Monday, April 5, 2010

ആല്‍ത്തറകളില്‍നിന്ന് മൗസ് ക്ലിക്കിലേക്ക്‌

ലോകം ഒരു ഗ്രാമമായി മാറുന്നതിനു മുമ്പ് ആല്‍ത്തറകള്‍ പോലുള്ള പൊതു സദസ്സുകളില്‍ െവച്ചാണ് തങ്ങള്‍ ലോകത്തെ അറിഞ്ഞിരുന്നതെന്ന് ഗൃഹാതുരതയോടെ പറയാത്ത മുത്തശ്ശന്മാരുണ്ടാവില്ല. മലയാളി ചെറിയ ലോകത്തെ വലിയ ചിന്തകള്‍ പങ്കിട്ട ആല്‍ത്തറകള്‍ നാമാവശേഷമായെങ്കിലും വിവരസാങ്കേതിക വിദ്യ പിന്നീട് നിരവധി ആല്‍ത്തറകള്‍ക്ക് ജന്മം നല്‍കി. ലോകത്തിലെ ഏതുകോണില്‍ നിന്നും മൗസ് ക്ലിക്കുകളിലൂടെ അനായാസം നടന്നെത്താവുന്ന, വെടി പറയാനും അക്ഷരശ്ലോകം ചൊല്ലാനും വന്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്താനും വേദിയൊരുക്കിയ സാങ്കല്പിക ആല്‍ത്തറകള്‍. ഇന്റര്‍നെറ്റില്‍ സ്വന്തം ഭാഷയില്‍ ഒരക്ഷരം പോലും എഴുതാന്‍ കഴിയാതിരുന്ന മലാളികള്‍ സൈബര്‍ ലോകത്ത് പുനരവതരിച്ച ഇത്തരം പൊതു സദസ്സുകളിലൂടെയാണ് എഴുത്തുവിദ്യ കണ്ടുപിടിച്ചതും മറ്റുള്ളവരെ എഴുതിപ്പഠിപ്പിച്ചതും.

ഇന്റര്‍നെറ്റില്‍ മലയാള ഭാഷ പിറന്നത് ആദ്യകാല വെബ്‌സൈറ്റായ കേരള ഡോട്ട് കോമിന്റെ അതിഥി പുസ്തകമായിരുന്ന 'ആല്‍ത്തറ'യിലാണ്. എന്തും തുറന്നെഴുതാവുന്ന പൊതു ചുമരായിരുന്നു അത്. ഇന്റര്‍നെറ്റ് അത്ര ജനകീയമല്ലാതിരുന്ന തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലാണ് മലയാളത്തെ ഈ മാധ്യമത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സന്നദ്ധമായി കുറച്ചുപേര്‍ ഒത്തുകൂടിയത്. ഇംഗ്ലീഷ് അടിസ്ഥാനമാക്കി രൂപപ്പെട്ടുവന്ന മാധ്യമത്തില്‍ സ്വന്തം ഭാഷയില്‍ സംവദിക്കാനാവാത്തതിന്റെ നിരാശ കേരള ഡോട്ട് കോമിന്റെ ഇംഗ്ലീഷിലുള്ള അതിഥി പുസ്തകത്തില്‍ ഇംഗ്ലീഷില്‍, പലപ്പോഴും മംഗ്ലീഷില്‍ അവര്‍ കുറിച്ചിട്ടു. ക്രമേണ സ്വന്തമായി അക്ഷരരൂപങ്ങളും(ഫോണ്ട്) എഴുത്താണികളും നിര്‍മിച്ച് പലരും ഇവിടെ അവതരിപ്പിച്ചു. അത്യാവശ്യം മലയാളമെഴുതാമെന്നായതോടെ ഇംഗ്ലീഷിനു പുറമേ കേരള ഡോട്ട് കോം മലയാളത്തിനുവേണ്ടി പ്രത്യേക വേദിയൊരുക്കി അതിന് ആല്‍ത്തറ എന്നു പേരിട്ടു. ആല്‍ത്തറയിലാണ് നെറ്റിലെ മലയാളം ലിപിയായും ഭാഷയായും സാഹിത്യരൂപങ്ങളായും വളര്‍ന്നുവന്നത്.

'ചര്‍മാപ്്' എന്ന ആപ്ലിക്കേഷനുമായി ടോണി തോമസ് ആല്‍ത്തറയിലെത്തുന്നതോടെയാണ് നെറ്റില്‍ മലയാളമെഴുതാനുള്ള ശ്രമങ്ങള്‍ സജീവമായത്. കേരള ഡോട്ട് കോമിന്റെ കേരളൈറ്റ് എന്ന ഫോണ്ട് ഉപയോഗിച്ചായിരുന്നു 1996-ല്‍ നടന്ന ഈ പരീക്ഷണം. പിന്നീടിങ്ങോട്ട് മലയാളം എഴുതാനുള്ള സോഫ്റ്റ്‌വെയറുകളുടെ നല്ലകാലമായിരുന്നു. സൂപ്പര്‍ വി.എച്ച്്.എസ്. എന്ന ഓമനപ്പേരില്‍ ആല്‍ത്തറയില്‍ പ്രത്യക്ഷപ്പെട്ട വര്‍ഗ്ഗീസ് സാമുവല്‍ മലയാളം എന്ന മറ്റൊരു ഫോണ്ടും സൃഷ്ടിച്ചു. ആല്‍ത്തറയില്‍ സരസമായ സംഭാഷണങ്ങളും ഒപ്പം പുതിയ കണ്ടുപിടുത്തങ്ങളും വളര്‍ന്നു. ബിനു ആനന്ദ്, ബിനു തോമസ്, കോണ്ട റെഡ്ഡി, സോജി ജോസഫ് എന്നീ കൂട്ടുകാര്‍ ചേര്‍ന്നാണ് 'ലാത്തി' എന്ന എഴുത്താണി തയ്യാറാക്കിയത്. മംഗ്ലീഷിലെഴുതിയാല്‍ (മലയാളം ഇംഗ്ലീഷില്‍) അത് മലയാളമായിമാറുന്ന 'അച്ചായന്‍' എന്ന മൊഴിമാറ്റ സംവിധാനമായിരുന്നു (transliteration scheme) ലാത്തി എന്ന എഴുത്താണിയുടെ കാതല്‍. ശ്രീധര്‍ ഷേണോയ് ആയിരുന്നു അച്ചായന്റെ സൃഷ്ടിക്കു പിന്നില്‍. പലരും പലരീതിയില്‍ പല ഫോണ്ടുകളുപയോഗിച്ചായിരുന്നു മലയാളം എഴുതിയത്. ഇങ്ങനെയുണ്ടായ അസൗകര്യം പരിഹരിക്കാന്‍ ഓരോ ഫോണ്ടിനേയും പരസ്​പരം മാറ്റാനാവുന്ന 'വരമൊഴി' എന്ന സംവിധാനവുമായി 1998-ല്‍ സിബു സി.ജെ. രംഗപ്രവേശം ചെയ്തു. നേരത്തെ ലാത്തിയുണ്ടാക്കിയവര്‍ തന്നെ വരമൊഴിയുടെ മൊഴിമാറ്റ സംവിധാനം അടിസ്ഥാനമാക്കി മാധുരി എന്ന ആപ്ലിക്കേഷനുമായി രംഗത്തുവന്നു. മാധുരിയാണ് മലയാളം നെറ്റെഴുത്തിന് ശക്തമായ അടിത്തറയിട്ടതെന്നു പറയാം.

ആല്‍ത്തറയില്‍ തുടങ്ങിയ നര്‍മത്തിന്റെ മെമ്പൊടി ചേര്‍ന്ന സംഭാഷണങ്ങള്‍ പിന്നീട് വളര്‍ന്നുവന്ന കൂട്ടായ്മകളിലും ബ്ലോഗുകളിലും പിന്തുടര്‍ന്നു പോന്നു. കോട്ടയം അച്ചായന്‍, തീപ്പൊരി, വിശാലമനസ്‌കന്‍, സങ്കുചിതമനസ്്കന്‍, ഇടിവാള്‍, ചങ്ങാതി എന്നിങ്ങനെ സ്വന്തം പേരിലും അല്ലാതെയും എഴുതിയ നിരവധി പേര്‍ സ്വന്തം കവിതാശകലങ്ങളും അനുഭവക്കുറിപ്പുകളുമൊക്കെയായി ആല്‍ത്തറയെ സജീവമാക്കി. എന്നാല്‍ ഇടയ്ക്കു കയറിവന്ന പലരും കുത്തിവരച്ച് വൃത്തികേടാക്കാന്‍ തുടങ്ങിയതോടെ ആല്‍ത്തറ പാസ്‌വേര്‍ഡുപയോഗിച്ച് ചങ്ങലയ്ക്കിടാനും പിന്നീട് നിര്‍ത്തിവെക്കാനും നടത്തിപ്പുകാര്‍ തീരുമാനിച്ചു. മലയാളികളെ ആദ്യമായി ഒന്നിപ്പിച്ച വേദി ഇതോടെ നാമാവശേഷമായി. ഒരു ആല്‍ത്തറയ്ക്കു പകരം പിന്നീട് ഒരുപാട് 'ആല്‍ത്തറ'കള്‍ വളര്‍ന്നുവന്നു. കൂട്ടംതെറ്റി മേഞ്ഞ പലരും പിന്നീടുവന്ന മലയാളവേദി (malayalavedhi.com), വരമൊഴിയുടെ യാഹൂ ഗ്രൂപ്പ് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഒത്തുകൂടി.

എഴുത്താണികളില്‍ വരമൊഴിയുടെ കാലമായിരുന്നു പിന്നീട്. ഓപ്പണ്‍ സോഴ്‌സായിരുന്ന വരമൊഴി വിശ്വം തുടങ്ങിയവര്‍ നല്‍കിയ സംഭാവനകളുപയോഗിച്ച് വീണ്ടും പുതുക്കി. നെറ്റിലെ ഭാഷയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മറ്റൊരു കൂട്ടായ്മയായിരുന്നു ഉമേഷ് നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അക്ഷരശ്ലോകം എന്ന യാഹൂ ഗ്രൂപ്പ്. അക്ഷരശ്ലോക സദസ്സുകളുടെ നവമാധ്യമ പരിച്‌ഛേദമായിരുന്നു ഇതെന്നു പറയാം. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും ശ്ലോകങ്ങളുമായി നിരവധി പേര്‍ ഇവിടെയെത്തി. ശ്ലോകങ്ങളില്‍ കൃത്യമായ അക്ഷരങ്ങള്‍ ഉപയോഗിക്കേണ്ടിയിരുന്നതുകൊണ്ട് അക്ഷരശ്ലോക സദസ് ഭാഷയ്ക്കും ഭാഷാ ഉപകരണങ്ങള്‍ക്കും അവ തിരിച്ച് അക്ഷരശ്ലോക സദസ്സിനും ഗുണംചെയ്തു. ഇതേസമയം തന്നെ പുഴ (puzha.com), മൂന്നാമിടം (moonnamidam.com) തുടങ്ങിയ ഓണ്‍ലൈന്‍ മാഗസിനുകളും പുറത്തിറങ്ങി.

പലരീതിയില്‍ പലരൂപത്തില്‍ നെറ്റില്‍ തയ്യാറാക്കപ്പെടുന്ന മലയാളം ടെക്സ്റ്റുകള്‍ ഇംഗ്ലീഷുപോലെ ഒരേ രീതിയില്‍ ഉപയോഗിക്കാവുന്ന ഏകീകൃത രീതി (UNICODE) എന്ന ആശയം അതിനിടെ പലരും പ്രയോഗത്തില്‍ വരുത്തിത്തുടങ്ങിയിരുന്നു. കെവിനും സിജിയും ചേര്‍ന്ന് അഞ്ജലി ഓള്‍ഡ് ലിപി എന്ന യുണീകോഡ് ഫോണ്ട് തയ്യാറാക്കി. കെവിനും കൂട്ടരും തയ്യാറാക്കിയ രചന, പെരിങ്ങോടന്‍ എന്ന രാജ് നായര്‍ തയ്യാറാക്കിയ നേരിട്ട് ബ്രൗസറില്‍ മലയാളം ടൈപ്പുചെയ്യാവുന്ന മൊഴികീമാന്‍... അങ്ങനെ എഴുത്താണികളുടെ വിപ്ലവം വീണ്ടും അരങ്ങേറി. ബ്ലോഗുകളുടെ രംഗപ്രവേശം മലയാളികളെ വീണ്ടും ഒന്നിപ്പിച്ചു. പല കൂട്ടായ്മകളിലായി ചിതറിക്കിടന്നവര്‍ കവിതകളും കഥകളും കുറിപ്പുകളുമായി ബ്ലോഗുകളിലേക്ക് ഇറങ്ങിവന്നു. അങ്ങനെ ചുരുങ്ങിയ കാലത്തിനുള്ളില്‍ നെറ്റില്‍ മലയാള സാഹിത്യരൂപങ്ങളുടെ വന്‍ ശേഖരം തന്നെ സൃഷ്ടിക്കപ്പെട്ടു.

ഇംഗ്ലീഷ് ഭാഷയിലെ ബ്ലോഗുകള്‍ കണ്ടാണ് ആദ്യകാല ബ്ലോഗര്‍മാര്‍ സ്വന്തം ഭാഷയില്‍ ബ്ലോഗിംഗ് തുടങ്ങുന്നത്. ചിന്ത (chintha.com) എന്ന ആദ്യ യുണീകോഡ് മാഗസിന്‍ തുടങ്ങിയ പോള്‍ ആണ് മലയാളത്തിലെ ആദ്യ ബ്ലോഗര്‍. കാലത്തെക്കുറിച്ചും ജീവിത്തെക്കുറിച്ചും പോള്‍ എഴുതിയ കവിതയാണ് ആദ്യത്തെ മലയാളം ബ്ലോഗ് പോസ്റ്റ്. പിന്നാലെയെത്തിയ രേഷ്മയെന്ന ബ്ലോഗര്‍ ഇങ്ങനെ എഴുതി- '' ഒരു തുടക്കം എന്റെ രക്ഷിതാവിന്റെ നാമത്തില്‍, സ്വന്തം ഭാഷയില്‍, ഹൃദയമിടിപ്പിന്റെ താളത്തില്‍...'' പിന്നാലെ വിശ്വം, പെരിങ്ങോടന്‍, സൂര്യഗായത്രി തുടങ്ങി മലയാളം ബ്ലോഗര്‍മാരുടെ നിര പ്രത്യക്ഷപ്പെട്ടു തുടങ്ങി.

കേരള ഡോട്ട് കോമിന്റെ ആല്‍ത്തറയില്‍ എഴുതിത്തെളിഞ്ഞ് പിന്നീട് കൂട്ടംതെറ്റിപ്പോയ പലരേയും ബ്ലോഗുകള്‍ ഒന്നിച്ചുചേര്‍ത്തു. എഡിറ്ററുടെ കത്തിവീഴാത്ത ബ്ലോഗില്‍ കള്ളപ്പേരിനുള്ളില്‍ മറഞ്ഞിരുന്ന് ബ്ലോഗ് ചെയ്യുന്നതിലൂടെ 'അപാര സ്വാതന്ത്ര്യം' ലഭിച്ചതായും അത് തന്റെ എഴുത്തിനെ ഒരുപാട് മെച്ചപ്പെടുത്തിയതായും പ്രമുഖ ബ്ലോഗര്‍ വിശാലമനസ്‌കന്‍ സാക്ഷ്യപ്പെടുത്തുന്നു. ചെലവു കുറഞ്ഞതോടെ കഫേകളില്‍നിന്ന് കിടപ്പുമുറിയിലെ കമ്പ്യൂട്ടറിലേക്കുവരെ ഇന്റര്‍നെറ്റ് കടന്നുവന്നതും നെറ്റെഴുത്തിന് ശക്തി പകര്‍ന്നു. മലയാളം ബ്ലോഗുകളെ അടുക്കിപ്പെറുക്കിവെച്ചു തരുന്ന അഗ്രഗ്രേറ്ററുകളും ബ്ലോഗ് കൂട്ടായ്മകളും വീണ്ടും മലയാളികളെ ഒന്നിപ്പിച്ചു. അങ്ങനെ കേരള ഡോട്ട് കോമില്‍ തുടങ്ങിയ കൂട്ടുകെട്ട് ബ്ലോഗ് എന്ന വലിയ ആല്‍ത്തറയായി രൂപാന്തരപ്പെട്ടു.

സംസ്‌കാരത്തിന്റെ, സ്വത്വത്തിന്റെ ജീവനാഡിയാണ് മാതൃഭാഷ എന്ന് അനുഭവിച്ചറിഞ്ഞ ഒരുകൂട്ടം മലയാളികള്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഇന്റര്‍നെറ്റില്‍ മലയാളം എഴുതിത്തുടങ്ങിയതും ഇന്നുകാണുന്ന രൂപത്തിലെത്തിയതും. ലോകത്ത് എവിടെ ചെന്നാലും സ്വന്തം നാടുമായും സംസ്‌കാരവുമായുമുള്ള ആത്മബന്ധം ഹൃദയത്തില്‍ സൂക്ഷിക്കുകയെന്ന കേരളീയന്റെ ജന്മവാസന ഇതിന് വഴിമരുന്നാവുകയും ചെയ്തു. (മാതൃഭൂമി വാരാന്തപ്പതിപ്പ്, ഏപ്രില്‍ 4, 2010)



നെറ്റില്‍ മലയാളം ഭാഷയുണ്ടായിവന്ന സാഹചര്യങ്ങളേക്കുറിച്ചുള്ള അന്വേഷണമായിരുന്ന ഇത്‌. പലഭാഗങ്ങളും മുഴുവനല്ല. ലഭ്യമായ വിവരങ്ങള്‍ വച്ച്‌ എഴുതിയതാണ്‌. വായനക്കാര്‍ പ്രത്യേകിച്ചും ആദ്യകാല ബ്ലോഗര്‍മാര്‍ ഇക്കാര്യത്തിലുള്ള അഭിപ്രായങ്ങള്‍ തുറന്നെഴുതുമെന്നു കരുതുന്നു. വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കാന്‍ സഹായിക്കുമല്ലോ ..