സമൂഹജീവി എന്ന നിലയില്‍ മനുഷ്യന്റെ ഓരോ ഇടപെടലുകളും അവന്‍ ജീവിക്കുന്ന കാലത്തിന്റെയും സാഹചര്യങ്ങളുടെയും സംസ്‌കാരത്തിന്റെയും പ്രതിഫലനങ്ങളാണ്. കല, സാഹിത്യം, നാടകം അങ്ങനെ നിലവിലുള്ള ഏത് മേഖലയുടെ വേരുകള്‍ തേടിപോയാലും മാറിക്കൊണ്ടിരിക്കുന്ന ജീവിത വ്യവസ്ഥയുടെ ഭാഗമായുണ്ടായ പരിണാമങ്ങളുടെ വിവിധ ഘട്ടങ്ങള്‍ കണ്ടെത്താനാകും. സാങ്കേതികവിദ്യക്ക് സമൂഹത്തിലുണ്ടായ സ്വീകാര്യത നമ്മുടെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ ഇടപെടലുകളെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. റേഡിയോക്കാലത്ത് റേഡിയോ നാടകങ്ങളുണ്ടായപോലെ ടെലിവിഷന്റെ വരവ് ടെലിസിനിമകളുണ്ടാക്കിയ പോലെ കലാസാംസ്‌കാരിക രംഗത്ത് `അപ്‌ഡേഷനുകള്‍' സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഇലക്‌ട്രോണിക് മീഡിയയില്‍ നിന്നും വിഷ്വല്‍ മീഡിയയില്‍ നിന്നും വ്യത്യസ്‌തമായി ഉപയോക്താക്കള്‍ തമ്മില്‍ ഒരു അന്യോന്യം (interaction) സാധ്യമാക്കിയ ഇന്റര്‍നെറ്റ് മീഡിയ ഇത്തരം ഇടപെടലുകളുടെ വന്‍ വിപ്ലവത്തിന് തന്നെ കാരണമായി. സാമൂഹികജീവിതവ്യവസ്ഥയിലുണ്ടായ മാറ്റവും മാധ്യമലോകത്തിന്റെ വികാസവും പുതിയ തലമുറയുടെ ഇടപെടലുകളെ മാറ്റങ്ങള്‍ക്ക് വിധേയമാക്കുകയോ ബദല്‍ രൂപം സൃഷ്‌ടിക്കാന്‍ നിര്‍ബന്ധിതമാക്കുകയോ ചെയ്‌തതിന്റെ നേര്‍ചിത്രങ്ങള്‍ നിരവധിയാണ്.ലോകത്തിന്റെ ഏതുകോണില്‍ പോയാലും അവിടെ ഒരു മലയാളിയെങ്കിലും കാണുമെന്നും അവിടെ അവരുടെ സംസ്‌കാരത്തിന്റെ ഒരു ചിഹ്നമെങ്കിലും കണ്ടെടുക്കാമെന്നും ഒരു പഴയ പറച്ചിലുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തോടെ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലുണ്ടായ വന്‍ വിപ്ലവം ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളിക്ക് ഒത്തുചേരാന്‍ നിരവധി വേദികള്‍ തുറന്നുകൊടുത്തു. ദേശത്തിന്റെ അതിരുകള്‍ ഭേദിച്ച് ലോക മലയാളി എന്നൊരു സങ്കല്‌പത്തിലേക്ക് നയിക്കാനുതകുന്നതായിരുന്നു അത്. ലോകമെങ്ങും പരന്നു കിടക്കുന്ന മലയാളികള്‍ ബ്ലോഗുകളും ചര്‍ച്ചാവേദികളും ഓര്‍ക്കുട്ടും ഫെയ്‌സ്‌ബുക്കുമൊക്കെയടങ്ങുന്ന ഇന്റര്‍നെറ്റിലെ പൊതു ഇടങ്ങള്‍ വഴി സംവദിക്കാന്‍ തുടങ്ങി, അതിന് മലയാളം ലിപികള്‍ അവര്‍ തന്നെ വികസിപ്പിക്കുകയും ചെയ്‌തു. തുടക്കത്തിലുണ്ടായിരുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ പോലും മറികടന്ന് മലയാള ഭാഷ വളര്‍ന്നു. ഇന്റര്‍നെറ്റിലെ മലയാളത്തിന്റെ വളര്‍ച്ച അന്യം നിന്നുപോകുമെന്ന് കരുതിയ മലയാള സാഹിത്യരൂപങ്ങള്‍ക്കുപോലും ഉത്തേജനമായി. മാറിയ ജീവിതപരിതസ്ഥിതിയില്‍ ത്യജിക്കേണ്ടിവന്ന പലതും പുതിയ വാര്‍ത്താവിനിമയ സംവിധാനങ്ങളിലൂടെപുനസ്ഥാപിക്കുകയായിരുന്നു പുതിയ തലമുറ. എഴുത്തിലും സിനിമയിലും സംഗീതത്തിലുമൊക്കെ കാണുന്ന ഇത്തരം പുത്തന്‍ രൂപങ്ങള്‍ ക്രമേണ പൊതു സമൂഹവും അംഗീകരിക്കപ്പെട്ടു. സമരങ്ങളും ചെറുത്തുനില്‍പുകള്‍ പോലും സൈബര്‍ലോകത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ച് അതിന്റെ വേഗവും വ്യാപ്‌തിയും വര്‍ദ്ധിപ്പിച്ചു. മൂന്നാം തലമുറ മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റ് സംവിധാനങ്ങളും ലാപ്‌ടോപ്പുകളും സാധാരണമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് സമൂഹത്തിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഇത്തരം `അപ്‌ഡേഷനുകള്‍'ക്ക് വേദിയായിക്കൊണ്ടിരിക്കുന്നു.
വിലക്കുകളില്ലാത്ത സംഗീതം
സാഹചര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമനുസരിച്ച് പ്രതിഭയെ പാകപ്പെടുത്തിയെടുത്ത പുതിയ തലമുറയിലെ ഒരു കൂട്ടം സംഗീത പ്രേമികളുടെ കൂട്ടായ്‌മയാണ് ബ്ലോഗ് സ്വര എന്ന സംഗീത സംരംഭം. ബ്ലോഗുവഴി കണ്ടുമുട്ടിയ അറുപതോളം പേര്‍ ചേര്‍ന്ന് സ്വതന്ത്രമായ മ്യൂസിക് ആല്‍ബങ്ങള്‍ സൃഷ്‌ടിച്ചു പുറത്തിറക്കി 2006 ല്‍തുടങ്ങിയ ഈ സംരംഭം ഇതുവരെ അഞ്ച് സംഗീത ആല്‍ബങ്ങളിറക്കി, ആറാമത്തേത് പണിപ്പുരയിലാണ്. www.blogswara.in എന്ന വെബ്‌സൈറ്റ് ഇവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആകെത്തുകയാണ്. ബ്ലോഗ് സ്വരയില്‍ നിന്ന് ആര്‍ക്കും സംഗീതം ആസ്വദിക്കാം, വേണ്ടവര്‍ക്ക് എംപി3 ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാകാം. വിപണി താത്‌പര്യങ്ങളില്ലാത്ത തികച്ചും സ്വതന്ത്രമായ സംഗീതം.
ബ്ലോഗ് സ്വരയിലെ അംഗങ്ങള്‍ പലരും പരസ്‌പരം കണ്ടിട്ടില്ല എന്നത് ചിലപ്പോള്‍ നമ്മളെ അത്ഭുതപ്പെടുത്തും. ഇവര്‍ തമ്മില്‍ സംഗീതം പങ്കുവെക്കുന്നത് സൈബര്‍ സ്‌പേസിലൂടെ മാത്രമാണ്. ആര്‍ട്‌സ് ക്ലബ്ബുകളിലും മറ്റും രൂപമെടുത്ത സംഗീത കൂട്ടായ്‌മയുടെ `ഇ' രൂപമായി ഇതിനെ വിശേഷിപ്പിക്കാം. സംഗീതപ്രേമിയായ തൃശൂര്‍ക്കാരന്‍ ജോസഫ് തോമസ് എന്ന വെബ്‌ഡിസൈനര്‍ www.jocalling.blogspot.com എന്ന ബ്ലോഗിലൂടെ സംഗീതത്‌പരരായ ചിലരെ പരിചയപ്പെടുന്നതോടെയാണ് സംഗീത കൂട്ടായ്‌മ എന്ന സങ്കല്‌പം രൂപമെടുക്കുന്നത്. ബ്ലോഗ്‌സ്വര എന്ന പേരില്‍ ഒരു ബ്ലോഗ് റജിസ്റ്റര്‍ ചെയ്‌ത് എല്ലാവരും അവിടെ ഒത്തുകൂടി. സംഗീതം ചൂടുള്ള ചര്‍ച്ചയായി, പുതിയ പാട്ടുകള്‍ക്ക് ചിറകുകള്‍ മുളച്ചു. സംഗീത ആല്‍ബങ്ങള്‍ ബ്ലോഗ് സ്വര എന്ന വെബ്‌സൈറ്റിലൂടെ പുറത്തിറക്കി. മേരീ ആവാസ് സുനോയിലൂടെ ശ്രദ്ധേയനായ പ്രദീപ് സോമസുന്ദരവും കാലിഫോര്‍ണിയയിലെ മക്‌സ് നരസിംഹനും ചെന്നൈയിലെ സാങ്കേതിക വിദ്യാര്‍ത്ഥി സന്തോഷ് മുരളിയും അമേരിക്കയില്‍ വിദ്യാര്‍ത്ഥിയായ രാംപ്രസാദും മൈസൂരിലെ നിശാന്ത് മണിയും കൂത്താട്ടുകുളത്തുള്ള പ്രവീണ്‍ കൃഷ്‌ണയും തൃശൂരിലുള്ള ദിവ്യ എസ് മേനോനുമടക്കം അറുപതില്‍ പരം പേര്‍ ജോ എന്ന ജോസഫ് തോമസിനൊപ്പം അണിനിരന്നു. വരികള്‍ മുതല്‍ പാട്ടും ബാക്‌ഗ്രൗണ്ട് മ്യൂസിക്കുമടക്കം എല്ലാം കൈമാറുന്നത് ഇന്റര്‍നെറ്റിലൂടെ. ഗാനരചനയും ചിട്ടപ്പെടുത്തലും റിക്കോര്‍ഡിംഗും മിക്‌സിംഗുമെല്ലാം ലോകത്തിന്റെ പലകോണില്‍ വച്ച്. മെയ് 2006 ലാണ് പത്തുപാട്ടുകള്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ ആല്‍ബം ഇറക്കിയത്. പിന്നീട് പുറത്തിറങ്ങിയ പതിപ്പുകളില്‍ മലയാളം , തമിഴ് , ഹിന്ദി , കന്നഡ എന്നീ ഭാഷകളിലുള്ള ഗാനങ്ങളും ജെറി ഒവ്യഡോ എന്ന വിദേശി സംഗീതജ്ഞന്റെ ഇന്‍സ്‌ട്രുമെന്റ് മ്യൂസിക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ അപ്രസക്തമാക്കിയ ബ്ലോഗ്‌സ്വര സംഗീത ലോകത്തെ ജനാധിപത്യ മാതൃകയാകുന്നത് ഇങ്ങനെയാണ്. വീഡിയോ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗ് സ്വര വിപുലമാക്കാനാണ് അടുത്ത പരിപാടി.
ഇത്തരം കൂട്ടായ്‌മകളില്ലെങ്കിലും സ്വന്തം ഗാനം ചിട്ടപ്പെടുത്തി ബ്ലോഗുചെയ്യുന്ന നിരവധി പേരുമുണ്ട് നമുക്കിടയില്‍. വെറുമൊരു നേരംപോക്കു കലയായി ഇത്തരം സംഗീത ബ്ലോഗിംഗിനെ കാണാന്‍ കഴിയില്ല. പാരമ്പര്യവാദികളുടെ നെറ്റിചുളിയുന്ന ഇത്തരം ജനപ്രിയ പ്രവണതകള്‍ പക്ഷേ വിപണിയെ ലക്ഷ്യമിടുന്ന പോപ്പുലര്‍ മ്യൂസിക്കിന്റെ വഴിയേ നടക്കുന്നവയുമല്ല. ബ്ലോഗ് സ്വര പോലുള്ള പ്രവണതകള്‍ സജീവമാവുമ്പോള്‍ പോപ്പുലര്‍ മ്യൂസിക് എന്ന സങ്കല്‌പത്തിന്റ തന്നെ ഒരു പൊളിച്ചെഴുത്തായി മാറുമത്. ജനപ്രിയസംഗീതം വിപണി കേന്ദ്രീകൃതമായ പ്രക്രിയയായതിനാല്‍ പരസ്യങ്ങളിലൂടെയും ദൃശ്യ ശ്രവ്യമാധ്യമങ്ങളിലെ സംഗീത പരിപാടികളിലൂടെയും ജനങ്ങളെകൊണ്ട് സ്വീകരിപ്പിക്കുക എന്ന അടിച്ചേല്‍പ്പിക്കല്‍ നയമാണ് തുടര്‍ന്നുപോരുന്നത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ പ്രവണതയാണ് ബ്ലോഗ്‌സ്വര പോലുള്ള കൂട്ടായ്‌മകള്‍. വിപണിതാത്‌പര്യമില്ലാത്തതിനാല്‍ തന്നെ ട്രെന്റിന്റെ പുറകേ ഓടേണ്ടതില്ല. ആസ്വാദകനും ഇത്തരം സംഗീതത്തിനുമിടയില്‍ മറ്റ് സ്വാധീനവലയങ്ങളൊന്നുമില്ലാത്തതിനാല്‍ അത് സ്വീകരിക്കാനും തള്ളിക്കളയാനും തിരുത്താനുമുള്ള അവസരങ്ങളും നിരവധി. അങ്ങനെ യഥാര്‍ത്ഥത്തില്‍ ജനപ്രിയ സംഗീതം രൂപപ്പെട്ടുവരാനുള്ള ചേരുവകളെല്ലാം ഇത്തരം പൊതുവേദികള്‍ നല്‍കുന്നുമുണ്ട്. സംഗീത രംഗത്തെ താരമഹിമക്കു പോലും ഭീഷണിയായേക്കാവുന്ന ഇത്തരം വേദികളെ പല കോണുകളിലായി ചിതറിക്കിടക്കുന്ന സംഗീതാഭിരുചിയുള്ളവര്‍ക്ക് സ്വതന്ത്രമായി തന്നെ പൊതുവേദിയിലെത്താനുള്ള അവസരമായും വിലയിരുത്താം. അങ്ങനെയാണ് സംഗീതത്തിലെ വികേന്ദ്രീകൃത മാതൃക പാരമ്പര്യത്തെ വെല്ലുവിളിക്കുന്നത്.
മാധ്യമമുതലാളിത്തത്തിനെതിരെ
ഒരുഭാഗത്തേക്കു മാത്രം ആശയവിനിമയം സാധ്യമായ പരമ്പരാഗത മാധ്യമങ്ങളിലെ കേന്ദ്രബിന്ദുവാണ് എഡിറ്റര്‍ എന്ന സങ്കല്‌പം. എന്നാല്‍ ബ്ലോഗ് പോലുള്ള ജനാധിപത്യമാതൃകകളില്‍ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സഹൃദയമനസ്സാണ് എഡിറ്ററുടെ ജോലി നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ എന്ന വ്യക്തിയില്‍ നിന്നും എഡിറ്റര്‍ എന്ന വികാരത്തിലേക്കുള്ള മാറ്റം ആ മാധ്യമത്തിനു നല്‍കുന്ന സ്വാതന്ത്ര്യമാണ് ബ്ലോഗില്‍ പലപ്പോഴും നല്ല രചനകള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നതും. എഡിറ്റര്‍ അധികാരത്തിന്റെ ചിഹ്നമാണ്, അതുകൊണ്ടുതന്നെ എഡിറ്ററുടെ തീരുമാനം മാധ്യമത്തിന്റെ തീരുമാനമാകുകയും അത് എല്ലാ തലത്തിലും പ്രതിഫലിക്കുകയും ചെയ്യും. എഡിറ്റര്‍ എന്നത് വായനക്കാരുടെ അഭിരുചികളും വീക്ഷണവും ചേര്‍ന്ന ഒരു പൊതുവികാരമായി രൂപാന്തരപ്പെടുമ്പോള്‍ അത് പുതിയ വികേന്ദ്രീകൃതമായ മാതൃകയായി മാറുന്നു. മാധ്യമസ്ഥാപനങ്ങളുടെ അജന്‍ഡകള്‍ക്കും മുതലാളിമാരുടെ താത്‌പര്യങ്ങല്‍ക്കുമുപരിയായി ജനകീയവികാരം സൃഷ്‌ടിക്കുന്നതില്‍ ഇവക്ക് കഴിയുന്നതും അതുകൊണ്ടുതന്നെയാണ്. ഇറാഖ് യുദ്ധം മുതല്‍ ചെങ്ങറ സമരം വരെയുള്ള നിരവധി സംഭവവികാസങ്ങളില്‍ പല വിവരങ്ങളും പുറത്തുവിട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും ബ്ലോഗുകളിലൂടെയാണ്. ഇറാഖ് യുദ്ധകാലത്ത് പാശ്ചാത്യ മാധ്യമങ്ങള്‍ ഭരിക്കുന്ന മാധ്യമലോകം കണ്ടെന്ന് നടിക്കാതിരുന്ന ചിത്രങ്ങളും വാര്‍ത്തകളും പബ്ലിഷ് ചെയ്‌താണ് ബ്ലോഗ് ചരിത്രത്തില്‍ ഇടം നേടിയത്. പിന്നീട് ഇതേ പാത ലോകമെങ്ങും അനുകരിച്ചു, കേരളത്തിലെ പരിമിതമായ ചുറ്റുപാടിലും ഇത്തരം ബ്ലോഗുകളുണ്ടാകുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ അവരുടെ വെബ്‌സൈറ്റുകളില്‍ ബ്ലോഗുകള്‍ തുടങ്ങുന്നതും വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യം നല്‍കുന്നതും ഇത്തരം ജനാധിപത്യ രീതികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.
സാമൂഹിക മുന്നേറ്റങ്ങളെ രാഷ്‌ട്രീയ പാര്‍ട്ടികളും മുതലാളിമാരും ഹൈജാക്ക് ചെയ്‌ത ചരിത്രം കേരളത്തിനുണ്ട്. പുറം ലോകത്തുനിന്നും ഒതുക്കപ്പെട്ട് കിടന്ന സമരങ്ങള്‍ പലതും ഇന്ന് ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ സജീവമാണ്. ഭാഷാ രാഷ്‌ട്രീയ അതിരുകള്‍ ലംഘിച്ച് പരക്കുന്ന ഈ മാധ്യമത്തിന്റെ മേഖലയില്‍ അവ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. ഒരു ഘട്ടത്തില്‍ പലമാധ്യമങ്ങളും സര്‍ക്കാരും അവഗണിച്ച ചെങ്ങറ സമരം വീണ്ടും ചര്‍ച്ചയാകുന്നത് ഇന്റര്‍നെറ്റിലൂടെയാണ്. പുറമെ മൂലംപിള്ളി, പ്ലാച്ചിമട തുടങ്ങിയ ജനകീയസമരങ്ങള്‍ക്ക് വന്‍ പിന്തുണയാണ് ഇന്റര്‍നെറ്റിലൂടെ ലഭിച്ചത്. ചെങ്ങറയിലെ സമരമുഖത്തെ തീവ്രത മുഖ്യധാരാ മാധ്യമങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് എത്രയോ മുമ്പുതന്നെ ഇന്റര്‍നെറ്റിലെ കമ്മ്യൂണിറ്റികളിലും ഗ്രീന്‍യൂത്ത് പോലുള്ള ഗ്രൂപ്പുകളിലും പരിസ്ഥിതി വെബ്‌സൈറ്റുകളിലും ഫോര്‍വേര്‍ഡഡ് ഇ മെയിലുകള്‍ വഴിയുമൊക്കെ ചര്‍ച്ചാ വിഷയമായിരുന്നു. ഇത് കേരളത്തിനു പുറത്ത് മലയാളികളല്ലാത്ത ആക്‌ടിവിസ്റ്റുകളുടെ പിന്തുണയും ലഭിക്കാന്‍ കാരണമായി. ചെങ്ങറ സമരരംഗത്തുനിന്നുമുള്ള ചിത്രങ്ങള്‍ ബ്ലോഗുകളായി പ്രത്യക്ഷപ്പെട്ടു, അവതന്നെ ഇ മെയില്‍ മെസേജുകളായി പ്രചരിച്ചു. ഫോട്ടോഗ്രാഫറായ വി സി അജിലാലിന്റെ നിറങ്ങളില്‍ സെപിയ എന്ന ബ്ലോഗിലെ (www.ajilal.blogspot.com) ചെങ്ങറയിലെ സമരപ്രദേശത്തുനിന്നു പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് വന്‍ പ്രചാരം ലഭിച്ചുവെന്നു മാത്രമല്ല ചില സംഘടനകള്‍ അവ കേരളത്തിലും പുറത്ത് ന്യൂഡല്‍ഹിയടക്കം വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്തി. ചെങ്ങറ പ്രശ്‌നവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി യൂട്യൂബിലൂടെയും ലോകത്തെങ്ങും ശ്രദ്ധിക്കപ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ വിവിധ സന്നദ്ധസംഘടനകളെയും ആക്‌ടിവിസ്റ്റുകളെയും ആകര്‍ഷിക്കുകയും അവ വന്‍ ചര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്‌തു.
സാമൂഹിക പ്രശ്‌നങ്ങളിലൊക്കെ ഇടപെട്ടിരുന്ന കേരളശാസ്‌ത്ര സാഹിത്യ പരിഷത്തുവരെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ജിഹ്വയായി മാറുകയും സന്നദ്ധപ്രവര്‍ത്തനം രാഷ്‌ട്രീയവല്‍ക്കരിക്കുകയും ചെയ്‌ത പുതിയ കാലത്ത് ഇത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക് പ്രാധാന്യമുണ്ട്. കേന്ദ്രീകൃതരൂപം കൈവരിക്കാന്‍ നവമാധ്യമസന്നദ്ധപ്രവര്‍ത്തനത്തിന് കഴിയുമ്പോള്‍ അതിന്റെ വ്യാപ്‌തി അതിര്‍ത്തികള്‍ അപ്രസക്തമാക്കുകയും കേരളത്തിലെ ഭരണവര്‍ഗ്ഗത്തിനിടയിലും സിലിക്കണ്‍ വാലിയിലെ ഐ ടി പ്രവര്‍ത്തകര്‍ക്കിടയിലും ഒരുപോലെ ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്യും. ചെങ്ങറയും മൂലം പള്ളിയും പോലുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ടവതും അവ വന്‍ ചര്‍ച്ചയാക്കി മാറ്റയതും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പരസ്‌പരം കണ്ടിട്ടുപോലുമില്ലാത്ത ഒരു കൂട്ടം പേരാണ്. ഇങ്ങനെ ഇ മാര്‍ഗ്ഗങ്ങളിലൂടെ കണ്ടുമുട്ടിയവരാണ് ചെങ്ങറയില്‍ നേരിട്ടെത്തി പ്രതിരോധത്തില്‍ പങ്കെടുത്തതില്‍ നല്ലൊരു പങ്കും. മാറിയ കാലത്തിന്റെ പുത്തന്‍ പ്രതികരണ രീതിയായി ഇത് അംഗീകരിക്കപ്പെട്ടതും അതുകൊണ്ടാണ്.
ബ്ലോഗിലെ സിറ്റിസണ്‍ ജേണലിസം മുഖ്യധാരാ മാധ്യമങ്ങളെ കവച്ചുവച്ച് വന്‍ കോളിളക്കം സൃഷ്‌ടിച്ചത് ലാവലിന്‍ വിവാദവുമായി ബന്ധപ്പെട്ട് ഈ അടുത്തകാലത്താണ്. www.snclavalin.blogspot.com എന്ന പേരിലുള്ള ബ്ലോഗില്‍ കേരള വൈദ്യുതിബോര്‍ഡും കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി ബന്ധപ്പെട്ട കരാറിലെ വന്‍ അഴിമതി പുറത്തുകാണിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ പുറത്തുവിട്ടു. ഭരണകക്ഷിയുടെ വാദമുഖങ്ങള്‍ക്കെല്ലാം തിരിച്ചടിയായ ഈ ഇടപെടലിന് മാധ്യമങ്ങള്‍ക്കിടയില്‍ അതിപ്രാധാന്യം ലഭിക്കുകയും ചെയ്‌തു എന്നുമാത്രമല്ല ബ്ലോഗിലെ രേഖകള്‍ അടിസ്ഥാനമാക്കി വാര്‍ത്തകളും അന്വേഷണാത്മക റിപ്പോര്‍ട്ടുകളും തിരിച്ച് മാധ്യമങ്ങളിലെ വാര്‍ത്തകള്‍ അടിസ്ഥാനമാക്കി ബ്ലോഗിലും കൂടുതല്‍ ഇടപെടലുണ്ടായി. അതോടെ അന്നത്തെ വിദ്യുഛക്തി മന്ത്രിയായിരുന്ന ഇന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നേരിട്ട് ബന്ധമുണ്ടെന്ന കണ്ടെത്തലുകള്‍ നടത്തിയ ഈ ബ്ലോഗ് ഭരണപക്ഷത്തിന് ചെറിയ തലവേദനയൊന്നുമല്ല സൃഷ്‌ടിച്ചത്.
ബ്ലോഗുകളും ഇന്റര്‍നെറ്റിലെ ചര്‍ച്ചകളും കര്‍ശനമായി നിരീക്ഷിക്കണമെന്നും ഇടപെടണമെന്നും ഇടതുമുന്നണി സര്‍ക്കാരിന്റെ ഇടക്കാല വിലയിരുത്തലില്‍ ഡോ തോമസ് ഐസക്കിനെകൊണ്ട് എഴുതിച്ചത് ആ മാധ്യമത്തിന്റെ സ്വാധീനം നന്നായി അറിയാവുന്നതുകൊണ്ടാണ്. ആ റിപ്പോര്‍ട്ടിനു ശേഷം ഇടപെടല്‍ നന്നായിയുണ്ടാകുകയും ചെയ്‌തു. സി പി എമ്മിന്റെ പ്രത്യേകിച്ച് ഔദ്യോഗിക പക്ഷത്തോടു ചായ്‌വുള്ളവരുടെ ഇടപെടലുകള്‍ എത്രത്തോളമുണ്ടെന്നറിയാന്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന ബ്ലോഗുകള്‍ ശ്രദ്ധിച്ചാല്‍ മതി. ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ ലേഖനത്തിന് ബ്ലോഗില്‍ ലഭിച്ച അസഹിഷ്‌ണുത നിറഞ്ഞ പ്രതികരണങ്ങളും മറുപടി പോസ്റ്റുകളും, വിഷപ്പാല്‍ ചുരത്തുന്ന മാധ്യമപൂതനകള്‍ എന്ന മാരീചന്‍ എന്ന ബ്ലോഗറുടെ മറുപടി പോസ്റ്റിന് ലഭിച്ച പ്രാധാന്യവും, മാധ്യമസിന്‍ഡിക്കേറ്റ് തുടങ്ങിയ സി പി എം ആരോപണങ്ങള്‍ക്ക് ശക്തമായ പിന്തുണയുമായി നിരവധി ബ്ലോഗര്‍മാര്‍ തുടര്‍ന്ന് രംഗത്തുവന്നു എന്നതും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സ്വതന്ത്ര ഏജന്‍സി കൊണ്ടുവരുമെന്ന സി പി എം പ്രകടനപത്രികാ നിര്‍ദ്ദേശവും ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്.
തൊഴിലാളി ചൂഷണം വര്‍ദ്ധിച്ചുവരുന്ന കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ എങ്ങിനെ ഏതു മാധ്യമത്തിലൂടെ പ്രതികരിക്കണമെന്നത് പ്രസക്തമായ ചോദ്യമാണ്. അതിന് ഫലപ്രദമായ വഴി കണ്ടുപിടിച്ചതും കേരളത്തിലെ ചൂഷണത്തിനിരയായ കുറച്ച് മാധ്യമപ്രവര്‍ത്തകരാണ്. വര്‍ത്തമാനം ദിനപത്രത്തില്‍ നിന്ന് പുറത്തുവന്നിട്ടും വര്‍ഷങ്ങള്‍ക്കുശേഷം കോടതി നടപടികളുടെ ഭീതിയില്‍ കഴിയുന്ന ഒരു കൂട്ടം പത്രപ്രവര്‍ത്തകര്‍ പ്രതികരിച്ചത് www.varthamanamwalkouts.blogspot.com എന്ന ബ്ലോഗിലൂടെയാണ്. ഇന്ത്യക്കകത്തും പുറത്തും ജോലിചെയ്യുന്നവര്‍ ഒന്നിച്ചു ചേര്‍ന്നു നടത്തിയ സമരമെന്ന നിലയില്‍ ഇത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ മാതൃകയെ പിന്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തന രംഗത്തുനിന്നും അല്ലാതെയും സമാനമായ ചെറുത്തു നില്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. മിനി മൈക്രോസോഫ്‌റ്റ് എന്ന പേരില്‍ മൈക്രോസോഫ്‌റ്റിനെ വിമര്‍ശിക്കുന്ന അവിടത്തെ തന്നെ ജീവനക്കാരുടെ ബ്ലോഗ് നേരത്തേതന്നെ ശ്രദ്ധ നേടിയിരുന്നു, ഇതിന്റെ ചുവടുപിടിച്ച് നിരവധി സംഭവങ്ങള്‍ ലോകത്തിലെ പല സ്ഥാപനങ്ങളിലും ഉണ്ടായി, അതിന്റെ ഇന്ത്യന്‍ പതിപ്പായി വേണം ഇത്തരം സംഭവങ്ങളെ വിലയിരുത്താന്‍. ബൂലോക കാരുണ്യം (www.boologakarunyam.blogspot.com) എന്ന ഒരു കൂട്ടം ബ്ലോഗര്‍മാര്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ചില ഓര്‍ക്കുട്ട് കൂട്ടായ്‌മകളിലെ രക്തദാനമടക്കമുള്ള സന്നദ്ധ സേവനങ്ങളും മലയാള വേദി (www.malayaalavedi1.blogspot.com) പോലുള്ള ഭാഷാസ്‌നേഹികളുടെ കൂട്ടായ്‌മയും ഇത്തരം പ്രവര്‍ത്തനങ്ങളുടെ മറ്റൊരു മുഖം തുറന്നു കാട്ടുന്നു. സാമൂഹ്യ ജീവിതത്തിലെ കൂട്ടുകെട്ടുകള്‍ ഇ ജീവിതത്തിലേക്ക് ഫലപ്രദമായി പറിച്ചു നടാന്‍ പുതിയ യുവത്വത്തിന് കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.
അച്ചടിയുടെ റിപ്പബ്ലിക്ക്
അച്ചടിമാധ്യമങ്ങള്‍ക്ക് ബ്ലോഗിനോടുള്ള തൊട്ടുകൂടായ്‌മ മാറിയിട്ട് അധികനാളായില്ല. ജനപ്രിയ ബ്ലോഗുകള്‍ പലതും അച്ചടിച്ച് പുറത്തിറങ്ങിക്കഴിഞ്ഞു അവ സാധാരണക്കാരായ വായനക്കാര്‍ സ്വീകരിക്കുകയും ചെയ്‌തു. ബ്ലോഗിലെ എഴുത്തുകളില്‍ ശ്രദ്ധിക്കപ്പെട്ടവ ബ്ലോഗന എന്ന പേരില്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പും ബ്ലോഗ് സാഹിത്യ റിവ്യൂവുമായി മനോരമയടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളും ബ്ലോഗ് സംബന്ധിച്ച ലേഖനങ്ങളുമായി ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്, ഹിന്ദു അടക്കമുള്ള മാധ്യ

വിപണിക്കു പിന്നാലെ കുതിക്കുന്ന പ്രസാധക ലോകത്ത് പുതിയ ഇ - കൂട്ടായ്‌മയാണിത്. പുസ്‌തകപ്രേമികളായ ഒരു കൂട്ടം മലയാളികള്‍ www. book-republic.blogspot.com എന്ന ബ്ലോഗിലൊത്തുകൂടി ആരംഭിച്ച പ്രസിദ്ധീകരണ സംരംഭം. ബ്ലോഗില്‍ ലാപുട എന്ന പേരില്‍ കവിതകളെഴുതുന്ന കണ്ണൂര്‍സ്വദേശിയും കൊറിയയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ ടി പി വിനോദ് എന്ന കവിയുടെ നിലവിളിയേക്കുറിച്ചുള്ള കടങ്കഥകള്‍ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ച് കഴിഞ്ഞ ജനുവരിയില്‍ ചരിത്രത്തിലേക്ക് കാലെടുത്തുവച്ചു. മുപ്പതോളം പേര്‍ വരുന്ന ഈ കൂട്ടായ്‌മ അംഗങ്ങളില്‍ നിന്നും ചെറുതുകകള്‍ സമ്പാദിച്ചാണ് പ്രസിദ്ധീകരണത്തിനുള്ള പണം സ്വരൂപിച്ചത്. ലോകത്തിന്റെ പലകോണില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ തന്നെയാണ് ടൈപ്പ് സെറ്റിംഗ് മുതല്‍ പരസ്യവും വിതരണവും വരെയുള്ള എല്ലാ ജോലികളും നടത്തുന്നത്. തികച്ചും വികേന്ദ്രീകൃതമായ പുസ്‌തക വിതരണ സംരംഭമാണ് ബുക് റിപ്പബ്ലിക്. ഓണ്‍ലൈനായോ ടെലഫോണിലോ ബുക്ക് ചെയ്യുന്നവര്‍ക്ക് നേരിട്ടോ വി പി പി ആയോ പുസ്‌തകങ്ങള്‍ എത്തിച്ചുകൊടുക്കും, പുസ്‌തക പ്രസാധന രംഗത്തെ ജനാധിപത്യമാതൃക.
വിശാല മനസ്‌കന്റെ `കൊടകരപുരാണവും' കുറുമാന്റെ യൂറോപ് സ്വപ്‌നങ്ങളും ആര്‍ രാധാകൃഷ്‌ണന്റെ ഒരു `ചെമ്പനീര്‍ പൂവിറുത്ത്' എന്ന പുസ്‌തകവും കാപ്പിലാന്റെ `നിഴല്‍ ചിത്രങ്ങളു'മടക്കമുള്ള പുസ്‌തകങ്ങള്‍ ബ്ലോഗില്‍ നിന്നും ഇതിനകം തന്നെ അച്ചടിച്ച് മുഖ്യധാരയിലേക്കു വന്നവയാണ്. പക്ഷേ ബ്ലോഗില്‍ നിന്നും സംഘടിതരൂപം കൊണ്ട പ്രസിദ്ധീകരണ കൂട്ടായ്‌മ വെല്ലുവിളിയുയര്‍ത്തുന്നത് വ്യവസ്ഥാപിത അച്ചടി കുത്തകകളോടും അവര്‍ പ്രസിദ്ധീകരിക്കുന്നവ പറയുന്ന വിലകൊടുത്ത് വാങ്ങി വായിക്കേണ്ടിവരുക എന്ന നിവൃത്തികേടിനോടുമാണ്. വായനാ സംസ്‌കാരമെന്നത് ചില പ്രസിദ്ധീകരണശാലകള്‍ പ്രചരിപ്പിക്കുന്നവ മാത്രം വായിക്കുക എന്ന നിലയിലേക്ക് അധപതിച്ചുപോയിരിക്കുന്നകാലഘട്ടത്തില്‍ പ്രത്യേകിച്ചും. എഴുത്തുകാരന്റെ ജനപ്രിയതയും റോയല്‍റ്റിയും മറ്റ് വിപണി മൂല്യങ്ങളും അനുസരിച്ചാണ് ഇന്ന് പുസ്‌തകങ്ങള്‍ രംഗപ്രവേശനംചെയ്യുന്നത്. ഇത്തരം വിപണി താത്‌പര്യങ്ങളാണ് ഇംഗ്ലീഷ് പൈങ്കിളികള്‍ക്ക് നമുക്കിടയില്‍ പ്രചാരം നല്‍കിയതും പ്രദര്‍ശന വായന (Exhibitionist Reading) എന്നകാമ്പില്ലാത്ത വായനാ സംസ്‌കാരംപ്രചരിപ്പിച്ചതും. വിപണി കേന്ദ്രീകൃതമായ ഈ വായനാ ശൈലിക്കാണ് ബുക് റിപ്പബ്ലിക് പോലുള്ള മാതൃകകളും വെല്ലുവിളിയാകുന്നത്.
ഇന്റര്‍നെറ്റ് മുഖ്യധാരയിലേക്ക് കടന്നുവന്നതോടെ വൃത്താന്ത പത്രങ്ങളും പുതിയ മേഖലകള്‍ തേടി. യുനീകോഡ് വെബ്‌സൈറ്റുകളുടെ വരവോടെ ഓണ്‍ലൈന്‍ ദിനപത്രങ്ങളുടെ സ്വീകാര്യത വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് എഡിഷനുകളില്ലാത്ത പത്രമാധ്യമങ്ങള്‍ ഇന്ന് ഇല്ല എന്നു തന്നെ പറയാം. മുന്‍നിര പത്രങ്ങള്‍ക്ക് ഇ പേപ്പര്‍ സംവിധാനങ്ങള്‍ കൂടെ വന്നപ്പോള്‍ ഓണ്‍ലൈന്‍ പത്രവായന എന്നത് കൂടുതല്‍ ജനകീയമായി. ഇത്തരം ഇന്റര്‍നെറ്റ് എഡിഷനുകളില്‍ യുവാക്കള്‍ക്കും സ്‌ത്രീകള്‍ക്കും വിദേശമലയാളികള്‍ക്കുമൊക്കെ പ്രത്യേകം സ്ഥലങ്ങള്‍ കൂടെ അനുവദിക്കപ്പെട്ടത് അവയുടെ പ്രചാരവും വര്‍ദ്ധിപ്പിച്ചു. എഴുത്ത് വായന എന്നിവ പൊതു മാധ്യമത്തില്‍ കുറഞ്ഞുവരുന്നുവെന്ന പരാതി നിലനില്‍ക്കെ മറ്റൊരു മാധ്യമത്തിലൂടെ പുതിയ തലമുറ അത് പ്രോത്സാഹിപ്പിക്കുന്നുവെന്നത് ശ്രദ്ധയര്‍ഹിക്കുന്ന കാര്യമാണ്. മലയാളത്തിലെ പത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ വിപുലമായ പോര്‍ട്ടല്‍ എന്ന രൂപം സ്വീകരിച്ചതോടെ ഇന്റര്‍നെറ്റിലെ പത്രവായന എന്നത് പുതിയ വായനാ സംസ്‌കാരം തന്നെയായി മാറി. ദിവസത്തിലൊരു തവണയുള്ള പത്രം വായന എന്ന രീതി മാറി ദിവസം മുഴുവനും അപ്‌ഡേഷനുള്ളതിനാല്‍ എപ്പോഴും പോര്‍ട്ടലിന്റെ പ്രസക്തി നിലനിര്‍ത്തുന്ന തരത്തിലേക്ക് സംവിധാനങ്ങള്‍ മാറി. വായനയില്‍ പ്രത്യേകിച്ച് പത്രവായനയില്‍ വന്ന വലിയ മാറ്റങ്ങള്‍ റിപ്പോര്‍ട്ടുകളെ കൂടുതല്‍ സുതാര്യമാക്കാനും സഹായിച്ചു. ഒപ്പം പത്രങ്ങളുടെ ഡിസ്‌കഷന്‍ ഫോറങ്ങളിലും മറ്റു ചര്‍ച്ചാ വേദികളിലും വായനക്കാര്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ വായനക്കാര്‍ക്കുകൂടെ പങ്കാളിത്തമുള്ള പത്രപ്രവര്‍ത്തനവും ഒപ്പം സിറ്റിസണ്‍ ജേണലിസവും പ്രോത്സാഹിപ്പിക്കപ്പെട്ടു.
റേഡിയോ മുതല്‍ സിനിമ വരെ
അച്ചടി മാധ്യമവും ഇന്റര്‍നെറ്റ് മാധ്യമവും തമ്മിലുള്ള ഇഴയടുപ്പമില്ലെങ്കിലും ബ്രോഡ്‌കാസ്റ്റിംഗ് എന്ന ഇലക്‌ട്രോണിക് മാധ്യമത്തിനും പുതിയ പതിപ്പുകളുണ്ടായിട്ടുണ്ട്. ബ്രോഡ്‌കാസ്റ്റിന്റെ ഇ രൂപവും ഈ ശ്രേണിയിലെ പുതുമുഖവുമായ പോഡ്‌കാസ്റ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനകം തന്നെ വന്‍ പ്രചാരം നേടിക്കഴിഞ്ഞു. ബ്ലോഗിന്റെ പ്ലാറ്റ്‌ഫോം പരിചിതമായ ആര്‍ക്കും പങ്കെടുക്കാവുന്ന മറ്റൊരു ജനാധിപത്യമാധ്യമരൂപമാണ് പോഡ്‌കാസ്റ്റ്. ദൃശ്യവും ശബ്‌ദവുമെല്ലാം ഉപയോഗിച്ചുള്ള സമയ നിഷ്‌ഠയോ സ്ഥലപരിമിതിയോ ബാധകമല്ലാത്ത ബ്രോഡ്‌കാസ്റ്റിംഗ് രൂപം. ടെലിവിഷനോ റേഡിയോക്കോ നിലവില്‍ ഭീഷണിയുയര്‍ത്തുന്നതല്ലെങ്കിലും സെന്‍സര്‍ഷിപ്പ് തുടങ്ങിയ നൂലാമാലകളില്ലാത്ത തീര്‍ത്തും സ്വതന്ത്രമായ പ്രക്ഷേപണ രീതിയെന്ന നിലയില്‍ പോഡ്‌കാസ്റ്റിന് പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ സിറ്റിസണ്‍ജേണലിസത്തിന്റെ വിശാലമായ തലത്തില്‍ നിന്നുവേണം പോഡ്‌കാസ്റ്റിനെ വിലയിരുത്തേണ്ടത്.
ബ്ലോഗ്‌സ്വരയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ജോയുടെ എംപോഡും (www.mpod.in) പ്രദീപ്‌കുമാറിന്റെ ഗ്രീന്‍ റേഡിയോവും (www.greenradio.podbean.com) അടക്കമുള്ള സംരംഭങ്ങളും മനോരമഓണ്‍ലൈന്‍ പോഡ്‌കാസ്റ്റും നവമാധ്യമത്തിലെ പുത്തന്‍ കാല്‍വയ്‌പാണ്. സ്വന്തമായി ഇന്റര്‍വ്യൂകളും മറ്റും നടത്തി അവ പൊതുജനത്തിലേക്കെത്തിക്കാനും ന്യൂസ്‌ഫീച്ചറുകള്‍ തയ്യാറാക്കി അവതരിപ്പിക്കാനുമുള്ള സാധ്യത ഉപയോഗപ്പെടുത്തിയ പോഡ്‌കാസ്റ്റുകളാണ് മേല്‍പ്പറഞ്ഞവ. സാങ്കേതികവിദ്യയില്‍ തത്‌പരരായ പുതിയ തലമുറ ഇത്തരം ജനാധിപത്യമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്ന മേഖല കൂടുതല്‍ ലളിതവും സാമൂഹ്യപ്രതിപത്തിയുള്ളതുമായി മാറും. സമാനമായ സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ചലനം സൃഷ്‌ടിക്കാനുള്ള ശേഷി പോഡ് കാസ്റ്റിനുണ്ട്. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് പോഡ്‌കാസ്റ്റുകള്‍ ഉണ്ടാവുമ്പോഴാണ് അവക്ക് പുതിയ സമൂഹത്തിലെ പ്രാധാന്യം വിലയിരുത്തപ്പെടുക.
ബ്ലോഗില്‍ നിന്നും ദൃശ്യമാധ്യമത്തിലേക്കുള്ള കാല്‍വെയ്‌പാണ് ബ്ലോഗുകള്‍ വഴിതന്നെ ഒത്തുചേര്‍ന്ന സൗഹൃദസംഘം നിര്‍മ്മിച്ച പരോള്‍ എന്ന ടെലിഫിലിം. സങ്കുചിതന്‍ എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന കെ വി മണികണ്‍ഠന്റെ സങ്കുചിതം എന്ന ബ്ലോഗിലെ `പരോള്‍` എന്ന കഥയാണ് അതേ പേരില്‍ ടെലിഫിലിമായത്. പ്രവാസജീവിതത്തില്‍ ബാല്യം നഷ്‌ടപ്പെട്ട ഒരു കുട്ടിയുടെ കഥയായ പരോള്‍ സംവിധാനം ചെയ്‌തത് സനാതന്‍ എന്ന പേരിലറിയപ്പെടുന്ന സനല്‍ ശശിധരന്‍. ഛായാഗ്രഹണം മറ്റൊരു ബ്ലോഗറായ റജി പ്രസാദ്. സമാനമായ ടെലിസിനിമകള്‍ ഇനിയും അണിയറയില്‍ ഒരുങ്ങുന്നു. യുവത്വത്തിന്റെ ആര്‍ജ്ജവത്തിന് മാധ്യമം ഒരു തടസ്സമല്ല

ഇ ക്യാംപസ്
മാറിയ സാമ്പത്തിക സാമൂഹിക നിലവാരത്തിനും, കേരളത്തിലെ ഉന്നത പഠന മേഖലയില്‍ വരുത്തിയ ഭേദഗതികള്‍ക്കും സമാന്തരമായി നൂറ്റാണ്ടിന്റെ അവസാനത്തോടെ കേബിള്‍ ടെലിവിഷന്‍ ജനകീയമായതും പിന്നാലെ ബ്രോഡ് ബാന്റ് സൗകര്യങ്ങള്‍ക്കു ചിലവു കുറഞ്ഞതും യുവാക്കളുടെ ജീവിത രീതി തന്നെ മാറ്റി മറിച്ചു. കേബിള്‍ ടെലിവിഷന്‍ ഉടുപ്പിലും നടപ്പിലും അഭിരുചികളിലുമാണ് മാറ്റങ്ങള്‍ വരുത്തിയതെങ്കില്‍ ബ്രോഡ് ബാന്റ്, ജി പി ആര്‍ എസ് സൗകര്യങ്ങള്‍ വിദ്യാഭ്യാസമേഖലകളിലും പ്രൊഫഷണല്‍ രംഗത്തും വിനോദ മേഖലയിലുമാണ് മാറ്റങ്ങളുണ്ടാക്കിയത്. അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ വികസനം ക്യാംപസിന്റെ സ്വഭാവത്തെ എത്രത്തോളം മാറ്റി മറിച്ചു എന്നതിന് ഉത്തമ ഉദാഹരണമാണ് ഒരു കാലത്ത് വന്‍ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായ കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിംകോളജ് ക്യാംപസ്. ഐ ഐ ടി യായി മാറിയ ക്യാംപസിലും ഹോസ്റ്റലിലും വൈ ഫൈ ഉള്‍പ്പടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമാണ്. ലാപ്‌ടോപ്പിലൂടെ സംസാരിക്കുന്ന പുതിയ തലമുറ. കോളജിലെ ഭരണകാര്യങ്ങള്‍ മുതല്‍ ലൈബ്രറി വരെ ഓണ്‍ലൈന്‍. കോളജ് യൂണിയന്‍ ചെയ്‌തിരുന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കുന്നത് കോളജ് വെബ്‌സൈറ്റിലൂടെയായിമാറി. പുതുതായി വന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റടക്കമുള്ള സ്‌പെഷ്യലൈസ്‌ഡ് ക്യാംപസുകളിലുള്ള അത്ര തീവ്രമല്ലെങ്കിലും കേരളത്തിലെ മറ്റു സാങ്കേതിക വിദ്യാലയങ്ങള്‍ ഇതേ രീതി പിന്തുടരുന്നുണ്ട്. ആര്‍ട്‌സ് / സയന്‍സ് കോളജുകള്‍ പക്ഷേ ഇത്രത്തോളം സാങ്കേതികമായി ഉയര്‍ന്നിട്ടില്ലെങ്കിലും സ്വന്തമായി ഒരു വെബ്‌സൈറ്റെങ്കിലുമില്ലാത്ത കോളജുകള്‍ വിരളമാണ്. വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ ലൈബ്രറികളിലും സ്വതന്ത്രമായും ഇന്റര്‍നെറ്റ് കഫേകള്‍ പ്രവര്‍ത്തിച്ചുവരുന്നു. അടിസ്ഥാന സാങ്കേതിക വിജ്ഞാനം ലഭിച്ച തലമുറയാണ് ക്യാംപസുകളില്‍ നിന്ന് പുറത്തേക്കു വരുന്നത്. നവമാധ്യമരംഗത്തെ കൂട്ടായ്‌മകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതില്‍ കേരളത്തിനു പുറത്തുള്ള മലയാളികളെപോലെതന്നെ സജീവമാണ് ഈ വിദ്യാസമ്പന്നരായ യുവാക്കളും. മുന്‍തലമുറയിലേതു പോലെ സാംസ്‌കാരിക സാഹിത്യ കായിക മേഖലകളില്‍ സജീവമാകുന്നതിന് പുതിയ തലമുറക്ക് അവരുടേതായ പ്രതിബന്ധങ്ങള്‍ ഉണ്ടെങ്കിലും അവരുടെ പ്രതിഭക്ക് പുതിയ രൂപം കൈവരാന്‍ സാങ്കേതിക രംഗത്തെ മാറ്റം സഹായകമായി.
ഇ കാലത്തെ യുവത്വം മുഖ്യധാരാ സാമൂഹ്യ ക്രമത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അവരുടെ ചുറ്റുപാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല. മാറിയ സാഹചര്യത്തിനനുസരിച്ച് ബദലുകള്‍ സൃഷ്‌ടിച്ച് നമ്മുടെ രാഷ്‌ട്രീയ- സാമൂഹ്യ കീഴ്‌വഴക്കങ്ങള്‍ക്ക് പരിചയമില്ലാത്ത സമര രൂപങ്ങളും ആശയവിനിമയരീതികളുമാണ് രൂപപ്പെടുത്തുന്നത്. പാരമ്പര്യത്തെ അനുസരിക്കാതെ പൊതു സമൂഹവും `ഇ' സാങ്കേതികവിദ്യയും ഒന്നിക്കുമ്പോള്‍ പലപ്പോഴും ഭരണ - അധികാര കീഴ്‌വഴക്കങ്ങളെ അതിന് വെല്ലുവിളിക്കേണ്ടിവരുന്നു. പുതുതലമുറയെ അംഗീകരിക്കാന്‍ മടിക്കുന്നതും ആശയപരമായ ഭിന്നതയുണ്ടാകുന്നതും ചരിത്രത്തിന്റെ ആവര്‍ത്തനമാണ്, മുഖ്യധാരാ സാമൂഹ്യ-രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും, മാധ്യമ/അച്ചടി മുതലാളിത്തവും, പുത്തന്‍ തലമുറയുയര്‍ത്തുന്ന ബദലുകളെ അംഗീകരിക്കാന്‍ മടിക്കുന്നത് ഈ പശ്ചാത്തലത്തില്‍ വേണം കണക്കാക്കാന്‍. പുതുതലമുറയുടെ പ്രതിരോധങ്ങള്‍ ആ നിലക്കാണ് പ്രസക്തമാകുന്നതും.
****
മലയാളം വാരിക വാര്‍ഷികപ്പതിപ്പ് 2009
ചില വിശേഷങ്ങള്‍ കൂടി.
* വിശാലമനസ്‌കന്റെ ഇരുപതിനായിരം ഉറുപ്യ കെ ജി ജോര്‍ജ്ജ് - ശ്രീനിവാസന്‍ ടീം സിനിമയാക്കുന്നു !!!
* ബ്ലോഗ്‌സ്വരയുടെ നിരയിലേക്ക് ഒരു ഓണ്‍ലൈന്‍ സംഗീത സംരംഭംകൂടി - www.eenam.com
* ബുക്ക് റിപ്പബ്ലിക്കിന്റെ പുതിയ പുസ്‌തകം - ഡില്‍ഗോ (ആറുമരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്‌തകം)
* വിശാലമനസ്‌കന്റെ ഇരുപതിനായിരം ഉറുപ്യ കെ ജി ജോര്‍ജ്ജ് - ശ്രീനിവാസന്‍ ടീം സിനിമയാക്കുന്നു !!!
* ബ്ലോഗ്‌സ്വരയുടെ നിരയിലേക്ക് ഒരു ഓണ്‍ലൈന്‍ സംഗീത സംരംഭംകൂടി - www.eenam.com
* ബുക്ക് റിപ്പബ്ലിക്കിന്റെ പുതിയ പുസ്‌തകം - ഡില്‍ഗോ (ആറുമരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്‌തകം)
No comments:
Post a Comment