്‌ നിലനിര്‍ത്താന്‍ അത്‌ അത്യാവശ്യമാണെന്ന വാദിക്കുന്നു. പലപ്പോഴും ലൊക്കേഷനുകളില്‍ നിന്ന്‌ കിട്ടുന്ന അനുഭവങ്ങള്‍കൂടെ കൂട്ടിചേര്‍ത്താണ്‌ സിനിമ പൂര്‍ണമാകുന്നത്‌. ലാന്റ്‌മൈനുകള്‍ ചിതറിക്കിടക്കുന്ന ഇറാന്‍ - ഇറാഖ്‌ അതിര്‍ത്തിയിലെയും, അമേരിക്കന്‍ സൈന്യവും താലിബാനും മത്സരിച്ച്‌ ആക്രമണം നടത്തുന്ന കാബൂളിലെയും ഭീതിതമായ അന്തരീക്ഷത്തില്‍ സാഹസികമായി ഷൂട്ട്‌ ചെയ്‌ത സിനിമകള്‍. രണ്ടാമത്തെ ചിത്രമായ ദ ബ്ലാക്ക്‌ ബോര്‍ഡിന്റെ ലൊക്കേഷനുകളില്‍ പലപ്പോഴും സ്‌ത്രീയായി താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന്‌ അവരോര്‍ക്കുന്നു. താലിബാന്‍ നിലം പതിക്കുന്നതിനു മുമ്പത്തെ രാഷ്‌ട്രീയ സൂഹിക അവസ്ഥകള്‍ വിഷയമാകുന്ന കാണ്‌ഡഹാര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്റെ മകള്‍ താലിബാന്‍ നിലം പതിച്ചതിനുശേഷം അവിടത്തെ ജീവിതം പകര്‍ത്തിയെടുക്കുന്നു എന്ന ചരിത്രപരമായ ദൗത്യം കൂടെ നിര്‍വഹിച്ചു അറ്റ്‌ ഫൈവ്‌ ഇന്‍ ദ ആഫ്‌റ്റര്‍ നൂണ്‍ എന്ന ചിത്രത്തിലൂടെ. ഫീച്ചര്‍ഫിലിം എന്ന്‌ അവകാശപ്പെടുമ്പോഴും ചിത്രങ്ങള്‍ ഡോക്യുമെന്ററിയുമായി ഇഴചേര്‍ന്ന്‌ നില്‍ക്കുന്നത്‌ ഇങ്ങനെയൊക്കെയാണ്‌.

17-മത്തെ വയസ്സിലാണ്‌ സമീറ ആദ്യ ചിത്രമായ ആപ്പിള്‍(1998) സംവിധാനം ചെയ്യുന്നത്‌. അതിനുമുമ്പ്‌ മൊഹസിന്‍ മക്‌മല്‍ ബഫിന്റെ ഒരു ചിത്രത്തില്‍ സഹകരിച്ചുള്ള സാങ്കേതിക പരിചയവും ലോക്കേഷനുകളില്‍ അഛനെ പിന്തുടര്‍ന്നു നേടിയ അനുഭവപരിചയവും. മതനിയമങ്ങളെ പേടിച്ച്‌ രണ്ടുവയസ്സുമുതല്‍ നീണ്ട പന്ത്രണ്ടുവര്‍ഷം സ്വന്തം പിതാവിനാല്‍ തന്നെ വീട്ടിലടക്കപ്പെട്ട ഇരട്ട പെണ്‍കുട്ടികളുടെ കഥയാണ്‌ ആപ്പിളിന്‌ പ്രമേയമായത്‌, അതും പരിചിതമായ ചുറ്റുവട്ടത്ത്‌ നടന്നത്‌. പക്ഷേ മതനേതൃത്വത്തോടു നേരിട്ടുള്ള ഒരു വെല്ലുവിളിയായിരുന്നില്ലെങ്കിലും സാമൂഹിക നിയമങ്ങളെ ഭയന്ന അഛനും കുട്ടികളും ഇറാനിലെ രാഷ്‌ട്രീയ സമസ്യയുടെ പ്രതീകങ്ങളാണ്‌. അഛനും മക്കളും തമ്മിലുള്ള സ്‌നേഹം തന്നെയാണ്‌ ഇത്തരമൊരു ദുരന്തത്തിന്‌ കാരണമായത്‌ എന്നു നമ്മള്‍ കഥാന്ത്യത്തില്‍ മനസ്സിലാക്കുന്നു. അയല്‍ വാസികള്‍ വെല്‍ഫയര്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയതിനേതുടര്‍ന്ന്‌ കുട്ടികള്‍ മോചിതരായെങ്കിലും പിതാവിന്റെ കൈയില്‍ ലഭിച്ചതോടെ ഇവര്‍ വീണ്ടും ബന്ദികളാക്കപ്പെടുന്നു. ബലം പ്രയോഗിച്ച്‌ തെരുവിലേക്കിറക്കിവിടുന്നതോടെയാണ്‌ അവര്‍ ആദ്യമായി സാമൂഹികജീവിതത്തില്‍ കാലുകുത്തുന്നത്‌. വീട്ടില്‍ അടക്കപ്പെട്ട പിതാവിനെ രക്ഷപ്പെടുത്താനായി കുട്ടികള്‍ പരിശ്രമിക്കുന്ന ലാളിത്യമുള്ള അന്ത്യം, പതിവ്‌ ഇറാനിയന്‍ സിനിമയുടെ ക്യാന്‍വാസില്‍ തയാറാക്കപ്പെട്ടതാണെങ്കിലും ജീവിക്കുന്ന ചുറ്റുപാടിനോടുള്ള ആത്മാര്‍ത്ഥതയാണ്‌ ആപ്പിളിനെ വ്യത്യസ്‌തമാക്കുന്നത്‌. ക്രൂരതക്കെതിരെ അഛന്‍ മൊഹസിന്‍ മക്‌മല്‍ ബഫിനുള്ള അതേ കണ്ണ്‌ മകള്‍ക്കുമുണ്ടെന്ന്‌ ആദ്യ ചിത്രം തന്നെ തെളിയിച്ചു. പന്ത്രണ്ടു വര്‍ഷം ബന്ദികളാക്കപ്പെട്ട കുട്ടികളുടെ അവസ്ഥ അവരുടെ വികലമായ നടപ്പിലൂടെയും പെരുമാറ്റത്തിലൂടെയും പ്രതിഫലിപ്പിക്കാന്‍ സമീറക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആദ്യമായി പുറം ലോകം കണ്ട പെണ്‍കുട്ടികള്‍ തങ്ങളുടെ പതിമൂന്നാമത്തെ വയസ്സിലും ചെടിക്ക്‌ വെള്ളമൊഴിച്ച്‌ അവ വളരുന്നുണ്ടോ എന്ന്‌ നോക്കി നില്‍ക്കുന്ന രംഗമുണ്ട്‌, ബന്ദികളാക്കപ്പെട്ടപ്പോള്‍ മുരടിച്ചുപോയ അവരുടെ ഭാവനകളുടെയും സാമാന്യവിജ്ഞാനത്തിന്റെയും പ്രതിഫലനങ്ങള്‍. കാന്‍, ഫ്രാന്‍സ്‌, ടൊറന്റോ, കാനഡ ഫിലിം ഫസ്റ്റിവല്‍ തുടങ്ങി രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ 30 രാജ്യകങ്ങളിലായി നൂറില്‍ പരം അന്താരാഷ്‌ട്രവേദികളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായി മാറി ഇത്‌. 18 ാമത്തെ വയസ്സില്‍ തന്നെ കാന്‍ ഫസ്റ്റിവലില്‍ ക്ഷണിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡയറക്‌ടറെന്ന ഖ്യാതിയും സമീറക്ക്‌ സ്വന്തമായി. പിന്നീടിങ്ങോട്ട്‌ കാന്‍ ഫസ്റ്റിവലിലെ സജീവ സാന്നിദ്ധ്യമാകുകയായിരുന്നു സമീറ. 2000 ല്‍ ഏറ്റവും പ്രായം കുറഞ്ഞ ജൂറി അവാര്‍ഡ്‌ ലഭിക്കുന്ന വ്യക്തി (ബ്ലാക്ക്‌ ബോര്‍ഡ്‌), 2003 ല്‍ ഈ അവാര്‍ഡിന്‌ വീണ്ടും അര്‍ഹായായി(അറ്റ്‌ ഫൈവ്‌ ഇന്‍ ദ ആഫ്‌റ്റര്‍ നൂണ്‍).

പതിനാലാമത്തെ വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചയാളാണ്‌ സമീറ. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു തരം സ്‌പൂണ്‍ ഫീഡിംഗ്‌ ആണെന്നും ലോകത്തെ പുതിയ വീക്ഷണത്തില്‍ കാണാനോ പ്രായോഗിക പരിജ്ഞാനം തരാനോ തയ്യാറാകുന്നില്ല എന്നതാണ്‌ ഈ തീരുമാനത്തിനുപിന്നിലെന്നും സമീറ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. ചിത്രങ്ങളിലെല്ലാം ഈ നിലപാടു നിഴലിക്കുന്നുമുണ്ട്‌. ആ നിലപാടു തന്നെയാകാം അധ്യയനം തന്നെ അവരുടെ രണ്ടാമത്തെ ഫീച്ചര്‍ ചിത്രമായ ദ ബ്ലാക്ക്‌ ബോര്‍ഡ്‌(1999)ന്‌ പ്രമേയമായത്‌. ഇറാഖ്‌ - ഇറാന്‍ യുദ്ധകാലത്ത്‌ അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്ക്‌ വിദ്യാഭ്യാസം നല്‍കാന്‍ ബ്ലാക്ക്‌ ബോര്‍ഡുമായി അതിര്‍ത്തി ഗ്രാമത്തിലുടെ യാത്ര ചെയ്യുന്ന അധ്യാപകര്‍. അതിര്‍ത്തിയില്‍ പെട്രോളിംഗ്‌ നടത്തുന്ന ഹെലികോപ്‌റ്റര്‍ കാണുന്നതോടെ ഇവര്‍ ഭയചികിതരായി ചിതറിപോകുന്നു. ഇതില്‍ ഒരാള്‍ വൃദ്ധരും ക്ഷീണിതരുമായ ഒരു കൂട്ടം പേരെ കണ്ടുമുട്ടുന്നു. സ്വന്തം നാട്ടില്‍ അന്ത്യവിശ്രമം കൊള്ളണമെന്ന ആഗ്രഹവുമായി മടങ്ങുന്നവരാണ്‌ അവര്‍. പിന്നീട്‌ അതിലൊരാളുടെ വിധവയായ മകളെ വിവാഹം കഴിക്കുന്നുമുണ്ട്‌ അധ്യാപകന്‍. പുറത്ത്‌ ഒരു ചുമട്‌ കള്ളക്കടത്തുവസ്‌തുക്കളുമായി വരുന്ന യുവാക്കളുടെ ഇടയില്‍ ചെന്നുപെട്ട മറ്റൊരധ്യാപകന്‍ അവരെ സ്വന്തം പേര്‌ എഴുതാന്‍ പഠിപ്പിക്കാനും അവര്‍ ചെന്നു പെട്ടിരിക്കുന്ന അവസ്ഥ ബോധ്യപ്പെടുത്താനും അവരുടെ പിന്നാലെ നടന്ന്‌ ഉപദേശിക്കുന്നു. മറ്റുള്ള സിനിമകളില്‍ നിന്നു വ്യത്യസ്‌തമായി സമീറക്ക്‌ കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവന്നിട്ടുള്ള ഒരു സിനിമ കൂടിയാണ്‌ ദ ബ്ലാക്ക്‌ബോര്‍ഡ്‌. ഹെലികോപ്‌റ്ററില്‍ നിന്ന്‌ രക്ഷ്‌പെടാന്‍ ബ്ലാക്ക്‌ബോര്‍ഡുപയോഗിച്ച്‌ മറ തീര്‍ക്കുന്ന രംഗവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. നിര്‍ണായക സീനുകള്‍ പലതും വളരെ വലുതാണെന്നതും കാഴ്‌ചയുട ഭംഗി നഷ്‌ടപ്പെടുത്തുന്നുവെന്നതുമാണ്‌ മറ്റൊരാരോപണം. കുര്‍ദിഷ്‌ അധ്യാപകര്‍ ക്ലേശകരമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ അന്വേഷിച്ച്‌ നടക്കുന്നതിനു പിന്നിലെ പ്രചോദനം, സദ്ദാം ഹുസൈന്റെ കെമിക്കല്‍ ബോംബിഗിനു ശേഷം ഹെലികോപ്‌റ്ററുകള്‍ റോന്തുചുറ്റുന്ന സന്ദര്‍ഭത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഇവയെല്ലാം ചോദ്യം ചെയ്യപ്പെട്ടു. യുനസ്‌കോയുടെ ഫെഡറിക്കോ ഫെല്ലിനി അവാര്‍ഡും 2000 ല്‍ കാനിലെ ഏറ്റവും പ്രായം കുറഞ്ഞ ജൂറി അവാര്‍ഡും ഈ ചിത്രം സ്വന്തമാക്കിസെപ്‌തംബര്‍ 11 ലെ വേള്‍ഡ്‌ ട്രേയ്‌ഡ്‌ സെന്റര്‍ തകര്‍ന്ന പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമാണ്‌ ഗോഡ്‌ കണ്‍സ്‌ട്രക്ഷന്‍, ഡിസ്‌ട്രക്ഷന്‍(2002) എന്ന ഹ്രസ്വചിത്രം. ആക്രമണത്തിനുശേഷം ഇറാനിലെ അഫ്‌ഗാന്‍ അഭയാര്‍ത്ഥികള്‍ അമേരിക്ക അഫ്‌ഗാനെ ആക്രമിക്കുമോ എന്നു ഭയന്നു. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി അനുശോചിക്കാന്‍ ടീച്ചര്‍ വിദ്യാര്‍ത്ഥികളോട്‌ ആവശ്യപ്പെട്ടെങ്കിലും അവര്‍ക്ക്‌ അതിന്റെ പ്രാധാന്യം മനസ്സിലായില്ല. നിഷ്‌കളങ്കരായ കുട്ടികളുടെ ദൃഷ്‌ടിയിലൂടെ മഹാസംഭവത്തെ നോക്കിക്കാണുന്നതാണ്‌ ഈ ഗ്രസ്വചിത്രം.

ബുര്‍ഖയില്‍ നിന്നുള്ള സ്വാതന്ത്ര്യംസാമൂഹിക പ്രശ്‌നങ്ങള്‍ക്കൊപ്പം രാഷ്‌ട്രീയത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കി മധ്യേഷ്യയുടെ രാഷ്‌ട്രീയത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ചിത്രങ്ങള്‍ ഇതിനു ശേഷമാണ്‌ പുറത്തുവന്നത്‌. താലിബാന്‍ ഭരണം തകര്‍ന്നു വീണ ശേഷം ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ്‌ അറ്റ്‌ ഫൈവ്‌ ഇന്‍ ദ ആഫ്‌റ്റര്‍നൂണ്‍(2003). അമേരിക്കയും സി എന്‍ എന്‍ പോലുള്ള പടിഞ്ഞാറന്‍ മാധ്യമങ്ങളും റാംബോ പോലുള്ള ചിത്രങ്ങളും നല്‍കിയ വസ്‌തുതകളെ ഖണ്‌ഡിച്ചുകൊണ്ട്‌ ആ നാടിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്ന ചിത്രമെന്ന നിലയില്‍ ഇത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. താലിബാന്‍ തകര്‍ന്നെങ്കിലും ആ ജീവിതചര്യകളില്‍ ജീവിച്ചു പോന്ന പുരുഷ�ാര്‍ക്ക്‌ താലിബാനിസത്തെ ഉപേക്ഷിക്കാനാകുന്നില്ല എന്ന വസ്‌തുത നിലനില്‍കെ ബുര്‍ഖക്കുള്ളില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടുന്ന ഒരു സമൂഹത്തെ സ്വപ്‌നം കാണുകയാണ്‌ ഈ ചിത്രത്തില്‍. രണ്ട്‌ തലമുറകള്‍ തമ്മിലുള്ള മാനസികമായ യുദ്ധം. ഇറാന്റെ പ്രസിഡന്റ്‌ ആകാന്‍ ആഗ്രഹിക്കുന്ന കുട്ടിയാണ്‌ നൂഖ്‌റേ. രക്ഷിതാവിന്റെ കണ്ണില്‍ നിന്നു മാറുമ്പോഴൊക്കെ വെളുത്ത ഹൈഹീല്‍ ചെരുപ്പ്‌ ഉപയോഗിച്ച്‌്‌ തലയുയര്‍ത്തി നടക്കുകയും അല്ലാത്തപ്പോള്‍ അത്‌ ബാഗില്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്യുന്ന നൂഖ്‌റ. തെറ്റായ രീതിയില്‍ ചെരിപ്പുകള്‍ ഉപയോഗിച്ചാലും മുഖം പുറത്തുകാണിച്ചാലും സ്വര്‍ഗ്ഗത്തിലേക്കുള്ള പാത നഷ്‌ടപ്പെടും എന്ന്‌ വിശ്വസിക്കുന്ന മതഭ്രാന്തനാണ്‌ നൂഖ്‌റേയുടെ രക്ഷിതാവ്‌. വഴിയരികിലൂടെ മുഖം മറക്കാതെ പോകുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ ചുമരോട്‌ ചേര്‍ന്ന്‌ മുഖം തിരിച്ചു നിന്ന്‌ പ്രാര്‍ത്ഥിക്കുന്നുണ്ട്‌ അയാള്‍. ബുര്‍ഖ ലളിതവും അതേസമയം സ്‌ത്രീക്ക്‌ ലഭിക്കാവുന്ന ഏറ്റവും വൃത്തികെട്ട വസ്‌ത്രവുമാണെന്ന്‌ ഈ ചിത്രം വ്യാഖ്യാനിക്കുന്നു. ബോംബിംഗിംല്‍ തകര്‍ന്നുവീണ കെട്ടിടങ്ങളും നീലാകാശവും ചേര്‍ന്ന ഭംഗിയുള്ള നിരവധി ഫ്രെയിമുകളുണ്ട്‌ ഈ ചിത്രത്തില്‍.

രാഷ്‌ട്രീയത്തെകുറിച്ചുള്ള സമീറയുടെ നിലപാടുകള്‍ വ്യക്തമാണ്‌ ഈ ചിത്രത്തില്‍. പാകിസ്‌താനില്‍ നിന്ന്‌ തിരിച്ചെത്തിയ മറ്റൊരഭയാര്‍ഥിയോട്‌ അവിടത്തെ പ്രസിഡന്റ്‌ ആരാണ്‌ എന്ന്‌ ചോദിച്ചപ്പോള്‍ അവര്‍ക്ക്‌ കിട്ടിയ ഉത്തരം തനിക്ക്‌ രാഷ്‌ട്രീയത്തില്‍ താത്‌പര്യമില്ല. കാരണം തന്റെ മൂന്നു ജ്യേഷ്‌ഠ�ാരെയും തട്ടിയെടുത്തത്‌ രാഷ്‌ട്രീയമാണ്‌. ഒരാളെ റഷ്യന്‍ യുദ്ധത്തിലും, രണ്ടാമത്തെയാളെ ആഭ്യന്തരയുദ്ധത്തിലും മൂന്നാമനെ താലിബാന്‍ യുദ്ധത്തിലും. അതുകൊണ്ട്‌ രാഷ്‌ട്രീയം താന്‍ വെറുക്കുന്നു. അയാള്‍ തന്നെയാണ്‌ പിന്നീട്‌ നൂഖ്‌റയുടെ ഇറാന്‍ പ്രസിഡന്റ്‌ എന്ന ആഗ്രഹത്തിന്‌ കൂടെ സഞ്ചരിക്കുന്നതും. മറ്റൊരു സീനില്‍ ഒരു ഫ്രഞ്ച്‌ പട്ടാളക്കാരനോട്‌ ഫാന്‍സിലെ പ്രസിഡന്റ്‌ ആര്‌ അയാള്‍ എങ്ങിനെ വിജയിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഷിറാകിനെ ഇഷ്‌ടപ്പെട്ടതുകൊണ്ടല്ല മറിച്ച്‌ എതിരാളികളെ വെറുത്തതുകൊണ്ടാണ്‌ ജനങ്ങള്‍ അയാളെ ജയിപ്പിച്ചത്‌ എന്ന കമന്റ്‌ സമീറയുടെ ലോക രാഷ്‌ട്രീയത്തോടുള്ള മൊത്തത്തിലുള്ള വെറുപ്പാണ്‌ പ്രകടമാക്കുന്നത്‌. ഇത്‌ അവര്‍തന്നെ പലതവണ തുറന്നു പറഞ്ഞതുമാണ്‌.

ഒരുപാട്‌ യാതനകള്‍ അനുഭവിച്ച്‌ നിര്‍മ്മിച്ച ചിത്രമാണ്‌ അറ്റ്‌ ഫൈവ്‌ ഇന്‍ ദ ആഫ്‌റ്റര്‍ നൂണ്‍. അഭിനേതാക്കള്‍ മാത്രമല്ല ചിത്രത്തിലെ പല സീനുകള്‍ പോലും ഷൂട്ടിംഗിനിടെ കണ്ടെടുത്തതാണ്‌. കാബൂളിലെ ഒരു ഹോട്ടലില്‍ വച്ച്‌ മുഖം മറക്കാത്ത സമീറയെ കണ്ടപ്പോള്‍ തലതിരിച്ചു നിന്ന വൃദ്ധന്റെ കഥാപാത്രം ഒരു ഉദാഹരണം. കഥാപാത്രത്തെ അന്വേഷിക്കുന്നതിനിടെ വര്‍ഷങ്ങളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട താലിബാനിലെ പുതിയ സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ പെണ്‍കുട്ടികളുടെ ഒരു സ്‌കൂളില്‍ ചെന്ന്‌ ആര്‍ക്കെങ്കിലും ഇറാന്റെ പ്രസിഡന്റ്‌ ആകാന്‍ ആഗ്രഹമുണ്ടോ എന്നു ചോദിച്ചു. ഒരു വലിയ അസംബംന്ധം കേട്ട മട്ടിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണമെന്ന്‌ സമീറ ഓര്‍ക്കുന്നു. അതേ സീനുകള്‍ ചിത്രത്തില്‍ പുനരവതരിപ്പിക്കപ്പെടുകയായിരുന്നു. സിനിമയെന്നാല്‍ ഡാന്‍സും പാട്ടുമാണെന്ന്‌ ധരിച്ച അഫ്‌ഘാന്‍ യുവതികളാരും തന്നെ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായില്ല, ഒടുവില്‍ യുദ്ധത്തില്‍ ഭര്‍ത്താവ്‌ നഷ്‌ടപ്പെട്ട മൂന്നു കുട്ടികളുടെ അമ്മയായ അഖ്‌ലേഹ്‌ റെസിയെയെ കണ്ടെത്തുകയായിരുന്നു. സമീറയുടെ അനിയത്തി ഹനാ മക്‌മല്‍ ബഫ്‌ നിര്‍മ്മിച്ച ജോയ്‌ ഓഫ്‌ മാഡ്‌നസ്‌ എന്ന ഡോക്യുമെന്ററി ഈ സിനിമയുടെ പിന്നിലെ യത്‌നം തുറന്നു കാട്ടുന്നു. പുതിയ അഫ്‌ഗാന്‍ മണ്ണില്‍ ഒരു സിനിമ ചെയ്യുക എന്നത്‌ വലിയ വെല്ലുവിളി തന്നെയായിരുന്നു സമീറക്ക്‌. അന്ന്‌ ഹനക്ക്‌ 14 വയസേ ഉണ്ടായിരുന്നുള്ളൂ. ഭീകരവാദികള്‍ അതിനിടെ രണ്ടു തവണ ഹനയെ തട്ടിയെടുക്കുക പോലും ഉണ്ടായി. ഒരേ സമയം സുന്ദരവും വേദനാജനകവുമായി ഈ സിനിമ നിലകൊള്ളുന്നത്‌ ഇങ്ങനെയാണ്‌.

താലിബാന്‍ എന്നത്‌ അഫ്‌ഘാന്‍ കാരുടെ ജീവിതത്തില്‍ സംഭവിച്ച അനുഭവങ്ങളല്ല, ലോകത്തെല്ലായിടത്തും താലിബാനിസം നിലനില്‍ക്കുന്നു, ഇല്ലായിരുന്നെങ്കില്‍ ബേനസീറുമാരും ഇന്ദിരാഗാന്ധിമാരും ഒരുപാടുണ്ടായേനെ, ഒരു ജനതയുടെ സംസ്‌കാരത്തിലും മനസ്സിനെയും ബാധിച്ച കാന്‍സറാണ്‌ താലിബാന്‍ എന്ന്‌ സമീറ സമര്‍ത്ഥിക്കുന്നു. ബര്‍ലിന്‍ ദുരന്തത്തിനുശേഷമെടുത്ത ബെര്‍ലിന്‍ ഇയര്‍ സീറോ, റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തിലെടുത്ത റോം ഓപണ്‍ സിറ്റി എന്നീ സിനിമകളുടെ നിരയിലേക്ക്‌ ഉള്‍പ്പെടുത്താവുന്ന ചിത്രമാണിത്‌.

മതത്തിനും മതരാഷ്‌ട്രീയത്തിനും സമീറ അനഭിമതയായിരുന്നു എന്നതിന്‌ തെളിവാണ്‌ ടു ലെഗ്‌ഡ്‌ ഹോഴ്‌സ്‌ (2007) എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നേരിട്ട ബോംബ്‌ ആക്രമണം. ചിത്രം ഇറാനില്‍ ഷൂട്ടു ചെയ്യാന്‍ സര്‍ക്കാര്‍ സമമതിക്കാത്തതിനേതുടര്‍ന്നാണ്‌ ലൊക്കേഷന്‍ അഫ്‌ഗാനിലേക്ക്‌ മാറ്റിയത്‌ എന്നതും ശ്രദ്ധേയമാണ്‌. സംഭവത്തില്‍ ആറുപേര്‍ക്ക്‌ പരിക്കുപറ്റി. സമീറയുടെയും കുടുംബത്തിന്റെയും ആത്മവീര്യം നശിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. സംഭവത്തിനുശേഷം ആക്രമണത്തിന്റെ ഉറവിടം എവിടെനിന്നോ ആരെന്നോ ഫലപ്രദമായ ഒരു അന്വേഷണം പോലും ഉണ്ടായില്ല. രണ്ട്‌ തരത്തില്‍ പെട്ട മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായ ടു ലെഗ്‌ഡ്‌ ഹോഴ്‌സിന്റെ തിരക്കഥ മൊഹസിന്‍ മക്‌മല്‍ ബഫാണ്‌. ഉപേക്ഷിക്കപ്പെട്ട സീവര്‍ പൈപ്പിനുള്ളില്‍ താമസിക്കുന്ന മിര്‍വെയിസ്‌ എന്ന കുട്ടി ജോലിക്കുവേണ്ടി ഒരു മത്സരത്തില്‍ പങ്കെടുക്കുന്നു. വിജയിക്ക്‌ ദിവസം ഒരു ഡോളര്‍ പ്രതിഫലമുള്ള ജോലി ലഭിക്കും. വികലാംഗനായ ഒരു കുട്ടിയെ ചുമലിലേന്തി സ്‌കൂളില്‍ കൊണ്ടുവരികയും തിരിച്ചുകൊണ്ടുപോകുകയുമാണ്‌ ജോലി. കഴുതകളേയും കുതിരകളേയും പിന്നിലാക്കി അയാള്‍ ആ ജോലി ദിവസവും ആ ജോലി തുടരുന്നു. എന്നിട്ടും കുതിരകളേപോലെ പണിയെടുക്കാത്തതില്‍ വിഷണ്ണനാണ്‌ വികലാംഗനായ കുട്ടി. നമ്മളെല്ലാം എത്രകാലം മറ്റൊരാളുടെ കുതിരയായി പണിയെടുക്കുമെന്ന ദാര്‍ശനികമായ ചോദ്യമാണ്‌ താന്‍ ഉന്നയിക്കാന്‍ ശ്രമിച്ചതെന്ന്‌ സമീറ പറയുന്നു.

ജോയ്‌ ഓഫ്‌ മാഡ്‌നസ്‌ എന്ന ഡോക്യുമെന്ററി ഇറാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ സമ്മതിച്ചില്ല. ഷൂട്ടിംഗിനിടെ ഹനയുടെ തലയില്‍ ചുറ്റിയിരുന്ന കറുത്ത സ്‌കാര്‍ഫ്‌ അഴിഞ്ഞുപോകുന്ന ഒരു രംഗമുണ്ടായിരുന്നു അതില്‍. പരിഷ്‌കാരിയെന്ന്‌ മുദ്രകുത്തിയ മതനേതാക്കളാല്‍ നിയന്ത്രിക്കപ്പെടുന്ന ഇറാനിലെ സര്‍ക്കാറിന്‌ അത്‌ ഒരു കാരണമായി എന്നു മാത്രം. പഴയ രാഷ്‌ട്രീയതടവുകാരനായ മൊഹസിന്‍ മക്‌മല്‍ ബഫിന്റെ മകള്‍ നേരിട്ട ഒരുപാടു വെല്ലുവിളികളില്‍ ഒരെണ്ണം മാത്രമായിരുന്നു അത്‌. സഹോദരങ്ങളായ ഹനയും, മെയ്‌സമും (ഹൗ സമീറ മെയ്‌ഡ്‌ ദ ബ്ലാക്ക്‌ബോര്‍ഡ്‌ എന്ന ഡോക്യമെന്ററിയുടെ സംവിധായകന്‍) ചിറ്റമ്മ മെഴ്‌സിയ മെഷ്‌കിനി (ദ ഡേ ഐ ബികെയിം എ വുമണ്‍ സംവിധായിക) ചേര്‍ന്ന മക്‌മല്‍ ബഫ്‌ ഫിലിം ഹൗസ്‌ എന്ന നിര്‍മ്മാണ കമ്പനി പക്ഷേ അതിലൊന്നും തളരിെേല്ലന്ന്‌ പലതവണ തെളിയിച്ചതാണ്‌. തന്റെ ഗുരു കൂടിയായ അഛന്റെ ശിക്ഷണത്തില്‍ സാമൂഹ്യപ്രസക്തിയുള്ള സിനിമകള്‍ ഇനിയും പ്രതീക്ഷിക്കാമെന്ന്‌ സമീറ ഉറപ്പ്‌ നല്‍കുന്നു. 28 വയസ്സുകാരിയായ സമീറ കാന്‍, വെനീസ്‌, ബെര്‍ലിന്‍, ലൊകാര്‍ണോ, മോസ്‌കോ തുടങ്ങിയ നിരവധി ഫസ്റ്റിവലുകളില്‍ ജൂറിയായി പങ്കെടുത്ത്‌ ലോകസിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
- മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്‌ -

No comments:

Post a Comment